വെറും തോൽവിയല്ല ഈ 'തോൽവി' ചിരിയും ചിന്തയും ജീവിതവുമുണ്ട് | നടനും സംവിധായകനുമായ ജോർജ് കോര സംസാരിക്കുന്നു

Interviews

''നടക്കുമോ?''
''നടക്കും''
''ജയിക്കുമോ?''
''ജയിക്കും''
'തോൽവി എഫ്. സി' എന്ന സിനിമയിൽ ചേട്ടനും അനിയനും തമ്മിലുള്ള ഡയലോഗാണിത്. ലോക തോൽവി എന്ന് വിളി എപ്പോഴും കേൾക്കുന്ന, തിരിച്ചടികളിൽ തളർന്നു പോയി സ്വപ്‌നങ്ങൾക്ക് പൂർണവിരാമിടുന്ന എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ് ഈ വാക്കുകൾ. എല്ലായിടത്തും തോറ്റു പോകുന്ന കുറേയാളുകൾ മുന്നോട്ടേക്കുള്ള ജീവിതത്തിൽ എങ്ങനെ പിടിച്ചു കയറുന്നുവെന്ന് അത്രയും ഭംഗിയായി ഒരു സിനിമ കാണിച്ചു തരികയാണ്. നീണ്ടു നീണ്ടു പോകുന്ന ഉപദേശങ്ങളോ, പ്രചോദന ടിപ്പുകളോ ഈ സിനിമയിൽ ഇല്ല. പക്ഷേ, ഓരോ കഥാപാത്രങ്ങളിലൂടെയും കാഴ്ചക്കാർക്ക് ജീവിതത്തിന്റെ സൗന്ദര്യം പറഞ്ഞു തരുന്ന ഒരു രസം ഉറപ്പായും ഈ സിനിമയ്ക്കുണ്ട്. അമിതമായി ഒന്നും തന്നെ ഇല്ലാതെ, എളുപ്പത്തിൽ ഒഴുകിപ്പോകുന്ന പോലൊരു തോന്നൽ സമ്മാനിക്കുകയും ചെയ്യും. ചിലയിടങ്ങളിൽ ചില സീനുകളുടെ ബാക്കി പൂരിപ്പിക്കാനുള്ള ഇടം പ്രേക്ഷകനും വളരെ ജനാധിപത്യപരമായി തന്നെ നൽകുന്നുമുണ്ട്. നമ്മൾ ചിന്തിക്കേണ്ടതും തിരുത്തേണ്ടതുമായ ഒട്ടേറെ കാര്യങ്ങളിലൂടെയും സിനിമ കടന്നു പോകുന്നു.
'പ്രേമം ' സിനിമയിലെ മേരി പ്രണയിച്ച യഥാർത്ഥ ജോർജ്ജായി അഭിനയിച്ച ജോർജ് കോരയാണ് തോൽവി എഫ്.സി എന്ന ചിത്രത്തിന്റെ സംവിധായകൻ. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ തിരക്കഥയിൽ അൽത്താഫിനൊപ്പം പങ്കാളിയായി. പിന്നീട് തിരികെ എന്ന സിനിമ സംവിധാനം ചെയ്തു. ഡൗൺ സിൻഡ്രോം ബാധിതനായ ഗോപികൃഷ്ണൻ  അഭിനയിച്ച ചിത്രം ഒട്ടേറെ അംഗീകരിക്കപ്പെട്ടു, മികച്ച അഭിപ്രായവും നേടി. ജാനകി ജാനേ, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, ആനന്ദം ചിത്രങ്ങളിലും ജോർജ് നല്ല പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. വൻകിട കമ്പനികളുടെ പ്രിയപ്പെട്ട മോഡൽ കൂടിയാണ് ജോർജ്. ആപ്പിൾ, നെറ്റ് ഫ്‌ളിക്‌സ്, ആമസോൺ, ഫ്‌ളിപ്പ് കാർട്ട്, സഫോള അങ്ങനെ ആ നിര നീണ്ടു പോകും. പലയിടങ്ങളിലായി പ്രതിഭയെ പതിപ്പിച്ച ജീവിതത്തെക്കുറിച്ച്  ജോർജ് കോര സംസാരിക്കുന്നു.

'തോൽവി'  കഥയായത് എങ്ങനെയാണ്?
കുറച്ചുകാലമായി മനസിലുള്ള കഥയാണ്. കഴിഞ്ഞവർഷം കുറച്ചു കൂടി വലിയൊരു സിനിമയായിരുന്നു ആലോചിച്ചത്. സാങ്കേതികപ്രശ്‌നങ്ങൾ കാരണം അതു കുറച്ച് വൈകി. വ്യക്തിപരമായ കഥകൾ പറയുക എന്നത് എനിക്ക് കുറച്ചു കൂടെ അറിയുന്ന ഒരു സ്‌പേസ് ആണ്. ഞാൻ ആദ്യം എഴുതിയ ഞണ്ടുകളുടെ നാട്ടിലാണെങ്കിലും സംവിധാനം ചെയ്ത തിരികെ ആണെങ്കിലും കുറേ കൂടി പരിചയമുള്ള ഒരു ഇടം ആണ്. അങ്ങനെ ഒരു സിനിമ കൂടി ചെയ്യാമെന്ന പ്ലാനിലാണ് ഈ കഥയിലേക്ക് വരുന്നത്. സ്‌ക്രിപ്റ്റ് നേരത്തെ തന്നെ തയ്യാറായിരുന്നു. ഒരു ജനാധിപത്യ രീതിയിൽ കൂടിയാണ് ബാക്കി ജോലികൾ ചെയ്തത്. ഇതിന്റെ ആർട്ടിസ്റ്റും ക്രൂവും പറയുന്ന അഭിപ്രായങ്ങൾ പരിഗണിച്ചിട്ടുണ്ട്. വെട്ടിച്ചുരുക്കേണ്ടിടത്ത് അങ്ങനെ ചെയ്യും, മാറ്റങ്ങൾ വേണോ എന്ന് ചർച്ച ചെയ്യും. ഞങ്ങളുടെ കൂടെ പ്രവർത്തിച്ച എല്ലാവർക്കും അവരുടെ ജോലികൾ എന്നേക്കാൾ നന്നായി അറിയാം. അതുകൊണ്ടു തന്നെ അവരുടെ ഇൻപുട്ട് എനിക്ക് പ്രധാനമാണ്.

ഒരുപാട് അനുഭവങ്ങളിലൂടെ പോകുന്നുണ്ട് സിനിമ?

അതേ. നമ്മുടെ ജീവിതങ്ങളൊക്കെ കുറേ കൂടി ബോറിംഗ് ജീവിതങ്ങളല്ലേ.... അങ്ങനെ ഒരുപാട് സംഭവബഹുലമായ കാര്യങ്ങളൊന്നും തന്നെ നടക്കുന്നില്ല. കുറേയൊക്കെ എഴുതിയത് തന്നെയാണ്. എങ്കിൽ പോലും ചുറ്റിലും എന്നിലും ഒക്കെയുള്ള കുറേ കുഞ്ഞു കുഞ്ഞു കാര്യങ്ങളൊക്കെ ഇതിലുണ്ട്.

ശ്രമിക്കുന്നവർ മാത്രമേ പരാജയപ്പെടുന്നുള്ളൂ എന്നൊരു വാചകം സിനിമയുടെ തുടക്കത്തിൽ എഴുതി കാണിക്കുന്നുണ്ട് ?

എന്റെ ഒരു വിശ്വാസമാണത്. ലോകത്ത് എല്ലായിടത്തും തോൽവി എന്നത് മോശം കാര്യമാണെന്ന സ്റ്റിഗ്മ ഉണ്ട്. ഈയൊരു കാര്യം പറഞ്ഞാൽ കൊള്ളാമെന്ന് തോന്നി. തോൽക്കുന്നത് എപ്പോഴും ശ്രമിക്കുന്നതു കൊണ്ടല്ലേ.. പക്ഷേ, ശ്രമിക്കാൻ ഒരു ധൈര്യം വേണം. തോൽക്കുന്നവരുടേത് ഒക്കെ ധീരൻമാരാണെന്ന കാഴ്ചപ്പാടാണെനിക്ക്. നമ്മളെപ്പോഴെങ്കിലും ജയിക്കും, പക്ഷേ, ശ്രമിച്ചോണ്ടിരിക്കണം.

ഷറഫുദ്ദീൻ അവതരിപ്പിച്ച ഉമ്മനും ഇതു പറയുന്നുണ്ട്?
 അതേ... സിനിമയുടെ ഒരു എസ്സൻസ് തന്നെയാണ് ആ വാക്കുകൾ. സിനിമ കണ്ടപ്പോൾ ഈ വാചകങ്ങൾ ശ്രദ്ധിച്ചെന്ന് ചിലർ എടുത്തു പറഞ്ഞു.

ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തിലേക്ക് മാറി മാറി ക്യാമറ സഞ്ചരിക്കുകയാണ്. മാത്രമല്ല, ചില സീനുകളിലെ തുടർച്ച പൂർണമാക്കാൻ പ്രേക്ഷകന് വിട്ടിരിക്കുകയുമാണ്?
മൾട്ടിപ്പിൾ സ്‌റ്റോറി ലൈനാണെങ്കിൽ സ്‌ട്രെയ്റ്റായി പറയുകയാണെങ്കിൽ നീട്ടി വലിക്കുന്നതു പോലെ തോന്നാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് സീനുകൾ മാറി മാറി വരുന്ന രീതിയിൽ ചെയ്തത്. ചില സീനുകളിൽ വേണമെങ്കിൽ ബാക്കി പറയാം, പക്ഷേ അങ്ങനെ പറയുന്നില്ല. അത് പ്രേക്ഷകനെ ബഹുമാനിക്കുന്നതുകൊണ്ടു കൂടിയാണ്.

ഈ കിടുക്കാച്ചി പിള്ളേരെ എവിടെ നിന്നും കിട്ടി?

എല്ലാവരും തന്നെ ഓഡീഷനിലൂടെ വന്നതാണ്. മികച്ച അഭിനേതാക്കൾ കൂടിയാണവർ. ഇരട്ടക്കുട്ടികൾ ഒരു ചിരി ബംബർ ചിരിയിൽ ഹിറ്റായവരാണ്. ഫുട്ബാൾ ടീമിലെ പെൺകുട്ടിയായി എത്തിയത് തിരുവനന്തപുരംകാരിയായ കാർത്തിയാണ്. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് കാർത്തിയെ കിട്ടിയത്.

ഓരോ വേഷങ്ങളും അവതരിപ്പിച്ചത് അതേറ്റവും നന്നായി ചെയ്ത അഭിനേതാക്കളെ കൂടി ആണെന്ന് പറയണം?
ഷറഫിക്കയെയും ജോണി ചേട്ടനെയും നേരത്തെ തീരുമാനിച്ചതാണ്. ബാക്കി ഉള്ളവർ പിന്നീട് വന്നതാണ്. ഓഡിഷൻ വഴിയും സെലക്ഷനുണ്ടായിരുന്നു. ജോണി ചേട്ടന്റെ അച്ഛൻ റോളും ഷറഫിക്കയുടെ മിഡിൽ ക്ലാസ് റോളും നമ്മൾ നേരത്തെ കണ്ടതാണ്. അവരുടെ ഏറ്റവും വലിയ പ്രത്യേകത നമ്മൾ എന്തുകൊടുക്കുന്നുവോ അത് വീണ്ടും വീണ്ടും ഫ്രഷാക്കാനുള്ള ഭയങ്കര കഴിവുള്ള ആൾക്കാരാണ് രണ്ടുപേരും. അമ്മയായെത്തിയ ആശാമഠത്തിൽ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് സിനിമയിൽ എന്റെ അമ്മയായിരുന്നു. നല്ല രസമാണ് അവരുടെ അഭിനയനം, മലയാള സിനിമ ഒരുപാട് ഉപയോഗിക്കേണ്ട അഭിനേതാവ് കൂടിയാണവർ.

ഇനിയുള്ള പ്രൊജക്ടുകൾ ഏതൊക്കെയാണ്?
അടുത്തത് അഭിനയത്തിലേക്കാണ്. രണ്ട് തമിഴ് പടങ്ങളും കുറച്ച് മലയാള പടവും ഉണ്ട്. അടുത്ത വർഷം ഒരു സിനിമ ചെയ്യണമെന്നുണ്ട്. തീരുമാനമായില്ല.

ജോർജ്  ഈ സിനിമയുടെ സംവിധായകനാണ്, തമ്പിയെന്ന കഥാപാത്രമായി സിനിമയിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു. ടെൻഷനല്ലേ?
ഒരിക്കലുമില്ല.  നമ്മുടെ കൂടെയുള്ളവർ മിടുക്കരായാൽ മാത്രം മതി. ആദ്യസിനിമ മുതൽ ഞാൻ പഠിച്ച പാഠമാണത്. എന്റെ എഡിറ്റർ, ചീഫ് അസോസിയേറ്റ്, ഡി. ഒ.പി അങ്ങനെ ഓരോരുത്തരും സ്‌ട്രോംഗാണ്. ഞാൻ മോണിറ്ററിന്റെ മുമ്പിൽ ഇരിക്കുന്നില്ല എന്ന വ്യത്യാസമേയുള്ളൂ. അതുകൊണ്ട് അത്ര വലിയ ബുദ്ധിമുട്ടില്ല.

