പ്രണയത്തിൻ്റെ ചെറുതരി നോവുമായി സഖാവ് വിനോദ് - ഹക്കീമിൻ്റെ വേഷം ചർച്ചയാകുന്നു

Interviews

കാഴ്‌ചക്കാരെ നൊസ്റ്റാൾജിയയുടെ സകല വഴിയിലൂടെയും നടത്തിച്ചും കരയിപ്പിച്ചും ഓർമ്മിപ്പിച്ചും കയ്യടിപ്പിച്ച ' പ്രണയവിലാസം' എന്ന സിനിമയിലെ വിനോദിനെ ഒന്നാന്തരമായി അവതരിപ്പിച്ച ഹക്കിം ഷായോട് ആളുകൾക്ക് ഒന്നേ ചോദിക്കാനുള്ളൂ. ''ഇനി വിനോദ് എങ്ങനെ ജീവിക്കും? അയാൾക്ക് ഇനി എന്താണ് ബാക്കിയുള്ളത്?''
.........................................................................................
എന്നോ നിലച്ചു പോയ കാലം പോലെ ഓർമ്മകൾ പേറിയൊരു വായനശാല കാണും സി​നി​മയുടെ അവസാനസീനി​ൽ. അവിടെ കാത്തിരുന്ന രണ്ടുപേരിലേക്ക് പ്രായത്തിന്റെ ആയാസത്തോടെ, തിളച്ചു മറിയുന്ന മനസുമായി പഴയ ഒരാളുടെ അതേ മട്ടിൽ നടന്നുവരുന്ന, നാട്ടിൻപുറത്തിന്റെ പകർപ്പായ ഒരാൾ, 'പ്രണയവിലാസ' ത്തിന്റെ രഹസ്യസൂക്ഷിപ്പുകാരൻ, സഖാവ് വിനോദ്. ശരീരത്തിന് വയ്യായ്‌ക ഉണ്ടെങ്കിലും മൈതാനത്തിനപ്പുറത്ത് കുതിച്ചുയരുന്ന ഫുട്ബാളിനെ അയാൾ കാൽവഴക്കം കൊണ്ട് വരുതിയിലാക്കുന്നുണ്ട്. ആ ഫുട്‌ബാൾ അയാളുടെ മുറി​വേറ്റ പ്രണയം തന്നെയായിരുന്നു. ക്ഷീണി​ച്ച കണ്ണുകളിൽ അപ്പോഴും പ്രണയത്തിന്റെ ചില തുള്ളികൾ കെടാതെ ബാക്കിയിരിപ്പുണ്ട്.

സി​നി​മ കണ്ടി​റങ്ങി​യവർ വി​നോദി​ന്റെ പ്രണയത്തി​ൽ മനസു പി​ടച്ചത്  ഹക്കിം ഷാ എന്ന നടൻ കയ്യൊതുക്കത്തോടെ, തീക്ഷ്‌ണതയോടെ ആ വേഷം അഭി​നയി​ച്ചതു കൊണ്ടു കൂടി​യാണ്. നൊസ്റ്റാൾജി​യയുടെ മുഴുവൻ മധുരവും ആവാഹി​ച്ചെഴുതി​യ വ്യത്യസ്‌തമായ കഥാപാത്രത്തെ കരുതലോടെയാണ് ഈ നടൻ കയ്യി​ൽ വച്ചത്. ടീച്ചർ, അർച്ചന 31 നോട്ടൗട്ട്  തുടങ്ങി​യ ചി​ത്രങ്ങൾക്ക് പി​ന്നാലെയെത്തി​യ ഈ കഥാപാത്രത്തെക്കുറി​ച്ച്, ഉള്ളു തൊട്ട അനുഭവങ്ങളെ കുറി​ച്ച്  ഹക്കിം ഷാ സംസാരി​ക്കുന്നു.

