ഇന്റർവ്യൂ: അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ

Interviews

സിനിമയിൽ നായകന്റെ ഇടികൊള്ളുന്നയാൾ എങ്ങനെ പറക്കുന്നു, അനിമേഷൻ ചിത്രങ്ങളിൽ കഥാപാത്രങ്ങളെ എങ്ങനെ സൃഷ്ടിക്കുന്നു, അവ എങ്ങനെ ചലിക്കുന്നു എന്നൊക്കെ ചിന്തിക്കാത്തവരുണ്ടാവില്ല. വിഷ്വൽ എഫക്ടും അനിമേഷനും 3Dയും കാഴ്ചയുടെ ലോകം വിപുലീകരിച്ചെങ്കിലും അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് പലർക്കും ധാരണ കുറവാണ്. Kurian OS​അത്ഭുതക്കാഴ്ചകളുടെ ലോകത്തെ സാങ്കേതികവിദ്യയെക്കുറിച്ച് പ്രമുഖ വിഷ്വൽ മീഡിയ കമ്പനിയായ പ്രൈം ഫോക്കസ് വേൾഡിൽ സീനിയർ പൈപ്പ്‌ലൈൻ ടെക്നിക്കൽ ഡയറക്ടറായിരുന്ന കുര്യൻ ഓ എസ് എംത്രീഡിബിയുമായി സംസാരിക്കുന്നു.

കുറച്ച് നാൾ മുമ്പ് m3dbക്ക് വേണ്ടി തയ്യാറാക്കിയ ഇന്റർവ്യൂ ആണ്. അതിനിപ്പഴും പ്രസക്തിയുള്ളതിനാൽ കഫേയിൽ റീ പബ്ലിഷ് ചെയ്യുന്നു.  നിലവിൽ സോണി പിക്ചേർസിലാണ് കുര്യൻ ജോലി നോക്കുന്നത്.

ടൂൺസ് അനിമേഷൻ കമ്പനിയുടെ ഭാഗമായി ക്രോണിക് ബാച്ചിലർ, പട്ടാളം, ഇവർ, വിസ്മയത്തുമ്പത്ത് തുടങ്ങിയ ചിത്രങ്ങളിൽ വിഷ്വൽ എഫക്റ്റ്സ് ആർടിസ്റ്റായി പ്രവർത്തിച്ച കുര്യൻ പിന്നീട് ഈ രംഗത്തെ പ്രമുഖ കമ്പനികളായ ഡിക്യൂ, അനിമേഷൻ ലാബ്, ഡോ. ഡി സ്റ്റുഡിയോസ്, സോണി പിക്ചേഴ്സ് ഇമേജ് വർക്സ് തുടങ്ങിയവയിൽ പ്രവർത്തിച്ചു.

അനേകം അനിമേഷൻ ടിവി സീരീസുകളിൽ ജോലി ചെയ്ത കുര്യൻ ഹാപ്പി ഫീറ്റ് ടൂ, അമേസിംഗ് സ്പൈഡർമാൻ- 2, ട്രാൻസ്ഫോമേഴ്സ്: ഏജ് ഓഫ് എക്സ്റ്റിൻക്ഷൻ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ പൈപ്പ് ലൈൻ ടെക്നിക്കൽ ഡയറക്ടറായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്.

➜ കുര്യന്റെ imdb പ്രൊഫൈൽ നോക്കിയാൽ മലയാള സിനിമകളിൽ വിഷ്വൽ എഫക്ടിലും ഇംഗ്ലീഷ് അനിമേഷൻ സിനിമകളിൽ ടെക്നിക്കൽ ഡയറക്ടറായുമാണ് കാണുന്നത്. വിഷ്വൽ എഫക്ടും അനിമേഷനും തമ്മിൽ എന്താണ് വ്യത്യാസം?

വിഷ്വൽ എഫക്റ്റ് എന്ന് നമ്മൾ പൊതുവെ പറയുന്ന കാര്യത്തിന് ശരിക്കും രണ്ട് പാർട്ടുണ്ട്. ഒന്ന് സ്പെഷ്യൽ എഫക്റ്റ്. പിന്നെ ശരിക്കുള്ള വിഷ്വൽ എഫക്റ്റ് തന്നെ.

ഈ സ്പെഷ്യൽ എഫക്റ്റ് ഒരു ക്യാരക്ടറിനെ സൃഷ്ടിച്ചെടുക്കാൻ വേണ്ടിയുള്ളതാണ് - ഉദാഹരണത്തിന് ഡ്രാക്കുള എന്ന ക്യാരക്ടറിനായി ആ ആക്ടറിനെ ഡ്രാക്കുളയാക്കി മാറ്റുന്ന പരിപാടി. മേക്കപ്പ് ഒക്കെ നൽകി ഒരു നടനെ ക്യാരക്റ്ററിന്റെ രീതിയിലുള്ള ഫിഗറാക്കിയെടുക്കുന്നത് സ്പെഷ്യൽ എഫക്റ്റിലൂടെയാണ്.

വിഷ്വൽ എഫക്റ്റ് എന്നാൽ സിനിമയിൽ വരുന്ന കടൽ, തീ, സ്ഫോടനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയുള്ളതാണ്. അതു പിന്നെയും കോമ്പോസിറ്റിംഗ് തുടങ്ങി പലതായി വേർതിരിഞ്ഞു പോകും. സ്പെഷ്യൽ എഫക്റ്റും വിഷ്വൽ എഫക്റ്റും അനിമേഷൻ എന്ന കുടക്കീഴിലാണ് വരുന്നത്. ഒരു ക്യാരക്ടറിന്റെ ചലനം അല്ലെങ്കിൽ വിഷ്വലി ക്രിയേറ്റ് ചെയ്യുന്ന ഒരു ചലനത്തെയാണ് അനിമേഷൻ എന്നു പറയുന്നത്. പേപ്പർ ഡ്രൊയിംഗ് വഴി 2D ആയോ 3D സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ ചെയ്യുന്ന ഒരു ക്യാരക്ടറിന്റെ ചലനത്തെ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഒരു ചലനത്തെ മൊത്തമായി പറയുന്ന പേരാണ് അനിമേഷൻ എന്ന്. വിഷ്വൽ എഫക്റ്റ് ശരിക്കും അനിമേഷന്റെ ഒരു സബ് പ്രോഡക്റ്റ് മാത്രമാണ്.

➜ പൂർണ്ണമായും അനിമേഷനുള്ള Up, Wall-E, Happy Feet പോലെയുള്ള സിനിമകളിൽനിന്ന് അവതാർ പോലെയുള്ള സിനിമകൾക്ക് എന്ത് വ്യത്യാസമാണുള്ളത്?

അവതാറിൽ ഉപയോഗിച്ചിരിക്കുന്നത് മോഷൻ ക്യാപ്ച്ചർ സിസ്റ്റംസ് ആണ്. അതുപയോഗിച്ച് മനുഷ്യനെ തന്നെ വെച്ച് അഭിനയിപ്പിച്ച് അവരുടെ ആക്ഷനുകളും പെർഫോമൻസുകളും സെൻസറുകൾ ഉപയോഗിച്ച് അത് ക്യാപ്ച്ചർ ചെയ്ത് അതിനെ അനിമേഷൻ ഡേറ്റയാക്കി ഒരു 3D ക്യാരക്ടറിനെ മൂവ് ചെയ്യിക്കുകയാണ് ചെയ്യുന്നത്. 
ഹാപ്പീ ഫീറ്റ് 2 fully അനിമേറ്റഡ് സി.ജി സീരീസ് എന്നു പറയാൻ കഴിയില്ല. കാരണം അതിനുള്ളിലും ഈ മോഷൻ ക്യാപ്ച്ചർ സിസ്റ്റംസ് ഉപയോഗിച്ചിട്ടുണ്ട്. Wall-E പോലെയുള്ള ക്യാരക്ടേഴ്സിൽ പ്യുയർ കീ ഫ്രെയിം അനിമേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. മുഴുവനായി അനിമേറ്റഡായ സി.ജി. സീരിസ് നോക്കിയാൽ, അനിമേഷൻ ആർട്ടിസ്റ്റ് തന്നെയാണ് ആ ക്യാരക്ടറിനെ മൂവ് ചെയ്യുന്നത്.

മാത്രമല്ല അവതാറിൽ ലൈവും ഉപയോഗിച്ചിട്ടുണ്ട്.  ഉദാഹരണത്തിന് ഞാൻ അവതാറിലെ ഒരു കഥാപാത്രമാണെങ്കിൽ ബാക്ക്ഗ്രൗണ്ടിൽ നമ്മൾ കാണുന്നത് ഭയങ്കര കാടും ബ്ലാസ്റ്റും ഒക്കെയാണ്. ശരിക്കും ആ കഥാപാത്രം നിൽക്കുന്നത് ഒരു സാധാരണ സ്ഥലത്താവും. ഗ്രീൻമാറ്റിംഗ് പോലെയുള്ള സാങ്കേതികവിദ്യകളുപയോഗിച്ച്, കഥാപാത്രം അവിടെ നിന്ന് മേൽപ്പറഞ്ഞതുപോലുള്ള ബാക്ക്ഗ്രൗണ്ടുകൾ ഭാവനയിൽ കണ്ട്  അഭിനയിക്കും.

പക്ഷെ വാൾ-ഇ പോലെയുള്ള ലൈവ് ആക്ഷൻ മൂവിയിൽ ഒറിജിനൽ ആക്ടറിന്റെ സാന്നിധ്യമില്ല. അവിടെ ഒരു ആക്ടറിന്റെ സാന്നിധ്യം വരുന്നത് വോയിസ് ഓവറിലൂടെ മാത്രമാണ്. അവതാറിലൊക്കെ ഒറിജിനൽ ആക്ടർ അഭിനയിക്കുകയാണ്. പക്ഷെ അവർ ചെയ്യുന്ന പല കാര്യങ്ങളും അവർ സങ്കൽപ്പിക്കുകയാണ്. ലൈവ് ആക്ഷൻ മൂവിയിൽ എല്ലാ കാര്യങ്ങളും ആർട്ടിസ്റ്റ് തന്നെയാണ് ചെയ്യുന്നത്. അനിമേഷനിലെ എല്ലാ കാര്യങ്ങളും -ക്യാരക്ടറിനെ മോഡൽ ചെയ്യുന്നതും ടെക്സ്ചർ ചെയ്യുന്നതുമെല്ലാം.   

➜ അനിമേഷൻ ചിത്രങ്ങളിൽ കഥാപാത്രങ്ങളുടെ രൂപങ്ങൾ മിക്കപ്പോഴും വിചിത്രമായിരിക്കും. അതേസമയം മറ്റുള്ള സിനിമകളിൽ കണ്ടിട്ടുള്ള രൂപങ്ങൾ ഉണ്ടാവില്ലതാനും. വ്യത്യസ്തങ്ങളായ ഈ രൂപങ്ങൾ തെരഞ്ഞെടുക്കുന്നതാരുടെ ജോലിയാണ്?

അനിമേഷൻ മൂവീസിന്റെ പ്രോസസ്സ്  തുടങ്ങുന്നത് കഥയിൽത്തന്നെയാണ്. ആദ്യം കഥാതന്തു ഉണ്ടാവും. അതിനുശേഷം ആർട്ട് ഡയറക്ടറാണ് വിഷ്വൽ സീൻസിന്റെ കോംപ്ലക്സിറ്റി, അതിന്റെ കളർ പാറ്റേൺ തുടങ്ങിയ കാര്യങ്ങളൊക്കെ ഡിസൈൻ ചെയ്യുന്നത്.

ആ ആർട്ടിസ്റ്റ് ആർട്ട് ഡയറക്റ്റ് ചെയ്ത് ഡിസൈൻ ചെയ്തശേഷം, അവിടെ ക്യാരക്ടർ ഡിസൈൻ ടീമുകളുണ്ടാവും. അതിനൊരു സൂപ്പർവൈസർ അല്ലെങ്കിൽ ഡയറക്ടറുണ്ടാവും. ഈ ക്യാരക്ടർ ഡിസൈൻ ടീമിന്റെ ലീഡ് അല്ലെങ്കിൽ ഡയറക്ടറാണ് കഥയെ അടിസ്ഥാനമാക്കി മെയിൻ ക്യാരക്ടേഴ്സിനെ വരയ്ക്കുന്നത്. അവർ ക്യാരക്ടറിനെ പേപ്പറിൽ വരച്ചെടുത്തശേഷം, പെർ ലൈൻ ഈ ക്യാരക്ടറിന്റെ എല്ലാ ഡീറ്റൈലിംഗും ചെയ്യും. മുഖത്തുള്ള ചെറിയ റിമാർക്സ്, ചെറിയ ചേഞ്ചസ് എല്ലാം വരച്ചതിനു ശേഷം ഈ ഒറിജിനൽ ഡ്രോയിങ്ങിനെ മോഡലിംഗ് ഡിപ്പാർട്ട്മെന്റിനു കൊടുക്കും.

മോഡലിംഗ് ഡിപ്പാർട്ട്മെന്റ് ആയിരിക്കും ശരിക്കുള്ള മോഡൽ സ്റ്റാറ്റെ. പുറത്തുള്ള സ്റ്റുഡിയോകളിലൊക്കെ നല്ല പ്രാവീണ്യം നേടിയ ശില്പികളുണ്ടാവും. അവരിതിനെ കളിമണ്ണിലും മറ്റും രൂപപ്പെടുത്തിയെടുക്കും. അതിന്റെ ഡീറ്റൈലിംഗ് ഒക്കെ കൊടുക്കും. അതിനെ ആസ്പദമാക്കിയാവും 3D കഥാപാത്രങ്ങളെ ഉണ്ടാക്കുന്നത്.

➜ അപ്പോൾ അതിന്റെ ചലനങ്ങളൊക്കെ എങ്ങനെയാണ്?

മോഡൽ ചെയ്തതിനെ തുടർന്ന് ചില പ്രോസസുകളുണ്ട്. രൂപം കൊടുത്ത കഥാപാത്രത്തെ ചലിപ്പിക്കാൻ വേണ്ടി അതിനെ ടെക്സ്ചർ ചെയ്യണം പിന്നെ റിഗ്ഗ് ചെയ്യണം. റിഗ്ഗിംഗ് എന്നു പറഞ്ഞാൽ നമ്മുടെ അസ്ഥികൂടം പോലെ ഒരു സ്കെലിറ്റണെ ഈ ക്യാരക്ടറിനുള്ളിൽ പ്ലേസ് ചെയ്യുക എന്നതാണ്. അതുകൂടി കഴിയുമ്പോഴാണ്, ഇത് അനിമേറ്റബിളാവുന്നത്. അതായത് ഇതിനെ ചലിപ്പിക്കാൻ പറ്റുന്നത്. റിഗ്ഗിംഗ് ഡിപ്പാർട്മെന്റിലുള്ളവരാണ് ഇതു ചെയ്യുന്നത്.

നമ്മുടെ ശരീരത്തിലുള്ളതുപോലെയുള്ള ചലനങ്ങൾക്കായി സോഫ്റ്റ്‌വെയറിൽ ഒരു സെറ്റപ്പ് ഉണ്ടാക്കും. ഉദാഹരണത്തിന് നമ്മുടെ കയ്യിൽ പ്രധാനമായി മൂന്ന് ജോയിന്റുകളുണ്ട്. അതേപോലെ ഒരു സെറ്റപ്പ് ആദ്യമുണ്ടാക്കും. തുടർന്ന് നമ്മൾ കൈയും മറ്റും ചലിപ്പിക്കുന്നതുപോലെയുള്ള ക്യാരക്ടറിന്റെ ചലനങ്ങൾക്കാവശ്യമായ ട്വിസ്റ്റിംഗ് ടെക്നോളജീസ് കൂട്ടിച്ചേർക്കും. അതിനുശേഷമാണ് ഈ മോഡൽ അനിമേറ്ററിന്റെ കൈവശമെത്തുന്നത്.

അനിമേറ്റേഴ്സിൽ, 2D ചെയ്തു പരിചയമുള്ളവരും 3D ചെയ്തു പരിചയമുള്ളവരുമുണ്ടാവും. 2D ചെയ്തു പരിചയമുള്ളവരാണെങ്കിൽ ഇപ്പറഞ്ഞതൊന്നും ഉണ്ടാവില്ല. ചലനങ്ങളെല്ലാം 2D ആർട്ടിസ്റ്റ് തന്നെ കൈകൊണ്ട് വരച്ചെടുക്കുകയാണ് പതിവ്. സോഫ്ട്‌വെയർ ടെക്നോളജി ഉപയോഗിക്കുന്നതിനാൽ ഇപ്പോഴുള്ള സിനിമകൾ മിക്കതും 3D ആണുപയോഗിക്കുന്നത്.

 

➜ 3D സിനിമകളും 3D അനിമേഷനുള്ള 2D സിനിമകളും തമ്മിൽ ഈ പറഞ്ഞ ക്യാരക്ടർ ഡ്രോയിങ്ങിന്റെ വ്യത്യാസം വരുന്നുണ്ടോ?

മുൻപ് പറഞ്ഞ 3D, 2D എന്നത് നാം തീയറ്ററിൽ കാണുന്ന 3D, 2D അല്ല.

2D എന്നാൽ പേപ്പറിലോ ഫ്ലാഷ് പോലെയുള്ള സോഫ്ട്‌വെയറിലോ ഒരു സീക്വൻസ് ലൈൻ ഡ്രോയിംഗ് ചെയ്തശേഷം. 24 ഫ്രെയിമാണ് ഒരു സെക്കന്റിലേക്ക് വേണ്ടത്. ആ 24 ഫ്രെയിമുകൾ ഓരോന്നോരോന്നായി വരയ്ക്കുകയാണ്. വരച്ച ശേഷം ഫ്ലിപ്പ്ബുക്ക് പോലെയുള്ള എന്തെങ്കിലും ടെക്നോളജി ഉപയോഗിച്ച് അതിനെ ചലിപ്പിക്കുകയും ആ ചലനം ക്യാമറയിൽ പകർത്തുകയും ചെയ്യും. അവിടെയൊരു അനിമേഷൻ ഉണ്ടാവുന്നു. ഇതാണ് 2D അനിമേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2D പേപ്പറിൽ വരയ്ക്കുമ്പോൾ x,y മാത്രമെ ഉണ്ടാവാറുള്ളൂ.

3Dയിലേക്ക് വരുമ്പോൾ, മായ അല്ലെങ്കിൽ ഹൗഡിനി പോലെയുള്ള സോഫ്ട്‌വെയറിനുള്ളിൽ ഈ ക്യാരക്ടേഴ്സിനെ ഉണ്ടാക്കും. അവിടെ നമുക്ക് x,y,z ആക്സിസുകളുണ്ടാവും. അപ്പോൾ നമുക്ക് അതിനെ വിഷ്വലി റൊട്ടേറ്റ് ചെയ്തുകാണുവാനും മറ്റും സാധിക്കും. പശ്ചാത്തലത്തിലുള്ള ടെക്നിക്കൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ പ്രയാസമാണ്. ചെയ്തു കാണിച്ചാൽ മാത്രമേ ശരിക്കുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയൂ.

തീയറ്ററിൽ കാണുന്ന 3D എന്നത് ഒരു ഫേക്ക് കൺസെപ്റ്റാണ്.

➜ അനിമേഷൻ സിനിമയുടെ ലൈഫ് സൈക്കിളിലെ ബാക്കിയുള്ള കാര്യങ്ങൾ

മോഡലിംഗ് തുടങ്ങുമ്പോൾത്തന്നെ സമാന്തരമായി ആ ക്യാരക്ടറിന്റെ തന്നെ ടെക്ചറിങ്ങ്, റിഗ്ഗിങ്ങ് ഒക്കെ തുടങ്ങും. ഇതിനെയെല്ലാം കൂടി ഒരിടത്ത് കൂട്ടിയോജിപ്പിക്കും. അവിടെയാണ് പൈപ്പ് ലൈൻ ടെക്നിക്കൽ ഡിറക്ടിങ്ങ് ടീമിന്റെ ജോലി വരുന്നത്. പിന്നീടാണ് അനിമേറ്ററിലേക്ക് വരുന്നത്. അനിമേറ്റർ ജോലി തുടങ്ങുമ്പോൾത്തന്നെ ലൈറ്റിംഗ് വിഷ്വൽ എഫക്ട് തുടങ്ങിയ ജോലികളും സമാന്തരമായി തുടങ്ങും. ലൈറ്റിംഗ് എന്നാൽ- റിയൽ ലൈഫിൽ നാം കാണുന്ന ലൈറ്റിനെ ലൈറ്റേഴ്സ് റീബിൽഡ് ചെയ്യുന്നു. കൃത്യമായ വെളിച്ചവും നിറവിന്യാസവുമൊക്കെ അറിയുന്ന പരിചയമുള്ള ആളുകളാവും അതു ചെയ്യുക.

ലൈറ്റിംഗും വിഷ്വൽ എഫക്ടും മറ്റും കഴിഞ്ഞശേഷം കോമ്പോസിറ്റിംഗ് എന്ന സ്റ്റേജിലേക്കെത്തും. മുൻപ് പറഞ്ഞ പ്രോസസിലൂടെ ഒരു സീനിലുള്ള ഒരു ക്യാരക്ടർ നിർമ്മിക്കപ്പെടുന്നു. ഇതുപോലെ അതേ സീനിനുവേണ്ടി മറ്റൊരു ക്യാരക്ടറിനെ മറ്റൊരു ലെയറിൽ സൃഷ്ടിച്ചിട്ടുണ്ടാവും. അങ്ങനെ നിർമ്മിക്കപ്പെട്ട പല ലെയറുകൾ സംയോജിപ്പിക്കുന്ന വിഭാഗമാണ് കോമ്പോസിറ്റിംഗ്. അപ്പോൾ രണ്ട് ക്യാരക്ടറുകളും ഒരു സീനിൽ വരുന്നു.

പിന്നീട് വരുന്ന സ്റ്റേജാണ് എഡിറ്റിംഗ്. സാധാരണ സിനിമകളിലെ എഡിറ്റിംഗ് തന്നെയാണ് ഇവിടെയും നടക്കുന്നത്. അവിടെ നമ്മൾ പല സീനുകളെ കൂട്ടി യോജിപ്പിക്കും വെട്ടിമാറ്റും. അവിടെനിന്ന് പോകുന്നത് ഗ്രേഡിംഗ് എന്ന വിഭാഗത്തിലേക്കാണ്.

ഗ്രേഡിംഗ് മേശയിൽ പ്രാഥമികവർണ്ണങ്ങളുണ്ടാവും. നല്ല പരിചയമുള്ള കലാകാരന്മാരുണ്ട്. സ്ക്രീനിൽ കാണേണ്ട കളർ അവർ നിർണ്ണയിക്കുന്നു. പഴയ സിനിമകളിൽ കളർ പ്രൊസസിംഗ് എന്ന് ടൈറ്റിൽ കാർഡിൽ കാണുന്നത് ഈ ജോലി ചെയ്യുന്നവരാണ്. ഇന്ന് അത് എഡിറ്റിംഗിന്റെ ഭാഗമായി മാറി.

നാം റെന്റർ ചെയ്ത്, കോമ്പോസിറ്റ് ചെയ്ത് എഡിറ്റ് ചെയ്ത് വരുമ്പോൾ കളർ വേരിയേഷൻസ് വരാം. ഗ്രേഡിംഗിൽ അതെല്ലാം കറക്ട് ചെയ്ത് ഒരേ സീക്വൻസ് കളറാക്കി മാറ്റുന്നു.

അതു കഴിഞ്ഞുള്ള പ്രോസസ് പ്രിന്റിംഗാണ്. ഇപ്പോൾ ഡിജിറ്റൽ പ്രിന്റിംഗാണ്, പണ്ടൊക്കെ ഫിലിം പ്രിന്റിംഗ് ആയിരുന്നു. ഇതാണ് ഒരു അനിമേഷൻ സിനിമയുടെ ചുരുക്കി പറയാവുന്ന നിർമ്മാണ പ്രക്രിയയുടെ തലങ്ങൾ. ഓരോ ഡിപ്പാർട്ട്മെന്റിലും ബൈ പ്രോസസുകൾ ഒരുപാടുണ്ട്. അതൊക്കെ ചേർന്നാൽ ഈ പൈപ്പ് ലൈൻ ഒരുപാട് വലുതാണ്.

➜ ഇപ്പറഞ്ഞ പ്രോസ്സസിൽ ടെക്നിക്കൽ ഡിറക്ടറിന്റെ റോൾ എന്താണ്?

പല ഡിപാർട്ട്മെന്റുകൾക്കും പല ടെക്നിക്കൽ ഡിറക്ടർമാരുണ്ടാവും. വിഷ്വൽ എഫക്റ്റ്, ക്യാരക്ടർ, അനിമേഷൻ, റിഗ്ഗിംഗ് അങ്ങനെ ഓരോ ഡിപ്പാർട്ട്മെന്റിനും ടെക്നിക്കൽ സപ്പോർട്ട് കൊടുക്കുക എന്നതാണ് അതാത് ഡിപ്പാർട്ട്മെന്റിലെ ഡിറക്ടറുടെ പ്രധാന ജോലി. ആ വ്യക്തിക്ക് ഈ പ്രോസസുകളെക്കുറിച്ചുള്ള അറിവും അതിലെല്ലാം പ്രവർത്തനപരിചയവും വേണം.

ഞാൻ പൈപ്പ്ലൈൻ ടെക്നിക്കൽ ഡിറക്ടറാണ്. ഞങ്ങളുടെ ജോലി – ഈ പ്രോസസുകളെല്ലാം തുടങ്ങി അവസാനിക്കുന്നിടം വരെ കൃത്യമായി പോകുന്നു എന്ന് ഉറപ്പുവരുത്തുക എന്നതാണ്. എവിടെയും ഒരു തടസവും താമസവും വരാതെ എല്ലാ പ്രോസസുകളും യഥാസമയം തീരുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിന്റെ ജോലിയാണ്. മോഡലിംഗ് മുതൽ പ്രിന്റിംഗ് വരെയുള്ള എല്ലാം അതിന്റേതായ ലൂപ്പിൽ കൂടി പോകുന്നുണ്ടെന്നും നടക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. മുമ്പ് പറഞ്ഞ വിവിധ വകുപ്പുകളുടെ ടെക്നിക്കൽ ഡിറക്ടേഴ്സിന്റെ മുകളിൽ നിന്നൊരു നിയന്ത്രണമാണ് പൈപ്പ്ലൈൻ ടെക്നിക്കൽ ഡിറക്ടർ ചെയ്യുന്നത്.

➜ അനിമേഷനിൽ ഉപയോഗിക്കുന്ന സോഫ്ട്‌വെയറുകൾ?

വലിയ പ്രൊഡക്ഷൻ കമ്പനികൾ ചിലത് അവരുടേതായ സോഫ്ട്‌വെയറുകൾ ഉപയോഗിക്കുന്നുണ്ട്. പുറത്തുനിന്നുള്ള മറ്റ് സോഫ്ട്‌വെയറുകളും ഉപയോഗിക്കുന്നുണ്ട്. ഇൻഡസ്ട്രിയിൽ മുൻനിരയിലുള്ളത് ഹുഡിനിയാണ്. മിക്കവാറും വിഷ്വൽ എഫക്ടിനും സിനിമകൾക്കും ഒക്കെ ഹുഡിനി തന്നെയാണ് ഇപ്പോൾ ഉപയോഗിക്കാറ്. പിന്നെ മായ എന്നൊരു സോഫ്ട്‌വെയറുണ്ട്. കുറച്ചുകാലം മുൻപുവരെ അതിനായിരുന്നു കൂടുതൽ പ്രചാരം. അതിലും മെച്ചപ്പെട്ട ഹുഡിനി വന്നതോടെ മിക്കവരും അതിലേക്ക് മാറി. ഹുഡിനി, മായ, സോഫ്ട് ഇമേജ്; ഇത് മൂന്നുമാണ് അനിമേഷൻ ഇൻഡസ്ട്രിയിലെ മുൻ‌നിര സോഫ്ട്‌വെയറുകൾ.

➜ സിനിമയുടെ സംവിധായകന് അനിമേഷൻ ചിത്രത്തിലുള്ള റോളെന്താണ്?

പലകാര്യങ്ങളെ കോർത്തിണക്കി കാഴ്ചയുടെ അനുഭവം നൽകുകയാണ് ഒരു സംവിധായകൻ ചെയ്യുന്നത്. അനിമേഷനിലേക്ക് വരുമ്പോൾ മിക്ക സംവിധായകർക്കും ഒരു സ്റ്റാർട്ടിംഗ് ട്രബിളുണ്ടാവാറുണ്ട്. പക്ഷെ അവസാനം ഷൂട്ട് ചെയ്ത രംഗങ്ങളായാലും റെന്റർ ചെയ്തെടുക്കുന്ന രംഗങ്ങളായാലും അവർ കാണുകയും തെറ്റുകളും മാറ്റങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്യും.

സാധാരണ സിനിമയിൽ ഒരു ഛായാഗ്രാഹകൻ സംവിധായകനുവേണ്ടി എന്തു ചെയ്യുന്നോ, അതാണ് ഒരു ടെക്നിക്കൽ ടിം മുഴുവൻ അനിമേഷൻ സിനിമയിൽ ചെയ്യുന്നത്.

➜ പുതിയ തലമുറയ്ക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഒരു പ്രവർത്തനമേഖലയാണോ ഇത്?

പുതിയ തലമുറയ്ക്ക് തീർച്ചയായും യോജിച്ച ഒരു മേഖല തന്നെയാണ്. പക്ഷെ കലയോട് താല്പര്യമുള്ള, വരയ്ക്കാൻ കഴിവുള്ളവർ വരുന്നതാണ് കൂടുതൽ അഭികാമ്യം. പ്രതിഫലം മാത്രം നോക്കി ഈ രംഗത്തേക്ക് വന്നാൽ മിക്കവാറും പരാജയമാവും ഫലം. ഒരു പാഷൻ ഉണ്ടെങ്കിൽ മാത്രമേ ഈ രംഗത്ത് മികവിലെത്താൻ കഴിയൂ.

ഉദാഹരണത്തിന് ഒരു ആർട്ട് ഡിറക്ടർ ഇത്ര ഭാഗത്ത് എന്റെ ക്യാരക്ടർ ഒരു ഫണ്ണി ശരീരഭാഷയിലാണ് നടക്കേണ്ടതെന്ന് പറഞ്ഞാൽ ഫണ്ണി എന്താണ്, അല്ലെങ്കിൽ അതിനെ ഏതൊക്കെ രീതിയിൽ ഫണ്ണി ആക്കാം എന്ന തരത്തിൽ ഒരു ക്രിയേറ്റീവ് ചിന്ത ഉണ്ടെങ്കിൽ മാത്രമേ നമുക്കീ മേഖലയിൽ വിജയിക്കാൻ കഴിയൂ.

➜ പാഷനുള്ള, കലയോട് ആഭിമുഖ്യമുള്ള, വരയ്ക്കാൻ കഴിവുള്ള ഒരാൾക്ക് എങ്ങനെയാണ് ഈ മേഖലയിലെത്തിപ്പെടാൻ കഴിയുക?

ഇപ്പോൾ അനിമേഷൻ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും പ്രൊമോഷൻ ചെയ്യുന്ന സ്ഥാപനങ്ങളും കേരളത്തിലൊരുപാടുണ്ട്. നല്ല സ്റ്റുഡിയോകൾ കേരളത്തിൽ വന്നുകൊണ്ടിരിക്കുന്നു. അങ്ങനെ ഒരാൾക്ക് കടന്നുവരാനുള്ള ഒരു മീഡിയം ഇപ്പോഴിവിടെയുണ്ട്. പക്ഷെ ചതികൾ ഈ മേഖലയിലും നടക്കുന്നുണ്ട് എന്നതും ഓർക്കേണ്ടതാണ്.

ഞങ്ങൾ വരുമ്പോൾ ടൂൺസ് എന്നൊരു സ്ഥാപനം മാത്രമേ കേരളത്തിൽ അനിമേഷനുവേണ്ടി ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇന്ന് അതുമാത്രമല്ല. ചെറുതും വലുതുമായ ഒരുപാട് സ്റ്റുഡിയോകൾ ഉണ്ട്. പഠിക്കാൻ അന്നിവിടെ വിസ്മയ എന്നൊരു ഇൻസ്റ്റിറ്റ്യൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് തിരുവനന്തപുരത്തു തന്നെ നിരവധി കേന്ദ്രങ്ങളുണ്ട്.

➜ നീനാ പലെയുടെ 'സീതാ സിങ്ങ്സ് ബ്ലൂ' എന്ന ചിത്രം ക്രിയേറ്റീവ് കോമൺ ലൈസൻസിൽ ഇന്റർനെറ്റിൽ റിലീസ് ചെയ്ത അനിമേഷൻ ചിത്രമാണ്. അവിടെ ഒരു ക്രിയേറ്റീവ് എക്സ്പ്രെഷൻ നടത്തുന്നതിൽ ചെലവ് ഒരു ഘടകമായില്ല എന്നല്ലേ കരുതേണ്ടത്. അല്ലെങ്കിൽ എങ്ങനെയാണ് അത്തരമൊരു ചിത്രം സൗജന്യമായി പൊതുജനത്തിനു നൽകാനാവുക?

അവിടെ നമ്മൾ കാണേണ്ട മറ്റുചില ഘടകങ്ങളുണ്ട്. ഞങ്ങൾ കുറേപ്പേർ ചേർന്ന് ചാമ്പാ പ്രൊജക്റ്റ് എന്ന പേരിൽ ഇപ്പറഞ്ഞതുപോലെയൊരു ഓപ്പൺ സോഴ്സ് സംരംഭം തുടങ്ങുന്നുണ്ട്. അത് ഒരുപാട് പേരുടെ കൂട്ടായ്മയാണ്. ലോകത്തിന്റെ പലകോണുകളിൽ പല ജോലി ചെയ്യുന്നവർ അവരുടെ ഒഴിവുനേരങ്ങളിൽ ഇതിനായി പ്രവർത്തിക്കുകയാണ്.

പക്ഷെ ഇവിടെ ഒരു സിനിമയിലേക്ക് വരുമ്പോൾ ഇപ്പറഞ്ഞതെല്ലാം മാറുകയാണ്. 60 മുതൽ 80 ദിവസം വരെ നിശ്ചിതമായ സമയപരിധിയുണ്ട് അവിടെ. അതിനിടയിൽ അവരുടെ മുഴുവൻ എഫർട്ടും അതിലേക്ക് മാത്രമായി കൊടുക്കപ്പെടുന്നു. ഹോളിവുഡിലൊക്കെ അത് ചിലപ്പോൾ 3 വർഷം വരെയൊക്കെയാണ്. അതിനു ശേഷമാണ് ചിത്രം പുറത്തുവരുന്നത്.

മുൻപ് പറഞ്ഞത് പലരുടെ പങ്കുകൾ അവരുടെ സ്വന്തം കമ്പ്യൂട്ടറിൽ ചെയ്ത് അയക്കുകയാണ്. ഹെവി സീക്വൻസിലൊക്കെ റെന്ററിംഗ് ഒരുപാട് സമയമെടുക്കും. അത് ചെയ്യാനുള്ള കമ്പ്യൂട്ടറുകൾ വളരെ ഉയർന്ന പ്രവർത്തശേഷിയുള്ളവ ആയിരിക്കുകയും വേണം. അങ്ങനെയുള്ള കമ്പ്യൂട്ടറുകളുണ്ടെങ്കിൽ മാത്രമേ ഒരുമാതിരി സമയപരിധി സൂക്ഷിക്കാൻ കഴിയൂ.

ഒരു 2D സിനിമ പോലെയോ ഓപ്പൺ സോഴ്സ് സിനിമപോലെയോ അല്ല 3D സിനിമ തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. അവിടെ ചില ഷെഡ്യൂളുകളുണ്ടാവും. ഇപ്പറഞ്ഞ ജോലികളൊക്കെത്തന്നെയും സമയപരിധിക്കുള്ളിൽ തീർത്തുവേണം മുന്നോട്ട് പോകുവാൻ. വളരെ മുൻകൂട്ടിയാണ് റിലീസിംഗ് ഡേറ്റും മറ്റും തീരുമാനിക്കുക. അതിൽ പിന്നീട് മാറ്റം വരുത്താനാവില്ല. അങ്ങനെ മാറ്റേണ്ടി വന്നാൽ, അത് നിർമ്മാതാവിനും വിതരണക്കാരനും ഒരുപാട് നഷ്ടം വരുത്തിവെയ്ക്കും. ഇതൊക്കെ ഒരു സിനിമ പ്രൊജക്ടിലെ വെല്ലുവിളികളാണ്.

പക്ഷെ ഓപ്പൺ സോഴ്സ് സിനിമകളിൽ നമ്മുടെ ലക്ഷ്യം ലാഭമല്ല. നമ്മുടെ കഴിവുകൾ ഉപയോഗിക്കുക, അത് ലോകത്തെ കാണിക്കുക. കുറച്ച് ആളുകൾക്ക് ഒരു വിനോദം. അങ്ങനെയൊരു രീതിയിലാവും സിനിമയെ കാണുന്നത്. പിന്നെ ഡിവിഡി വല്ലതും ഇറക്കി എന്തെങ്കിലും കിട്ടിയാൽ ആർട്ടിസ്റ്റുകൾക്കോ ചാരിറ്റിക്കോ കൊടുക്കുകയാവും പൊതുവെ ചെയ്യുക. ഒരു വിതരണക്കാരനെയോ നിർമ്മാതാവിനെയോ പോലെ ഇറക്കുന്ന തുകയ്ക്ക് ലാഭം കിട്ടണം എന്നൊരു ലക്ഷ്യം അതിനു പിന്നിലില്ല.

അങ്ങനെ ക്രിയേറ്റീവ് എക്സ്പ്രഷനിങ്ങിനുള്ള ഒരു മോഡായി അനിമേഷനെ ഉപയോഗിക്കാൻ കഴിയും.

➜ ടൂൺസിലെ അനുഭവം?

ടൂൺസ് ആദ്യം 2Dയിലായിരുന്നു. കാലക്രമേണ അത് 3Dയിലേക്ക് മാറി. അനിമേഷന്റെ ബാലപാഠങ്ങൾ പഠിക്കാൻ സാധിച്ചത് ടൂൺസിൽ നിന്നാണ്.

➜ പ്രൊഫഷനിൽ മൊത്തത്തിലുള്ള അനുഭവം?

ഈയൊരു മേഖലയുടെ പ്രത്യേകത എന്തെന്നാൽ- ഓരോ ദിവസവും നമ്മൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികൾ പുതിയതായിരിക്കും. ഒരു ദിവസം ആർട്ട് ഡിറക്ടറിന് കഥാപാത്രത്തിന്റെ രൂപം അല്പമൊന്ന് മാറ്റിയാൽ കൊള്ളാമെന്നു തോന്നിയാൽ, മൊത്തം പൈപ്പ്ലൈനിനെ ആ മാറ്റം പ്രതികൂലമായി ബാധിക്കും. പക്ഷെ അത്തരം പ്രതികൂലസാഹചര്യങ്ങൾ തരണം ചെയ്യുകയാണ് ഏറ്റവും വലിയ ചലഞ്ച്.

ചിലപ്പോൾ കമ്പ്യൂട്ടറുകൾക്ക് നമ്മൾ ചെയ്യുന്ന കാര്യങ്ങളെ താങ്ങാൻ കഴിയാതെ വരും.

എന്നെ സംബന്ധിച്ച് ഈ പ്രൊഫഷനിൽ ഒരുപാട് സന്തോഷവാനാണ്. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. ഒരുപാട് വലിയ ആളുകളെ പരിചയപ്പെടാൻ കഴിഞ്ഞു. അതൊക്കെ ജീവിതത്തിലെ ഒരു വലിയ നിമിത്തമായി തന്നെ കരുതുന്നു.

➜ ഇതുവരെ ചെയ്ത വർക്കുകൾക്ക് ലഭിച്ച പ്രതികരണങ്ങൾ?

ജീവിതത്തിൽ വർക്കിന്റെ കാര്യത്തിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു കാര്യം: ഞാൻ വർക്ക് ചെയ്ത ഡിസ്നിയുടെ മിക്കി മൗസ് ക്ലബ്ബ്ഹൗസ് എന്ന ടിവി സീരിസ് പ്രോജക്റ്റിന്റെ ഡിവിഡി റിലീസ് ആയ സമയത്ത്, സിംഗപ്പൂരിലെ ഒരു സ്റ്റോറിൽ ഞാൻ ഡിവിഡികൾ നോക്കി നടന്നപ്പോൾ കുറേ കുട്ടികൾ വന്നു. അതിലൊരു കുട്ടി അതിന്റെ അമ്മയോട് മിക്കി മൗസ് ക്ലബ്ബ്ഹൗസ് വേണം എന്ന് പറഞ്ഞു ബഹളമുണ്ടാക്കുന്നത് കണ്ടു.

രാപ്പകലില്ലാതെ ചെയ്ത ജോലിയിൽനിന്നുണ്ടായ ഒരു സംരംഭം, മറ്റൊരാൾക്ക് കണ്ട് സന്തോഷിക്കാൻ കഴിയുന്നു, അല്ലെങ്കിൽ അവരുടെ മനസ്സിനതൊരു കൗതുകം നൽകുന്നു എന്ന് കാണുമ്പോൾ ഒരുപാട് ആഹ്ലാദം തോന്നും. പലപ്പോഴും ജോലിസമയത്ത് ഞങ്ങൾ പരസ്പരം പറയാറുണ്ട്, വല്ലവരെയും ചിരിപ്പിക്കാൻ വേണ്ടിയാണല്ലോ നമ്മളിവിടെ ഇരുന്ന് കരയുന്നത് എന്ന്.

കൃത്യമായ ഡെഡ്ലൈനുകളുള്ളതിനാൽ മിക്കപ്പോഴും സമയനിഷ്ഠയില്ലാതെ രാവും പകലും ജോലി ചെയ്യേണ്ടിവരും.

വർക്ക് ചെയ്ത സിനിമകളെക്കുറിച്ച് ഗൂഗിൾ പ്ലസിലും ഫേസ്ബുക്കിലും പോസ്റ്റുകളിടുമ്പോൾ, ആളുകൾ കണ്ടു എന്ന് പറയുന്നതും അതിനു നൽകുന്ന പ്രതികരണങ്ങളും സന്തോഷം നൽകാറുണ്ട്.

➜ ചെയ്ത വർക്കുകൾ നൽകിയ അനുഭവങ്ങൾ?

ടെക്നിക്കലി ഒരുപാട് നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞ ഹാപ്പിഫീറ്റ് 2 തന്നെയാണ് ഇതുവരെയുള്ളതിൽ ഒരുപാട് തൃപ്തി നൽകിയ പ്രോജക്റ്റ്. അതിലെ ക്രിസ്റ്റൽസ്, ഐസ്, വെള്ളം, പെൻഗ്വിന്റെ തൂവലുകൾ, ക്രിൽ-ബിൽ കഥാപാത്രങ്ങളുടെ ചില കാര്യങ്ങളൊക്കെ ടെക്നിക്കലി നേടിയെടുത്തതാണ്. പലതും ഓപ്പൺ സിസ്റ്റം ഉപയോഗിച്ചു ചെയ്തു എന്നതാണ് ശ്രദ്ധേയം.

➜ ജോലിയുടെ കാര്യത്തിൽ ടിവി സീരീസും അനിമേഷൻ സിനിമയും തമ്മിലുള്ള വ്യത്യാസം?

ഒരു എപ്പിസോഡിനായി ഉണ്ടാക്കുന്ന ബേസിക്ക് പൈപ്പ്ലൈൻ തന്നെ മൊത്തം സീരീസിന് മതിയാവും. 50 എപ്പിസോഡ് ആണെങ്കിൽ കഥാപാത്രങ്ങളുടെ ചില്ലറ മാറ്റങ്ങളും കഥയിലെ മാറ്റങ്ങളും മാത്രമേ വരുന്നുള്ളൂ. ബേസിക്ക് പാറ്റേൺ മാറ്റേണ്ടിവരില്ല.

സിനിമയിൽ മുഴുവൻ വിയർപ്പൊഴുക്കലും ചിലപ്പോൾ ഒറ്റത്തവണത്തെ ഉപയോഗത്തിനായിരിക്കും. പക്ഷെ അതിന് ടിവി സീരീസിന്റെ ഇരട്ടി സമയം വേണ്ടിവരും.

➜ അനിമേഷനിലേക്ക് വരുന്ന ഒരാൾ മുൻപ് പറഞ്ഞ ഘട്ടങ്ങളിൽ ഏതാണ് തനിക്കിണങ്ങുന്നതെന്ന് എങ്ങനെ തെരഞ്ഞെടുക്കും?

അത് പലപ്പോഴും നമ്മുടെ അഭിരുചി അനുസരിച്ചാണ്. മുൻപ് പറഞ്ഞ എല്ലാ മേഖലയെക്കുറിച്ചും അറിഞ്ഞാൽ മാത്രമേ ഒരാൾക്ക് ടെക്നിക്കൽ ഡിറക്ടറാവാൻ കഴിയൂ. അതിനുശേഷം അയാൾ ഏത് മേഖലയാണിണങ്ങുന്നതെന്ന് നോക്കി അതിൽ സ്പെഷ്യലൈസ് ചെയ്യണം.

➜ മറ്റുള്ളവരുടെ വർക്കുകളിൽ അത്ഭുതപ്പെടുത്തിയവയെക്കുറിച്ചു കൂടി പറയാമോ?

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ റാഫി തീയറ്ററിൽ നിന്ന് ജുറാസിക്ക് പാർക്ക് കണ്ടപ്പോഴാണ് അനിമേഷനെക്കുറിച്ച് സ്വപ്നം കണ്ടുതുടങ്ങിയത്. സ്കൂൾ കുട്ടികൾക്കായി സ്പെഷ്യൽ ഷോ നടത്തിയപ്പോഴാണ് അന്ന് ആ സിനിമ കണ്ടത്. ആ ഒരു സിനിമ കണ്ടതിൽനിന്നാണ് ഇന്നീ രംഗത്തെത്തി നിൽക്കുന്നത്.

പക്ഷെ ജുറാസിക് പാർക്കിനെക്കാൾ കൂടുതൽ വിസ്മയിപ്പിച്ചതും, ആദ്യം കണ്ട അതേ ഉത്സാഹത്തോടെ ഇപ്പോഴും കാണുന്നതുമായ ഒരേയൊരു സിനിമയേയൊള്ളു: ഫൈന്റിംഗ് നീമോ

അതിൽ പലകാര്യങ്ങളും എങ്ങനെ ചെയ്തു എന്നതിനെക്കുറിച്ച് പലപ്പോഴും ആലോചിക്കാറുണ്ട്. എന്റെ കാഴ്ചപ്പാടിൽ ഇതുവരെയുണ്ടായതിൽ മികച്ച അനിമേഷൻ സിനിമ ഫൈന്റിംഗ് നീമോ ആണ്.

Contributors: