''ഉറപ്പായും തിരിച്ചറിയും സാറേ.... അയാൾടെ കോങ്കണ്ണ് ഞാൻ മറക്കത്തില്ല.''
''കോങ്കണ്ണോ?''
''അതേ സാറേ, കോങ്കണ്ണുള്ള മെലിഞ്ഞ ആൾ''...
'കേരള ക്രൈം ഫയൽസി'ൽ പ്രതിയിലേക്ക് ഒരു തുമ്പും കിട്ടാതെ
പൊലീസുകാർ ഇരുട്ടിൽ തപ്പുമ്പോൾ ഈ കിടിലൻ ക്ളൂ ഇട്ട് കൊടുത്തത് കൊലപാതകം നടന്ന ലോഡ്‌ജിന്റെ നടത്തിപ്പുകാരനായ ശരത് ആണ്. പിന്നെ കുറ്റവാളിയുടെ ചിത്രം വരയ്‌ക്കുന്ന ആർട്ടിസ്റ്റിന്റെ മുന്നിൽ, പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഇതിലും നല്ലത് സ്വപ്‌നങ്ങളിൽ മാത്രം എന്ന മട്ടിലൊരു പ്രകടനം ശരത് നടത്തുന്നുണ്ട്. എജ്ജാതി പറച്ചിലായിരുന്നു അത്! പ്രതിയുടെ കിറുകൃത്യം ചിത്രം ആർട്ടിസ്റ്റ് വരച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ...
''സാറേ നീളൻമൂക്ക്, ഒട്ടിയ കവിള്, തടിച്ച ചുണ്ടുകള്...''
''എടാ... ടാ അയാളിവിടെ നോവലെഴുതാൻ ഇരിക്കുന്നതല്ല. നിന്റെ മനസിലുള്ള കാര്യങ്ങൾ വ്യക്തമായി പറയുക, വലിയ വർണനയൊന്നും വേണ്ട കേട്ടല്ലോ..''
''കുറച്ചു കൂടെ നീളമുള്ള മൂക്കാണ് സാറേ...ആ... പിന്നെ സാർ അയാളുടെ പുരികമുണ്ടല്ലോ സാറേ, ടാറിട്ട പുരികമാണ്...''
''ടാറിട്ട പുരികമോ?''
''അതേ സാർ ടാറിട്ട പുരികം, നല്ല കറുകറാന്ന് കറുത്തിരിക്കുന്ന പുരികം. സാറിന്റെ കൂട്ടല്ല, കുറച്ചൂടെ കറുപ്പുണ്ടവും സാറേ...''
''പിന്നെയില്ലേ സാറേ, അയാളുടെ താടിയുടെ ഷേപ് വീ മുട്ടായിയുടെ കൂട്ടിരിക്കും, വീ പോലെ കൂർത്തിരിക്കും.''
''എന്തോന്നേടേ ഇത്?''
''ഇങ്ങനെയൊക്കെ പറഞ്ഞാലല്ലേ ആ പുള്ളിക്കാരന് പെട്ടെന്ന് വരക്കാൻ പറ്റൂ..''
''ഉം... ശരി''
വളരെ കുറച്ച് സീനുകളിലേ ഉള്ളൂവെങ്കിലും കേരള ക്രൈം ഫയൽസിലെ ശരത് എന്ന കഥാപാത്രത്തെ അത്രയെളുപ്പം മറക്കാൻ കഴിയില്ല. ഉള്ള സീനുകളിൽ പൊളിച്ചടുക്കിയ പ്രകടനം നടത്തിയത് ഹരിശങ്കർ എന്ന യുവനടനാണ്. 'ജൂൺ' എന്ന സിനിമയിലൂടെ പ്രേക്ഷകർ ഓർക്കുന്ന മുഖം. ടാറിട്ട പുരികം പോലെ രസമുള്ള 'കേരള ക്രൈം ഫയൽസ്'നിമിഷങ്ങൾ ഹരിശങ്കർ ഓർത്തെടുക്കുന്നു.
പ്രതീക്ഷിക്കാത്ത സ്വീകാര്യത
കേരള ക്രൈം ഫയൽസി'ൽ ഇത്ര പ്രതികരണങ്ങൾ ഞാൻ പ്രതീക്ഷിച്ചതേ ഇല്ല. പ്രത്യേകിച്ചും ആൾക്കാർ ശരതിന്റെ ഡയലോഗുകളൊക്കെയെടുത്ത് മെൻഷൻ ചെയ്‌തു പറയുമ്പോൾ അത്ര സന്തോഷം തോന്നുന്നുണ്ട്. സീരിസിന്റെ ആദ്യ രണ്ടു എപ്പിസോഡുകളിലേ ഞാനുള്ളൂ. പിന്നീടുള്ളവയിൽ എന്റേതായ സാന്നിദ്ധ്യമുണ്ടെങ്കിലും ശരിക്കും ആദ്യത്തെ എപ്പിസോഡുകളിലാണ് എന്റെ സീനുകൾ വരുന്നത്. അതും വളരെ കുറച്ചേ ഉള്ളൂ. അവിടെ നിന്നുമാണ് ആളുകൾക്ക് ഇഷ്ടമായി എന്ന രീതിയിൽ നമുക്ക് അംഗീകാരം ലഭിക്കുന്നത്. ഇത്രയും ആളുകൾ ഏറ്റെടുക്കുന്നു എന്നത് തന്നെവലിയ സന്തോഷമാണ്. ഷൂട്ട് ചെയ്യുമ്പോഴോ തിരക്കഥ ചർച്ച ചെയ്യുമ്പോഴോ ഇങ്ങനെ സംഭവിക്കുമെന്ന് ചിന്തിച്ചിട്ടു പോലുമില്ല. ആൾക്കാർ ഉള്ളിൽ നിന്നും ചിരിക്കേണ്ടതല്ലേ. ഇക്കിളിയിട്ട് ചിരിപ്പിക്കാൻ കഴിയില്ലല്ലോ...
ടാറിട്ട പുരികവും വി മുട്ടായിയും
ഒരു കുറ്റകൃത്യം നടക്കുമ്പോൾ പ്രതിയുടെ ചിത്രം വരപ്പിക്കുക, മറ്റു പൊലീസ് സ്റ്റേഷനുകളിൽ അയക്കുക... ഇതൊക്കെ. പക്ഷേ, ക്രൈം ഫയലിൽ അത് ക്ളീഷേ ബ്രേക്കിംഗ് പരിപാടിയാണ്. നമ്മളത് ചെയ്യുമ്പോൾ ടാറിട്ട പുരികം എന്ന ഡയലോഗൊന്നുമില്ല. ആകെ രണ്ടുമൂന്നു ഡയലോഗേ ഉള്ളൂ. സ്ക്രിപ്റ്റ് വർക്ക് ഷോപ്പ് നടക്കുന്ന സമയത്ത് ടാറിട്ട പുരികം എന്നത് വെറുതെ പറഞ്ഞതാണ്. നേരത്തെ ആലോചിച്ച് പറഞ്ഞതല്ല. അതു കേട്ടപ്പോൾ തന്നെ എല്ലാവരും ചിരിച്ചു. പിന്നെ സെറ്റിൽ വന്നപ്പോൾ അഹമ്മദിക്കയോടു ചോദിച്ചപ്പോൾ അതു തന്നെ ചെയ്യാൻ പറഞ്ഞു. അപ്പോഴും ജസ്റ്റ് പറഞ്ഞെന്നേ ഉള്ളൂ. ഇത്രയും വൈറലാകുമെന്നോ, സ്വീകാര്യത കിട്ടുമെന്നോ വിചാരിച്ചല്ല ചെയ്‌തത്. കാരണം ടാറിട്ട പുരികം എന്നു പറയുന്നത് പുരികത്തെ സാധാരണ പറയുന്ന ഒരു കംപാരിസണേ അല്ല. വി മുട്ടായിയും ഇതേ പോലെ സംഭവിച്ചതാണ്. ഒരു ചെറിയ കഷണം ഡയലോഗാണെങ്കിലും ആൾക്കാരത് പിടിച്ചെടുത്തു. ഇത്ര സീരിയസായ സിനിമയിലെ രസകരമായ സീനുകൾ എന്ന നിലയിലാവാമത്.
ചെറിയ ചിരികൾ വന്ന വഴികൾ
ഞങ്ങളെ 'ജൂണി'ലൂടെ സിനിമയിലേക്ക് കൊണ്ടു വന്നത് അഹമ്മദ് ഇക്കയാണ്. ഇതിലേക്ക് വിളിക്കുമ്പോൾ തന്നെ ഇക്ക പറഞ്ഞിരുന്നു, നീ ചെയ്‌താൽ നന്നായിരിക്കും എന്ന് പറഞ്ഞിരുന്നു. അന്നേരം എനിക്ക് തിരക്കഥ അറിയില്ല, കഥാപാത്രത്തെയും അറിയില്ല. പിന്നെ കഥ പറഞ്ഞപ്പോൾ എനിക്കിഷ്‌ടപ്പെട്ടു. അപ്പോൾ പോലും ആ റോൾ ഇത്ര ശ്രദ്ധിക്കപ്പെടുമെന്ന യാതൊരു തോന്നലും എനിക്കില്ല. ക്രൈം ഫയൽ സീരിസിൽ ഹ്യൂമറിന്റെ അംശമുള്ള സീനുകൾ വളരെ കുറവാണ്. സീരിയസായിട്ടുള്ള കഥയല്ലേ. അവിടെ എന്തെങ്കിലും ചില ചെറിയ ചിരികൾ വരുത്താൻ ഏൽപ്പിച്ചിരിക്കുന്നത് പൊലീസുകാരന്റെ വേഷത്തിലെത്തിയ സഞ്ജുവിനെയും എന്നെയുമാണ്. അഹമ്മദിക്ക ചെറിയ ഒരു നരേഷൻ തരും. ബാക്കി നമ്മൾ ചെയ്യുകയാണ്. ചിലർ ചോദിച്ചിട്ടുണ്ട്, ഒത്തിരി പ്ളാൻ ചെയ്‌ത സീൻ ആണോ ഇതെന്ന് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. എവിടെ, എങ്ങനെ വേണം എന്ന് സ്ക്രിപ്റ്റിൽ വർക്ക് ചെയ്‌തിരുന്നു. ഗഹനമായ ചർച്ചകളോ സംഭവങ്ങളോ ഒന്നും എന്റെ കാരക്ടറിന് വേണ്ടി ചെയ്‌തിട്ടില്ല.
കൂൾ ഇക്ക ഞങ്ങളെയും കൂളാക്കും
അഹമ്മദിക്കയുടെ വെബ്സീരിസായതുകൊണ്ട് ആ ക്രൂവുമായി അടുത്ത ബന്ധമുണ്ട്. ഫാമിലി പോലെയായിരുന്നു, ഷൂട്ടിംഗ് സെറ്റാണെന്ന് തോന്നുകയേ ഇല്ലായിരുന്നു. അത്രയും കംഫർട്ടബിളായിരുന്നു. ഇക്ക ആർട്ടിസ്റ്റുകളെ കംഫർട്ടാക്കിയാണ് സിനിമ ചെയ്യുന്നത്. ക്രൂവിനോടും ഇതേ സമീപനമാണ്. 'ജൂൺ' ചെയ്‌തപ്പോഴും അങ്ങനെ ആയിരുന്നു. ഞങ്ങളുടെതും ഇക്കയുടെയും ആദ്യ സിനിമയായിരുന്നു. എന്നാൽ അങ്ങനെയുള്ള യാതൊരു സമ്മർദ്ദവും ഞങ്ങൾക്ക് തന്നിട്ടില്ല. അഹമ്മദിക്ക എന്ന കംഫർട്ട് സോൺ വലിയ പിന്തുണയാണ് തരുന്നത്.
ഓകെയാണെങ്കിൽ ആ വിളി വരും
അഹമ്മിദിക്ക 'ജൂണി'ന് ശേഷം 'മധുരം' ചെയ്‌തു. ആ സിനിമയിൽ ഞങ്ങളാരും തന്നെ ഇല്ല. അതേ സമയം ഞങ്ങളതിന്റെ ക്യാമ്പിൽ പോയിട്ടുണ്ട്, പ്രീ പ്രൊഡക്ഷൻ സമയത്ത് ഉണ്ട്. അതിൽ ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു റോളും ഇല്ല. ഇനി ഉണ്ടെങ്കിൽ തന്നെ, ഇന്ന റോൾ ഇയാൾ ചെയ്‌താൽ നന്നായിരിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിലേ വിളിക്കൂ. ക്രൈം ഫയലിൽ ആണെങ്കിൽ ശരത് എന്ന വേഷം ഞാൻ ചെയ്‌താൽ ഓകെയായിരിക്കുമെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് അദ്ദേഹം വിളിച്ചത്. വർക്ക് ഷോപ്പിൽ എനിക്ക് രണ്ടുമൂന്ന് സീൻ തന്നിരുന്നു. പുള്ളി അത് കണ്ടപ്പോൾ ഓകെയായി. സഞ്ജുവിന്റെ വേഷമാണെങ്കിലും അങ്ങനെ തന്നെയാണ്. ചുമ്മാ വിളിച്ച് റോൾ ചെയ്യാൻ ഇക്ക പറയില്ല. മുൻപരിചയത്തിന്റെ പേരിൽ എന്നാ പിന്നെ ഒരു റോൾ കൊടുത്തേക്കാമെന്ന് പറഞ്ഞ് ഇക്ക വിളിക്കില്ല. ഇക്കയ്‌ക്ക് ഞങ്ങളോട് തീർച്ചയായും ഇഷ്ടമുണ്ട്, മുൻഗണന ഉണ്ട്. ഇതെല്ലാമാണെങ്കിലും കാരക്ടറിന് ഓകെയാണെങ്കിലേ ആ വിളി പ്രതീക്ഷിക്കാം. അത് അങ്ങനെ തന്നെയാവുകയും വേണം.
ഡേറ്റ് മാറി, പക്ഷേ, ശരത് കയ്യിലെത്തി
എന്നോട് കഥ പറയുമ്പോൾ ഡിസ്‌നിയ്‌ക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞിരുന്നു. പിന്നീട് എനിക്കീ വേഷം ചെയ്യാൻ കഴിയില്ലേ എന്ന് സംശയിച്ച ഒരു സാഹചര്യവുമുണ്ടായി. മറ്റൊരു ചിത്രത്തിന്റെ ഡേറ്റും ഇതേ ഡേറ്റിലായിരുന്നു വന്നത്. ഞാനത് ഇക്കയോട് പറയുകയും ചെയ്‌തു. ഏതായാലും ഭാഗ്യമോ, നിർഭാഗ്യമോ ആ സിനിമ രണ്ടുമാസത്തേക്ക് നീട്ടി വച്ചതോടെ എനിക്ക് ക്രൈം ഫയലിൽ അഭിനയിക്കാനായി. ഡിസ്‌നി ഹോട്ട് സ്റ്റാറിന്റെ ആദ്യത്തെ മലയാളം വെബ്‌സീരിസാണ്. ഇതൊരു തുടക്കമാണ്. ഈ സീരിസ് ആദ്യത്തേതായതുകൊണ്ടു തന്നെ ഇനി എത്ര തന്നെ വെബ് സീരിസ് വന്നാലും അതിവിടെ തന്നെ കാണും. ഇനി ഏതു പ്ളാറ്റ് ഫോമിൽ ക്രൈം സ്റ്റോറി വന്നാലും 'കേരള ക്രൈം ഫയൽസു'മായാവും താരതമ്യപ്പെടുത്താൻ പോകുന്നത്. കാരണം ആദ്യത്തേത് എന്ന നിലയിൽ ഒരു ബെഞ്ച് മാർക്ക് സെറ്റ് ചെയ്‌തു കഴിഞ്ഞു. അതിന്റെ ഭാഗമായത് അഭിമാനമുണ്ട്.
Harisankar 4.jpg
കൊച്ചിയിലല്ല, കൊല്ലത്താണ് ആ ലോഡ്‌ജ്
എന്റെ സീനുകളൊക്കെ തുടക്കത്തിൽ തന്നെയായിരുന്നു ഷൂട്ട് ചെയ്‌തത്. ഒന്നോ രണ്ടോ ഷോട്ടുകളൊക്കെ ഷൂട്ടിംഗിന്റെ അവസാനമെടുത്തിട്ടുണ്ട്. കൊല്ലത്തായിരുന്നു ലോഡ്‌ജൊക്കെ ചിത്രീകരിച്ചത്. അവിടെയുള്ള ഒരു ഹോസ്‌പിറ്റലാണ് ലോഡ്‌ജാക്കി മാറ്റിയത്. കഥയിൽ പറയുന്ന അന്തരീക്ഷമൊക്കെ കാണിക്കാൻ പറ്റിയ സ്ഥലമാണ് കൊല്ലം എന്നതു കൊണ്ടാണ് ആ സ്ഥലം തിരഞ്ഞെടുത്തത്. സീരിസ് തുടങ്ങി ആദ്യമിനുറ്റുകൾക്കുള്ളിൽ തന്നെ കൊലപാതകം കാണിക്കുന്നുണ്ട്. വളരെ പ്ളെയിനായാണ് തുടങ്ങുന്നതെങ്കിൽ ആദ്യം തന്നെ കാഴ്‌ചക്കാരെ പിടിച്ചെടുക്കാൻ കഴിയണമെന്നില്ല. തുടക്കത്തിൽ തന്നെ ആര്, എന്തിന് വേണ്ടി എന്ന ചോദ്യങ്ങൾ ഇട്ടുകൊടുക്കണം. പ്രേക്ഷകരുടെ ആകാംക്ഷ അവിടെ വേണം തുടങ്ങാൻ.
ആഗ്രഹിച്ച്, കൊതിച്ച് എത്തിയ സിനിമ
പത്തനംതിട്ടയാണ് സ്വദേശം. ഒരുപാട് വർഷത്തെ ആഗ്രഹമായിരുന്നു സിനിമ. നേരത്തെ ഓഡിഷനൊക്കെ പോകുമായിരുന്നെങ്കിലും ഡിഗ്രിക്ക് ശേഷമാണ് ഗൗരവത്തോടെ സിനിമയെ കണ്ടു തുടങ്ങിയത്. 'ജൂൺ' സംഭവിച്ചതും ആ സമയത്താണ്. അതിന് മുമ്പ് രണ്ടു സിനിമകളിലുണ്ടായിരുന്നു. പക്ഷേ, ഒരു കാരക്ടർ എന്ന നിലയിലെ തുടക്കം ജൂൺ ആണ്. സോഫിയാ പോൾ നിർമ്മിച്ച് നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ആർ.ഡി.എക്‌സ്' എന്ന ചിത്രമാണ് ഇനി ഇറങ്ങാനുള്ളത്. ഷെയ്‌ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവൻ എന്നിവർ നായകരാകുന്ന ചിത്രം ഓണം റിലീസാണ്.