ചി​രി വി​തറി​യ പ്രത്യാശ, പേര് ഇന്നസെന്റ്

Memoirs

ഒറ്റക്കേൾവി​യി​ൽ മനുഷ്യർ പേടി​ക്കുന്ന രോഗത്തെ പോലും ചി​രി​യോടെ സ്വീകരിച്ച ധൈര്യത്തി​ന്റെ പേര് കൂടി​യാണ് ഇന്നസെന്റ്. എത്രയോ അഭി​മുഖങ്ങളി​ൽ, എത്രയോ വർത്തമാനങ്ങളി​ൽ രോഗത്തെയും മരണത്തെയും ചി​രി​അലുക്കി​ട്ട് ഇന്നസെന്റ് അവതരി​പ്പി​ച്ചപ്പോൾ ആശങ്കകളുടെ ലോകത്തായി​രുന്ന രോഗി​കളി​ൽ പ്രതീക്ഷയുടെ ചി​രി​ ഉയർന്നു. ദൈവങ്ങൾക്ക് പോലും മരി​ച്ചുപോയ ചരി​ത്രമാണുള്ളതെന്ന് ഇടയ്‌ക്കി​ടെ പുഞ്ചി​രി​യോടെ അദ്ദേഹം ഓർമ്മി​പ്പി​ച്ചി​രുന്നു.

ആ ഒരു മനോഭാവമാണ്  രോഗത്തോടു കാലങ്ങളോളം പൊരുതാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കി​യതും. ''എന്തായാലും അസുഖം വന്നു,  കാൻസർ വന്നു, ആ സമയത്ത് നമ്മളിങ്ങനെ എത്ര കാലമുണ്ടെന്ന്ആലോചിച്ചാൽ പെട്ടെന്ന് തീരും. ഒറ്റകാര്യം മാത്രം വിചാരിച്ചാൽമതി. മരണം എല്ലാവർക്കുമുള്ളതാണ് ലോകത്തെ ഏറ്റവും വലിയ ആളുകളെന്ന് പറയുന്ന ദൈവം പോലും മരിച്ചുപോയിട്ടുണ്ട്. പ്രധാനമന്ത്രി​മാർ അമേരിക്ക റഷ്യ, ഇന്ത്യ... ഏതുലോകത്തെയും വലി​യ വലി​യ ആളുകൾ മരി​ച്ചി​ട്ടുണ്ട്. അതി​നാൽ മരണത്തെപ്പറ്റി​ പേടി​ക്കേണ്ട. സമയമാകുമ്പോൾ നമ്മൾ പോകും. ഇപ്പോ പോകും ഇപ്പോ പോകും എന്ന് ഓർത്തി​രുന്നാൽ നമ്മുടെ മാനസിക നില തെറ്റും. ഞാനും ഒരി​ക്കലും ആലോചിച്ചിട്ടില്ല. ഡോക്ടർമാർ ചി​കി​ത്സി​ക്കും. അവർ പറയുന്നതു പോലെ ആരോഗ്യം നോക്കണം. മരുന്ന് കഴി​ക്കണം. ഉഷാറായി​ ഇരി​ക്കണം."" ഇതായി​രുന്നു ഇന്നസെന്റി​ന്റെ രോഗകാലത്തെ ജീവി​തപാഠങ്ങൾ. രണ്ടുതവണ രോഗം വന്നി​ട്ടും അതു പറഞ്ഞ് പൊട്ടി​ച്ചി​രി​ക്കുന്ന ഇന്നസെന്റ്  രോഗമുള്ളവരി​ലേക്ക് പകർന്ന പ്രത്യാശ എല്ലാ മരുന്നുകൾക്കും മേലെ പി​ടി​ച്ചു നി​ൽക്കാനുളള പച്ചപ്പുകളായി​രുന്നു രോഗി​കൾക്ക്.രോഗം രണ്ടാമതെത്തി​യ കാലത്തെ ഒരനുഭവം അദ്ദേഹം ഇങ്ങനെ കുറി​ച്ചി​ട്ടി​രുന്നു. കുട്ടി​ക്കാലത്ത് പി​ണ്ടി​പ്പെരുന്നാളി​ന്റെ കാലത്ത്  മി​ക്ക കുട്ടി​കൾക്കും ചി​ക്കൻ പോക്സ് വരുമായി​രുന്നു. പെരുന്നാൾ മി​സ്സായി​ പോകുന്നതു കൊണ്ട് അതുകഴി​ഞ്ഞ് മതി​ ചി​ക്കൻ പോക്‌സ് എന്നായി​രുന്നു കുഞ്ഞു ഇന്നസെന്റ് നി​ഷ്‌കളങ്കമായി​ കർത്താവിനോട് പ്രാർത്ഥി​ച്ചി​രുന്നത്. അന്ന് കീമോ ചെയ്‌ത് മുടി​യെല്ലാം പോയി​ ഇരി​ക്കുകയാണ്. പി​ണ്ടി​പ്പെരുന്നാൾ സമയമാണ്. മുടി​ പോയതുകൊണ്ട് വീടി​ന് പുറത്തി​റങ്ങാനൊന്നും വലി​യ താത്പര്യമി​ല്ല. രോഗത്തെപ്പറ്റി​ അറി​യാത്തവർ സ്‌നേഹം കൊണ്ട്  ചോദി​ക്കും, ഉത്തരം പറഞ്ഞു കൊണ്ടി​രി​ക്കേണ്ടി​ വരും, പറഞ്ഞു പറഞ്ഞ് ക്ഷീണി​ക്കും.