ആൾക്കാരിൽ കേറിക്കൂടിയ വിനോദ്

വിനോദ് ആൾക്കാരുടെ മനസിൽ കേറിക്കൂടി എന്ന് പറയാം. ഏറ്റവും കൂടുതൽ ഇന്ററസ്റ്റിംഗ് ആയി തോന്നിയത്, പടം രണ്ടുദിവസം മുമ്പ് കണ്ടു, ഇപ്പോഴും ആ കഥാപാത്രത്തെ മറക്കാൻ കഴിയുന്നില്ല എന്നു പറഞ്ഞ് കുറേ പേർ മെസേജ് അയച്ചതാണ്. അത്ര എളുപ്പത്തിൽ മറക്കാൻ കഴിയുന്നതല്ല ആ വാക്കുകളൊന്നും. ഒരുപാട് കുറവും പ്രശ്‌നങ്ങളും വിനോദിനും വന്നിട്ടുണ്ട്. പക്ഷേ, അതിനപ്പുറത്തുള്ള ഇമോഷണൽ സൈഡ് ആൾക്കാർക്ക് കണക്റ്റ് ആയിട്ടുണ്ട്. സിനിമയുടെ നിർമ്മാതാക്കളിൽ മാർട്ടിൻ പ്രക്കാട്ടുമായി 'എ.ബി.സി.ഡി' മുതലുള്ള ബന്ധമാണ്. നിനക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. രണ്ടു പ്രായത്തിലുള്ള ഗെറ്റപ്പ് ആണെന്ന് കേട്ടപ്പോൾ തന്നെ ഞാൻ എക്സൈറ്റഡായി.

എവിടെയോ കണ്ട് നമ്മൾ മറന്ന ഒരാൾ

കഥാപാത്രത്തെ കുറിച്ച് കൂടുതൽ മനസിലാക്കിയപ്പോൾ അയാളുടെ എനർജി, ഫുട്‌ബാൾ എല്ലാം മനസിലേക്ക് വന്നു. പ്രസരിപ്പോടെ തലയുയർത്തി നടന്നിരുന്ന അയാളുടെ ഉർജം നഷ്‌ടപ്പെടുന്നത് പ്രണയം അവസാനിച്ചപ്പോഴാണ്. ഇനി അയാൾ എങ്ങനെ ജീവിക്കും എന്നത് സിനിമ തീരുമ്പോഴും നമ്മുടെ മനസിലുണ്ടാകുന്നെങ്കിൽ എന്തൊരു മനുഷ്യനായിരിക്കണം, കഥാപാത്രമായിരിക്കണം. കളിയും ചിരിയും ഒന്നും സംഭവിച്ചില്ലെന്ന പോലുള്ള സ്വാഭാവികതയ്‌ക്കുള്ള ശ്രമങ്ങളും നമ്മൾ കാണുന്നുണ്ടെങ്കിലും അയാളുടെ ഉള്ള് അങ്ങനെയേയല്ല.തന്റെ പ്രിയപ്പെട്ടവൾ എവിടെയാണെന്ന് വിനോദിന് അറിയാമായിരിക്കും. ആ പത്രവാർത്ത അയാളെ ഉലച്ചിട്ടുണ്ടാകും. പ്രണയത്തിന്റെ ഒരു തരി വേദനയെങ്കിലും അനുഭവിച്ചിട്ടുള്ളവർക്ക് വളരെയധികം കണക്റ്റഡാകും. മേക്കപ്പിന്റെ സഹായമുണ്ടായിരുന്നു, എങ്കിലും ശരീരഭാഷ ഏറെ മാറി.

ആദ്യം ചില കൺഫ്യൂഷൻ ഉണ്ടായിരുന്നു

സംവിധായകൻ നിഖിൽ മുരളിയും നിർമ്മാതാക്കളായ മാർട്ടിൻ പ്രക്കാട്ടും രഞ്ജിത്ത് നായരും സിബി ചവറയുമൊക്കെ സഹായിച്ചു. സിനിമയിൽ പ്രധാനവേഷം ചെയ്‌ത മനോജേട്ടന്റെ അത്ര പ്രായം തോന്നണം, എന്നാൽ ഒരുപാട് പ്രായമായെന്ന തോന്നൽ വരികയും വേണ്ട. അഭിനയത്തിൽ കുറേയൊക്കെ നമ്മുടെ ധാരണയാണ്. എത്രത്തോളം വയ്യാണ്ടാവണം എന്നൊക്കെ. ഇപ്പോഴും ഫുട്ബാൾ കളിക്കുന്ന, ജനലൊക്കെ ചാടിക്കടക്കുന്ന ഒരാളാണ് വിനോദ്. ആദ്യം ഈ കഥാപാത്രത്തിന്റെ മീറ്റർ കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടി. എവിടെ പിടിക്കണം, ഇതങ്ങനെ തുടങ്ങണം എന്നൊക്കെ. എല്ലാവരുടെയും സപ്പോർട്ടോടെ ഒരു ധാരണയിൽ ചെയ്‌തു. വിനോദിനെ കുറിച്ച് ആൾക്കാർ സംസാരിക്കുമ്പോൾ നമ്മൾ ഉദ്ദേശിച്ച കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്‌തല്ലോ എന്നാണ് സന്തോഷം. നമ്മൾ എന്തോ ചെയ്‌തു വച്ചു, ആളുകൾ വേറെ എന്തൊക്കെയോ സംസാരിക്കുന്നു എന്നാണെങ്കിൽ തീർന്നല്ലോ. ഇതിൽ നിന്നും അടുത്ത വർക്ക് ചെയ്യാനുള്ള ആവേശമുണ്ടാകണം.


സ്ട്രഗ്‌ളിംഗ് പിരീഡും കടന്ന്

ആദ്യത്തെ മൂവി 'എ.ബി.സി.ഡി' ആണ്. പിന്നീട് മൂന്ന് നാലുവർഷം അമച്വർ തിയേറ്റർ പരിപാടികൾ ചെയ്‌തു. കരിയറിൽ ഇത് പത്താമത്തെ വർഷമാണ്. തീർച്ചയായും സ്ട്രഗ്ളിംഗിന്റേതായ പിരീഡുണ്ടായിരുന്നു. കഷ്‌ടപ്പെട്ടു എന്നതിനേക്കാൾ പിടിച്ചു നിൽക്കുക എന്നതാണ് പ്രധാനം. ഗോഡ്ഫാദർ ഒന്നും ഇല്ലാത്തതുകൊണ്ട് നമ്മൾ തന്നെ നമ്മുടെ കാര്യം നോക്കണം. അതേ സമയം പണിയെടുക്കാൻ ഒരു മടിയും ഉണ്ടായിരുന്നില്ല, അങ്ങനെ ചെയ്‌താൽ നല്ല പിന്തുണയും ഇവിടെ നിന്നും തന്നെ കിട്ടുന്നുണ്ടായിരുന്നു.മാർട്ടിൻ പ്രക്കാട്ട് കൂടെ നിന്നതുകൊണ്ട് ചാർളിയിൽ അസി.ഡയറക്‌ടറാക്കി. ആ സൗഹൃദങ്ങളൊക്കെ നല്ല ബലമാണ്.

അക്കൗണ്ട് ബുക്കിൽ ചേർത്തി​ട്ടി​ല്ലാത്ത പിന്തുണ

പത്തുവർഷത്തോളം ഫീൽഡിൽ നിൽക്കുമ്പോ സ്വാഭാവികമായും സുഹൃത്തുക്കളുണ്ടാകും. അതൊരു സിംബയോട്ടിക്ക് റിലേഷൻപ്പിഷാണ്. നമുക്ക് അങ്ങോട്ടും അവർക്ക് ഇങ്ങോട്ടും ഗുണമുണ്ടായിരിക്കണം. അങ്ങനെ അല്ലാതെ എന്നെ സപ്പോർട്ട് ചെയ്യാനായി ഇരിക്കുന്നവരല്ല അവരൊന്നും. എന്റെ വളർച്ച അടുത്ത് നിന്ന് കാണുന്നവരാണ്. എനിക്ക് ചേരുന്ന കണ്ടന്റ് വരുമ്പോൾ അവർക്കതറിയാം. അങ്ങനെ കിട്ടുന്ന സപ്പോർട്ടുണ്ട്. അത് നമ്മൾ പ്രതീക്ഷിക്കാതെ കിട്ടുന്ന ബോണസാണ്, കൃത്യസമയത്ത് കിട്ടുന്ന താങ്ങാണ്. ഞാനെന്നെ തിരിച്ചറിയുന്നതിനേക്കാൾ കൂടുതൽ എന്റെ സുഹൃത്തുക്കളും ചുറ്റുമുള്ള ആൾക്കാരുമാണ് എന്നെ മനസിലാക്കുന്നത്. ഇത് ചെയ്യാൻ പറ്റുമെന്ന് നമുക്ക് സ്വയം തിരിച്ചറിയാൻ പറ്റുന്നുണ്ടാവില്ല. അങ്ങനെ പറയുമ്പോൾ നമ്മൾ ഒരു സ്വയം പൊങ്ങിയായി പോകും. ചെറിയൊരു നൂൽപ്പാലമാണ്. അങ്ങോട്ടും ഇങ്ങോട്ടും പോയാൽ പ്രശ്‌നമാകും. സ്വയംപൊങ്ങികൾക്ക് വളർച്ചയുണ്ടാവില്ല. തിരിച്ചറിവ് വലിയൊരു വ്യത്യസ്തമായ പരിപാടിയാണ്. കൂടെയുള്ളവർക്ക് മാത്രമേ അതറിയൂ. ഇതി​നി​ടയി​ൽ കണ്ടന്റ് ക്രി​യേഷനും ഷോർട്ട് ഫി​ലി​മുകളുമൊക്കെ ഞാൻ ചെയ്‌തി​രുന്നു. സി​നി​മയെന്ന ലക്ഷ്യത്തി​ലേക്കുള്ള യാത്രയി​ലെ ചെറി​യ ചുവടുകളായി​രുന്നു അവ. ഇപ്പോഴും ലക്ഷ്യമെത്തി​ എന്നല്ല പറയുന്നത്. അതി​നെ പി​ന്തുണയ്‌ക്കുന്ന കുറേ കാര്യങ്ങൾ ഞാൻ ചെയ്‌തി​ട്ടുണ്ടായി​രുന്നു.

ഒ.ടി​.ടി​ തന്ന അവസരങ്ങൾ

സി​നി​മാ അഭി​നയത്തെ ജോലി​ എന്ന പരി​പാടി​യായി​ കണ്ടാൽ മതി​. അത് ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇവിടെ നിൽക്കുന്നത്. ജോലി​യായി​ കാണുമ്പോൾ മറ്റു തലവേദനകളി​ല്ല, ഫാൻസ് കൂടുമോ ഇല്ലയോ അങ്ങനെ ചി​ന്തി​ക്കേണ്ട കാര്യവുമി​ല്ല. ഒ.ടി.ടി സി​നി​മകൾ വന്നതോടെ ആൾക്കാർ കുറേ കൂടി ലിബറായി​, പ്രേക്ഷകരും അങ്ങനെയായി​. നേരത്തെ ഞാൻ ലോകസി​നി​മകളൊന്നും അങ്ങനെ കണ്ടി​രുന്നി​ല്ല. ഒ.ടി​.ടി​ വന്നപ്പോൾ കി​ട്ടുന്ന സമയത്ത് അതെല്ലാം ഇപ്പോൾ കാണുന്നു. അതൊരു വലി​യ എത്തി​പ്പെടൽ ആണ്. ലോക്ക് ഡൗണി​ന് ശേഷം ഞാൻ മൂന്ന് തമി​ഴ് പടങ്ങൾ ചെയ്‌തു. അവർ എന്നെ തി​രഞ്ഞെടുത്തത് ഒ.ടി​.ടി​യി​ലെ സി​നി​മകൾ കണ്ടുള്ള പരി​ചയം വഴി​യാണ്. അനുപമ ചോപ്രയുടെ ഫിലിം കംപാനിയന്റെ ബിയോണ്ട് ബോളിവുഡ് സീരീസി​ൽ അവർ ആദ്യം ശുപാർശ ചെയ്‌ത സി​നി​മ ഞാൻ അഭി​നയി​ച്ച 'കടശീല ബി​രി​യാണി​' എന്ന ചി​ത്രം കണ്ടാണ്. ഇതെല്ലാം സംഭവി​ക്കുമ്പോൾ ഞാൻ ഹാപ്പി​യാണ്.

സംവി​ധാനം ചെയ്യുമായി​രി​ക്കും

ഒരു ഡയറക്ടർ എന്റെ ഉള്ളിലുണ്ട്. അറിയം. എന്നാൽ ഇപ്പോൾ അതി​നെ കുറി​ച്ച് ഒന്നും പറയുന്നി​ല്ല. ചിലപ്പോൾ ചെയ്യുമാരിക്കും. ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്നി​ല്ല. ഇത്തിരി പണിയുളള പരിപാടിയാണ്. ഒരുപാട് സമയം ചെലവിട്ട് ആൾക്കാരെ കോ ഓർഡിനേറ്റ് ചെയ്ത് സി​നി​മ എടുക്കാനുള്ള അത്ര ക്ഷമ എനിക്കുണ്ടോ എന്നറിയില്ല. അസി​സ്റ്റന്റ് ഡയറക്‌ടറായത് ഇതി​ന്റെ പി​ന്നി​ലെ ടെക്‌നി​ക്കൽ കാര്യങ്ങൾ പഠി​ക്കാനാണ്. പതിനാല് ഷോർട്ട് ഫി​ലി​മുകൾ ചെയ്‌തു.അതു കൊണ്ട് കണ്ടന്റ് ക്രി​യേഷൻ, മേക്കി​ംഗ് എന്നി​വയെ കുറി​ച്ച് ധാരണയുണ്ട്.എനിക്ക് ചെയ്യേണ്ട സിനിമയാണെന്ന് തോന്നുമ്പോൾ, ബാക്കി​ എല്ലാം ഓകെയാണെങ്കി​ൽ അറി​യി​ല്ല, ചി​ലപ്പോൾ ചെയ്‌തേക്കാം.

അഭിനയം പഠിക്കണം

'എ.ബി.സി.ഡി' ചെയ്‌തപ്പോഴാണ് അഭിനയം പഠിക്കണമെന്ന് തോന്നിയത്. അങ്ങനെയാണ് ആക്‌ട് ലാബിൽ ചേർന്നത്. അഭിനയത്തിലേക്ക് എത്തുന്ന ഒരു പ്രോസസുണ്ട്. അതറിയാൻ അഭിനയം പഠിക്കുന്നതാണ് നല്ലത്. എത്ര ഡെപ്ത്തിലേക്ക് കഥാപാത്രം പോകണം എന്നൊക്കെ ടെക്‌നിക്കലായി അറിയുന്നത് അഭിനയത്തെ സഹായിക്കും. ഓരോ കഥാപാത്രത്തെയും സമീപിക്കുന്ന രീതി വ്യത്യസ്‌തമാണല്ലോ. അതൊരിക്കലും ഈസി പ്രോസസ് അല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment