സ്ക്രിപ്റ്റ് വായിച്ച് ഞെട്ടി...മമ്മൂക്ക തന്നു ധൈര്യം - അസീസ് നെടുമങ്ങാട് സംസാരിക്കുന്നു

Interviews

എന്നെങ്കിലും സിനിമയിലെത്തും. തിരുവനന്തപുരം മണക്കാട്ടെ പഞ്ചാര മണലിൽ കണ്ട സിനിമകളിലെ ഫൈറ്റ് സീനുകളെ  അനുകരിച്ച്  അടി നടത്തിക്കൊണ്ടിരുന്ന കുട്ടിയുടെ മനസിലെ വിശ്വാസം അതായിരുന്നു. വളരുന്തോറും തോന്നൽ കൂടിക്കൂടി വന്നു. ആഗ്രഹം മാത്രമല്ലേ, അതിനായി പ്രതികരിക്കാനും അസീസ് നെടുമങ്ങാട് എന്ന സിനിമാ കമ്പക്കാരൻ തയ്യാറായിരുന്നു. എത്രയോ കോമഡി പ്രോഗ്രാമിലൂടെ മലയാളികളെ ചിരിപ്പിച്ച അസീസിനെ തേടി മികച്ച വേഷങ്ങൾ വന്നുകൊണ്ടിരിക്കുന്നു. 'കണ്ണൂർ സ്‌ക്വാഡ്' എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നല്ലൊരു വേഷം ചെയ്തതിന്റെ സന്തോഷത്തിലാണിപ്പോൾ അസീസ്. അതോടൊപ്പം മൂന്നുമാസത്തോളം മമ്മൂക്ക എന്ന നടനൊപ്പവും മനുഷ്യനൊപ്പവും കഴിഞ്ഞതിന്റെ മധുരമുള്ള അനുഭവങ്ങളും അസീസ് പങ്കുവയ്ക്കുന്നു.

'കണ്ണൂർ സ്‌ക്വാഡി' ന്റെ വിശേഷങ്ങൾ എന്തൊക്കെയാണ് ?

സീനിയർ ഉദ്യോഗസ്ഥനായ മമ്മൂക്കയ്‌ക്കൊപ്പം കേസ് അന്വേഷണത്തിനെത്തുന്ന പൊലീസ് ടീമിൽ ഒരാളാണ് ഞാൻ. ഡോ. റോണി, ശബരീഷ് എന്നിവരാണ് ആ സ്‌ക്വാഡിലെ മറ്റു രണ്ടുപേർ. യഥാർത്ഥത്തിൽ നടന്ന ഒരു കേസാണ് കണ്ണൂർ സ്‌ക്വാഡിന് ആസ്പദമായത്. കാസർകോട് നടന്ന പ്രമാദമായ ഒരു സംഭവമാണ് ഈ സിനിമ. ഞങ്ങളുടെ കഥാപാത്രങ്ങളെല്ലാം ഇന്നും ജീവിച്ചിരിക്കുന്ന ആൾക്കാരാണ്. കേസന്വേഷണത്തിന്റെ നാൾവഴികളെല്ലാം ഈ സിനിമയിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. നല്ലൊരു വേഷം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്.

സിനിമയിലെ അന്വേഷണസംഘത്തിൽ ഉൾപ്പെട്ടത് എങ്ങനെയാണ്?

രണ്ടുവർഷം മുമ്പേ ഈ സിനിമയുടെ കഥ കേട്ടിരുന്നു. ഇതിഹാസ സംവിധായകൻ   ബിനുവിന്റെ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് നടനും ഈ സിനിമയുടെ തിരക്കഥാകൃത്തുമായ ഡോ. റോണി കഥ എഴുതുകയാണെന്നും മമ്മൂക്കയുടെ അടുത്ത് പോകണം എന്നും പറഞ്ഞത്. കേട്ടപ്പോൾ തന്നെ ഗംഭീരകഥയാണെന്ന് തോന്നി. എനിക്ക് ഒരു വേഷം തരണമെന്ന് റോണിയോട് പറയുകയും ചെയ്തു. അന്നേ ഏതൊക്കെ നടൻമാർ എന്ന് അവരുടെ മനസിലുണ്ട്. ആദ്യം 120 ദിവസമായിരുന്നു ഷൂട്ട് പ്ലാൻ ചെയ്തത്. അത്രയും ദിവസങ്ങൾ വന്നപ്പോൾ പലരുടെയും ഡേറ്റുകൾ മാറി മറിഞ്ഞു. അങ്ങനെ രണ്ടാമതും ആൾക്കാരെ നോക്കിയപ്പോൾ അതിൽ ഞാനും വന്നു.

ഇത്രയും നീണ്ട ദിവസങ്ങൾ... മമ്മൂക്കയ്‌ക്കൊപ്പം?