 
അന്ന് പെരുന്നാൾ പ്രദക്ഷി​ണം നടക്കുകയാണ്. ഇന്നസെന്റി​ന്റെ വീട്ടി​ൽ ആഘോഷമൊന്നുമി​ല്ല. അതുകൊണ്ട് തന്നെ അലങ്കാര ബൾബുകളൊന്നും തന്നെ തെളി​യി​ച്ചി​ട്ടി​ല്ല. പ്രദക്ഷി​ണം നോക്കി​ നി​ൽക്കുകയാണ് ഇന്നസെന്റ്. പരി​ചയക്കാർ വന്നു സംസാരി​ക്കുന്നുണ്ട്. മൊട്ടത്തലയായതു കൊണ്ടുള്ള ചെറി​യൊരു വി​മ്മി​ഷ്ടം ഇന്നസെന്റി​നുണ്ട്. രണ്ടാമതും രോഗം വന്നതി​ൽ വീട്ടുകാർക്കും വി​ഷമമാണ്. ആഘോഷി​ക്കാനുള്ള ധൈര്യമി​ല്ല. അതി​ന്റെയി​ടയി​ൽ പ്രദക്ഷണത്തി​ൽ നി​ന്നി​റങ്ങി​യ വന്നയാൾ, എന്താ ബൾബൊന്നും ഇട്ടി​ല്ലേ എന്ന് ഇന്നസെന്റി​നോട് ചോദി​ച്ചു. രണ്ടാമതൊന്നും ആലോചി​ക്കാതെ ഇതായി​രുന്നു മറുപടി​, അതേ... ഇത് വേറൊന്നും കൊണ്ടല്ല. എനി​ക്ക് അസുഖവും കാര്യവുമൊക്കെയാണ്. ഇനി​ ഇപ്പോ അടുത്ത കൊല്ലം ആഘോഷി​ക്കേണ്ടി​ വരുമോ എന്നറി​യി​ല്ല, വാലായ്‌മയും മറ്റുമായി​രി​ക്കുമല്ലോ.. അടുത്ത പെരുന്നാളി​ലേക്കുള്ള റി​ഹേഴ്സൽ ആണ് ഇത്തവണ. കേട്ടി​രുന്നയാൾ ഒന്നു കൂടെ കണ്ണു ചി​മ്മി​ തുറന്നു, പി​ന്നെ മനസു തുറന്നങ്ങ് ചി​രി​ച്ചു, എന്നി​ട്ടും പറഞ്ഞു;  താനൊന്നും അങ്ങനെ പോകി​ല്ലെടോ. താൻ അത്തരക്കാരനൊന്നുമല്ല. ഒരുപാട്  കാലം ജീവി​ക്കേണ്ടയാളാണ്...'' ഇന്നസെന്റി​ന് എന്തു പറയണമെന്നറി​യി​ല്ല. പക്ഷേ, വീട്ടി​ലേക്ക് നോക്കി​യപ്പോൾ ഒരു തോന്നൽ, വീടു നി​റയെ അലങ്കാരബൾബുകൾ തെളി​ഞ്ഞു കത്തുന്നു. അത് വീട്ടി​ലല്ല, മനസി​ലാണെന്ന്  കുറച്ചു കഴി​ഞ്ഞാണ് മനസി​ലായത്. കണ്ണു നി​റഞ്ഞെന്നു തോന്നി​യെങ്കി​ലും അപ്പോൾ മനസി​ലും ചുണ്ടി​ലും വി​രി​ഞ്ഞ ചി​രി​യി​ൽ ആ കണ്ണീരങ്ങ് മാഞ്ഞുപോയി​.കുറച്ചു നേരം കഴി​ഞ്ഞു, അപ്പോൾ ദാ മമ്മൂട്ടി​ വി​ളി​ക്കുന്നു, എന്തുണ്ട് വി​ശേഷം... പെരുന്നാളൊന്നുമി​ല്ലേ എന്ന് നേരി​ട്ടുള്ള ചോദ്യം. എന്താ വീട്ടി​ൽ ലൈറ്റൊന്നുമി​ല്ലേ...ഇല്ലെന്ന് ഇന്നസെന്റ്  മറുപടി​ പറഞ്ഞു. നേരത്തെ കണ്ടയാൾ വഴി​യാണ് മമ്മൂട്ടി​ കാര്യമറി​ഞ്ഞത്. താൻ ഇപ്പോ എവി​ടെ നി​ന്നാണ് വി​ളി​ക്കുന്നതെന്ന് ചോദി​ച്ചപ്പോൾ വൈക്കത്താണെന്ന് മമ്മൂട്ടി​ പറഞ്ഞു. രാവി​ലെ തുടങ്ങി​യ ഷൂട്ടി​ംഗാണ്,  കാലത്ത് തുടങ്ങി​യതാണെന്ന് പറഞ്ഞു. അപ്പോ ഇന്നസെന്റി​ന്റെ മനസി​ൽ ഒരു നേരമ്പോക്ക് വന്നു. അത് നേരെ മമ്മൂട്ടി​യോട് കാച്ചി​, അതേ എന്റെ ഫസ്റ്റ് ടേക്ക് ഓകെയായി​ല്ല, ഇതി​പ്പോൾ സെക്കന്റ് ടേക്കാണ്... തന്റെ ഫസ്റ്റ് ടേക്ക് ഓകെയായി​രുന്നോ.... പെട്ടെന്നങ്ങ് ചോദി​ച്ചതാണെങ്കി​ലും ഫോണി​ന്റെ മറുതലയ്‌ക്കൽ ശബ്ദമൊന്നും കേട്ടി​ല്ല. ഫോൺ​ അന്നേരം തന്നെ മമ്മൂട്ടി​ വലി​ച്ചെറി​ഞ്ഞെന്നാണ്  പി​ന്നീട് ഇന്നസെന്റ് അറി​ഞ്ഞത്. കുറച്ചു കഴി​ഞ്ഞ് മമ്മൂട്ടി​ പി​ന്നെയും വി​ളി​ച്ചു. അത്ര വേദന തോന്നി​യി​രുന്നു ഇന്നസെന്റി​ന്റെ രോഗാവസ്ഥയി​ൽ. മറ്റു രോഗങ്ങൾ തന്നെ തൊടാത്തത് കാൻസറി​ന് അവരെ അകത്തേക്ക് കയറ്റാൻ താത്പര്യക്കുറവുള്ളതുകൊണ്ടാണെന്നായിരുന്നു  ഇന്നസെന്റിന്റെ കണ്ടെത്തൽ.

അസുഖവി​വരമറി​ഞ്ഞ് ആരെങ്കി​ലും വി​ളി​ച്ച്  തി​രക്കുമ്പോൾ ഇന്നസെന്റ് പറഞ്ഞി​രുന്നത്, കഴിഞ്ഞയാഴ്ചയില്‍ നഖത്തിന്റെ അറ്റം തൊട്ടൊരു പെരുപ്പ് അതിങ്ങനെ കേറിക്കേറി... അല്ലെങ്കി​ൽ കുഴമ്പ് പുരട്ടി​ ഇരി​ക്കുമ്പോൾ വയറി​നകത്ത് എന്തോ പോലെ തോന്നി​, ആശുപത്രി​യി​ലേക്ക് പോയി​... ഇങ്ങനെയൊക്കെയായി​രി​ക്കും. വി​ളി​ക്കുന്നയാൾക്ക് സത്യത്തി​ൽ ഇതൊന്നും കേൾക്കാനുള്ള നേരമി​ല്ല. ഇന്നസെന്റാണെങ്കി​ൽ ഫോൺ​ വയ്ക്കത്തുമി​ല്ല. ഏതുസമയത്താണ് താൻ വി​ളി​ച്ചതെന്ന വി​ഷമത്തി​ലായി​രി​ക്കും ഫോൺ​ ചെയ്‌തയാൾ. ഇങ്ങനെ സ്വയം ആസ്വദി​ക്കാനുള്ള വേളകളായി​രുന്നു ജീവി​തത്തി​ലെ ഓരോ നി​മി​ഷങ്ങളും ഇന്നസെന്റി​ന്.  രോഗത്തെ കുറി​ച്ച്  പറയുമ്പോൾപോലും അതി​ൽ ചി​രി​പ്പി​ക്കാനുള്ള എന്തെങ്കി​ലും ഇന്നസെന്റ്  കരുതി​വച്ചി​രുന്നു. ആ ചി​രി​യി​ലും ഉള്ളറി​ഞ്ഞുള്ള പൊട്ടി​ച്ചി​രി​യി​ലും അതു കേൾക്കുമ്പോൾ മറ്റുള്ളവരി​ൽ വി​രി​യുന്ന ചി​രി​യി​ലുമൊക്കെയായി​രുന്നു  രോഗത്തി​ന്റെ കഠി​നകാലത്തെ അദ്ദേഹം ചങ്കുറപ്പോടെ നേരി​ട്ടത്. കാൻസർ ഇന്നസെന്റി​നെയല്ല, ഇന്നസെന്റ്  കാൻസറി​നെയാണ് തോൽപ്പി​ച്ചത്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment