"ഹൃദയം പറഞ്ഞു, ഞാനത് ഒരിക്കലും കേട്ടില്ല തിരിച്ചു പോകാമെങ്കിൽ ഉറപ്പായും തിരുത്തും" മനസ് തുറന്ന് സുനിൽ ഷെട്ടി

News

സിനിമാ കരിയറിൽ എവിടെയാണ് തനിക്ക് പിഴവ് പറ്റിയത്? ബോളിവുഡിൽ എന്നും ഓർമ്മിക്കപ്പെടുന്ന ആക്ഷൻ, പ്രണയ  സിനിമകൾ സമ്മാനിച്ച താരം സുനിൽ ഷെട്ടി സ്വയം ചോദിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി. ആ ചിന്തകൾ സുനിൽ ഷെട്ടിയെ കൊണ്ടുപോയത് അറിഞ്ഞോ, അറിയാതെയോ കരിയറിൽ പറ്റിയ വീഴ്‌ചകളിലേക്കാണ്. ഇന്നിപ്പോൾ പ്രായം അറുപതിലെത്തി നിൽക്കുമ്പോൾ തിരിച്ചറിവുകളേറെയുണ്ട് താരത്തിന്. മറ്റുള്ളവർക്ക് പകർത്താനുള്ള പുതിയ പാഠങ്ങളായും സ്വയം മാറ്റിയെഴുതപ്പെടാനുമായി സുനിൽ ഷെട്ടി ഹൃദയം തൊടുന്ന ഭാഷയിലെഴുതിയ കുറിപ്പ് ലിങ്ക്‌ഡിനിലാണ്  പോസ്റ്റ്  ചെയ്‌തത്. വളരെ സത്യസന്ധമായി തന്റെ ചിന്തകൾ പങ്കുവച്ചു കൊണ്ടുള്ള കുറിപ്പായതിനാൽ ഒട്ടറേെ പേരാണ്  പ്രിയതാരത്തിന്റെ വാക്കുകൾക്ക്  കാതോർത്തത്. ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട് ഒരു കാലത്തെ സൂപ്പർതാരമായിരുന്ന സുനിൽഷെട്ടിയുടെ തുറന്നുപറച്ചിൽ.

sunil shetty5.jpg

ബോർഡർ (1997) ഹീരാ ഫേരി (2000)

അറുപതുകളിലെത്തിയവരുടെ ചിന്തകളായിരിക്കാം ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നത് എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്.ബാല്യകാലം, ജന്മനാട്ടിലെ മദ്ധ്യവേനലവധിക്കാലം, ബിസിനസ് പങ്കാളികൾ,  സിനിമയിലെ ആദ്യകാലങ്ങൾ എന്നിവയിലൂടെ കടന്നു പോകുമ്പോൾ എന്തെങ്കിലും ചില കാര്യങ്ങൾ വ്യത്യസ്‌തമായി ചെയ്യാമായിരുന്നെന്ന്  തോന്നാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ഖേദം തോന്നുന്ന ചില കാര്യങ്ങളെങ്കിലും മാറി ചെയ്യാമായിരുന്നു. നിങ്ങൾ നിങ്ങളെ തന്നെ വിമർശിക്കുന്നത്  ഒട്ടും ഗുണകരമല്ല, എങ്കിലും ആ തെറ്റുകളിൽ നിന്നും ഭാവിയിലേക്ക് എന്തൊക്കെ വിലപ്പെട്ട പാഠങ്ങൾ പഠിക്കാം എന്നതിനെ കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വ്യക്തിജീവിതത്തിന് ശക്തമായ അടിത്തറയുണ്ടായപ്പോൾ പ്രൊഫഷണൽ ജീവിതത്തിൽ  ഖേദങ്ങളേറെയുണ്ടെന്നും സുനിൽ ഷെട്ടി തുറന്നു സമ്മതിക്കുന്നുണ്ട്.