മമ്മൂക്കയ്‌ക്കൊപ്പം ഇത് നാലാമത്തെ സിനിമയാണ്. പരോൾ, വൺ, സി.ബി.  ഐ.......... എന്നിവയാണ് മറ്റു സിനിമകൾ. എല്ലാ ആർട്ടിസ്റ്റുകളെയും മമ്മൂക്ക ശ്രദ്ധിക്കും. മമ്മൂക്ക അഭിനയിക്കുന്ന ചിത്രങ്ങൾ വരുമ്പോൾ സ്വന്തം പ്രൊഡക്ഷൻ അല്ലെങ്കിൽപ്പോലും കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരുണ്ടെങ്കിൽ അവരുടെ പേര് മമ്മൂക്ക പറയും. പുതുമുഖങ്ങളായാലും വർക്ക് കുറവുള്ള മറ്റ് ആർട്ടിസ്റ്റുകളായാലും ഒപ്പം നിൽക്കുന്ന ആളാണ് അദ്ദേഹം. എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ല. അതാണ് മമ്മൂക്ക എന്ന വ്യക്തി.

മിമിക്രി കലാകാരൻമാരോട് എപ്പോഴും പ്രത്യേക സ്‌നേഹം കാണിക്കുന്നതു പോലെ തോന്നാറുണ്ട് ?

എപ്പോഴും ഹാപ്പിയായി ഇരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് മമ്മൂക്ക. ഞാൻ മനസിലാക്കിയത് ഏതു മനുഷ്യർക്കും മമ്മൂക്കയ്‌ക്കൊപ്പം ഇരുന്ന് സംസാരിക്കാമെന്നാണ്. അത് സാധാരണക്കാരാകട്ടെ, അതല്ലാത്തവരാകട്ടെ... മമ്മൂക്കയ്ക്ക് എല്ലാ കാര്യങ്ങളെ കുറിച്ചും നല്ല ധാരണയുണ്ട്. സെറ്റിലൊക്കെ മമ്മൂക്കയും ശബരീഷും ലോകത്തിലെ വലിയ വലിയ കാര്യങ്ങളൊക്കെയാണ് സംസാരിക്കുന്നത്. ഞാനൊന്നും കേട്ടിട്ട് പോലുമില്ലാത്ത സംഭവങ്ങളാണെല്ലാം. ശബരീഷും വലിയ വിവരമുള്ള ആളാണ്. അവർ സംസാരിക്കുമ്പോൾ ഞാനിങ്ങനെ കേട്ടോണ്ടിരിക്കും. ഇതൊക്കെ മനസിലാക്കിയാൽ നമുക്കും വിവരം വയ്ക്കും. സാധാരണ കാര്യങ്ങൾ മുതൽ ഹൈടെക്ക് കാര്യങ്ങൾ വരെ മമ്മൂക്കയ്ക്ക് അറിയാം. ഇതു പോലെ അപ് ടു ഡേറ്റ് ആയിട്ടുള്ള ഒരു മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല.

ഞെട്ടിപ്പിച്ച എന്തെങ്കിലും അനുഭവമുണ്ടായിട്ടുണ്ടോ?

ഞാൻ വീട് വച്ചു കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗിന്റെ സമയത്ത് വീടിന്റെ പണി തുടങ്ങി. ഇടയ്ക്ക് ഭാര്യ വിളിക്കും. പണിയുടെ വിശേഷങ്ങൾ പറയും. ഞാൻ പണിക്കാരുടെ കാര്യമൊക്കെ തിരക്കും. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്തെടാ വിശേഷം ന്ന് മമ്മൂക്ക ചോദിച്ചു. വീടിന്റെ പണി നടക്കുകയാണെന്ന് പറഞ്ഞു. എത്ര സ്‌ക്വയർ ഫീറ്റുണ്ട്, അടുത്ത ചോദ്യം, സ്‌ക്വയർ ഫീറ്റിന് എത്രയാണ് റേറ്റ് തുടങ്ങി കുറേ ചോദ്യങ്ങൾ. ഇതൊക്കെ മമ്മൂക്കയ്ക്ക് എങ്ങനെ അറിയാം. ഇതൊക്കെ പഠിക്കണ്ടേ, എല്ലാമറിയണ്ടെടാ... എന്നാലല്ലേ ജീവിക്കാൻ പറ്റൂ, നിന്റെ ചോദ്യം കേട്ടാൽ ഞാൻ ആരാണെടാ... മനുഷ്യനല്ലേ...  എന്നായിരുന്നു മറുപടി. വീട് വയ്ക്കുമ്പോൾ മനുഷ്യന്റെ കഷ്ടപ്പാട് കാലം എന്ന് പൊതുവേ പറയില്ലേ... ഞാൻ പറഞ്ഞില്ലെങ്കിലും മമ്മൂക്ക അത് മനസിലാക്കി. ഷൂട്ടിന്റെ പതിനഞ്ച്, ഇരുപത് ദിവസമായപ്പോഴേക്കും വീടിന്റെ പണി നടക്കുകയല്ലേ എന്ന് പറഞ്ഞ് എന്റെ  പേയ്‌മെന്റ് മുഴുവൻ തന്നു.

അത്രയേറെ പരിഗണന തന്നു ?

തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ വച്ച് നടക്കുന്നതുപോലെയുള്ള അനുഭവമാണത്. ഞങ്ങൾ കൂടെ തന്നെ വേണമെന്നും മമ്മൂക്കയ്ക്കുള്ള അതേ സൗകര്യങ്ങൾ നൽകണമെന്നും മമ്മൂക്ക നേരത്തെ തന്നെ പറഞ്ഞിരുന്നു. ഉറങ്ങാൻ പോകുന്ന സമയം ഒഴിച്ച് അക്കൂടെ തന്നെയായിരുന്നു. രാവിലെ തന്നെ എഴുന്നേൽക്കെടാ എന്ന് പറഞ്ഞ് ഡോറിൽ വന്നു തട്ടും. ചായയൊക്കെ കുടിച്ച്  ചെറിയ വർക്കൗട്ടൊക്കെ ചെയ്യും. നൈറ്റ് ഷൂട്ട് ഒക്കെ വന്നപ്പോൾ വർക്കൗട്ടൊക്കെ പതുക്കെയായി. മമ്മൂക്കയ്ക്ക് പ്രത്യേകം കുക്കുണ്ട്. പുള്ളി നമുക്കു വേണ്ടിയും ഫുഡുണ്ടാക്കും. ചിട്ടയിലുള്ള ഭക്ഷണമാണ്. അതു തന്നെയാണ് ഞങ്ങളും കഴിക്കാറുള്ളത്. പക്ഷേ, പ്രത്യേകം ചോദിക്കും, നാളെ സ്‌പെഷ്യൽ വേണമെങ്കിൽ പറയണം എന്ന്. വേണ്ടെന്ന് പറഞ്ഞാലും ഇവിടെ മട്ടൺ കിട്ടില്ലേ, കാട..... എന്നൊക്കെ കുക്കിനോട് ചോദിക്കും. അങ്ങനെ പല രുചികളിലെ വിഭവങ്ങൾ നമ്മുടെ മുന്നിലെത്തും.

അഭിനയിക്കുമ്പോൾ എന്തെങ്കിലും നിർദ്ദേശം നൽകാറുണ്ടോ?

തീർച്ചയായും. എടാ സീൻ ഇങ്ങനെയാണ്. നീ  ഇന്ന മൂഡിൽ പിടിക്കണം, ചിരിക്കരുത്. നന്നായി ചെയ്യണം എന്നൊക്കെ പറയും. എന്റെ റോളിൽ ആദ്യം കുറച്ച് കോമഡികളൊക്കെ ഉണ്ടായിരുന്നു. ഇതൊരു സീരിയസ് സിനിമ ആയതുകൊണ്ട് ലൈറ്റ് മൊമന്റ്‌സിനുവേണ്ടി കുറച്ച് തമാശകൾ എഴുതി ചേർത്തിരുന്നു. രസകരമായ ഹ്യൂമർ ആയിരുന്നു അത്. വായിച്ചപ്പോൾ തന്നെ ഞാനിരുന്നു ചിരിച്ചിരുന്നു. അങ്ങനെ തമാശ പറഞ്ഞുപോകുമ്പോൾ പടത്തിന്റെ മൂഡ് പോകുമെന്നും സീരിയസ് സിനിമ സീരിയസായി പറഞ്ഞുപോകുന്നതാണ് നല്ലതെന്നും മമ്മൂക്ക പറയുകയായിരുന്നു. അസീസ് കോമഡി ചെയ്യുമെന്ന് ജനങ്ങൾക്കറിയാം, അത് വീണ്ടും പറയേണ്ട കാര്യമില്ല... വക്കീൽ വേഷം ചെയ്യുന്ന ഒരാൾ പിന്നീട് എപ്പോഴും അതേ വേഷം ചെയ്യുന്നതു പോലെയാണതെന്നും മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് അതൊക്കെ മാറ്റിയത്. നിനക്ക് വിഷമമായോ എന്ന് പിന്നെ എന്റടുത്ത് ചോദിച്ചു. ഇല്ല, എനിക്കെന്തിനാണ് വിഷമം എന്ന് ഞാനും പറഞ്ഞു. ഇപ്പോ വിഷമം തോന്നിയാലും സിനിമ വരുമ്പോൾ ഞാൻ പറഞ്ഞത് നിനക്ക് മനസിലാകുമെന്ന് മമ്മൂക്ക പറഞ്ഞു. നിന്റെ  കഥാപാത്രം ഇങ്ങനെയുള്ള ആളാണ്, ഇന്ന സന്ദർഭം വരുമ്പോൾ ഈ രീതിയിൽ ചെയ്താൽ മതിയെന്നൊക്കെ പറഞ്ഞു തന്നിട്ടുണ്ട്. സിനിമയുടെ പ്രൊമോഷന് ഈ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ മമ്മൂക്ക അടുത്തിരുന്ന് ഞാൻ അങ്ങനെയൊക്കെ പറഞ്ഞോടാ എന്നൊക്കെ ചോദിച്ച്  ചിരിച്ചു.

ഇതൊക്കെ ഒരു ഭാഗ്യമോ, നിമിത്തമോ എന്ന രീതിയിലാണോ എടുത്തിട്ടുള്ളത്?

സിനിമ തുടങ്ങുന്നതിന് മുമ്പ് ഞാൻ ഈ സിനിമയിൽ ഉണ്ടെന്നറിഞ്ഞ് രമേഷ് പിഷാരടി വിളിച്ചു. നീ ഭാഗ്യമുള്ളവനാണ്, എപ്പോഴെങ്കിലും ഒരു നന്മ ചെയ്തിട്ടുണ്ടാകും. അതിന്റെ ഫലമായാണ് ഈ റോൾ നിന്റെയടുക്കലെത്തിയത്. പിന്നെ നീ അവിടവിടെയായി ചെയ്തു വച്ചിരിക്കുന്ന കാര്യങ്ങൾ അതും പരിഗണിച്ചിട്ടുണ്ടാകും എന്ന് പറഞ്ഞു. പിഷാരടി പറഞ്ഞത് സത്യമാണ്, ആ വേഷം ചെയ്യാൻ എത്രയോ പേരുണ്ട് ഇവിടെ. അതും വലിയ ബജറ്റുള്ള സിനിമയിൽ മികച്ചൊരു വേഷം തന്നെ വരിക എന്നു പറയുന്നത് ഭാഗ്യമോ നിമിത്തമോ പ്രയത്‌നത്തിന്റെ ഫലമോ അങ്ങനെ എന്തൊക്കെയോ  ആണ്.

കണ്ണൂരിൽ മാത്രമായിരുന്നോ ഷൂട്ടിംഗ്?

കുറേ സ്ഥലങ്ങളുണ്ടായിരുന്നു. കണ്ണൂർ, കാസർകോട്, എറണാകുളം, തിരുവനന്തപുരം, വയനാട്, പൂനെ എന്നിവിടങ്ങളിലൊക്കെ ഷൂട്ടിംഗുണ്ടായിരുന്നു>

വടക്കൻ ഭാഷയൊക്കെ ഒക്കെ സിനിമയിൽ വരുന്നുണ്ടോ?

എന്റെ കഥാപാത്രം കോട്ടയംകാരനാണ്. മറ്റുള്ളവർ കണ്ണൂരുകാരനാണ്. പിന്നെ ഭാഷയിൽ അത്ര വലിയ കാര്യം ഇപ്പോഴുണ്ടെന്ന് തോന്നുന്നില്ല. ആളുകളുടെ സംസാരം കേട്ട് നാട് ഏതെന്ന് ഇന്ന് മനസിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. കണ്ണൂരുകാർ തന്നെ ആ ശൈലിയിൽ അല്ലാതെയും സംസാരിക്കാറുണ്ടല്ലോ...

ടെൻഷനുണ്ടായിരുന്നോ മമ്മൂക്കയ്‌ക്കൊപ്പം നിൽക്കുമ്പോൾ?

ഉണ്ടായിരുന്നു. എങ്ങനെയൊക്കെ നന്നായി ചെയ്യാം എന്ന ചിന്തയായിരുന്നു. സ്‌ക്രിപ്റ്റ് ആദ്യം വായിച്ചപ്പോൾ തന്നെ തല കറങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ... എന്റെ കയ്യിൽ നിൽക്കുമോ എന്നൊരു പേടി. കാരണം മലയാള സിനിമയിൽ തന്നെ മുൻനിരയിലുള്ളവരെ തീരുമാനിച്ച വേഷമാണ്. ആരാണെന്ന് പറഞ്ഞാൽ നിങ്ങളൊക്കെ ഞെട്ടിപ്പോകും. തിരക്ക് കാരണം അവർ മാറിയതാണ്. അവർക്കു വേണ്ടി എഴുതിയ റോൾ എന്നിലേക്ക് വരുമ്പോൾ ഉത്തരവാദിത്തം കൂടുകയാണ്. ഞാൻ ചെയ്യുമെന്ന അവരുടെ വിശ്വാസം കൂടി പാലിക്കണം. ജയിലർ സിനിമയിൽ വിനായകൻ ചേട്ടൻ ചെയ്തു പൊലിപ്പിച്ചത് ആ വിശ്വാസത്തെയാണ്. അതെല്ലാം എന്റെ മനസിലുണ്ടായിരുന്നു.

സമയം തെളിഞ്ഞുവെന്ന് പറയാം, അല്ലേ?

ഞാൻ പറഞ്ഞില്ലേ, പിഷാരടി വിളിച്ചുവെന്ന്. അവനത് കൃത്യമായി അന്ന് പറഞ്ഞിരുന്നു. നമുക്ക് വേണ്ടി നമ്മളറിയാതെ തന്നെ ആരെങ്കിലും എവിടെയെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ സമയം തെളിഞ്ഞു എന്ന് വിശ്വസിക്കണം എന്നാണ് അവൻ പറഞ്ഞത്. അത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. 'തങ്കമണി' എന്നൊരു സിനിമ ഈയടുത്ത് ഞാൻ ചെയ്തു. ദിലീപേട്ടന്റെ വലംകയ്യായ റോൾ. ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണത്. എന്റെ പേര് പറഞ്ഞപ്പോൾ പ്രെഡക്ഷൻ സൈഡിൽ നിന്നും അസീസിന്റെ കയ്യിൽ നിൽക്കുമോ, കോമഡിയൊക്കെ ചെയ്യുന്നയാളല്ലേ എന്നൊരു അഭിപ്രായം വന്നു. അപ്പോൾ സംവിധായകൻ രതീഷ് പറഞ്ഞു, ഞാൻ ആണ് ഡയറക്ടർ, എനിക്ക് വിശ്വാസമുള്ളതുകൊണ്ടാണ് വിളിച്ചതെന്ന്, ഞാനത് ചെയ്യിപ്പിക്കും. ഇത്രയും വലിയ പ്രൊഡക്ഷനിൽ നിന്നും എതിരഭിപ്രായം വരുമ്പോൾ സാധാരണയായി അത് മാറ്റി പിടിക്കാമെന്നേ ഡയറക്ടർ ചിന്തിക്കൂ. അവിടെ സിനിമ നടന്നാൽ മതി എന്നൊരു ചിന്ത വരും. എനിക്കാണെങ്കിൽ രതീഷുമായി യാതൊരു പരിചയവും ഇല്ല. സംസാരിച്ചിട്ടുമില്ല. പക്ഷേ, അവിടെ എനിക്ക് സംസാരിക്കാൻ ഒരാളുണ്ടായി. കണ്ണൂർ സ്‌ക്വാഡിലും എനിക്കായി എന്തോ നിമിത്തം നടന്നു.

സ്വയം മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്തു?

എന്നെക്കൊണ്ട് പറ്റാവുന്നതൊക്കെ ആത്മാർത്ഥതയോടെ നൂറല്ല അതിലും മുകളിൽ ചെയ്യാൻ ഞാൻ തയ്യാറായിരുന്നു.83 കിലോ ഉണ്ടായിരുന്ന ഞാൻ അഞ്ച് അഞ്ചരക്കിലോയോളം കുറച്ചു. മൂന്നുമാസം ചോറ് തൊട്ടില്ല. ഉച്ചയ്ക്ക് ഒറ്റ ചപ്പാത്തി, പിന്നെ കുറേ വെജിറ്റബിൾസ്. രാത്രി ആകെ കഴിക്കുന്നത് മമ്മൂക്കയ്‌ക്കൊപ്പം ഒരു ചെറിയ ഓട്‌സ് പുട്ട്, അല്ലെങ്കിൽ ഒരു ഓട്‌സ് ദോശ. മമ്മൂക്കയും വളരെ കുറച്ചേ കഴിക്കാറുള്ളൂ. എരിവ്, മധുരം ഒന്നും കഴിക്കില്ല. മധുരത്തിന്റെ രുചി അറിഞ്ഞിട്ടു തന്നെ എത്രയോ വർഷമായി എന്നാണ് പറയാറുള്ളത്. പൂർവികർ ചെയ്ത നന്മയുടെ ബാക്കിയായാണ് ഞാൻ ഇവിടെ നിൽക്കുന്നത്. പിന്നെ എന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലവും ഉണ്ടായി.

ഈ സിനിമയെ കുറിച്ച് കേട്ടപ്പോൾ അഭിനയിക്കാൻ വിളിക്കുമെന്ന ഒരു തോന്നൽ ഉണ്ടായിരുന്നോ?

ഒരിക്കലും ഉണ്ടായിരുന്നില്ല. ഇതിൽ പ്രധാന കഥാപാത്രങ്ങൾ നാലുപൊലീസുകാരാണ്. ബാക്കിയുള്ളവർ കഥാഗതിക്കനുസരിച്ച് വന്നു പോകുന്നവരാണ്. ഗുണ്ടയുടെ ഒരു സീൻ സിനിമയിലുണ്ടായിരുന്നു. അതു തരുമോ എന്നായിരുന്നു ആദ്യം ഞാൻ ചോദിച്ചത്. നോക്കാം എന്നു പറഞ്ഞു. പിന്നെ തിരക്കഥ ഒന്നു കൂടെ പുതുക്കിയപ്പോൾ ആ സീൻ മാറി. അന്ന് ചോദിച്ചത് റോണിയുടെ മനസിൽ ഉണ്ടായതു കൊണ്ടാവണം, പിന്നീടുള്ള പരിഗണനയിൽ ഞാനമുണ്ടായത്. വേറെയാൾ വേണമെന്ന് മമ്മൂക്കയും പറഞ്ഞില്ല. ആ സമയത്തൊക്കെയാണ് മമ്മൂക്ക ജയ ജയ ജയ ഹേ കണ്ടത്. ലൊക്കേഷനിൽ വന്നപ്പോൾ കൊള്ളാടാ... നന്നായിട്ടുണ്ട് കേട്ടോ എന്ന് പറഞ്ഞു.

ഓടി ഓടി അഭിനയിക്കുന്ന സമയമാണോ ഇപ്പോൾ?

 നായകൻമാർ എന്നും നായകരായി നിൽക്കുന്നതിന്റെ കാരണമായി എനിക്ക് തോന്നിയിട്ടുള്ളത് അവർ ഒരു പടം കഴിഞ്ഞ് കുറച്ചൊരു സമയമെടുത്താണ് അടുത്ത പടത്തിന് വേണ്ടി തയ്യാറാകുന്നത് എന്നാണ്. നമ്മളെ പോലെയുള്ള രണ്ടാംനിര സപ്പോർട്ടിംഗ് വേഷങ്ങളൊക്കെ ചെയ്യുന്നവർ ഇന്ന് ഈ പടം കഴിഞ്ഞ് നാളെ ഒരു പടത്തിന് ഓടാനുള്ളതാണ്. അങ്ങനെ അവസരങ്ങൾ കിട്ടുന്നത് സത്യത്തിൽ ഭാഗ്യമാണ്. അങ്ങനെ വ്യത്യസ്ത വേഷങ്ങൾ ഒരേ സമയം തന്നെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നവരും ഒരുപാടുണ്ട്. പക്ഷേ, എന്നെ കൊണ്ട് ഈ കാര്യം പറ്റില്ല. ചെറിയ വേഷമാണെങ്കിൽ പോലും അഞ്ചുദിവസം മാത്രമേ ഷൂട്ടിംഗ് ഉള്ളൂ എങ്കിൽപ്പോലും ഒരു സിനിമ തീർത്തേ ഞാൻ അടുത്ത വർക്കിലേക്ക് പോകാറുള്ളൂ. സിനിമ ഉള്ള സമയത്തെ കാര്യമാണ് ഈ പറഞ്ഞത്. പൈസയും നഷ്ടമാണ്, നമുക്ക് സിനിമയും വരില്ല എന്നൊരു പ്രശ്‌നം ഇതിലുണ്ട്. എങ്കിൽപ്പോലും അങ്ങനെ ഓടി നടന്ന് ചെയ്യാൻ പറ്റില്ല. അങ്ങനെ അവസരം വരുമ്പോൾ സ്വീകരിക്കാറുമില്ല. ഇപ്പോൾ ധ്യാൻ ശ്രീനിവാസന്റെ കൂടെയുള്ള സിനിമയാണ് ഞാൻ ചെയ്യുന്നത്. വയനാട്ടിലാണ് ഷൂട്ടിംഗ്. ഈ സമയത്ത് തന്നെ മൂന്നോളം ചിത്രങ്ങൾ വന്നു. തൊട്ടടുത്ത് ഷൂട്ടിംഗ് ഉള്ളവയുമുണ്ട്. പക്ഷേ, ഞാനത് വിട്ടുകളഞ്ഞു. എന്നെ സംബന്ധിച്ച് ഒരു സിനിമയിൽ ഞാൻ ഒരു അപ്പിയറൻസ് പിടിക്കും. ആ ഒരു രൂപം അടുത്ത സിനിമയിലേക്ക് കൊണ്ടുപോകാൻ താത്പര്യമില്ല.

പുതിയ സിനിമകൾ വരാനുണ്ടല്ലോ?

കുറച്ച് സിനിമകൾ വരുന്നുണ്ട്. ഒക്‌ടോബറിൽ 'ജയ ജയ ജയഹേ' സംവിധായകൻ വിപിൻദാസ് കഥ എഴുതി, അസോസിയേറ്റ് സംവിധാനം ചെയ്യുന്ന സിനിമയുണ്ട്. മുപ്പതുദിവസം കൊണ്ട് തീരുന്ന ഷൂട്ടിംഗാണത്.

സന്തോഷമുള്ള സമയമാണല്ലേ ഇപ്പോൾ. സിനിമകൾ വരുന്നു, സ്വപ്‌നം കണ്ടതെല്ലാം നടക്കുന്നു?

കുട്ടിക്കാലം മുതലേ സിനിമാ നടനാകുമെന്ന് മനസിലൊരു വിശ്വാസമുണ്ട്. ചെറിയ ക്ലാസിൽ പഠിക്കുമ്പോഴേ അങ്ങനെ ഒരു തോന്നൽ എങ്ങനെയോ ഉള്ളിൽ കയറിപ്പറ്റി. ജഗദീഷേട്ടനായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട നടൻ. ആ കോമഡി അത്ര ആസ്വദിച്ചിരുന്നു. ജഗദീഷേട്ടനെ അനുകരിക്കുക, അതേ പോലെ നടക്കുക ഇവയൊക്കെയാണ് അന്നത്തെ പരിപാടികൾ. ഇവനൊരു നടനാകുമെന്ന്  അന്നേ വീട്ടുകാർ പറയും. ഞാൻ ജനിച്ചു വളർന്നത് തിരുവനന്തപുരത്ത് മണക്കാട് എന്ന സ്ഥലത്താണ്. പണ്ടവിടെയൊക്കെ പഞ്ചസാര പോലത്തെ മണ്ണാണ. അതങ്ങനെ കുന്നുപോലെ കിടക്കും. ആ മണ്ണിലാണ് കൂട്ടുകാർക്കൊപ്പം പൊരിഞ്ഞ ഫൈറ്റ്.  എല്ലാം സിനിമ കണ്ട ആവേശത്തിൻപ്പുറത്താണ്. കൂട്ടത്തിൽ ആരെങ്കിലും ഒരാൾ സംവിധാനം ചെയ്യാനും കാണും. പിന്നെ നെടുമങ്ങാട് സ്‌കൂളിൽ പഠിച്ചപ്പോഴും ഇങ്ങനത്തെ കലാപരിപാടികളൊക്കെ ഉണ്ട്. പത്രത്തിൽ വരുന്ന സിനിമാപരസ്യങ്ങൾ വെട്ടി പഴയ പുസ്തകത്തിൽ ഒട്ടിക്കുക, ബൾബിൽ വെള്ളം നിറച്ച്, കണ്ണാടി വച്ച്, ലൈറ്റിട്ടുള്ള സിനിമാപ്രദർശനം... അങ്ങനെ നീണ്ടു. സിനിമ അല്ലാതെ ഒന്നുമില്ലായിരുന്നു മനസിൽ. ആറിലും ഏഴിലും പഠിക്കുമ്പോൾ എല്ലാവരും ചേർന്ന് അഭിനയമാണ്. കൂട്ടുകാരിൽ ഒരാളായ ശ്രീലാലാണ് സംവിധായകൻ. അന്നേ അവന് സംവിധാനത്തിലാണ് നോട്ടം. ഇന്ന് മലയാളത്തിലെ ഏറ്റവും നല്ല അസോസിയേറ്റുകളിൽ ഒരാളാണ് അവൻ.  സിനിമാപ്രാന്തുമായി നടന്ന രണ്ടാളുകളായിരുന്നു ഞങ്ങൾ.

കഠിനമായി ആഗ്രഹിച്ചാൽ നടക്കുമെന്നത് ജീവിതത്തിൽ തെളിയിച്ചു?

നമ്മൾ ആഗ്രഹിച്ചാൽ ഉറപ്പായും നടക്കും. ഈ യാത്രയ്ക്കിടെ കുറേ പ്രാരാബ്ധങ്ങൾ നേരിട്ടു. വിവാഹം കഴിഞ്ഞ സമയത്ത് കുറേ കഷ്ടപ്പാടുണ്ടായി. അന്ന് സ്‌റ്റേജ് പ്രോഗ്രാമുകൾ കുറഞ്ഞു, ജീവിക്കാൻ വേണ്ടി പെയിന്റിംഗ് ജോലിക്കിറങ്ങി. ആ ഓട്ടത്തിനിടയിലും കല വിട്ടുകളയാതെ ഒരു കയ്യിൽ തന്നെ മുറുകെ പിടിച്ചു. എവിടെയെങ്കിലും ചെന്നെത്തിപ്പെടുമെന്ന ഒരു വിശ്വാസം ആ കയ്യിൽ തന്നെ ഉണ്ടായിരുന്നു. വിശ്വാസം മാത്രമാണെന്ന് പറയാൻ കഴിയില്ല, അതിനായി കഠിനമായി തന്നെ പ്രയത്‌നിച്ചു. മാരകം എന്നേ അതിനെ പറയാൻ കഴിയൂ.. എന്തു ചെയ്യുമ്പോഴും നമ്മുടേതായിട്ടുള്ള എന്തെങ്കിലും കൊണ്ടു വരാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.

വിഷമിപ്പിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ, ആരായിരുന്നു കട്ട സപ്പോർട്ട്?

അങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടായിട്ടില്ല. എല്ലായിടത്തും ഒരു ചെറിയ വെളിച്ചം ഉണ്ടായിരുന്നു. എന്റെ ഏറ്റവും വലിയ പിന്തുണ പ്രേക്ഷകരാണ്. ഗോഡ്ഫാദർ എന്നൊരാൾ ഇല്ലായിരുന്നു. ഞാൻ ചെയ്തത് ഇത്ര നാളും അംഗീകരിച്ചതു കൊണ്ടു മാത്രമാണ് അത് മമ്മൂക്കയിലെത്തിയത്. എന്റെ  സംവിധായകരും അസോസിയേറ്റുകളും എന്നെ കണ്ടതും ഞാൻ അവിടെയുള്ളതുകൊണ്ടാണ്. പ്രേക്ഷകർ പ്രോത്സാഹിപ്പിച്ചതുകൊണ്ടു സംഭവിച്ചതാണിതൊക്കെ.

പ്രതിഭകളെ അത്രയധികം ശ്രദ്ധിക്കുന്ന ആളാണ് മമ്മൂക്ക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്?

സത്യമാണത്. ഈ സിനിമയുടെ ഷൂട്ടിംഗിനിടയിലൊക്കെ സുഹൃത്തുക്കളുടെ കോമഡി കണ്ടു കൊണ്ടിരിക്കുമ്പോൾ മമ്മൂക്കയുടെ ശ്രദ്ധയിൽപ്പെടുമ്പോൾ എടാ അവൻ കൊള്ളാം കേട്ടോ... നന്നായിട്ടുണ്ട് എന്ന് പറയും. കാരവാനിൽ നിന്നും ഇറങ്ങി ഞാൻ അവരെ വിളിച്ച് പറയും, മമ്മൂക്കാ സൂപ്പറാണെന്ന് പറഞ്ഞിട്ടുണ്ട് കേട്ടോ എന്ന്. അവർക്കത് വിശ്വസിക്കാൻ പെട്ടെന്ന് കഴിയാറില്ല, മമ്മൂക്ക അങ്ങനെ പറഞ്ഞോ പറഞ്ഞോ എന്ന് എടുത്തെടുത്ത് ചോദിക്കും. അങ്ങനെ പലരുടെയടുത്തും വിളിച്ചു പറയേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.

Kannur Squad Official Trailer | Mammootty | Roby Varghese Raj | Sushin Shyam | Mammootty Kampany

വ്യക്തിപരമായി ഇങ്ങനെയുള്ള അനുഭവമുണ്ടായിരുന്നോ?

'കണ്ണൂർ സ്‌ക്വാഡി'ലെ ഒരു സീനിൽ ഞാൻ ഒരു ചെറിയൊരു റിയാക്ഷൻ ചെയ്തു. അടുത്തദിവസം ഈ സീനിന്റെ സ്‌പോട്ട് എഡിറ്റിംഗ് മമ്മൂക്ക കണ്ടു. തൊട്ടടുത്തദിവസം ഫൈറ്റ് സീനായിരുന്നു, അതും കഴിഞ്ഞ് വന്ന് മമ്മൂക്ക എന്റെടുത്ത് വന്നു ചോദിച്ചു, എടാ നീ ഇന്നലെ എന്തായിരുന്നു ആ സീനിൽ റിയാക്ഷൻ ഇട്ടത്. ഏത് റിയാക്ഷൻ മമ്മൂക്കാ... എന്ന് ഞാനും. അതെന്താണെന്ന് പെട്ടെന്ന് ഓർക്കാൻ പറ്റിയില്ല. അപ്പോൾ സീൻ ഏതാണെന്ന് പറഞ്ഞു. എന്തോ സംഭവിച്ചെന്ന് ഉറപ്പ്. കൊഴപ്പായോ മമ്മൂക്കയോട് ചോദിച്ചു. ഇങ്ങനെ ആണോ റിയക്ഷൻ ഇടുന്നത്.. മുഖത്ത് നല്ല ഗൗരവം. അയ്യോ... അവരൊന്നും പറഞ്ഞില്ലല്ലോ...കൊള്ളാമെന്നോ, ഇല്ലെന്നോ... എന്തു വേണമെന്നറിയാതെ ഞാൻ പറഞ്ഞു. എടാ... നിനക്ക് ഒരു ബോധമില്ലേ... ഇങ്ങനെയാണോ ചെയ്യുന്നത് എന്നായി അടുത്ത ചോദ്യം. ഞാൻ ആകെ തകർന്നു. ഇത്തിരി കൂടി കഴിഞ്ഞപ്പോൾ പുറകിലൂടെ വന്ന് കയ്യിൽ തട്ടി പറഞ്ഞു, നന്നായിട്ടുണ്ടെടാ... നന്നായിട്ടുണ്ട്.

തൊണ്ണൂറ് ദിവസം, പറഞ്ഞാലും തീരാത്ത അനുഭവങ്ങൾ എന്നു തന്നെ പറയാം... അല്ലേ

സത്യം. ഒരു പുസ്തകം തന്നെ എഴുതിയാലും മമ്മൂക്കയുമായുള്ള അനുഭവങ്ങൾ പറഞ്ഞു തീരില്ല. കുട്ടിക്കാലം മുതലേ കടുത്ത ലാലേട്ടൻ ഫാൻ ആണ് ഞാൻ. ആടിയും പാടിയും നമ്മൾ കാണാൻ ഇഷ്ടപ്പെടുന്ന റോളെല്ലാം ലാലേട്ടനാണല്ലോ ചെയ്തിരുന്നത്. മമ്മൂക്കയെ കുറച്ചുകൂടെ  പക്വതയുള്ള, വേറൊരു ലെവലിലുള്ള റോളുകളിലാണല്ലോ കൂടുതലും കണ്ടിട്ടുള്ളത്. എന്നിട്ടും ഒരിക്കലും പ്രതീക്ഷിക്കാതെ മമ്മൂക്കയുടെ കൂടെ കുറച്ചു നേരമെങ്കിലും ചെലവഴിക്കാൻ കഴിയുന്നു. മമ്മൂക്കയുടെ ഇടവും വലവുമായി നിൽക്കുന്ന ലാലേഷ്, ലാലേട്ടന്റെ കടുത്ത ആരാധകനാണ്. ആ പേര് പോലും ആ ഇഷ്ടത്തിൽ നിന്നുണ്ടായതാണ്. ലാലേഷ് ഇപ്പോൾ മമ്മൂക്കയുടെ കൂടെ ആണ്. മമ്മൂക്കയെ ജീവനായാണ് കരുതുന്നത്. ഇതെല്ലാം ഒരു നിമിത്തമെന്നോണം സംഭവിക്കുന്നതാണ്. കെയറിംഗിന്റെ അങ്ങേയറ്റമാണ് മമ്മൂക്ക. ആ ടീം മുഴുവൻ മമ്മൂക്കയ്‌ക്കൊപ്പം നിൽക്കുന്നതും അതേ സ്‌നേഹത്തൊടയാണ്. ലൊക്കേഷനിൽ വന്നു നിൽക്കുമ്പോൾ പോലും നമുക്കത് അറിയാൻ സാധിക്കും.

ഇപ്പോൾ എത്ര സിനിമകൾ പൂർത്തിയായി

എൺപത്തിയേഴ് സിനിമകളായി. എന്റെ നാട്ടിൽ അനുജനെ പോലെ ഒരു പയ്യനുണ്ട്, പ്രവീൺ. എന്റെ സിനിമകളുടെ പേരൊക്കെ എഴുതി വയ്ക്കുന്നത് അവനാണ്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment