“ന്നാ താൻ കേസ് കൊട്“.... സിനിമ ഇറങ്ങിയിട്ടില്ല... ഒരു ട്രയിലറും, രണ്ട് പാട്ടും, കുറച്ച് പോസ്റ്ററും ഇറങ്ങിയപ്പോഴേക്കും ചാക്കോച്ചൻ തിളങ്ങുകയാണ്. പുതുമയാർന്ന രൂപത്തിലും ഭാവത്തിലും ചാക്കോച്ചനെ ട്രയിലറിലും പാട്ടിലും കാണുന്നതിനൊപ്പം, ആ രൂപത്തിനും ഭാവത്തിനും ചേർന്ന രീതിയിലുള്ള ചെക്ക് ഷർട്ടുകളും ശ്രദ്ധിക്കാതിരിക്കാനാവില്ലാ. “ആടലോടകം“ പാട്ടിൽ തന്നെ കാണാം എട്ടോളം ചെക്ക് ഷർട്ടുകളിൽ.
ചാക്കോച്ചനുമായി ഇഴകിചേർന്ന് രസം കൂട്ടൂന്ന ആ ഷർട്ടിനു പിന്നിലെ കക്ഷിയുടെ പേരാണ് ‘മെൽവി ജെ‘.
‘മെൽവി ജെ‘യുടെ കഥ പറയാം...
‘മെൽവി‘ക്ക് കുട്ടിക്കാലം മുതലെ നൂലുകളോടും തുണികളോടും പ്രണയമായിരുന്നു. അത് കൃത്യമായി തിരിച്ചറിയുന്നത് 8 ആം ക്ലാസിൽ പഠിക്കുമ്പോൾ വല്ല്യമ്മച്ചി (അമ്മയുടെ ചേച്ചി) പുതിയ തയ്യൽ മെഷീൻ വാങ്ങിയപ്പോൾ, പഴയത് മെൽവിൻ്റെ അമ്മക്ക് കൊടുത്തു. അങ്ങനെ ഫ്രീ ടൈമുകളിൽ മെൽവിൻ ആ തയ്യൽ മെഷീനോട് കിന്നരിച്ചു തുടങ്ങി.
മെൽവിൻ്റെ തയ്യൽ മെഷീൻ പ്രണയം തിരിച്ചറിഞ്ഞ, വല്ല്യമ്മച്ചിയുടെ സഹായത്തോടെ മെൽവി അന്നേ തുടങ്ങി ഷർട്ടിലും പാൻ്റിലുമൊക്കെ ഫാഷൻ ശ്രമങ്ങൾ. 11 ൽ പഠിക്കുമ്പോൾ ഇപ്പറഞ്ഞ പഴയ തയ്യൽ മെഷീനുമായി സ്വന്തമായി ഒരു ഓൾട്രേഷൻ ഷോപ്പ് തുടങ്ങി. അന്നൊക്കെ ഇടാൻ കിട്ടിയിരുന്ന ചേട്ടന്മാരുടെ ഷർട്ടും പാൻ്റും ഒരിക്കലും സാറ്റിസ്‌ഫാക്ഷൻ തരില്ലായിരുന്നതുകൊണ്ട്... അത് സ്വന്തം ഇഷ്ടം പോലെ ഓൾട്ടർ ചെയ്ത് ശരിയാക്കിയെടുത്തു തുടങ്ങിയതാണ് മെൽവിൻ. പലപ്പോഴും സ്കൂൾ യൂണിഫോമിൽ ചെയ്ത ഓൾട്രേഷൻ വർക്കിൻ്റെ ഫലമായി ടീച്ചർമാർ ക്ലാസിനു വെളിയിൽ നിർത്തി. എന്നാലും പുറകോട്ട് മാറിയില്ല. താൻ മാത്രം വ്യത്യസ്തമായി വരുന്നതാണ് പ്രശ്നമെന്ന് മനസിലായപ്പോൾ മെൽവിൻ തൻ്റെ കൂട്ടുകാരുടെ യൂണിഫോമിലും കലാപരിപാടികൾ കാട്ടിയവസാനം ടീച്ചർമാരെയും തോൽപ്പിച്ചു.
പിന്നീട് വീട്ടുകാരുടെ നിർബന്ധപ്രകാരം ബികോം പഠിക്കാൻ പോയി. അങ്ങനെ താല്പര്യമില്ലാതെ തുടർന്ന ബീകോം പഠനം തീരുന്ന കാലത്ത് സ്വന്തം ചേച്ചിയുടെ വിവാഹവസ്ത്രം തന്നെ ഡിസൈൻ ചെയ്തുകൊണ്ട് മെൽവിൻ പുതിയ അദ്ധ്യായം തുടങ്ങി. ബ്രൈഡൽ ഡ്രെസ്സ് ഡിസൈൻ.
തുടർന്നാണ് വീട്ടുകാരോട് കട്ടക്ക് പറഞ്ഞ് MSc Fashion Designing പഠിക്കാൻ പോകുന്നത്. അതിൻ്റെ ആദ്യവർഷം തന്നെ നടി അമല പോളിൻ്റെ പേഴ്സണൽ സ്റ്റയിലിസ്റ്റായിട്ട് അസിസ്റ്റ് ചെയ്യാൻ തുടങ്ങിക്കൊണ്ട് സിനിമാലോകത്തിൻ്റെ വരമ്പത്ത് സ്ഥാനം പിടിച്ചു. ആ വരമ്പത്ത് നിന്ന് സിനിമാ പൂക്കുന്ന വയലിലേക്ക് പിന്നെ ഊർന്നിറങ്ങാനേ ഉണ്ടായിരുന്നുള്ളു.
അങ്ങനെ പിന്നെ....'കെട്ട്യോളാണെൻ്റെ മാലാഖ'യാണ് മെൽവിന് വലിയൊരു ബ്രെയ്ക്ക് നൽകുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ‘വലിയ പെരുന്നാള്, കനകം കാമിനി കലഹം, വെയിൽ‘ തുടങ്ങി ‘മിന്നൽ മുരളി‘ വരെ... പിന്നെ ഇപ്പോളിതാ കുഞ്ചാക്കോയുടെ ‘ന്നാ താൻ കേസ് കൊട്‘. ഇനിയും വരാനിരിക്കുന്നതോ മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം‘, പിന്നെ ഭാവനയുടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!‘.
മെൽവി യാത്ര തുടരുമ്പോൾ, മെൽവിയുടെ വാക്കുകളിൽ തെളിഞ്ഞ് കേട്ടത് ഒന്ന് മാത്രമാണ്... തുണികളോടുള്ള പാഷൻ... അതാണദ്ദേഹത്തെ ഇവിടെ വരെയെത്തിച്ചത്.
‘ന്നാ താൻ കേസ് കൊട്‘ലെ വസ്ത്രാലങ്കാരം മെൽവിയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവലായി മാറുമെന്നതിൽ തെല്ലും സംശയമില്ല.
(മെൽവിൻ്റെ കഥക്ക് കടപ്പാട്: 7D Stories - 2021)