അഭിനയ മികവില്ലാതെ. വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് സിനിമയിലെത്തിയതെന്ന് താരം ഓർക്കുന്നു. മികച്ച ശാരീരികക്ഷമതയുണ്ടായിരുന്നു, ആക്ഷനിലും മികവുണ്ടായിരുന്നു. എന്നാൽ ഉച്ചാരണമോ, ശരീരഭാഷയോ ഒട്ടും തന്നെ മെച്ചമായിരുന്നില്ല.സിനിമാ നിർമ്മാണത്തെ കുറിച്ചും ഒന്നുമറിയില്ല. തന്റെ കുറവുകളെ കുറിച്ചുള്ള വിമർശനങ്ങൾ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലെന്ന്  കുറ്റബോധത്തോടെയാണ്  സുനിൽ ഷെട്ടി ഓർക്കുന്നത്.  പോരായ്‌മകൾ എളുപ്പം മനസിലാക്കിയ ആളുകൾ ഒരു ദയയുമില്ലാതെ തന്നെ കുറ്റപ്പെടുത്തിയപ്പോഴും ഒരിക്കലും അതൊരു പ്രശ്‌നമായി പോലും തോന്നിയിരുന്നില്ല. അതു തിരുത്തണമെന്ന ചിന്തയും ഉണ്ടായില്ല. തന്റെ കഴിവുകളിലും കരുത്തിലും മാത്രമായിരുന്നു ശ്രദ്ധ.

കരിയറിന്റെ ആദ്യ വർഷങ്ങളിൽ വിപണിക്ക് വേണ്ടതായ ഒരു തന്ത്രവും കയ്യിൽ ഇല്ലായിരുന്നു. എങ്ങനെ സജീവമായി വിപണിയിൽ ഒരു താരം ഇടപെടേണ്ടതെന്നും അറിയില്ലായിരുന്നു. തീരുമാനങ്ങൾക്ക് പോലും ഒരു പാറ്റേണില്ലാത്ത അവസ്ഥ.  ഒരു ഭാഗത്ത് ബിഗ് ബഡ്‌ജറ്റ് ഹിറ്റുകളുണ്ടാകുമ്പോൾ, മറുഭാഗത്ത് മറുഭാഗത്ത് തന്റെ അടുത്ത സിനിമ കുറഞ്ഞ ബഡ്‌ജറ്റിൽ നിർമ്മിച്ച്  മോശമായി മാർക്കറ്റ് ചെയ്യുന്ന ഒന്നായിരിക്കും. ഇങ്ങനെയുള്ള കണ്ണുംപൂട്ടിയുള്ള പ്രവർത്തനങ്ങൾ വിപണിയെ തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്ന് സുനിൽ ഷെട്ടി കുറിപ്പിൽ വിലയിരുത്തി. തന്റെ സ്ഥാനം എവിടെയാണെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല. ''നിങ്ങൾ സ്വയം നിർവചിക്കുന്നില്ലെങ്കിൽ മറ്റാർക്കും അത് ചെയ്യാനാവില്ല.'' സ്വന്തം ജീവിതത്തെ മുൻനിറുത്തി അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

സിനിമാ ബിസിനസിൽ, എപ്പോഴും പരാജയങ്ങളാണ് വളരെയധികം ശ്രദ്ധിക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയ സുനിൽ ഷെട്ടി തന്റെ സിനിമകൾ വിജയിക്കുമ്പോൾ അത് സംസാരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലും പല കാരണങ്ങളാൽ കഴിഞ്ഞില്ലെന്നും
ചൂണ്ടിക്കാട്ടുന്നു.മുപ്പത് വർഷത്തെ കരിയറിൽ, ഒരിക്കൽപ്പോലും ഷൂട്ടിംഗിന് വൈകിയെത്തുകയോ, സെറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുകയോ ചെയ്‌തിട്ടില്ല. എന്നാൽ അതേ പോലുള്ള അച്ചടക്കവും പ്രതിബദ്ധതയും  വിപണിക്ക് വേണ്ടായിരുന്നു. നിങ്ങൾ എങ്ങനെയുള്ള ആളാണെന്ന് ജനങ്ങൾ അറിയണം. അതൊരിക്കലും സ്വയം പുകഴ്‌ത്തിയോ, നുണങ്ങൾ പറഞ്ഞോ ആവരുത്. പക്ഷേ, അത് വിളിച്ചു പറയാൻ നിങ്ങൾക്ക് കഴിയണമെന്നും സുനിൽ ഷെട്ടി പറയുന്നു.

sunil shetty 1.jpg

മൊഹ്‌റ (1994)

ആദ്യ  20 വർഷങ്ങളിൽ അത്ര ഉയരത്തിൽ നിൽക്കുമ്പോൾ പോലും കരിയറിൽ  സഹകരിക്കാനും പ്രവർത്തിക്കാനും ആഗ്രഹിച്ച നിരവധിയാളുകൾ ഉണ്ടായിട്ടും അവരെ സമീപിക്കാൻ കഴിയാത്തത് വലിയ വീഴ്‌ചയാണ്.  ഈഗോയായിരുന്നില്ല കാരണം, താൻ വളർന്നു വന്ന രീതി അങ്ങനെയായിരുന്നു. ''എന്റെ ജോലി സ്വയം സംസാരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ, നിങ്ങൾ അത് ചോദിക്കേണ്ടതുണ്ട് എന്നതാണ് സത്യം. നിങ്ങൾ ചോദിച്ചില്ലെങ്കിൽ, ഉത്തരം എപ്പോഴും ഇല്ല എന്നായിരിക്കും. അത്ര ലളിതമാണത്.'' എന്നും അദ്ദേഹം പറയുന്നു.

sunil shetty 3.jpg

ഭാര്യയും മക്കളുമൊത്ത്

റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നപ്പോൾ, ഹോളിഡേ ഹോമുകൾ നിർമ്മിക്കുന്നതു പോലെയുള്ള ആശയം ഏറെ ആവേശഭരിതനാക്കി. അങ്ങനെയുള്ള വലിയ പ്രൊജക്‌ടുകളിൽ താൻ കൂടുതലായി ശ്രദ്ധിച്ചു. അതാണ് ചെയ്യേണ്ട ശരിയായ കാര്യമെന്നായിരുന്നു ധാരണ. ഹൃദയം പറഞ്ഞതു കേട്ടില്ല. ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന സന്തോഷം അവിടെ ഇല്ലാതായി. സ്വയം തിരുത്തലിന് കുറച്ചധികം വർഷങ്ങൾ ചെലവായി. തെറ്റുകൾ അംഗീകരിക്കാൻ കൂടുതൽ സമയമെടുക്കമ്പോൾ കാര്യങ്ങൾ  വളരെ മോശമാകും എന്നതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ''ദൈവം ശരിക്കും ദയയുള്ളവനാണ്. അറിവില്ലാത്ത തന്നെ അത് അതിജീവിക്കാനുള്ള  മാർഗമായ പൂർണ്ണ ഇച്ഛാശക്തി നൽകി അദ്ദേഹം തിരുത്തി.  എനിക്ക് പിന്തിരിഞ്ഞു പോകാനാവുമെങ്കിൽ, എന്തെങ്കിലും കാര്യങ്ങളിൽ  തിരുത്താനാവുമെങ്കിൽ അത്  സ്വന്തം കുറവുകൾ തിരിച്ചറിഞ്ഞ്  അവ വളരെ വേഗം പരിഹരിക്കാനുമുള്ള  കഴിവായിരിക്കും ഞാൻ തിരഞ്ഞെടുക്കുക.""  സുനിൽ ഷെട്ടി തന്റെ മനസുരുകിയുള്ള കുറിപ്പ് ഇങ്ങനെ അവസാനിപ്പിക്കുന്നു.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment