ജോമോന്‍ ടി ജോണിന്റെ ആദ്യത്തെ അഭിമുഖം

2011 ജൂലൈയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ “ചാപ്പാ കുരിശ്” എന്ന സിനിമക്ക് പ്രത്യേകതകളേറെയുണ്ടായിരുന്നു. സ്ഥിരം ഫോര്‍മുലകളേയും നിലവിലെ സങ്കല്പങ്ങളേയും ധിക്കരിച്ച് മലയാളി പ്രേക്ഷകന്റെ മുന്നിലേക്ക് ഒരു പുതിയ ദിശാബോധം കൊണ്ടു വരുന്ന ചിത്രങ്ങളില്‍ വളരെയധികം പരിപൂര്‍ണ്ണത അവകാശപ്പെടാവുന്ന ഒന്നായിരുന്നു ചാപ്പാകുരിശ്.

എളുപ്പം പാളിപ്പോകാവുന്ന വിഷയങ്ങള്‍, മനസ്സിനെ സ്പര്‍ശിക്കുന്ന പ്രശ്നങ്ങള്‍, പ്രമേയത്തിനു ആവശ്യമുണ്ടെന്നു തോന്നിപ്പിക്കുന്ന കഥാപാത്രങ്ങള്‍, താരപ്രഭയിലകപ്പെടാത്ത കഥാപാത്ര സൃഷ്ടി എന്നിവ കൊണ്ടൊക്കെ ഒരു വിഷയത്തെ ഫോര്‍മുലകളുടെ അച്ചിലിട്ടു വാര്‍ക്കാതെ സത്യസന്ധമായി അവതരിപ്പിച്ചാല്‍, ലോക സിനിമകള്‍ വീടുകളിലിരുന്നും ആസ്വദിക്കുന്ന മലയാളീ നവ പ്രേക്ഷക സമൂഹം സ്വീകരിക്കുമെന്ന് തെളിയിച്ചതായിരുന്നു 2011 ന്റെ തുടക്കത്തിലെ ട്രാഫിക് മുതല്‍ ചാപ്പാകുരിശ് വരെയുള്ള ചില ഉദാഹരണങ്ങള്‍.

‘ചാപ്പാകുരിശ്‘ വര്‍ഷങ്ങളുടെ വാര്‍പ്പുമാതൃകാ ചിത്രങ്ങളുടെ സ്ഥിരം രീതിയിലല്ലാത്തതുകൊണ്ട് സ്ഥിരം പ്രേക്ഷകനു വിജയ പ്രതീക്ഷ നല്‍കിയില്ലെന്ന പരാതിക്കിടവരുത്തിയെങ്കിലും മലയാള സിനിമയെന്ന കൊച്ചു വട്ടത്തില്‍ ‘സിനിമ’ എന്ന മാദ്ധ്യമത്തെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തിലേക്കുള്ള ചുവടുവെയ്പ്പായി സിനിമയെ ഗൌരവമായി പിന്തുടരുന്നവരുടേയും ആസ്വദിക്കുന്നവരുടേയും പ്രതീക്ഷയായി മാറി. വളരെ ചെറിയ മുടക്കുമുതലില്‍ പൂര്‍ത്തിയായി എന്നതുമാത്രമല്ല പൂര്‍ണ്ണമായും 7ഡി ഡി എസ് എല്‍ ആര്‍ സ്റ്റില്‍ ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ചിത്രമെന്ന കൌതുകകരമാര്‍ന്ന പ്രത്യേകതയും ചാപ്പാകുരിശിനുണ്ട്.

നിലവിലെ പല സിനിമാ സങ്കല്‍പ്പങ്ങളേയും ധാരണകളേയും തകിടം മറിച്ച് മലയാള സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചാപ്പാകുരിശിന്റെ ക്യാമറമാന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി ശ്രീ. ജോമോന്‍ ടി ജോണ്‍ എം 3 ഡി ബി അംഗം നന്ദകുമാറുമായി സംസാരിക്കുന്നു.

ജോമോന്‍, എങ്ങിനെയുണ്ടായിരുന്നു ചാപ്പാകുരിശിന്റെ എക്സ്പീരിയന്‍സ് ?

ശരിക്കും എന്‍ജോയ് ചെയ്തിരുന്നു. ഒരു ടിപ്പിക്കല്‍ സിനിമാ സെറ്റിന്റെ രീതിയേ ആയ്യിരുന്നില്ല ഇതില്‍. പ്രായഭേദമില്ലാതെ സീനിയര്‍ ജൂനിയര്‍ ഭേദമില്ലാതെ പരസ്പരം സഹായിച്ചും എല്ലാവരും സുഹൃത്തുക്കളെന്നപോലെ ഫുള്‍ ഫ്രീഡത്തിലായിരുന്നു വര്‍ക്ക് ചെയ്തത്. പ്രൊഡ്യൂസര്‍ മുതല്‍ ഇതിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ ശരിക്കും ആത്മാര്‍ത്ഥമായി വര്‍ക്ക് ചെയ്തു. പ്രൊജക്റ്റിന്റെ തുടക്കം മുതല്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ തന്ന പ്രോത്സാഹനവും സഹായങ്ങളും പറയാതിരിക്കാന്‍ കഴിയില്ല. മാത്രമല്ല, ഫുള്‍ സ്ക്രിപ്റ്റ് അദ്ദേഹത്തിനും മനപ്പാഠമായിരുന്നു എന്നതാണ്. അതുകൊണ്ട് തന്നെ യാതൊരു കണ്‍ഫ്യൂഷനുമില്ലാതെ കാര്യങ്ങളെ മുന്നോട്ട് നീക്കാനും ചില ഘട്ടങ്ങളില്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ തരാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പിന്നെ തിരക്കേറിയ മറൈന്‍ ഡ്രൈവ്, ബ്രോഡ് വേ തുടങ്ങിയ ഇടങ്ങളില്‍ ഒന്നിലധികം 7 ഡി ക്യാമറകള്‍ വെച്ച് ഷൂട്ട് ചെയ്ത ഭാഗങ്ങളുണ്ട്. ഒറ്റ ടേക്കില്‍ ഓക്കെയാവേണ്ട, അതേ സമയം പബ്ലിക്ക് കൂടി ഫ്രെയിമില്‍ ഉള്‍ക്കൊള്ളേണ്ട ചില സീനുകള്‍. ആര്‍ട്ടിസ്റ്റ്സിനെ നിര്‍ദ്ദേശം കൊടുത്ത് നിര്‍ത്തിയിരിക്കുകയാണ്. ഒന്നു പാളിപ്പോയി രണ്ടാമത് ചെയ്താല്‍ ഒരു പക്ഷെ പെര്‍ഫെക്ഷന്‍ കിട്ടാന്‍ സാധ്യത ഇല്ലാത്ത അന്തരീക്ഷത്തില്‍ സിനിമയുടെ പതിവു രീതികളായ സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട് തുടങ്ങിയ ബഹളമൊന്നുമില്ലാതെ പല സീനുകളും ഷൂട്ട് ചെയ്തു. സത്യത്തില്‍ ഇതൊരു സിനിമാ ഷൂട്ടിങ്ങായിരുന്നു എന്ന ജനത്തിനറിയില്ലായിരുന്നു.

സിനിമ കണ്ട ഭൂരിഭാഗം പ്രേക്ഷകനും പറയുന്ന ഒരു കാര്യമാണ് സിനിമയുടെ ‘ഇഴച്ചില്‍’ . സിനിമയുടെ മന്ദ താളം സിനിമയെ വന്‍ വിജയത്തില്‍ നിന്ന് അകറ്റിയിട്ടുണ്ടോ?

നോക്കു, ഓരോ സിനിമക്കും അതിന്റെ സംവിധായകന്‍ നിശ്ചയിക്കുന്ന ഓരോ രീതികളുണ്ട്. ആഖ്യാനമെന്നോ, ട്രീറ്റ്മെന്റ് എന്നോ പറയാവുന്ന ആ രീതി ഓരോ സിനിമയും ആവശ്യപ്പെടുന്നതിനനുസരിച്ചാണ് അവലംബിക്കുന്നത്. സോ, ഈ സിനിമക്ക് ഈ രീതിയാണ്. സിനിമയുടെ ഇഴച്ചില്‍ മാറ്റാന്‍ സിനിമ വെട്ടിച്ചെറുതാക്കണം എന്നില്ല അന്‍സാരിയുടേയോ അര്‍ജ്ജുന്റേയും കഥാപാത്രത്തിനൊപ്പം ഒരു കോമഡി നടനെ ഫിറ്റു ചെയ്യാം, സ്ലോമോഷന്‍സ് കൂടുതല്‍ ഉള്‍പ്പെടുത്താം അങ്ങിനെ സിനിമയെ ഫാസ്റ്റ് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വേണമെങ്കില്‍ സിനിമയുടെ രീതി മാറ്റാം, അത് പക്ഷെ ഞങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു സിനിമയാവില്ല. എങ്കിലും ഇഴച്ചില്‍ മാറ്റാന്‍ വേണ്ടിയല്ല, പക്ഷെ അല്പം ട്രിം ചെയ്യാവുന്ന കുറച്ച് ഏരിയ അതിലുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു.

സിനിമയെക്കുറിച്ച് ആദ്യ നാളുകളില്‍ മിക്സഡ് ആയ അഭിപ്രായങ്ങളായിരുന്നു. പലയിടത്തു നിന്നും അത്രക്ക് നന്നായില്ല എന്ന് അഭിപ്രായം വന്നെങ്കിലും പിന്നീട് വളരെ നല്ല അഭിപ്രായങ്ങള്‍ എത്തിത്തുടങ്ങി. സിനിമാ രംഗത്തുള്ളവര്‍ പലരും അഭിനന്ദിച്ചുകൊണ്ട് ഫോണ്‍ ചെയ്തിരുന്നു.
(ചിത്രഭൂമി 2011 ആഗസ്റ്റ് ആദ്യ ലക്കത്തിലെ ചാപ്പാകുരിശിനെക്കുറിച്ചുള്ള ലേഖനത്തില്‍ പ്രമുഖ സംവിധായകരായ സത്യന്‍ അന്തിക്കാടും ലാല്‍ ജോസും ഈ സിനിമയെക്കുറിച്ച് ഏറെ വാചാലരായിരുന്നു. കൂടാതെ ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സംവിധായകന്‍ ശ്യാമപ്രസാദ്, ക്യാമറമാന്‍ ഷ്യാംദത്ത് തുടങ്ങി പല പ്രമുഖരും ചാപ്പക്കുരിശിനെക്കുറിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ എഴുതിയിരിക്കുന്നു)

എങ്ങിനെയാണ് ജോമോന്‍ ഛായാഗ്രഹണ രംഗത്തേക്ക് എത്തിയത് അല്ലെങ്കില്‍ ആ ഒരു ഫീല്‍ഡിലേക്ക് വരാന്‍ പ്രത്യേകിച്ച് കാരണമൊ താല്പര്യമോ...?

അച്ഛന്‍ ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫറാണ്. ചേര്‍ത്തലയില്‍ ഒരു ഫോട്ടോ സ്റ്റുഡിയോ ഉണ്ട്. ചെറുപ്പം മുതലേ കാണുന്നത് ക്യാമറകളും ഫോട്ടോകളും അച്ഛന്റെ ജോലിയും ആയിരുന്നു. സ്വാഭാവികമായി ഇതിനോട് വളരെ ചെറുപ്പം മുതലേ താല്പര്യം തോന്നി. മുതിര്‍ന്നപ്പോള്‍ ഫോട്ടോയെടുക്കാനും. എന്റെ ബിരുദ പഠനത്തിനിടയില്‍ മലയാള മനോരമ നടത്തിയ വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണ ഫോട്ടോഗ്രാഫി മത്സരത്തില്‍ രണ്ടു തവണ വിജയിയായിട്ടുണ്ട്. സ്ക്കൂള്‍ കാലഘട്ടം മുതലേ സിനിമയിലേക്ക് വരണം, സിനിമാട്ടോഗ്രാഫര്‍ ആകണം എന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു. സിനിമയിലെ ഏതെങ്കിലും ക്യാമറാമാന്മാരുടെ അസിസ്റ്റന്റ് ആകാനായിരുന്നു പിന്നത്തെ ശ്രമം. സിനിമയില്‍ പക്ഷെ അധികം ബന്ധങ്ങളില്ലാത്തതുകൊണ്ട് അതു നടന്നില്ല. പകരം സ്റ്റില്‍ ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റ് ആകാനായിരുന്നു നിയോഗം. ജിജോ, സുനില്‍ ഗുരുവായൂര്‍ എന്നീ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം ചില വര്‍ക്കുകളില്‍ അസിസ്റ്റ് ചെയ്തു. ആ സമയത്ത് തന്നെ ബാംഗ്ലൂരിലെ GFTI (Govt. Film & Television Institute) ല്‍ സിനിമാട്ടോഗ്രാഫി കോഴ്സിനു ചേര്‍ന്നു.

സിനിമയിലേക്ക് എത്തിപ്പെടുന്നത് എപ്പോഴാണ്?