ഒരുപാട് വിഷയങ്ങളിൽ കൂടുതൽ ചിന്തിക്കാനുള്ള വക സിനിമ തരുന്നുണ്ട്?
അതേ. ഒരു മെലോ ഡ്രാമ ആവരുതെന്നുണ്ടായിരുന്നു. ആ രീതിയിൽ തന്നെയാണ് സിനിമ വന്നിരിക്കുന്നതും.

സിനിമ കണ്ടവർ എന്താണ് പറയുന്നത്?

വലിയ ഹൈപ്പോടെയല്ല, ഈ സിനിമ വരുന്നത്. പക്ഷേ, സിനിമ കണ്ടവർ എല്ലാം ഇഷ്ടപ്പെട്ടെന്നാണ് പറയുന്നത്. ഒരുപാട് കാലങ്ങൾക്കുശേഷം തിയേറ്ററിൽ സമാധാനമായി ഇരുന്ന് കാണാൻ പറ്റിയ സിനിമ എന്നു പറഞ്ഞവരുമുണ്ട്. ഇന്ന് തിയേറ്റർ വിസിറ്റിനിടെ ഒരാളും വന്നു പറഞ്ഞു, അഞ്ചാറുവർഷത്തിനുശേഷം ആദ്യമായാണ് ഇങ്ങനെ ആദ്യം മുതൽ അവസാനം വരെ സന്തോഷത്തോടെയിരുന്ന് ഒരു സിനിമ കാണുന്നതെന്ന്. അതെല്ലാം കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നും.

തോറ്റു പോയെന്ന് കരുതുന്നവർക്ക് നല്ലൊരു പ്രചോദനം കൂടിയാണ് ഈ സിനിമ?
തീർച്ചയായും. അതിൽ നമ്മളെല്ലാവരും ഉണ്ടല്ലോ...തിരിച്ചടികൾ നേരിടാത്തവർ ആരും തന്നെയുണ്ടാകില്ലല്ലോ. അങ്ങനെ ഇല്ലെങ്കിൽ അവർ ശ്രമിച്ചില്ല എന്നാണതിന്റെ അർത്ഥം.  

പാട്ടുകളും കൊള്ളാം?
മൂന്നുപാട്ടുകളാണ് സിനിമയിലുള്ളത്. ഓരോ പാട്ടും ഓരോ ആൾക്കാരാണ് ചെയ്തിരിക്കുന്നത്. അവരുടെയെല്ലാം ആദ്യത്തെ സിനിമയുമാണിത്. പുതിയ ആൾക്കാരെ സിനിമയിലേക്ക് കൊണ്ടു വരാൻ എനിക്ക് വലിയ ഇഷ്ടമാണ്. കാരണം നമ്മളും നടനാകാൻ ആഗ്രഹിച്ച് നടന്നൊരു കാലമുണ്ടായിരുന്നു. നടനാകാൻ വേണ്ടി വന്നെങ്കിലും ആദ്യം സംഭവിച്ചത് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമുടെ തിരക്കഥാ എഴുത്താണ്. അതിലൂടെയാണ് പ്രേമം സിനിമയിൽ അഭിനയിച്ചത്.


ജോർജിനെ കാണുമ്പോൾ ഒരു മലയാളിയെന്ന് തോന്നില്ല?
മലയാളത്തിലേക്കാൾ കൂടുതൽ വർക്ക് ചെയ്തത് ഹിന്ദിയിലും തമിഴിലുമാണെന്ന് തോന്നുന്നു. ഹിന്ദിയിൽ ഒരുപാട് പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. ഒരു പക്ഷേ, അതായിരിക്കും മലയാളിയല്ലെന്ന് തോന്നുന്നത്. പിന്നെ പരസ്യരംഗത്ത് പ്രധാന കമ്പനികളുടെയെല്ലാം ആഡുകൾ ചെയ്തു. ആപ്പിൾ, നെറ്റ് ഫ്‌ളിക്‌സ്, ആമസോൺ, ഫ്‌ളിപ്പ് കാർട്ട്, സഫോള, മഹീന്ദ്ര... ഇങ്ങനെ കുറേ ഉണ്ട്. ഹിന്ദിയിൽ ഒരു വെബ് സീരിസ് ചർച്ച നടന്നിരുന്നു. ഫൈനലായിട്ടില്ല. മലയാളത്തിൽ പിന്നെ അത്രയും മികച്ച കുറേ അഭിനേതാക്കളുണ്ടല്ലോ. നമ്മുടേതായ ഒരു സ്‌പേസിലെത്താൻ സമയമെടുക്കുമല്ലോ.

