കാത്തിരുന്ന അവസരം - സൂര്യ

News

തന്റെ  അഭിനയ ജീവിതത്തിലെ ഇരുപത്തി അഞ്ചാം വർഷത്തിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ തമിഴ് നടൻ സൂര്യ ഇന്ത്യൻ പ്രസിഡന്റിന്റെ  കയ്യിൽ നിന്നും പുരസ്കാരം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയുണ്ടായി. സൂര്യയുടെ വാക്കുകൾ ഇതാ :

"ഇത് വലിയൊരു അംഗീകാരമാണ്. ദേശീയ ചലച്ചിത്ര പുരസ്കാര സമിതിക്കും ഇന്ത്യൻ ഗവൺമെന്റിനും അകമഴിഞ്ഞ നന്ദി. ഒരുപാടൊരുപാട് വികാരങ്ങൾ മനസ്സിലേക്ക് ഇരമ്പി വരികയാണ്. ഒരുപാട് പേരോട് നന്ദി പറയാനുമുണ്ട്. അതിൽ ആദ്യത്തെ പേര് എന്റെ  ഡയറക്ടർ സുധാ കൊങ്ങറയുടെത് തന്നെ. കോവിഡ് കാലത്ത് നമുക്ക് ചുറ്റും മനസ്സ് മടുപ്പിക്കുന്ന സാഹചര്യങ്ങൾ ആയിരുന്നു. ആ സമയത്ത് "സൂരറൈ പോട്രു" എന്ന സിനിമ നിരവധി പേർക്ക് പ്രതീക്ഷയുടെ വെളിച്ചം നൽകി എന്ന് ഞാൻ വിശ്വസിക്കുന്നു. അത്തരത്തിലുള്ള പ്രതികരണങ്ങൾ ആണ് ഞങ്ങൾക്ക് ലഭിച്ചതും. സുധയുടെ പത്ത് വർഷം പ്രായമുള്ള ഓമനയാണ് ഈ സിനിമ. ഇതിന് അഞ്ച് ദേശീയ അവാർഡുകൾ ലഭിച്ചത് അത്രയും വർഷത്തെ പ്രയത്നത്തെ സാധൂകരിക്കുന്നു. ഇതിനപ്പുറം ഒന്നും ആഗ്രഹിക്കാൻ ഇല്ല. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ആണ് മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ഒരു തമിഴ് സിനിമക്ക് ലഭിക്കുന്നത് എന്നതും ഏറെ അഭിമാനം നൽകുന്നു.

പിന്നെ...എന്റെ  ഭാര്യ ജോതിക. കുറച്ച് പേർക്കെങ്കിലും അറിയാം കാക്ക കാക്ക എന്ന സിനിമ എന്നിലേക്ക് വരാൻ കാരണമായിരുന്നത് ജ്യോതികയാണ് എന്നത്. ഈ പ്രോജക്ടിൽ ഞാൻ മനസ്സർപ്പിക്കുന്നതിന് മുമ്പ് ഇത് ഹൃദയത്തോട് ചേർത്തത് ജ്യോതികയാണ്. ആദ്യം കഥ വായിച്ചതും ഇത് ചെയ്യണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടതും ജ്യോതികയാണ്. അങ്ങനെയാണ് ഈ സിനിമ ആരംഭിക്കുന്നത് തന്നെ. അത് കൊണ്ട് തന്നെ ഇന്ന് ഇന്ത്യൻ പ്രസിഡന്റിന്റെ കയ്യിൽ നിന്നും മികച്ച സിനിമയ്ക്കുള്ള പുരസ്കാരം എന്റെ  ഭാര്യ സ്വീകരിച്ചപ്പോൾ എനിക്ക് അളവറ്റ സന്തോഷമുണ്ടായി.

എന്റെ  മകനും മകളും...പിന്നെ എന്റെ  അപ്പയും അമ്മയും..എല്ലാവരും അവാർഡ് ദാന ചടങ്ങിന് സാക്ഷികളായി അവിടെ ഉണ്ടായിരുന്നു. ശരിക്കും രോമാഞ്ചം തോന്നിയ അനുഭവം ആയിരുന്നു. എന്റെ  ജീവിതത്തിൽ ഇനി ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങൾ ആയിരുന്നു അവ.

ഈ അവാർഡ് എന്നെ സ്നേഹിക്കുന്നവർക്കും എന്റെ  ആരാധകർക്കും തമിഴ് സിനിമാ പ്രേക്ഷകർക്കുമായി ഞാൻ സമർപ്പിക്കുന്നു"