ബാംഗ്ലൂരില്‍ രണ്ടാം വര്‍ഷം കോഴ്സിനു പഠിക്കുമ്പോഴാണ് ‘ബിഗ് ബി‘ എന്ന ചിത്രത്തിനു അസിസ്റ്റ് ചെയ്യുന്നത്, പിന്നീട് മൂന്നു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷം ‘ഡാഡി കൂള്‍‘ എന്ന സിനിമയിലും വര്‍ക്ക് ചെയ്തു. സിനിമയേക്കാളധികം ഞാന്‍ പരസ്യങ്ങളാണ്‍ ചെയ്തിട്ടുള്ളത്. മധു നീലകണ്ഠന്‍ എന്ന പ്രശസ്ത സിനിമാട്ടോഗ്രാഫറുടെ കൂടെയാണ് കൂടുതലും പരസ്യങ്ങള്‍ ചെയ്തത്. അദ്ദേഹം മലയാളമടക്കം പല സിനിമകള്‍ക്കും സിനിമാട്ടോഗ്രാഫി ചെയ്തിട്ടുണ്ടല്ലോ. മധു നീലകണ്ഠന്റെ അടുത്തെത്തുന്നത് രസകരമാണ്. അദ്ദേഹം ഒരു പരസ്യ ചിത്രത്തിനു വേണ്ടി എറണാകുളത്ത് വരുന്നു, ആ പരസ്യ ചിത്രത്തിനു അസിസ്റ്റ് ചെയ്യാന്‍ ഒരു ക്യാമറാമാനെ അന്വേഷിക്കുന്നു. അങ്ങിനെയാണ് എന്റെ പേര്‍ സമീര്‍ നിര്‍ദ്ദേശിക്കുന്നത്. ആ ഒരു പരസ്യചിത്രത്തിനു അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാന്‍ പോയ ഞാന്‍ പിന്നീട് രണ്ടു വര്‍ഷത്തോളം അദ്ദേഹത്തിന്റെ പരസ്യചിത്രങ്ങള്‍ക്ക് സഹായിയായി.

എങ്ങിനെയാണ് ചാപ്പാകുരിശിന്റെ ഭാഗമാകുന്നത്? ഒരു ക്യാമറാമാന്‍ കൂടിയായ സമീര്‍ താഹിര്‍ തന്റെ ആദ്യ ചിത്രത്തിനു ജോമോനെ തിരഞ്ഞെടുക്കാന്‍ കാരണം?

സമീറിനെ മുന്‍പ് ‘ബ്ലാക്ക്’(മലയാളം) എന്ന ചിത്രത്തിന്റെ വര്‍ക്കില്‍ വെച്ച് പരിചയമുണ്ട്. അന്ന് ഞങ്ങള്‍ രണ്ടു പേരും അസിസ്റ്റന്‍സ് ആയതുകൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീരുവോളം ഒരുമിച്ച് താമസിക്കാനും സിനിമയെപ്പറ്റി കൂടുതല്‍ സംസാരിക്കാനും സാധിച്ചിരുന്നു. അന്നേ ഞങ്ങളുടെ സിനിമ ചിന്തകളില്‍ ഒരു ചേര്‍ച്ച തോന്നിയിരുന്നു. പിന്നിട് സമീര്‍ സ്വതന്ത്ര ഛായാഗ്രാഹകനായപ്പോള്‍ ഞാനായിരുന്നു അസോസിയേറ്റ്. സമീറിന്റെ രണ്ടു ചിത്രങ്ങളിലും ഒരുമിച്ച് വര്‍ക്ക് ചെയ്തതിനേക്കാളുപരി ഞങ്ങളുടെ സിനിമാ ചിന്തകളും സങ്കല്‍പ്പങ്ങളും ഒരേ രീതിയാലിരുന്നതുകൊണ്ടാവാം സമീറിന്റെ ആദ്യ ചിത്രത്തിനു ഞാന്‍ ക്യാമറ ചലിപ്പിച്ചത്.

മലയാളത്തില്‍ തീരെ ഉപയോഗിച്ചിട്ടില്ലാത്ത 7ഡി സ്റ്റില്‍ ക്യാമറ ഈ ചിത്രത്തിനു തെരഞ്ഞെടുക്കാന്‍ കാരണം?

വളരെ ചെറിയ ഒരു സിനിമയായിരുന്നു ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. സമീര്‍ എന്നോട് ഇതിന്റെ കഥ പറയുമ്പോഴും ഞങ്ങള്‍ ആദ്യ ചര്‍ച്ച ചെയ്യുമ്പോഴും ഇതില്‍ താരങ്ങളോ ഇത്രയും ദൈര്‍ഘ്യമോ ഉണ്ടായിരുന്നില്ല. വളരെ റിയലിസ്റ്റിക്കായ ചിലവു കുറഞ്ഞ എന്നാല്‍ യാതൊരു ഉപാധികള്‍ക്കും വഴങ്ങാത്ത ഒരു നല്ല സിനിമ എന്നതായിരുന്നു ചിന്ത. ഇത്തരമൊരു റിയലിസ്റ്റിക്കായ വിഷയത്തിനു ഈയൊരു ക്യാമറാ ട്രീറ്റ് മെന്റ് നന്നായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. 5 ഡി, 7 ഡി ക്യാമറകളെക്കുറിച്ചും അതില്‍ ചെയ്തിട്ടൂള്ള മറ്റു ഭാഷ സിനിമകളെപ്പറ്റിയുമൊക്കെ ഞങ്ങള്‍ തികച്ചും ബോധവാന്മാരായിരുന്നു. മാത്രമല്ല നിരവധി പരസ്യങ്ങളും ആല്‍ബങ്ങളും ഞാന്‍ മുന്‍പ് 5 ഡി ക്യാമറയില്‍ ചെയ്തിട്ടുണ്ട്. അതിലുപരി വര്‍ദ്ധിച്ച ചിലവു കുറക്കാനുള്ള കാരണവും കൂടിയുണ്ട്. ഈ ക്യാമറ ഉപയോഗിച്ചതു കൊണ്ട് ചാപ്പാകുരിശിന്റെ നിര്‍മ്മാണ ചിലവില്‍ മിനിമം 15 ലക്ഷം രൂപയെങ്കിലും ലാഭിക്കാനായിട്ടൂണ്ട്.

ഈ ക്യാമറ കൊണ്ട് ഷൂട്ട് ചെയ്യേണ്ടതിനു മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നോ?

തീര്‍ച്ചയായും. ഷൂട്ടിങ്ങിനു വളരെ നാള്‍ മുന്‍പേ ഞങ്ങള്‍ ഇതിനെപ്പറ്റി വിശദമായി അന്വേഷിക്കുകയും പ്രീ പ്ലാനിങ്ങ് എന്ന രീതിയില്‍ ഷൂട്ട് ചെയ്യുകയും ഉണ്ടായിരുന്നു. അതു കൂടാതെ ചാപ്പാകുരിശിന്റെ ഷൂട്ടിങ്ങിനു മാസങ്ങള്‍ക്കു മുന്‍പേ ഞാനും സമീറും ഇതിന്റെ ലോക്കേഷനുകളില്‍ പോയി (ബ്രോഡ് വേ അടക്കം) ഷൂട്ട് ചെയ്യുകയും അത് ചെന്നെയിലെ ലാബില്‍ കൊണ്ടുപോയി പ്രൊസസ്സ് വര്‍ക്കുകള്‍ ചെയ്യുകയും പിന്നീട് അതിനെ ഫിലിമിലാക്കി എറണാകുളത്തെ സവിത - സരിത തിയ്യറ്ററുകളില്‍ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് റിസള്‍ട്ട് ഉറപ്പു വരുത്തുകയും ചെയ്തു. സിനിമ ഷൂട്ട് ചെയ്തതിനേക്കാളും ഏറെ പരിശ്രമവും അദ്ധ്വാനം നിറഞ്ഞതുമായിരുന്നു ഷൂട്ടിങ്ങിനുമുന്‍പ് ഞങ്ങള്‍ ചെയ്ത ഒരുക്കങ്ങള്‍.

എങ്ങിനെയുണ്ടായിരുന്നു റിസള്‍ട്ട്? എന്തായിരുന്നു നിങ്ങളുടെ ആദ്യ പ്രതികരണം?

ഞങ്ങളുടെ ആശങ്കകളെ പാടെ തകര്‍ത്തെറിഞ്ഞ രീതിയിലായിരുന്നു റിസള്‍ട്ട്. നല്ല ക്വാളിറ്റിയുള്ള ദൃശ്യങ്ങളായിരുന്നു. അത് കണ്ടതും ഞാനും സമീറും ആഹ്ലാദത്താല്‍ കെട്ടിപ്പിടിക്കുകയായിരുന്നു.

അങ്ങിനെ ചാപ്പാകുരിശ് ജന്മം കൊള്ളുകയായിരുന്നല്ലേ?
ഇതിലെ അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ അവരെയൊക്കെ എങ്ങിനെ തിരഞ്ഞെടുത്തു?

തീര്‍ച്ചയായും. മുന്‍പ പറഞ്ഞല്ലോ, ചാപ്പാകുരിശെന്ന പുതിയ-വ്യത്യസ്ഥ സിനിമ എന്ന ആദ്യചിന്തയില്‍ നിന്നും കഥയും സംഭവങ്ങളും ഓരോ ഡിസ്കഷന്‍ കഴിയുമ്പോഴേക്കും വലുതാകാന്‍ തുടങ്ങി. പിന്നെയാണ് ആര്‍. ഉണ്ണിഎന്ന എഴുത്തുകാരന്‍ ഇതിലേക്ക് വരുന്നത്. ഉണ്ണിയും സമീറും കൂടി തിരക്കഥയൊരുക്കുന്നു. ഒന്നരമണിക്കൂറിനുള്ളില്‍ തീരുന്ന ഒരു കൊച്ചു സിനിമയില്‍ നിന്ന് സിനിമ വികസിക്കുന്നു. ഞങ്ങളുടേ പല കൂടിയാലോചനകള്‍ക്കിടയിലാണ് ഷാനുവും വിനീതുമൊക്കെ കടന്നു വരുന്നത്. ഷാനുവിനോട് ഈ കഥ പറഞ്ഞപ്പോള്‍ ഷാനു വളരെ ത്രില്ലിലായി. (സിനിമ റിലീസായി നാളിത്രയായിട്ടൂം ഷാനുവിന്റെ ത്രില്‍ അടങ്ങിയിട്ടില്ല എന്നതാണ് സത്യം) വിനീതും കഥ കേട്ടയുടനെ സമ്മതിക്കുകയായിരുന്നു. രമ്യാ നമ്പീശനോട് സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ഇതിലെ ചുംബനരംഗത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറീച്ചുമൊക്കെ വിശദമായി പറഞ്ഞിട്ടൂണ്ടായിരുന്നു. ഇവരെല്ലാം അഭിനയിക്കാന്‍ തയ്യാറായി എന്നതല്ല, ഈ സിനിമയുടേ പ്രൊഡക്ഷന്‍ തീരും വരേക്കും ഈ അഭിനേതാക്കള്‍ വളരെ ആത്മാര്‍ത്ഥമായി, നിരവധി ബുദ്ധിമുട്ട് സഹിച്ച് ആത്മാര്‍ത്ഥമായി സഹകരിക്കുകയും ചെയ്തു എന്നത് എടുത്തു പറയേണ്ടതാണ്.
മറ്റൊരു കാര്യം, ഇതിന്റെ സൌണ്ട് ഡിസൈനെക്കുറിച്ചാണ്. അന്തരിച്ച ശ്രീ എം ജി രാധാകൃഷ്ണന്റെ മകന്‍ ആണ് ചാപ്പാകുരിശിനു സൌണ്ട് ഡിസൈന്‍ ചെയ്തത്. ഷൂട്ട് ചെയ്ത വിഷ്വത്സ് കണ്ട് വളരെ ഇഷ്ടപ്പെട്ട് സിനിമയില്‍ സാധാരണ ഉപയോഗിക്കാറുള്ള ശബ്ദങ്ങളെ ഒഴിവാക്കി റിയല്‍ സൌണ്ട് ചേര്‍ക്കുകയായിരുന്നു.

7ഡി താരതമ്യേന ചെറിയ ക്യാമറയല്ലേ. അതുപയോഗിച്ചുള്ള ഷൂട്ടിങ്ങ് എങ്ങിനെയുണ്ടായിരുന്നു. ഷൂട്ടിങ്ങിനു എളുപ്പമായിരുന്നോ അതോ..?

ഷൂട്ടിങ്ങിനു വളരെ എളുപ്പമായിരുന്നു. ഒന്നിലധികം ക്യാമറ ഉപയോഗിച്ചായിരുന്നു പല സീനുകളും ചെയ്തത്. അതുകൊണ്ട് തന്നെ കൃത്യമായ ആക്ഷന്‍ കണ്ടിന്യൂവിറ്റി, സമയലാഭം എന്നിവ കണ്ടെത്താന്‍ കഴിഞ്ഞു. പിന്നെ ജനത്തിരക്കുള്ള ഔട്ട് ഡോര്‍ ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്യുമ്പോള്‍ മള്‍ട്ടിപ്പില്‍ ക്യാമറകളായതുകൊണ്ട് ഒറ്റ ടേക്കില്‍ എടുക്കുവാനും അതിലുപരി വളരെ റിയലിസ്റ്റാക്കായി ചിത്രീകരിക്കാനും സാധിച്ചു. ക്ലൈമാക്സിലെ സംഘട്ടന രംഗവും അതേപോലെതന്നെ റിയലിസ്റ്റിക്കായി ചെയ്യാനും കഴിഞ്ഞു.

ഇടക്ക് ചോദിക്കട്ടേ, അവസാന സംഘട്ടന രംഗത്തിലെ ലൊക്കേഷന്‍ - ടോയ്ലറ്റ് അത് പൂര്‍ണ്ണമായും സെറ്റിട്ടതാണോ?

പൂര്‍ണ്ണമായും അല്ല, ചിത്രത്തില്‍ കാണുന്ന പോലത്തെ വളരെ ഡാര്‍ക്ക് ആയ ഒരു ടോയ്ലറ്റ് കണ്ടെത്തുവാന്‍ ഞങ്ങള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചു പോയി എന്നതാണ്‍ വാസ്തവം. എറണാകുളം ജില്ല കൂടാതെ ആലപ്പുഴ തൃശൂര്‍ ജില്ലയില്‍ വരെ അന്വേഷണം വ്യാപിച്ചു. പക്ഷെ ഈ സിനിമയുടേ ഷൂട്ടിങ്ങിനിടയില്‍ തന്നെ യാദൃശ്ചികമായി എറണാകുളത്തെ ഒരു ലോക്കേഷനില്‍ ഞങ്ങള്‍ മനസ്സില്‍ കണ്ട ടോയ്ലറ്റ് കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളില്‍ അതിന്റെ അടുത്ത് നില്‍ക്കാന്‍ പോലും കഴിയാത്തത്ര ദുര്‍ഗന്ധമായിരുന്നു. രണ്ടാമത്തെ ദിവസത്തൊടേ അതൊക്കെ ഞങ്ങള്‍ക്ക് യൂസ്ഡ് ആയി (ചിരിക്കുന്നു) അതിലെ വളരെ കുറച്ചു ഭാഗം മാത്രം (ക്ലോസറ്റ് - വാഷ് ബേസിന്‍ ഇടിച്ചു തകര്‍ക്കുന്ന ഏരിയ) അവിടെത്തന്നെ സെറ്റ് ഇട്ടതാണ്.

അപ്പോള്‍ 7 ഡി ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയാണെങ്കില്‍ മലയാള സിനിമയുടെ നിര്‍മ്മാണ ചിലവ് വളരെയധികം കുറയില്ലേ? എന്തുകൊണ്ട് മറ്റുള്ളവര്‍ക്കും ഈ ക്യാമറാ തന്നെ ഉപയോഗിച്ചുകൂടാ?

സിനിമയുടെ ചിലവ് കുറയ്ക്കണം എന്ന കാരണം കൊണ്ട് മാത്രം 7 ഡി ക്യാമറ ഉപയോഗിക്കുന്നതില്‍ കാര്യമില്ല. നമ്മള്‍ പറയുന്ന സബ്ജക്റ്റിനു ഈ ക്യാമറ മതിയോ അതോ മറ്റൊരു ഫോര്‍മാറ്റ് വേണമോ എന്ന് ആദ്യം ആലോചിക്കണം. ഈ പറയുന്ന നിരവധി ഗുണങ്ങള്‍ ഉള്ളത് പോലെ തന്നെ കുറച്ച് പോരായ്മകളും സിനിമാ ചിത്രീകരണത്തില്‍ ഈ ക്യാ‍മറക്കുണ്ട്. ആത്യന്തികമായി ഈ ക്യാമറ സ്റ്റില്‍ ഫോട്ടോഗ്രാഫിക്കു വേണ്ടിയുള്ളതാണ്, അല്ലാതെ സിനിമാ നിര്‍മ്മാണത്തിനു വേണ്ടിയുള്ളതല്ല എന്നുള്ളതാണ്.

ചാപ്പാകുരിശ് ജോമോനും മൊത്തം ടീമിനും സംതൃപ്തി നല്‍കിയോ?

വളരെയധികം. മുഖ്യധാരയില്‍ ഒരു സൂപ്പര്‍ ഹിറ്റുണ്ടാക്കുക എന്നതിലുപരി മറ്റു ഭാഷകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ഒരു നല്ല സിനിമ ഉണ്ടാക്കുക ആയിരുന്നു ലക്ഷ്യം. എത്രകാലം ഈ ഫോര്‍മുലകളും പഴകിയ പ്രമേയങ്ങളുമായി നമ്മുടെ സിനിമ മുന്നോട്ട് പോകും? ആരെങ്കിലുമായി അതിനു മാറ്റങ്ങളുണ്ടാക്കണ്ടേ? ഇന്‍ഡസ്ട്രിയില്‍ ആ ഒരു മാറ്റം ഉണ്ടാക്കുവാനും അത്തരത്തിലുള്ള സിനിമകള്‍ ഉണ്ടാക്കുവാന്‍ പലര്‍ക്കും ചാപ്പാ കുരിശ് പ്രചോദനമായതും സന്തോഷമുള്ള കാര്യമാണ്.

ഇനി എന്താണ് ജോമോന്‍ എന്ന സിനിമാട്ടോഗ്രാഫറുടേ ഭാവി പരിപാടികള്‍ ?
വി കെ പ്രകാശ് ചെയ്യുന്ന പുതിയ സിനിമയുടേ ക്യാമറ ചെയ്യുന്നത് ഞാനാണ്. മിക്കവാറും ഈ മാസത്തോടെ അതിന്റെ ഷൂട്ട് തുടങ്ങും.

അപ്പോള്‍ ജോമോന്‍ മലയാള സിനിമയില്‍ ക്യാമറയുടെ പിന്നില്‍ സജീവമാകാന്‍ പോകുകയാണല്ലേ?

ഇല്ല (ചിരിക്കുന്നു). ഒരു സിനിമയുടെ ലോക്കേഷനില്‍ നിന്ന് അടുത്ത സിനിമയുടെ ലൊക്കേഷനിലേക്ക് ഓടി നടന്ന് സിനിമ ചെയ്യാന്‍ എനിക്ക് തീരെ താല്പര്യമില്ല എന്നു പറഞ്ഞോട്ടെ. സിനിമക്കു വേണ്ടി മിനിമം ഒരു മാസമോ അതില്‍ കൂടുതലായാല്‍ പോലും കുഴപ്പമില്ല, പക്ഷേ പ്രീ പ്ലാന്‍ ചെയ്യണം, പ്രീ പ്രൊഡക്ഷന്‍ ചെയ്യണം. ഷൂട്ടിങ്ങിനു മുന്‍പ് ഓരോ സീനും ഓരോ ഷോട്ടും മനസ്സില്‍ നിറഞ്ഞു നില്‍ക്കണം. സിനിമയുടേ ക്യാമറാ വര്‍ക്ക് എന്നെ സംബന്ധിച്ച് ഒരു ജോലിയല്ല. ഒരു ജോലിയായി കാണാന്‍ താല്പര്യവുമില്ല. ജോലിക്കും പണത്തിനും എനിക്ക് പരസ്യചിത്രങ്ങളുണ്ട്. പരസ്യ ചിത്രങ്ങള്‍ എന്നു പറയുമ്പോള്‍ കുറേക്കുടി ടെക്നിക്കല്‍ ആണ്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ജോലി തീരുന്നു, ആവശ്യമുള്ള പണം കയ്യില്‍ വരുന്നു. പക്ഷെ സിനിമ അങ്ങിനെയല്ല എനിക്ക്. പൂര്‍ണ്ണമായും ഞാനാ സിനിമയുടേ ഭാഗമായിത്തീര്‍ന്നെങ്കില്‍ മാത്രമേ എനിക്ക് ഒരു സിനിമ ചെയ്യാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ ‘തിരക്കുള്ള ഒരു ക്യാമറാമാനാകാന്‍‘ തല്‍ക്കാലം ഞാനില്ല.

വളരെ നന്ദി ജോമോന്‍, എം 3 ഡിബി എന്ന മലയാളം മൂവി & മ്യൂസിക് ഡാറ്റാ ബേസിനു വേണ്ടി ചാപ്പാകുരിശിനെക്കുറീച്ച് ഇത്രയും സംസാരിച്ചതിന്. എല്ലാവിധ ആശംസകളും.

വളരെ നന്ദി. ‘എം 3 ഡി ബി‘യെക്കുറിച്ച് സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. മലയാള സിനിമയുടെ സമഗ്ര വിവരങ്ങള്‍ ശേഖരിക്കുന്ന നിങ്ങളുടേയൊക്കെ നിസ്വാര്‍ത്ഥപ്രവര്‍ത്തനം ശരിക്കും അഭിനന്ദാര്‍ഹമാണ്. ഇന്‍ഡസ്ട്രിയിലെത്തന്നെ പലരും ചെയ്യാത്ത ഒരു കാര്യമാണ് എം 3 ഡി ബി ചെയ്യുന്നത്. ഒരു പക്ഷെ, മലയാള സിനിമയുടെ ചരിത്രം നാളത്തെ തലമുറക്ക് ശേഖരിക്കാന്‍ കഴിയുന്നത് എം 3 ഡിബിയില്‍ നിന്നായിരിക്കും.

അഭിമുഖം : നന്ദകുമാര്‍ | പ്രത്യേക നന്ദി : പാക്കരന്‍ (അനില്‍കുമാര്‍)

Relates to: 
ചാപ്പാ കുരിശ്
Contributors: 
Comment