ആ സല്യൂട്ട് യോഗേഷ് യാദവ് എ.എസ്.ഐ ജോർജ് മാർട്ടിന് നൽകിയതല്ല, അങ്കിത് മാധവ് തന്റെ സൂപ്പർ താരം മമ്മൂട്ടിക്ക് നൽകിയതാണ്.....
കണ്ണൂർ സ്‌ക്വാഡിനെ കേസ് അന്വേഷണത്തിൽ സഹായിക്കാനെത്തുന്ന യോഗേഷ് യാദവ് എന്ന യു.പിക്കാരൻ പൊലീസ്. ഒറ്റക്കാഴ്ചയിൽ അസ്സലൊരു നോർത്ത് ഇന്ത്യനാണെങ്കിലും ആളൊരു അസ്സൽ മലയാളിയാണ്. തിരൂർ സ്വദേശി അങ്കിത് മാധവ്. സിനിമാ റിലീസിന് ശേഷം സംഭവിക്കുന്നതെല്ലാം സ്വപനസാഫല്യ നിമിഷങ്ങളാണ് അങ്കിതിന്. ആദ്യ ഷോ മുതൽ നന്നായി എന്നു പറഞ്ഞെത്തുന്ന അഭിനന്ദനങ്ങൾ അത്ര സന്തോഷം നൽകുന്നുണ്ട്. ദൂരെ മാറി നിന്ന് ആരാധിച്ചിരുന്ന മമ്മൂട്ടി എന്ന താരത്തിനൊപ്പം അഭിനയിച്ചതും തൊട്ടടുത്ത് കുറേ ദിവസം ചെലവഴിച്ചതും സംസാരിച്ചതുമെല്ലാം ജീവിതത്തിലെ സുവർണ നിമിഷങ്ങളാണ് അങ്കിതിന്.കുട്ടിക്കാലം മുതലേ സ്‌കൂളിലും മറ്റുമുളള ഒറ്റ സ്‌റ്റേജ് പ്രോഗ്രാമുകളും അങ്കിത് മിസ്സാക്കിയിട്ടില്ല. അത്രയേറെ ഇഷ്ടമായിരുന്നു പെർഫോം ചെയ്യാൻ. നാടകവും പാട്ടും അങ്ങനെ കൈ വയ്ക്കാത്ത മേഖകളില്ല. വളർന്നപ്പോഴാണ് ആ ഇഷ്ടങ്ങളൊക്കെയും അഭിനയത്തിലേക്കാണ് ചെന്നു ചേരുന്നതെന്ന് തിരിച്ചറിഞ്ഞത്. എൻജിനിയറിംഗും എം.ബി.എയും കഴിഞ്ഞ് റിലയൻസിൽ ജോലി കിട്ടി നേരെ മുംബയിലേക്ക്. സ്വപ്‌നങ്ങൾക്ക് നിറം വന്നു തുടങ്ങിയത് ആ കാലത്തായിരുന്നു. അവസരം തേടി മുംബയിൽ അങ്ങോളമിങ്ങോളം അലഞ്ഞിട്ടുണ്ട്. ഒരു നാൾ വരുമെന്ന് തന്നെ മനസ് പറഞ്ഞു. കുറച്ചു സിനിമകളുടെയും ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ബ്രാൻഡുകളുടെ പരസ്യങ്ങളുടെയും വെബ് സീരിസുകളുടെയും ഭാഗമായി. റോക്കട്രിയിൽ മാധവനൊപ്പം അഭിനയിച്ചു. ഇനിയും വെബ് സീരിസുകളും സിനിമകളും വരാനുണ്ട്. കണ്ണൂർ സ്‌ക്വാഡ് തിയേറ്ററിൽ കയ്യടി നേടുമ്പോൾ അങ്കിത് വിശേഷങ്ങൾ പറയുന്നു.
കണ്ണൂർ സ്‌ക്വാഡിലേക്ക് എത്താൻ മുംബയ് ജീവിതം സഹായിച്ചോ?
ഓഡിഷൻ വഴിയായിരുന്നു കണ്ണൂർ സ്‌ക്വാഡിലെത്തിയത്. സംവിധായകൻ റോബി വർഗീസ് രാജ് ഞാൻ നേരത്തെ ചെയ്ത വർക്കുകൾ കണ്ടിട്ടുണ്ടായിരുന്നു. മുംബയിലായിരുന്നു കുറേക്കാലം, ബോളിവുഡ് പ്രൊജക്ടുകൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹിന്ദി നന്നായി വഴങ്ങും. മലയാളിയുമാണ്, ഹിന്ദിയും അറിയാം എന്നതുകൊണ്ടാവാം എന്നെ തിരഞ്ഞെടുത്തത്.
വടക്കേ ഇന്ത്യയിൽ തന്നെയായിരുന്നില്ലേ ഷൂട്ടിംഗ് ?
അതേ... കഥയിൽ പറയുന്ന സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങളുടെ അതേ ഫീൽ കിട്ടാൻ നോർത്ത് ഇന്ത്യയിൽ ഷൂട്ടിംഗ് ചെയ്തിട്ടുണ്ട്. ആക്ഷൻ സീനുകളൊക്കെ ഷൂട്ട് ചെയ്തത് മഹാരാഷ്ട്രയിലെ ഉൾപ്രദേശത്തുള്ള, ഒരു യഥാർത്ഥ ഗ്രാമത്തിലാണ്. പൂനയ്ക്കടുത്ത് വായ് എന്ന പ്രദേശമാണത്.
പ്രേക്ഷകരും ആ ഗ്രാമത്തിൽ നിൽക്കുന്നതു പോലുള്ള പ്രതീതി തരുന്നുണ്ട് സിനിമയിലെ ഉദ്വേഗം തരുന്ന സീനുകൾ?
സംവിധായകന്റെയും കാമറാമാന്റെയും കഴിവാണത് എന്നേ പറയാൻ കഴിയൂ. ഓരോ ഷോട്ടുകളും അങ്ങനെയാണ് പ്ലാൻ ചെയ്ത് ചിത്രീകരിച്ചത്. കാഴ്ചക്കാരും സിനിമയുടെ ഭാഗമാണെന്ന തരത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് മികവ്. സിനിമ കണ്ടിറങ്ങിയ നിമിഷം മുതൽ എനിക്ക് കിട്ടുന്ന പ്രതികരണങ്ങളും അങ്ങനെ തന്നെയാണ്. കണ്ണൂർ സ്‌ക്വാഡിന്റെ വിജയം പ്രേക്ഷകന്റെയും വിജയമായാണ് അവർ കാണുന്നത്. സിനിമ പറയുന്ന വൈകാരികതയും അവർക്ക് കൃത്യമായി കണക്ടായി. മാക്‌സിമം റിയാലിറ്റി സത്യസന്ധമായി കാണിക്കാനാണ് ശ്രമിച്ചത്. അതിൽ അനാവശ്യമായ ഒരു ഗിമ്മിക്കും ചേർത്തില്ല. പൊലീസുകാരുടെ ജീവിതം അതേ പോലെ തന്നെ ആവിഷ്‌കരിക്കാനും കഴിഞ്ഞു.
യോഗേഷിനെ ആദ്യം കാണുമ്പോൾ വെറുതെ ഒരാൾ എന്നേ തോന്നൂ. എന്നാൽ പിന്നീട് അങ്ങനെയേ അല്ല... അയാളും ടീം ആകുകയാണ്?
ആദ്യദിവസം തന്നെ ആ ടീമിലൊരാളാകാൻ മനസു കൊണ്ട് കഴിഞ്ഞു. അവിടെ നിന്ന് നമ്മൾ കഥയിലേക്ക് കയറുകയാണ്. പിന്നെ ആ ടീമും അത്ര ഗംഭീരമാണ്, അടിപൊളിയാണ്. അതിന്റെ ഒരു കെമിസ്ട്രിയും നന്നായി വർക്കായി. ഷൂട്ടിന് മുമ്പ് ഞാൻ തിരക്കഥ പൂർണമായും വായിച്ചിരുന്നു. അതുകൊണ്ട് തന്നെ എന്റെ കഥാപാത്രത്തിന്റെ സഞ്ചാരം കൃത്യമായി എനിക്കറിയാം. റോബി അത് വിശദമായി പറഞ്ഞു തന്നു. യോഗേഷിന്റെ ചെറിയ ചെറിയ കാര്യങ്ങൾ, എങ്ങനെയാണ് ആ റോളിൽ പുതുമ നൽകേണ്ടത് എന്ന കാര്യങ്ങളെല്ലാം പരസ്പരം സംസാരിച്ചു. അങ്ങനെ ഞാൻ പ്രിപ്പയേർഡ് ആയിരുന്നു. ശരിക്കും ഒരുങ്ങി തന്നെയാണ് അഭിനയിച്ചത്.
ആ ഗ്രാമത്തിലെ തീ പാറും ആക്ഷൻ സീനുകളാണല്ലോ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്?
എല്ലാവരും ആ സീനുകളെ കുറിച്ച് സംസാരിക്കുമ്പോൾ സന്തോഷമുണ്ട്. തീപ്പന്തമുപയോഗിച്ചുള്ള ആക്ഷനൊക്കെ അങ്ങനെ തന്നെ ഷൂട്ട് ചെയ്തതാണ്. സുരക്ഷാകാര്യങ്ങളൊക്കെ ഉണ്ടായിരുന്നു. റിയൽ ഫൈറ്റ് പോലെ തന്നെയായിരുന്നു ചിത്രീകരണമെല്ലാം. ഫൈറ്റ് മാസ്റ്റർ സുപ്രീം സുന്ദർ സാറിന്റെ ആക്ഷൻ ടീമാണ് അത് ചെയ്തത്. തീപ്പൊരിയൊക്കെ തെറിച്ചു വീഴുമ്പോൾ ശ്രദ്ധിക്കാൻ അവർ ഇടയ്ക്കിടെ മുന്നറിയിപ്പ് നൽകും. ആക്ഷൻ ചെയ്യുന്നതിനൊപ്പം തന്നെ സുരക്ഷയും നോക്കണം. ഒരു പുതിയ അനുഭവമായിരുന്നു എന്നു പറയാം.
കയ്യടിപ്പിക്കുന്ന സീനുകൾക്കൊപ്പം തന്നെ പൊലീസുകാരുടെ നിസ്സഹായതയും ഈ സിനിമ നന്നായി പറയാൻ ശ്രമിക്കുന്നുണ്ടല്ലോ?
ശരിയാണത്. സിനിമാറ്റിക് ഗ്രാഫ് എന്ന് പറയുന്നതുപോലെയുള്ള കാര്യങ്ങൾ കണ്ണൂർ സ്‌ക്വാഡിൽ വന്നിട്ടുണ്ട്. നമ്മളൊന്ന് ഡിപ്പ് ചെയ്ത് ആ നിരാശ കാണികളിലേക്ക് പടർത്തും, അവിടെ നിന്ന് പൊങ്ങി വരുമ്പോഴുണ്ടല്ലോ ആ ഒരു രോമാഞ്ചം അത്ര വലുതായിരിക്കും. അവിടെയാണ് കയ്യടി വീഴുന്നത്. ആ ഗ്രാമത്തിലെ ആക്ഷൻ സീനുകൾ പത്ത്, പതിനാലു ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. സിനിമയിലത് ഇരുപത് മിനുറ്റോളമുണ്ട്. രണ്ടു സ്ഥലങ്ങളിലായാണ് ഗ്രാമത്തിലെ ഷൂട്ട് ചെയ്തത്. ഗ്രാമം വായ് എന്ന സ്ഥലത്തായിരുന്നു. അവിടെ ആളുകൾ താമസിക്കുന്നതിനാൽ തന്നെ ചില ആക്ഷൻ സീനുകൾ അവിടെ ചെയ്യാൻ പറ്റില്ലായിരുന്നു. അതിന്റെ സെറ്റ് വേറെയിട്ടു. ആർട്ട് ഡയറക്ടർ ഷാജി നടുവിലിന്റെ പരിശ്രമമാണത്. അത്ര നന്നായാണ് ഒരു വ്യത്യാസവുമില്ലാതെ ആ സെറ്റ് ഒരുക്കിയത്.
ഗ്രാമത്തിലെ ആളുകളും പക്കാ കഥാപാത്രങ്ങൾ തന്നെ?
അവരൊക്കെ മുംബയിലെ ആർട്ടിസ്റ്റുകളാണ്. റോബി അവിടെയുള്ള ഒരു പ്രമുഖനായ കാസ്റ്റ് ഡയറക്ടറെ ബന്ധപ്പെട്ട് ഓഡിഷൻ നടത്തിയാണ് ഗ്രാമത്തിലുള്ള ആളുകളായി അഭിനയിക്കാനുള്ളവരെ കണ്ടുപിടിച്ചത്. ഈ സിനിമയെ സംബന്ധിച്ച ഏറ്റവും മികച്ച തീരുമാനം എന്നു പറയുന്നത് കാസ്റ്റിംഗിലെ പെർഫെക്ഷനാണ്. അത് മമ്മൂക്കാ തന്നെ ഒരഭിമുഖത്തിൽ പറയുകയും ചെയ്തു. ഇതിന് മുമ്പ് പല സിനിമകളിലും കണ്ടിട്ടുള്ളത്, മലയാളികളായ അഭിനേതാക്കൾ തന്നെ ഇങ്ങനെയുള്ള വേഷങ്ങളിലെത്തുന്നതാണ്. മികച്ചതായി ചെയ്യുന്നവരില്ല എന്നല്ല, പക്ഷേ, മിക്കയിടങ്ങളിലും എത്ര ശ്രമിച്ചാലും എന്തോ കുഴപ്പം പറ്റിയതു പോലെ മുഴച്ചു നിൽക്കും. ഞാൻ കുറേക്കാലം മുംബയിലായതു കൊണ്ടാണ് റോബി എന്നെയെടുത്തത്. നോർത്ത് ഇന്ത്യക്കാരുടെ മാനറിസങ്ങളും സ്വഭാവവുമെല്ലാം കുറച്ചു കൂടി നന്നാക്കാൻ അവിടെ ജീവിച്ചവർക്ക് കഴിയും.
മമ്മൂക്കയെ ആദ്യം കണ്ടപ്പോഴുള്ള അനുഭവം എന്തായിരുന്നു?
ആദ്യം അദ്ദേഹത്തെ കാണുന്നത് ഒരു ഫൈറ്റ് സീനിന്റെ ഇടയിലായിരുന്നു. വരുമ്പോഴും പോകുമ്പോഴും വിഷ് ചെയ്യുക എന്നതിപ്പുറം അടുത്തിരുന്ന് സംസാരിക്കാനുള്ള സാവകാശമൊന്നും തുടക്കത്തിൽ ലഭിച്ചിരുന്നില്ല. വൈകിട്ട് ആറുമുതൽ പുലർച്ചെ ആറുമണിവരെയുള്ള ഷെഡ്യൂളിലാണ് ഫൈറ്റുകളൊക്കെ എടുക്കുന്നത്. ആ സമയമൊക്കെയാവുമ്പോൾ എങ്ങനെയെങ്കിലും കിടന്നാൽ മതിയെന്ന അവസ്ഥയാകും. അത്ര ഭീകര ഫൈറ്റാണ്. ആ സമയത്തൊന്നും എനിക്ക് മമ്മൂക്കയുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നെ നോർത്ത് ഇന്ത്യൻ സീനുകളൊക്കെ വന്നപ്പോഴാണ് സംസാരിക്കാനും കൂടുതൽ അറിയാനുമൊക്കെ പറ്റിയത്.
താരത്തിനപ്പുറം കൂടെ നിൽക്കുന്ന ഒരാളായാണ് കണ്ണൂർ?
സ്‌ക്വാഡിനൊപ്പമുണ്ടായിരുന്നവർ മമ്മൂക്കയെ കുറിച്ച് പറയുന്നത് സത്യമാണത്. താരമായി നിൽക്കുമ്പോഴാണ് അദ്ദേഹം അകലെയുള്ള ഒരാളാണെന്ന ഇമേജ് വരുന്നത്. തൊട്ടടുത്ത് നിൽക്കുമ്പോൾ നേരിട്ട് അറിയുമ്പോൾ അത്രയധികം ചേർത്തു നിറുത്തുന്ന ആളാണ് മമ്മൂക്ക. ആദ്യമായാണ് എനിക്ക് മലയാളത്തിൽ ഇത്രയും നല്ലൊരു വേഷം ലഭിക്കുന്നത്. അതിന് മുമ്പ് വെബ് സീരിസുകളും എൺപതോളം നാഷണൽ ആഡ്‌സുമൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ പോലും ഇങ്ങനെ ഒരു വേഷം ആദ്യമായാണ്. എന്നിട്ടു പോലും അദ്ദേഹത്തിന്റെ പരിഗണനയിൽ വ്യത്യാസം വരുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അദ്ദേഹത്തിന്റെ കൂടെ ഇരിക്കാൻ കഴിഞ്ഞതും സംസാരിക്കാൻ പറ്റിയതുമൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നത്. നമ്മൾ ആരാധിക്കുന്ന വ്യക്തികളുടെ തൊട്ടടുത്ത് അവരോടൊപ്പം ഇടപഴകാൻ കഴിയുമ്പോൾ ഓരോ നിമിഷങ്ങളും പഠിക്കാനുള്ളതാണ്.
എനിക്ക് അങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ അറിയാതെ തന്നെ നമ്മളും കഥാപാത്രമായി മാറുകയാണ്. റോബിയും കഥ എഴുതിയ റോണിയും ഷാഫിയും അത്ര നന്നായാണ് റോളിനെ കുറിച്ച് പറഞ്ഞു തന്നത്. അത് വ്യക്തമായി മനസിൽ അച്ചടിച്ചു വച്ചാണ് ഞാൻ ഷൂട്ടിനെത്തിയത്.
നിങ്ങളുടെ വണ്ടിയും സിനിമയിൽ പറയുന്നതു പോലെ ഒരു കഥാപാത്രമാണല്ലോ?
ഡയറക്ടറുടെ ബ്രില്ല്യൻസ് എന്നു പറയുന്നത് അവിടെയാണ്. കാർ നമ്മളോട് സംസാരിക്കുന്നില്ല. പശ്ചത്തലസംഗീതം മാത്രമേയുള്ളൂ. എന്നിട്ടും നമ്മൾക്കത് കഥാപാത്രമായി അനുഭവപ്പെടുന്നത് അവിടെ മമ്മൂക്ക സംസാരിക്കുന്നു എന്നുള്ളതു കൊണ്ടു കൂടിയാണ്. ഇവനും നമ്മുടെ ഭാഗമാണ്, പൊലീസാണ് എന്നു പറയുമ്പോൾ പ്രേക്ഷകനും അത് മനസിലാകുന്നു.
അവസാനം മമ്മൂക്ക വന്ന് ചേർത്തുപിടിക്കുന്ന സീനും യോഗേഷിന്റെ സല്യൂട്ടും ഗംഭീരമായിരുന്നു?
പറയാൻ വാക്കുകളില്ലാത്ത അനുഭവം എന്നു തന്നെ പറയും. ഞാൻ ആ സീനിൽ വളരെയധികം ഇമോഷണലായിപ്പോയി. യോഗേഷ് എന്ന പൊലീസുകാരൻ മുതിർന്ന ഉദ്യോഗസ്ഥന് നൽകിയ സല്യൂട്ട് ആയിരുന്നില്ല അത്. അങ്കിത് മാധവൻ എന്ന കടുത്ത മമ്മൂക്കാ ആരാധകൻ മമ്മൂട്ടി എന്ന ഇതിഹാസത്തിന് നൽകിയ സല്യൂട്ടാണത്. അത്ര സ്വാഭാവികമായി ഹൃദയത്തിൽ നിന്നും പുറത്തേക്ക് വന്നതാണത്.
അവസാനം വരെ കൂടെ നിന്ന യോഗേഷിനെ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്നുണ്ട്?
അതിന് നന്ദി പറയാനുള്ളത് സംവിധായകൻ റോബിയോടും തിരക്കഥ എഴുതിയ റോണി ചേട്ടനോടും ഷാഫിയോടുമാണ്. യോഗേഷിന് തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായ ഒരു കാരക്ടർ ഗ്രാഫാണ് അവർ എഴുതി ചേർത്തതും അവതരിപ്പിച്ചതും. പൂർണമായ ഒരു വ്യക്തിത്വം ആ റോളിനുണ്ടായിരുന്നു. അതുകൊണ്ടാണ് ആളുകളുടെ മനസിൽ പതിഞ്ഞതും എന്നാണ് ഞാൻ കരുതുന്നത്.
സിനിമയിലെ അടിയിൽ പരിക്കുകളുണ്ടായിട്ടുണ്ടോ?
ചാടുന്ന ഒരു സീനിൽ കാൽ ഉളുക്കിയിട്ടുണ്ടായിരുന്നു. ലിഗ്‌മെന്റിൽ ചെറിയൊരു പ്രശ്‌നം വന്നു. പെയ്‌നിനുള്ള സ്‌പ്രേ അടിച്ച്, ഗുളിക കഴിച്ചാണ് ഫൈറ്റ് ചെയ്തത്. ചെറിയൊരു ബാൻഡേജ് ഉണ്ടായിരുന്നെങ്കിലും വലിയ ബുദ്ധിമുട്ടായി തോന്നിയില്ല. പിന്നെ ഇങ്ങനത്തെ സംഭവങ്ങളൊക്കെ അഭിനയത്തിന്റെ ഭാഗം തന്നെയാണല്ലോ. പരിക്കുകളൊക്കെ വരാം, അതൊക്കെ സാധാരണമാണല്ലോ...
സിനിമയിലേക്കുള്ള യാത്ര എവിടെ വച്ചായിരുന്നു?
കുഞ്ഞുനാൾ മുതലേ സ്‌റ്റേജ് പ്രോഗ്രാമുകൾ എവിടെയുണ്ടോ അവിടെ ഞാനമുണ്ടാകും. നാടകങ്ങളാകട്ടെ, മറ്റു പരിപാടികളാകട്ടെ, കാഴ്ചക്കാരനായി ഇരിക്കുന്നതിനേക്കാൾ വേദിയിലിരിക്കാനായിരുന്നു ഇഷ്ടം. സ്‌കൂളിൽ ഒരു പരിപാടി പോലും ഇരുന്ന് കണ്ടിട്ടില്ല. അഭിനയം എന്താണെന്നൊന്നും കുട്ടിക്കാലത്ത് അറിയില്ലല്ലോ... വലുതായപ്പോഴാണ് ഉള്ളിലുള്ള പാഷൻ തിരിച്ചറിഞ്ഞത്. പെർഫോമൻസിനെല്ലാമപ്പുറം അഭിനയമാണ് തട്ടകം എന്നൊരു ചിന്ത അവിടെ വച്ചാണുണ്ടായത്. പിന്നെ ജീവിതം നമ്മളെ കൊണ്ടെത്തിക്കുന്നതിന്റെ ആശ്ചര്യവുമുണ്ട്. എൻജിയറിംഗും എം.ബി. എയും പൂർത്തിയാക്കി പ്രൊജക്ട് മാനേജ്‌മെന്റ് ജോലിക്കാണ് ഞാൻ മുംബയിലെത്തുന്നത്. റിലയൻസിലായിരുന്നു ജോലി. ആ സമയത്താണ് ഞാൻ ഒരു പോർട്ട് ഫൊളിയോ ഉണ്ടാക്കുന്നത്. റോളുകൾക്ക് വേണ്ടി ഒരേ നടപ്പായിരുന്നു പണ്ട്. അങ്ങനെ കുറേ കഷ്ടപ്പെട്ടു. പിന്നെയാണ് ചെറിയൊരു അവസരം ലഭിക്കുന്നത്.
ഓഡിഷൻ വഴിയല്ലേ അവിടെ എല്ലാ അവസരങ്ങളും വരുന്നത് ?
അതേ. നമ്മൾ മെനക്കെട്ട് നടക്കണം. ബോംബെ പക്വത പുലർത്തുന്ന ഇൻഡസ്ട്രിയാണ്, പരസ്യരംഗം പ്രത്യേകിച്ചും. അവിടെ കാസ്റ്റിംഗ് ഡയറക്‌ടേഴ്‌സ് വഴി കൃത്യമായ ഓഡിഷൻ നടക്കും. അങ്ങനെ പതിയെ പതിയെ ആ സർക്കിളിലൊക്കെ അറിയപ്പെടുന്ന മുഖമായി. നമ്മുടെ വർക്കുകൾ സ്വീകരിക്കപ്പെട്ടു. വെബ് സീരിസുകളിൽ റോളുകൾ കിട്ടിത്തുടങ്ങി. കോർപ്പറേറ്റ് ഇവന്റുകളിൽ ആങ്കറിംഗ് ചെയ്തു. വരുന്ന അവസരങ്ങളൊന്നും തന്നെ ഞാൻ വേണ്ടെന്നു വച്ചിട്ടില്ല. ആറ്റുനോറ്റാണ് അവ കിട്ടുന്നത്. ക്രിയേറ്റീവായ എല്ലാം തന്നെ ചെയ്തു നോക്കിയിട്ടുണ്ട്. ചേകവർ, ഓർഡിനറി തുടങ്ങിയ ചിത്രങ്ങളിൽ കുഞ്ഞു കുഞ്ഞു വേഷങ്ങൾ ചെയ്തു. സോളോവിൽ ദുൽഖറിനൊപ്പം ഒരു സീനിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ വന്നു. റോക്കട്രിയിൽ മാധവൻ സാറിന്റെ കൂടെ ശാസ്ത്രജ്ഞനായി വേഷമിട്ടു. ഇനി ഇറങ്ങാൻ പോകുന്ന ഒരു വെബ് സീരിസിലും അഭിനയിച്ചു. ഇപ്പോൾ കൊച്ചിയിലാണ് താമസം.