ആദ്യം ജാതിക്കാത്തോട്ടം ചെയ്ത ജസ്റ്റിന്‍ ആയിരുന്നു. പിന്നെയത് ജോജിയ്ക്ക് സംഗീതം ഒരുക്കിയ ജസ്റ്റിന്‍ ആയി. അജഗജാന്തരം, മ്യാവൂ, സൂപ്പര്‍ ശരണ്യ - ചെയ്ത സിനിമകളും പാട്ടുകളുമെല്ലാം അഭിമാന വിശേഷണങ്ങള്‍ ആയി കൊണ്ടുനടക്കുകയാണ് ഈ സംഗീത സംവിധായകന്‍. പാട്ടുകള്‍ ആയാലും പശ്ചാത്തലസംഗീതം ആയാലും സ്ഥിരം ശൈലികളില്‍ നിന്നും മാറി സ്വന്തം വഴിതെളിച്ചു നടക്കുകയാണ് ജസ്റ്റിന്‍ വര്‍ഗീസ്. ആസ്വാദകര്‍ ജസ്റ്റിന്റെ മാറിനടത്തത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ജോജി എന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതത്തിന് തന്‍റെ ആദ്യ സംസ്ഥാന അവാര്‍ഡ് നേടിയിരിക്കുകയാണ് ഈ അങ്കമാലിക്കാരന്‍. ജസ്റ്റിന്‍ വര്‍ഗീസിന്‍റെ സംഗീത വിശേഷങ്ങളിലേക്ക്.
2021ലെ മികച്ച പശ്ചാത്തലസംഗീതത്തിന് ഉള്ള സംസ്ഥാന അവാർഡ് നേടിയ സമയം ആണല്ലോ. നമുക്ക് അതിനെപ്പറ്റി സംസാരിച്ചു തുടങ്ങാം എന്ന് കരുതുന്നു. ആദ്യം തന്നെ പുരസ്ക്കാര നേട്ടത്തിന് അഭിനന്ദനങ്ങൾ. പുരസ്ക്കാരത്തിന് അർഹനാക്കിയ ജോജി എന്ന ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം സിനിമ ഇറങ്ങിയ സമയത്ത് തന്നെ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ജോജിയുടെ ആ ഒരു മ്യൂസിക്കൽ തീമിലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നത്?
ജസ്റ്റിന്‍: ജോജിയിലേക്ക് ആവശ്യമുള്ള ഏത് തരം സംഗീത ശൈലിയാണ് വേണ്ടത് എന്ന് ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ സംവിധായകന്‍ ദിലീഷേട്ടനും എഴുത്തുകാരന്‍ ശ്യാം പുഷ്കറും പറഞ്ഞിരുന്നു. വിഖ്യാതമായ മാക്ക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ചിത്രമാണെന്നും അതിന് അവരുടെ മനസ്സിലുള്ള സംഗീതത്തോട് ചേര്‍ന്ന് പോകുന്ന തരത്തിലുള്ള ചില ക്ലാസിക്ക് വിദേശ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം അടക്കമുള്ള ചില റഫറന്‍സ് സഹിതം പറഞ്ഞു മനസിലാക്കിത്തന്നത് സഹായകരമായി. ഒപ്പം ആളുകളിലേക്ക് എളുപ്പം എത്തുന്ന, ഒരു ഹാര്‍മോണിക്ക് ഓര്‍ക്കസ്ട്രല്‍ അറേഞ്ച്മേന്റിന്റെ കൂടെ മെലഡിയുടെ അംശം കൂടി വേണം എന്ന വികാരം കൂടി ഉള്‍ക്കൊണ്ടാണ് അതിന് വേണ്ട ഒരു തീമിലേക്ക് എത്തിച്ചേര്‍ന്നത്. ഒരു മെലഡിയില്‍ തുടങ്ങി ഒരു ഹാര്‍മോണിക്ക് ശൈലിയിലേക്ക് പടരുന്ന തരത്തിലാണ് അതിന്‍റെ ഒരു സഞ്ചാരം.
joji-team.jpg
ജോജിയുടെ പശ്ചാത്തല സംഗീതത്തിൽ ഒരു വിദേശ സംഗീതസംഘം വായിച്ചതായി കേട്ടിരുന്നു. അതിനെപ്പറ്റി കൂടുതൽ പറയാമോ?
ജസ്റ്റിന്‍: ബള്‍ഗേറിയയില്‍ നിന്നുള്ള ഫോര്‍ - ഫോര്‍ മ്യൂസിക്സ് എന്ന സംഘമാണ് ജോജിയുമായി സഹകരിച്ചത്. സംവിധായകന്‍ മനസ്സില്‍ കണ്ട സംഗീതശൈലിയെപ്പറ്റി മനസിലാക്കിയ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ പാശ്ചാത്യ സംഗീതജ്ഞർ വായിച്ചാല്‍ കുറേക്കൂടി മികവുണ്ടാകും എന്ന് ദിലീഷേട്ടനോട് അഭിപ്രായപ്പെട്ടിരുന്നു. അത് അദ്ദേഹം അംഗീകരിച്ചു. സ്ഥിരമായി ഇന്ത്യന്‍ സംഗീത സംവിധായകര്‍ ആശ്രയിക്കുന്ന ചില വിദേശ ബാന്‍ഡുകളുടെ പ്രതിഫലം സിനിമയുടെ ബജറ്റുമായി പൊരുത്തപ്പെടാതെ വന്നപ്പോള്‍ വേറെ വഴിയ്ക്കുള്ള അന്വേഷണമാണ് ഈ ഗ്രൂപ്പിലേക്ക് എത്തിയത്. ഒരു വിദേശസംഘവുമായുള്ള എന്‍റെ ആദ്യത്തെ വര്‍ക്ക് തന്നെ വളരെ സംതൃപ്തി തന്ന അനുഭവം ആയിരുന്നു. നാല്‍പ്പത് പീസ് ഓര്‍ക്കസ്ട്ര ആണ് നമുക്ക് വേണ്ടി വായിച്ചത്. ഓണ്‍ലൈനായിട്ടായിരുന്നു അവരുമായുള്ള റെക്കോര്‍ഡിംഗ് വിനിമയങ്ങളൊക്കെ. നമ്മള്‍ ഉണ്ടാക്കിയ സംഗീതം അവർ മികച്ച രീതിയില്‍ പ്ലേ ചെയ്തു കേട്ടപ്പോഴുള്ള അനുഭൂതി പറഞ്ഞറിയിക്കാനാവില്ല.
ജോജിയും അജഗജാന്തരവും പോലുള്ള ത്രില്ലർ മോഡ് സിനിമകൾക്കും തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ പോലുള്ള ഹാസ്യ - കുടുംബ ചിത്രങ്ങൾക്കും താങ്കൾ പശ്ചാത്തലസംഗീതം നൽകിക്കഴിഞ്ഞു. ഇതിൽ ഏത് തരം ചിത്രങ്ങൾ ആണ് കൂടുതൽ സംതൃപ്തി നൽകിയിട്ടുള്ളത്?
ജസ്റ്റിന്‍: ഈ പറഞ്ഞ സിനിമകള്‍ എല്ലാം തന്നെ സംതൃപ്തി നല്കിയവയാണ്. സിനിമകള്‍ ഏത് ഴോണ്‍റെയാണ് എന്നതിനേക്കാള്‍ എനിക്ക് കൂടുതല്‍ സ്വന്തന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, കൂടുതല്‍ ആവേശത്തോടെ വര്‍ക്ക് ചെയ്യാന്‍ സാഹചര്യമുള്ള സിനിമകളാണ് കൂടുതല്‍ സംതൃപ്തി തരുന്നത്.
പാട്ടുകളെപ്പറ്റി പറയുന്നതിന് മുൻപേ, ചലച്ചിത്ര സംഗീത സംവിധായകനിലേക്ക് ഉള്ള പ്രയാണം ഒന്ന് വിവരിക്കാമോ? ഏത് പ്രായത്തിലാണ് ഒരു കമ്പോസർ ആവണമെന്ന ആഗ്രഹം ഉടലെടുത്തത്? ആദ്യ ചിത്രത്തിലേക്ക് എങ്ങനെയെത്തി?
ജസ്റ്റിന്‍: കമ്പോസര്‍ ആവണം എന്ന് ഒരിക്കലും മനസ്സില്‍ ചിന്തിച്ച കാര്യമല്ല. മറ്റൊന്നുംകൊണ്ടല്ല, കമ്പോസര്‍ ആവുക എന്നത് അപ്രാപ്യമായ ഒരു കാര്യമാണ് എന്നാണ് കരുതിയിട്ടുള്ളത്. ചെറുപ്പത്തില്‍ പള്ളിയില്‍ കീബോര്‍ഡ് വായിച്ചിരുന്ന കാലത്ത് കീബോര്‍ഡില്‍ വെറുതെ ചില തീമുകള്‍ ഒക്കെ കമ്പോസ് ചെയ്യുകയും സീക്വന്‍സ് ചെയ്യുകയും ഒക്കെ ചെയ്തിരുന്നു. അതുപോലെ വെറുതെ ഞാന്‍ തന്നെ വരികള്‍ ഒക്കെ എഴുതി ചില പൈങ്കിളി പാട്ടുകള്‍ ഒക്കെ നേരമ്പോക്കിന് ചെയ്തിരുന്നു. പ്രൊഫഷണല്‍ സംഗീത രംഗത്തേക്ക് വരാന്‍ പ്രചോദനം ആയത് വീടിനടുത്തുള്ള ശ്രീ ഹെന്‍ട്രി കുരുവിള എന്ന ശ്രീ എ ആര്‍ റഹ്മാന്റെ പ്രോഗ്രാമ്മര്‍ കൂടിയായ വ്യക്തി ആണ്. തുടര്‍ന്ന് ചെന്നൈയില്‍ പ്രസിദ്ധമായ SAE Institute ല്‍ നിന്ന് Sound Engineering & Music Production കോഴ്സ് പൂര്‍ത്തിയാക്കി. ചലച്ചിത്ര സംഗീത സംവിധായകന്‍ അഫ്സല്‍ യൂസഫുമായി ഉള്ള പരിചയം അദ്ദേഹം വഴി ബിജിബാലിന്റെ അടുത്ത് എത്താന്‍ കാരണമായി. ലൗഡ് സ്പീക്കര്‍ എന്ന ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതത്തില്‍ ബിജിബാലിന് വേണ്ടി കീബോര്‍ഡ് പ്രോഗ്രാമര്‍ ആയി സിനിമയില്‍ എത്തി. തുടര്‍ന്ന് ബിജിബാലിന് വേണ്ടി ഒരുപാട് ഗാനങ്ങള്‍ക്കും പശ്ചാത്തലസംഗീതത്തിനും പ്രോഗ്രാമര്‍ ആയി പ്രവര്‍ത്തിച്ചു. സിനിമയില്‍ നടനായി അരങ്ങേറ്റം കുറിച്ച അല്‍താഫ് സലീമുമായി ഉള്ള സൗഹൃദം ആണ് അൽത്താഫിന്റെ സംവിധായകന്‍ എന്ന നിലയില്‍ ഉള്ള അരങ്ങേറ്റ ചിത്രമായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യിലൂടെ സ്വതന്ത്ര സംഗീതസംവിധായകനാകാന്‍ വഴിതുറന്നത്.
ഒരു പാട്ട് സിനിമയുടെ പ്രശസ്തിക്ക് അഥവാ വിജയത്തിന് കാരണമാകുന്നത് അപൂർവമായ കാലത്താണ് 'ജാതിക്കാ തോട്ടം' ഇറങ്ങി തരംഗം സൃഷ്ടിക്കുന്നതും സിനിമയുടെ വിജയത്തില്‍ നിര്‍ണ്ണായകമാകുന്നതും. വളരെ പുതുമയുള്ള ഒരു ശൈലി, അത് ഈണത്തിലും ഉപകരണ സംഗീതത്തിലും ആ പാട്ടിൽ നമുക്ക് കാണാം. ആ പാട്ടിൻ്റെ വിശേഷങ്ങൾ ഒന്ന് പറയാമോ?
ജസ്റ്റിന്‍: ജാതിക്കാത്തോട്ടം സത്യത്തില്‍ സിനിമയുടെ ഷൂട്ടൊക്കെ കഴിഞ്ഞതിന് ശേഷമാണ് ഉണ്ടാക്കുന്നത്. സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ വൈകിയാണ് തീരുമാനം ആയത്. അതിനാല്‍ത്തന്നെ സംവിധായകന്‍ തന്ന കുറച്ചു റഫറന്‍സ് വെച്ചും പാട്ടിന്‍റെ വിഷ്വല്‍സ് കണ്ടുമൊക്കെയാണ് കമ്പോസ് ചെയ്യാന്‍ ഇരിക്കുന്നത്. അതിന് വേണ്ടി ആദ്യം മൂന്നാല് ഈണങ്ങള്‍ ഒരുക്കിയത് ഒന്നും സംതൃപ്തി നല്‍കിയില്ല. എന്നാല്‍, ഗാനരചയിതാവ് സുഹൈല്‍ കോയ ജാതിക്കാത്തോട്ടം എന്ന ഇന്ന് കേള്‍ക്കുന്ന വരികള്‍ ആദ്യമേ എഴുതിത്തന്നിരുന്നു. വളരെ വ്യത്യസ്തമായ ആ രചന ഈണം നല്‍കിയാല്‍ ശരിയാകുമോ എന്ന ആശങ്ക കൊണ്ട് അത് മാറ്റിവെച്ചിരുന്നു. അത് തന്നെ പിന്നീട് ഒരുദിവസം എടുത്ത് ഈണം നല്‍കിയതാണ് ഇന്ന് കേള്‍ക്കുന്നത്. അത് തരംഗം ആവും എന്നൊന്നും ചിന്തിച്ചിരുന്നില്ല. നല്ല വരികള്‍ മൂളിനോക്കിയപ്പോള്‍ വന്നു ചേര്‍ന്നൊരു ഗാനമാണത്.
'ജാതിക്കാത്തോട്ടം' വരികള്‍ എഴുതിയ ശേഷം ഈണം പകര്‍ന്നതാണ് എന്നത് കൗതുകമുണ്ടാക്കുന്നു. ഇന്നത്തെ കാലത്ത് വളരെ കുറച്ചു ഗാനങ്ങള്‍ മാത്രമാണല്ലോ അങ്ങനെ സൃഷ്ടിക്കപ്പെടുന്നത്.
ജസ്റ്റിന്‍: എന്റെ കൂടുതല്‍ ഗാനങ്ങളും ആദ്യം എഴുതിയ വരികള്‍ക്ക് ഈണം നല്കിയവയാണ് എന്നതാണ് സത്യം. ചിലത് പല്ലവി ആദ്യം എഴുതിയത് ഈണം നല്കിയവയും ബാക്കി ഈണത്തിന് അനുസരിച്ച് എഴുതിയവയും. പൂര്‍ണ്ണമായും ഈണം തയ്യാറാക്കിയ ശേഷം വരികള്‍ എഴുതിയ സന്ദര്‍ഭങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. എന്തെങ്കിലും ഒരു വാക്കോ വരിയോ ഇല്ലാതെ ഈണം ചെയ്യാന്‍ പ്രയാസം ആണ്. പ്രത്യകിച്ചും സുഹൈലിന്റെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ എളുപ്പത്തില്‍ ഈണം കണ്ടെത്താവുന്ന രീതിയിലാണ് എഴുതിക്കിട്ടുക. അതുപോലെ ചില സന്ദര്‍ഭങ്ങളില്‍ സുഹൈലിന്റെ കൂടെ ചില താളങ്ങള്‍ പാടി സെറ്റ് ചെയ്തു വരികള്‍ എഴുതി അത് ചിട്ടപ്പെടുത്തിയ സന്ദര്‍ഭങ്ങളും ഉണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന ഒരു തെക്കന്‍ തല്ലുകേസ് എന്ന ചിത്രത്തിലെ നാലില്‍ മൂന്നു ഗാനങ്ങളും അന്‍വര്‍ അലി പാട്ടുകള്‍ രചിച്ച ശേഷം ഈണം നല്‍കിയവയാണ്.
സോഫ്റ്റ് മെലഡി വിഭാഗത്തിൽ വരുന്ന ' ഓനാ ഹിജാബിയെ ..' (മ്യാവൂ), ' പച്ചപ്പായൽ പോലെന്നുള്ളിൽ.. ' (സൂപ്പർ ശരണ്യ) എന്നീ ഗാനങ്ങൾ പോലും സാധാരണ വഴികളിൽ നിന്നും വേറിട്ട് നിൽക്കുന്നവയാണ്. സേഫ് സോൺ പിടിക്കാതെ ഉള്ള ഈ മാറിനടക്കൽ ആസ്വാദകർ അംഗീകരിച്ചു കഴിഞ്ഞു. മനസ്സിൽ ചെയ്യാൻ ഏറ്റവും അധികം ആഗ്രഹിക്കുന്ന തരത്തിലുള്ള ശൈലി തന്നെ ആണോ ഇത് അല്ലെങ്കിൽ സംവിധായകൻ, സിനിമയുടെ സ്വഭാവം എന്നിവയുടെ സമ്മർദ്ദം ആണോ?
ജസ്റ്റിന്‍: അതെ. ഇതെല്ലാം മനസ്സില്‍ ആഗ്രഹിച്ച പോലെ ചെയ്തവയാണ്. ഇതുവരെ പാട്ടുകള്‍ ഒരുക്കുന്നതില്‍ നല്ല സ്വാതന്ത്ര്യം സംവിധായകരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ചില അവസരങ്ങളില്‍ റഫറന്‍സുകള്‍ കിട്ടിയിട്ടുണ്ട് എങ്കിലും കൂടുതല്‍ സമ്മര്‍ദ്ദം ഇല്ലാതെ എന്‍റെ ശൈലിയില്‍ തന്നെ ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ട്. സാധാരണ ശൈലിയില്‍ നിന്നും കുറച്ചു വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് പാട്ടുണ്ടാക്കാന്‍ ഇരിക്കാറ്.
Layer 1.jpg
വൈവിധ്യമാർന്ന, വ്യാപകമായി ഉപയോഗിക്കാത്ത ഉപകരണങ്ങൾ ആണല്ലോ ഗാനങ്ങളില്‍ ഉപയോഗിക്കുന്നത്. അത് മെലഡി ഉപകരണങ്ങളിലും പെർക്കഷൻ ഉപകരണങ്ങളിലും വൈവിധ്യം കാണാം. ജസ്റ്റിൻ വർഗീസ് മുദ്രയുള്ള സൗണ്ടിങ് ഗാനങ്ങൾക്ക് നൽകുന്നതിൽ ഇത് കാരണമാകുന്നു. ഇതിനെപ്പറ്റി കൂടുതൽ വിശദീകരിക്കാമോ? ഉപകരണവിന്യാസത്തിൽ ഏതെങ്കിലും സംഗീത സംവിധായകൻ പ്രചോദനമായിട്ടുണ്ടോ?
ജസ്റ്റിന്‍: വ്യത്യസ്തമായി സൗണ്ട് ചെയ്യണം എന്ന ആഗ്രഹം ഉണ്ട്. അതിന് വേണ്ടി അധികം കേള്‍ക്കാത്ത ഇന്‍സ്ട്രുമെന്റുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന് മ്യാവൂ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഒരു അറബിക്ക് സ്പര്‍ശം നല്‍കാന്‍ ഹൈദരാബാദില്‍ സുബാനി എന്നൊരു സംഗീതഞ്ജന്‍റെ അടുത്തുപോയി അറബിക്ക് സംസ്കാരമുള്ള ഉപകരണങ്ങള്‍ വായിച്ചു റെക്കോര്‍ഡ് ചെയ്തിരുന്നു. അങ്ങനെ ഓരോ സിനിമയ്ക്കും അവയുടെ സ്വഭാവം പോലെ ഉള്ള ഉപകരണസംഗീതം ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ജോജിയില്‍ വിദേശ സംഘം വായിച്ചതും അതുപോലെ ഒന്നാണ്. ചില ആര്‍ടിസ്റ്റുകളോട്, ചില ഉപകരണങ്ങളോടുള്ള ഇഷ്ടം ഒക്കെ ഇതില്‍ പ്രതിഫലിക്കാറുണ്ട്. മ്യൂസിക്ക് പ്രൊഡക്ഷനില്‍ അമിത്ത് ത്രിവേദിയും സന്തോഷ് നാരായണനുമാണ് ഏറ്റവും അധികം ഇന്‍സ്പിരേഷന്‍ നല്‍കിയിട്ടുള്ളത്.
ജസ്റ്റിൻ വർഗീസ് മുദ്ര ഗാനങ്ങളുടെ സംഗീതത്തിൽ പതിഞ്ഞിരിക്കുന്ന പോലെ തന്നെ രചനയിൽ സുഹൈൽ കോയ സ്റ്റാമ്പ് കൂടി ചേരുന്നതാണ് ഈ പറഞ്ഞ ഗാനങ്ങൾ. താങ്കളുടെ ഭൂരിഭാഗം ഗാനങ്ങൾക്കും വരികൾ കൊണ്ട് കൂട്ടായത് സൂഹൈൽ കോയയാണ്. വളരെ പ്രത്യേകതയുള്ള രചനകൊണ്ട് വ്യത്യസ്തനായ അദ്ദേഹവുമായി മുൻപ് തന്നെ പരിചയമുണ്ടോ? നിങ്ങള് തമ്മിലുള്ള കെമിസ്ട്രിയെപറ്റി എന്താണ് പറയാൻ ഉള്ളത്?
ജസ്റ്റിന്‍: ശരിയാണ്. സുഹൈലുമായിട്ടാണ് കൂടുതല്‍ ഗാനങ്ങള്‍ ചെയ്തിട്ടുള്ളത്. എന്‍റെ ആദ്യ ഗാനം എഴുതിയത് സന്തോഷേട്ടന്‍ (സന്തോഷ് വര്‍മ്മ) ആണ്. കോണ്‍വർസേഷൻ സ്വഭാവമുള്ള വരികള്‍ വേണം എന്ന ആഗ്രഹം ഗാനരചയിതാക്കളോട് പങ്കുവെയ്ക്കാറുണ്ട്. ആദ്യം ഗാനം ' എന്താവോ..' എന്നൊക്കെ വരാന്‍ കാരണം അതാണ്. സുഹൈല്‍ കോയയെ പരിചയപ്പെടുന്നത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് പാട്ടെഴുതാന്‍ വന്നപ്പോഴാണ്. അതിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷമീര്‍ മുഹമ്മദ് ആണ് സുഹൈലിനെ പരിചയപ്പെടുത്തിത്തരുന്നത്. സുഹൈലിന്റെ അന്ന് കേട്ടൊരു ഗാനം ഇതുപോലെ കോണ്‍വർസേഷൻ സ്വഭാവമുള്ളതാണ് എന്ന് കണ്ടപ്പോള്‍ത്തന്നെ സുഹൈല്‍ എനിക്ക് സെറ്റാകും എന്ന് തോന്നി. എനിക്ക് ഇഷ്ടപ്പെട്ട തരം പാട്ടുകളാണ് സുഹൈല്‍ എഴുതുന്നത്. വളരെ കംഫർട്ട് ആണ് സുഹൈലിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍. ഗാനരചയിതാവുമായുള്ള വൈബ് വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ എന്ത് വേണം എന്ന് വിചാരിക്കുന്നപോലെ സുഹൈല്‍ എഴുതിത്തരാറുണ്ട്.
Layer 2.jpg
പശ്ചാത്തല സംഗീതം നിർവഹിച്ച ഡിയർ ഫ്രണ്ട് വിജയകരമായി പ്രേക്ഷകമധ്യത്തിൽ ഉണ്ട്. ഏതൊക്കെയാണ് ഈ വർഷം വരാനിരിക്കുന്ന പ്രോജക്ടുകൾ?
ജസ്റ്റിന്‍: അടുത്ത് വരാനുള്ളത് വിശുദ്ധ മെജോ എന്ന ചിത്രമാണ്. ഓണത്തിന് ഒരു തെക്കന്‍ തല്ലുകേസ്, പാൽതു ജാൻവർ എന്നീ ചിത്രങ്ങള്‍ വരാനുണ്ട്. ബി ഉണ്ണികൃഷ്ണന്റെ മമ്മൂട്ടിച്ചിത്രം, എന്‍റെ ആദ്യ സിനിമയുടെ സംവിധായകന്‍ അൽത്താഫിന്റെ അടുത്ത ചിത്രം, ടിനു പാപ്പച്ചന്‍റെ ചിത്രം എന്നിവയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.