മഹാവീര്യർ -- ധീരമായ പരീക്ഷണം I സിനിമാ റിവ്യൂ

Reviews

മഹാവീര്യർ -- ധീരമായ പരീക്ഷണം
-----------------
കാലവും ദേശവും ഭാഷയും ഇഴപിരിയുന്ന ദൃശ്യവിഷ്കാരമാണ് മഹാവീര്യർ. ഭൂതത്തിൽ നിന്ന് വർത്തമാനത്തിലേക്കും തിരിച്ചും സഞ്ചരിച്ചു ഭൂത-ഭാവി -വർത്തമാന അവസ്ഥയിലെ അധികാര -നീതിന്യായ അവസ്ഥകളെ, ഗതികേടുകളെ, അധികാരത്തെ ഇടയ്ക്കൊക്കെ ചോദ്യം ചെയ്തും പലപ്പോഴും കീഴ്പ്പെട്ടും പോകുന്ന ഒരു ജനതയെ വരച്ചു കാണിക്കുകയാണ്, ഫാന്റസി ബേസിലുള്ള ഈ മൾട്ടി ജോണർ സിനിമ.

മലയാളത്തിൽ ഇതിനു മുൻപേ പരീക്ഷിച്ചു പരിചയമില്ലാത്ത വളരെ പുതുമ നിറഞ്ഞ ആവിഷ്കാരം (ഗുരു, ഡബിൾ ബാരൽ എന്നീ പരീക്ഷണ ചിത്രങ്ങളെ ഓർത്തുകൊണ്ട് തന്നെ ) മികച്ച മേക്കിങ്, ധീരമായ പരീക്ഷണം.

നായകന്റെ (നിവിൻ പോളി ) പേര് പോലെ (അപൂർണ്ണാനന്ദ സ്വാമി ) അപൂർണ്ണമായി അവസാനിക്കുന്ന സിനിമ പക്ഷെ വിട്ടുപോയവ പൂരിപ്പിക്കാൻ പ്രേക്ഷകന് ഇടം കൊടുത്തുകൊണ്ടാണ് പൂർത്തിയാകുന്നത്. രാജാവിന്റെ അസുഖം മാറാൻ തികവാർന്നൊരു പെണ്ണിന്റെ കണ്ണീരു വേണമെന്നതുകൊണ്ട് അവളുടെ ആനന്ദക്കണ്ണീരെടുക്കാൻ നീതി ന്യായ വ്യവസ്ഥയെ കൂട്ടുപിടിച്ചു നിയമജ്ഞരെ  സാക്ഷിയാക്കി കോടതിമുറി അവസരമൊരുക്കുന്നതൊക്കെ കഴിഞ്ഞ കാലങ്ങളിലെ ചില കോടതി വ്യവഹാരങ്ങളുടെ പരിഛ്ചേദമായി കാണാവുന്നതാണ്.

 

സിനിമയിൽ എടുത്തുപറയേണ്ടത് പ്രൊഡക്ഷൻ ഡിസൈനിങ്ങും (ആർട്ട് ഡയറക്ഷൻ ) കോസ്റ്റും ഡിസൈനിങ്ങുമാണ്. നാളിതുവരെയുള്ള മലയാള സിനിമകളിൽ നിന്ന് വിഭിന്നമായി തികഞ്ഞ പെർഫെക്ഷനോടെ ഗംഭീരമായിത്തന്നെ ഈ രണ്ടു വിഭാഗവും പ്രവർത്തിച്ചിരിക്കുന്നു.

അഭിനേതാക്കളുടെ പ്രകടനത്തെ പരിശോധിക്കുമ്പോൾ നിവിൻ പോളി, സ്വാമിയായി വേഷപകർച്ചയിൽ വന്നിട്ടുണ്ടെങ്കിലും തന്റെ സ്ഥിരം മാനറിസങ്ങളിൽ നിന്നും ശൈലിയിൽ നിന്നും മുക്തനല്ല. ലാൽ, സിദ്ധിഖ്‌, ലാലു അലക്സ്, വിജയ് മേനോൻ മുതൽ ചെറു വേഷങ്ങൾ ചെയ്ത സുധീർ പറവൂർ, പ്രമോദ് വെളിയന്നൂർ, ശൈലജ പി അമ്പു, കലാഭവൻ പ്രജോദ് വരെ ശ്രദ്ധേയമായിട്ടുണ്ട്. ആസിഫ് അലി എടുത്തു പറയത്തക്ക പ്രേത്യേകതകൾ ഇല്ലാതെ ശരാശരിയിൽ ഒതുങ്ങി.

സ്ക്രീപ്റ്റ് & ഡയറക്ഷൻ ചെയ്ത അബ്രിഡ് ഷൈൻ മികച്ചൊരു അറ്റെപ്റ്റ് തന്നെയാണ് ചെയ്തത്. മാസ്സ് മസാലകൾക്ക് പിറകെ പോകാതെ, എന്നും ചർച്ച ചെയ്യപ്പെടാവുന്ന ഒരു വിഷയത്തെ മറ്റാരും പറയാത്തതൊരു ശൈലിയിൽ അണിയിച്ചൊരുക്കിയത് അഭിനന്ദാർഹമാണ് , അതിനു നിർമ്മാതാവായി കൂടെ നിന്ന നിവിൻ പോളിയ്ക്കും.

 

ആദ്യപകുതി കൂടുതലും കോമഡി ട്രാക്കിലൂടെ അവസാനിക്കുമ്പോൾ രണ്ടാം പകുതി പൂർണ്ണമായും ഫാന്റസി മോഡിലാണ്. മലയാള സിനിമയിലെ ഇത്തരം പുതു പരീക്ഷണങ്ങളെ നിർഭാഗ്യവാശാൽ അതാതുകാലത്തെ പ്രേക്ഷകർ പലപ്പോഴും നിഷ്കരുണം തള്ളിക്കളഞ്ഞിട്ടുള്ള അനുഭവം വെച്ചു നോക്കുമ്പോൾ മഹാവീര്യരുടെ തിയ്യറ്റർ റെസ്പോൺസും മറ്റൊന്നുമല്ല സൂചിപ്പിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി എന്നിവരുടെ താരപ്രഭയാകും  മഹാവീര്യറിൽ നിന്ന് മറ്റൊരു തരത്തിലുള്ള എന്റർറ്റയ്നർ  പ്രേക്ഷകർ പ്രതീക്ഷിച്ചത്. എങ്കിലും മഹാവീര്യർ പ്രമേയത്തിലും ആവിഷ്കാരത്തിലും ധീരമായ പരീക്ഷണം എന്നതിനോടൊപ്പം മികച്ച എന്റർറ്റയ്നർ കൂടിയാണ് എന്നതാണ് വാസ്തവം. ഒരുപക്ഷെ കാലങ്ങൾക്ക് ശേഷം  വാഴ്ത്തിപ്പാടാനുള്ള മറ്റൊരു സിനിമയായി മാറിയേക്കാം മഹാവീര്യർ.

ഈ സിനിമ നിങ്ങളിലെ പ്രേക്ഷകനെ എത്രമാത്രം തൃപ്തിപ്പെടുത്തും എന്നുറപ്പില്ല. ഒരുപക്ഷെ  നിങ്ങളുടെ അഭിരുചിക്കോ, ഇതുവരെയുള്ള ആസ്വാദന ശീലത്തിലോ ഉള്ള സിനിമയുമായിരിക്കില്ല. പക്ഷെ തിയറ്ററിലെ ബിഗ് സ്‌ക്രീനിൽ മികച്ച സൗണ്ട് സിസ്റ്റത്തിൽ പുതിയൊരു  അനുഭവമായിരിക്കും ഈ പരീക്ഷണ ചിത്രം.

നന്ദകുമാർ