വഴി മാറി... മുണ്ടക്കല്‍ ശേഖരന്‍

Cafe Special

ജീവൻ ടെക്നോളജീസ് എന്ന ഐ ടി സൊല്യൂഷൻസ് കമ്പനിയിൽ ജോലി ലഭിച്ച പാലക്കാട്ടുകാരൻ രാഹുൽ ഓറിയെന്റേഷൻ  & ട്രെയിനിംഗ് പ്രോഗ്രാമിന്റെ  അവസാന ദിവസം പുതിയ എംപ്ലോയീസിനെ അഭിസംബോധന ചെയ്യാൻ എത്തിയ CEO- യെ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. "നീലകണ്ഠാ..നീ ഇറങ്ങണം...എന്നാലേ എനിക്ക് ഹരം കൂടൂ" എന്ന് നെഞ്ച് നിവർത്തിപ്പറഞ്ഞ മുണ്ടക്കൽ ശേഖരൻ അല്ലേ ഇത്? ഇദ്ദേഹം ഇവിടെ എങ്ങനെ? അതിന് ഉത്തരം അറിയണമെങ്കിൽ തിരുച്ചി മുതൽ ടെന്നെസി വരെ നീണ്ടു കിടക്കുന്ന ഒരു ജീവിത യാത്രയെക്കുറിച്ച് അറിയണം...

വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ഡി എം കെ പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കുമരേശന്റെ  ജീവിതത്തിലെ ആദ്യ വഴിത്തിരിവ് തുടങ്ങുന്നത് സ്വന്തം അമ്മാവൻ ആയ കെ എൻ നെഹ്റു 1989-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് തമിഴ് നാട് വൈദ്യുതി വകുപ്പ് മന്ത്രിയായി അധികാരമേൽക്കുന്നതോട് കൂടിയാണ്. വിശ്വസ്തനായ ഒരാൾ കൂടെയുണ്ടാവണം എന്ന് കരുതി ഇരുപത്തിയാറുകാരനായ അനന്തരവൻ കുമരേശനെ തന്റെ  പേഴ്സണൽ അസിസ്റ്റൻ്റ് ആയി നിയമിച്ചു മന്ത്രി.

ആയിടക്കാണ് നാഗാർജുന അഭിനയിച്ച് റാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത "ഉദയം" (ശിവ) എന്ന സിനിമ തമിഴ് നാട്ടിൽ റിലീസ് ആകുന്നത്. സിനിമ കണ്ട സുഹൃത്തുക്കളിൽ ചിലർ ആ സിനിമയിലെ പുതിയ നായകന് കാഴ്ചയിൽ കുമരേശനോട് സാമ്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ കുമരേശനും ആ സിനിമ കണ്ടു. നിനക്കും സിനിമയിൽ അഭിനയിച്ച് കൂടേ എന്ന് സുഹൃത്തുക്കൾ നിരന്തരം പറഞ്ഞു തുടങ്ങിയപ്പോൾ ഒരിക്കൽ അമ്മാവൻ നെഹ്റുവിനോട് കുമരേശൻ തന്റെ  ആഗ്രഹം വെളിപ്പെടുത്തി. അന്നത്തെ ഡെപ്യൂട്ടി സ്പീക്കർ ദുരൈസാമിയുമായുള്ള അനൗപചാരിക സംഭാഷണത്തിൻ്റെ ഇടയിൽ അദ്ദേഹത്തോട് കുമരേശന്റെ  അഭിനയ മോഹത്തേക്കുറിച്ച് സൂചിപ്പിച്ചു അമ്മാവൻ നെഹ്റു. ഭാരതിരാജ തന്റെ  അടുത്ത കുടുംബ സുഹൃത്ത് ആണെന്നും അദ്ദേഹത്തോട് ശുപാർശ ചെയ്യാമെന്നും ദുരൈസാമി ഉറപ്പ് നൽകി.

 

ദുരൈസാമി നൽകിയ ശുപാർശക്കത്തുമായി ഭാരതിരാജയെ ചെന്ന് കണ്ട കുമരേശന്റെ  സമയം നല്ലതായിരുന്നു. ഭാരതി രാജ "പുതു നെല്ല് പുതു നാത്ത്" എന്ന സിനിമയുടെ ഷൂട്ട് തുടങ്ങാൻ പോകുന്ന സമയം... ഷൂട്ടിംഗ് നടക്കുന്ന അംബാസമുദ്രത്തിലേക്കുള്ള സംഘത്തിൽ കുമരേശനെയും ഉൾപ്പെടുത്തി. മുപ്പത് ദിവസത്തെ ഷൂട്ടിംഗിൽ ഇരുപത്തി അഞ്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കുമരേശനെ ക്യാമറയുടെ മുന്നിൽ നിർത്തിയില്ല. ഇരുപത്തി ആറാം ദിവസം മേക്കപ്പ് ചെയ്ത് വരാൻ പറഞ്ഞു. മേക്കപ്പ് ചെയ്ത തന്റെ  മുഖം കണ്ണാടിയിൽ കണ്ടപ്പോൾ കുമരേശൻ ഞെട്ടി. ഇരുപത്തി ഏഴ് വയസ്സ് പ്രായമുള്ള തനിക്ക് ഏതാണ്ട് അറുപത്തി അഞ്ച് വയസ്സ് പ്രായം മതിക്കുന്ന വേഷം! വിഷമം ഉള്ളിലൊതുക്കി അഭിനയിച്ച് തീർത്തു. ഷൂട്ടിംഗ് കഴിയുന്ന ദിവസം ഭാരതി രാജ കുമരേശനോട് പറഞ്ഞു "ഞാൻ നിന്റെ പേര് മാറ്റാൻ പോവുകയാണ്... നെപ്പോളിയൻ"... നെപ്പോളിയൻ എന്ന നടൻ അവിടെ ജനിക്കുകയായിരുന്നു.

പുത് നെല്ല് പുതു നാത്ത് സിനിമക്ക് ശേഷം നെപ്പോളിയനെ തേടിയെത്തിയതെല്ലാം പ്രായമേറിയ കഥാപാത്രങ്ങൾ ആയിരുന്നു. തന്നെക്കാളും രണ്ടോ മൂന്നോ വയസ്സ് അധികമുള്ള കാർത്തിക്കിന്റെ  അച്ഛനായി വരെ അഭിനയിച്ചു. അത്തരം വേഷങ്ങളിൽ തളക്കപ്പെട്ട് പോകുമോ എന്ന് ആശങ്കപ്പെട്ടിരുന്ന സമയത്താണ് രജനികാന്തിന്റെ  യജമാൻ സിനിമയിലേക്ക് വിളിക്കുന്നത്. രജനികാന്തിന്റെ  നായക കഥാപാത്രമായ വാനവരായനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന വല്ലവരായൻ എന്ന കഥാപാത്രം. ആ സിനിമക്ക് ശേഷം നെപ്പോളിയന്റെ  കരിയർ ഉയർച്ചയുടെ പാതയിൽ ആയിരുന്നു. യജമാനിലെ വേഷത്തേക്കുറിച്ച് അറിഞ്ഞാണ് ഐ വി ശശി ദേവാസുരത്തിലേക്ക് നെപ്പോളിയനെ ക്ഷണിക്കുന്നത്. മംഗലശ്ശേരി നീലകണ്ഠന് ഒത്ത എതിരാളിയായ മുണ്ടക്കൽ ശേഖരൻ ആയി നെപ്പോളിയൻ കളം നിറഞ്ഞാടി.

 

തമിഴ്, തെലുങ്ക്, മലയാള സിനിമകളിൽ ധാരാളം വില്ലൻ വേഷങ്ങൾ നെപ്പോളിയനെ തേടിയെത്തി. ഭാരതി രാജയുടെ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ നെഗറ്റീവ് ഷേഡുള്ള കേന്ദ്ര കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത സീവലപ്പേരി പാണ്ടി എന്ന സിനിമ സൂപ്പർ ഹിറ്റായതോടെയാണ് നെപ്പോളിയന്റെ  താര മൂല്യം കുത്തനെ ഉയർന്നത്. നെപ്പോളിയനെ നായകനാക്കി നിരവധി സിനിമകൾ ഉണ്ടായി.

കൈ നിറയെ അവസരങ്ങൾ ഉള്ളപ്പോൾ 2001-ൽ കലൈഞ്ജർ കരുണാനിധിയുടെ നിർദ്ദേശ പ്രകാരം ചെന്നൈയിലെ വില്ലിവാക്കം നിയോജക മണ്ഡലത്തിൽ മൽസരിച്ച് നിയമസഭയിലേക്ക് തിരഞ്ഞെുക്കപ്പെട്ടു. അതോടെ സിനിമകളുടെ എണ്ണം കുറക്കേണ്ടി വന്നു. 2009-ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് എം പി ആയ നെപ്പോളിയൻ മൻമോഹൻ സിങ് സർക്കാരിൽ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്തതോടെ സിനിമാ അഭിനയം ഗണ്യമായി കുറഞ്ഞു.

ഇതിനിടെ, നെപ്പോളിയൻ - ജയസുധ ദമ്പതിമാരുടെ ആദ്യ പുത്രൻ ധനുഷിന് മൂന്ന് നാല് വയസ്സ് പ്രായമുള്ളപ്പോൾ ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും muscular dystrophy എന്ന അവസ്ഥയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മകന്റെ  ചികിത്സയ്ക്കായി ലോകം മുഴുവൻ അന്വേഷിച്ചുവെങ്കിലും ആ രോഗാവസ്ഥക്ക് ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. ലഭ്യമായതിൽ മികച്ച ചികിത്സക്ക് വേണ്ടിയാണ് നെപ്പോളിയനും കുടുംബവും അമേരിക്കയിലേയ്ക്ക് പോകുന്നത്. ഇടയ്ക്കിടെ ചികിത്സക്ക് പോയി വരുന്ന സന്ദർഭങ്ങളിൽ ഒന്നിലാണ് മകൻ ധനുഷ് അച്ഛനോട് തനിക്ക് അമേരിക്കയിൽ തന്നെ താമസിച്ചാൽ മതി എന്ന് പറയുന്നത്. "ഇന്ത്യയിൽ വീൽ ചെയറിൽ ഞാൻ പോകുമ്പോൾ എല്ലാവരും ഒരു കാഴ്ച പോലെ എന്നെ വ്യത്യസ്തനായി നോക്കുന്നു. ഇവിടെ അങ്ങനെ ഒരു വ്യത്യാസം എനിക്ക് ഫീൽ ചെയ്യുന്നില്ല. പിന്നെ, വീൽ ചെയറിൽ എവിടെയും പോകാനുള്ള സൗകര്യവും ഉണ്ട്". അത് കേട്ടതോടെയാണ് അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിക്കുന്നത്. അവിടെ ഗ്രീൻ കാർഡ് ലഭിച്ചുവെങ്കിലും സിനിമ, രാഷ്ട്രീയം എന്നീ തിരക്കുകളിൽ നിരന്തരം ഇന്ത്യയിലേക്ക് യാത്രകൾ വേണ്ടി വന്നിരുന്നു. ഭാര്യ ജയസുധ പൂർണ്ണമായും തന്റെ  സമയം കുട്ടികൾക്കായി നീക്കി വച്ചു. അമേരിക്ക ആസ്ഥാനമായി ജീവൻ ടെക്നോളജീസ് എന്ന ഐ ടി സൊല്യൂഷൻസ്  കമ്പനി തുടങ്ങുന്നതും ഇതിനിടയിൽ ആണ്. 2011-ൽ കേന്ദ്ര മന്ത്രിപദം ലഭിച്ചപ്പോൾ ഗ്രീൻ കാർഡ് സറണ്ടർ ചെയ്യേണ്ടി വന്നു. പിന്നീട് ആ മന്ത്രിസഭയുടെ കാലാവധി അവസാനിച്ചപ്പോൾ പിന്നെയും ഗ്രീൻ കാർഡ് ഹോൾഡർ ആയി.

ജീവൻ ടെക്നോളജിക്ക് ഇന്ന് അമേരിക്കയിലും  ഇന്ത്യയിലും ഓഫീസുകൾ ഉണ്ട്. എണ്ണൂറിലധികം പേർ അവിടെ ജോലി ചെയ്യുന്നു. നെപ്പോളിയനും കുടുംബവും താമസിക്കുന്ന അമേരിക്കയിലെ ടെന്നെസി സ്റ്റേറ്റിലെ നാഷ്വിൽ പ്രവിശ്യയിൽ വലിയൊരു ഫാമും ഇന്ന് സ്വന്തമായുണ്ട് നെപ്പോളിയന്. Mascular dystrophy- ക്കും അനുബന്ധ രോഗങ്ങൾക്കുമുള്ള ചികിത്സക്കായി തമിഴ് നാട്ടിലെ തിരുനെൽവേലി ജില്ലയിൽ Myopathy Institute of Mascular Dystrophy & Research Centre എന്ന സ്ഥാപനവും നടത്തി വരുന്നു. നാല് ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

തന്റെ  ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ സന്ദർഭം ആയി നെപ്പോളിയൻ പറയുന്നത് ഇതാണ് "കേന്ദ്ര മന്ത്രിയുമായിരുന്ന് കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആയിരുന്നു എന്റെ  തീരുമാനം. വീട്ടിൽ ഇത് സംസാരിച്ചപ്പോൾ എന്റെ മകൻ ധനുഷ് ചോദിച്ചു - 'ഇനിയും ഞങ്ങളെ ഒറ്റയ്ക്കാക്കി പോവുകയാണോ അച്ഛാ?'.. ആ ചോദ്യം നേരെ എന്റെ  ഹൃദയത്തിൽ ആണ് കൊണ്ടത്. അന്ന്, അപ്പോൾ സിനിമ, രാഷ്ട്രീയം, പദവി, പ്രശസ്തി എല്ലാം മാറ്റി വച്ച് ഇനിയുള്ള ജീവിതത്തിൽ എന്റെ  മക്കൾക്ക് ആണ് മുൻഗണന വേണ്ടത് എന്ന തീരുമാനം എടുത്തു. ആ തീരുമാനം എടുത്തതിൽ ഇന്ന് ഞാൻ ഏറെ സന്തുഷ്ടനാണ്"
ഇന്ത്യയിൽ വരുന്ന സമയത്ത് ഒന്നോ രണ്ടോ സിനിമകളിൽ ഇപ്പോഴും അഭിനയിക്കുന്നുണ്ട് നെപ്പോളിയൻ.

അച്ഛന് ഉപദേശം നൽകിയവനാണ് കുമരേശൻ (മുരുകൻ) എന്നാണ് പുരാണങ്ങളിൽ പറയുന്നത്. പക്ഷേ ഈ കുമരേശൻ മകനിൽ നിന്നും ഉപദേശം സ്വീകരിച്ച് വഴി മാറി നടക്കുകയാണ്. ലോകം കീഴടക്കിയ നെപ്പോളിയൻ ആയല്ല...മക്കളുടെ മനസ്സ് കീഴടക്കിയ നെപ്പോളിയനായി...