അഭിനയമാണോ, സംവിധാനമാണോ ആദ്യത്തെ ഇഷ്ടം?
ഉറപ്പായും അഭിനയമാണ്. സംവിധാനം അത്ര ഈസിയല്ല. അത് എന്നേക്കാൾ കൂടുതലായി ചെയ്യുന്ന ഒരുപാടു പേരുണ്ട്. ഒരുപാട് പേരുമായി ഒന്നിച്ചിരുന്ന് വർക്ക് ചെയ്യാൻ എനിക്കിഷ്ടമാണ്. ആ രീതിയിൽ സംവിധാനം ഞാൻ ആസ്വദിക്കുന്നുണ്ട്.

 സിനിമ ജീവിതത്തിൽ എങ്ങനെ വന്നു?

നെടുമ്പാശേരിയിലാണ് നാട്. ജനിച്ചതും വളർന്നതുമെല്ലാം കുവൈറ്റിലാണ്. അന്നൊക്കെ ഇവിടെ സിനിമ ഇറങ്ങി ഒരുമാസം കഴിയുമ്പോഴാണ് അവിടെ വരുന്നത്. കാത്തിരുന്നാണ് ഓരോ സിനിമ കാണുന്നത്. അങ്ങനെ ഉണ്ടായ ഭ്രമമാണ്.

'തിരികെ' ഒരുപാട് അംഗീകാരം നേടിയ സിനിമയാണല്ലോ?
അതേ. ഞാൻ സംവിധാനം ചെയ്ത ആദ്യചിത്രമാണത്. ഡൗൺ സിൻഡ്രോമുള്ള ആൾ അഭിനയിച്ച ഇന്ത്യയിലെ ആദ്യത്തെ ചിത്രമാണത്. ക്രിട്ടിക്കലായി വളരെയധികം അംഗീകരിക്കപ്പെട്ട സിനിമയാണത്. ആ സിനിമയെ കുറിച്ച് ഇപ്പോഴും ആളുകൾ മെസേജ് അയക്കുകയും വിളിച്ച് സംസാരിക്കുകയും ചെയ്യാറുണ്ട്. വലിയ സന്തോഷമാണത്. ഗോപികൃഷ്ണനാണ് ആ സിനിമയിൽ പ്രധാന കഥാപാത്രത്തെ ചെയ്തത്. ഒരു ഷോർട്ട്‌ ഫിലിം രീതിയിലായിരുന്നു ആ സിനിമയെ കുറിച്ച് ചിന്തിച്ചത്. കുറച്ചു സുഹൃത്തുക്കൾ ചേർന്നുള്ള പരിശ്രമമായിരുന്നു. ക്രൗഡ് ഫണ്ടിംഗിലൂടെയായിരുന്നു നിർമ്മാണച്ചെലവുകൾ കണ്ടെത്തിയത്. ആ സിനിമ വിറ്റുപോയി, ബിസിനസ് നടന്ന് അവർക്ക് പ്രോഫിറ്റ് ലഭിച്ചു. അതേ ആൾക്കാർ തന്നെയാണ് 'തോൽവി'യും നിർമ്മിച്ചത് എന്നതാണ് വലിയ സന്തോഷം.

'തോൽവി' എന്നൊരു പേര് വേണോ എന്ന ചോദ്യങ്ങളുണ്ടായിട്ടുണ്ടാകും അല്ലേ?
എന്റടുത്ത് ഒരുപാട് പേർ 'തോൽവി' എന്ന പേര് നെഗറ്റീവായി തോന്നില്ലേ, മാറ്റിക്കൂടെ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഈ സിനിമയിൽ  തോൽവി ഒരു മോശം കാര്യമല്ല എന്നാണ് ഞാൻ ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചത്. ആ ഞാൻ തന്നെ ഈ പറയുന്ന കാര്യത്തിൽ വിശ്വാസം കാണിച്ചില്ലെങ്കിൽ പിന്നെ ആരാണ് അത് ചെയ്യുന്നത്. ഈ സിനിമയ്ക്ക് അതിലും നല്ലൊരു പേരില്ല... അതുകൊണ്ട് എന്റെ മനസിനെ തന്നെ ഇക്കാര്യത്തിൽ ഫോളോ ചെയ്തു. 

 

Tholvi F.C. - Official Trailer | Sharafudheen | George Kora | Johny Antony | Nationwide Pictures

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment