ഒരു സ്റ്റുഡിയോയിൽ വീഡിയോ സോംഗ് റെക്കാർഡിംഗിനെത്തിയപ്പോഴാണ് കുറച്ചുകാലമായി തനിക്ക് മിസ്സ് ചെയ്‌തു കൊണ്ടിരിക്കുന്നത് എന്താണെന്ന് റൂത്തിന് മനസിലായത്. അവിടെ നിൽക്കുമ്പോൾ ലഭിക്കുന്ന സന്തോഷവും സമാധാനവും അത്ര വലുതായിരുന്നു. ആ നിമിഷത്തിൽ റൂത്ത് ധൈര്യത്തോടെ ഒരു തീരുമാനമെടുത്തു, അങ്ങനെ സന്തോഷത്തോടെ ജോലി ഉപേക്ഷിച്ചു. ചെറുപ്പം മുതലേ ഏറെയിഷ്‌ടപ്പെട്ട് ചെയ്‌തിരുന്ന അഭിനയമാണ് തന്റെ പാഷൻ എന്ന് ഉറപ്പിച്ചായിരുന്നു പിന്നീടുള്ള യാത്ര. 'കേരള ക്രൈം ഫയൽസി' ലെ സ്വപ്‌ന എന്ന കഥാപാത്രത്തിലേക്ക് നടന്നടുത്ത നാളുകളെ കുറിച്ച് റൂത്ത് പി. ജോൺ സംസാരിക്കുന്നു.
അഭിനയമെന്ന സ്വപ്‌നത്തിന്റെ തുടക്കം എവിടെയായിരുന്നു?
ചെറുപ്പം തൊട്ടേ അഭിനയത്തോടൊരു ഇഷ്ടമുണ്ട്. എന്റെ അച്‌ഛൻ ജോണും അച്‌ഛന്റെ ചേട്ടൻ പി.വൈ. ജോസുംതിയേറ്റർ രംഗത്തുള്ളവരാണ്. സ്‌കൂളിലും കലോത്സവങ്ങളിലും മോണോ ആക്ട്, നാടകം വരുമ്പോൾ അതിൽ ഞാനുമുണ്ടാകും. അതേ സമയം കോളേജിലെത്തിയപ്പോൾ ഒട്ടുമേ ആക്ടീവല്ലായിരുന്നു. പഠനമെന്ന ചിന്ത മാത്രം. കുട്ടിക്കാനം മരിയൻ കോളേജിലായിരുന്നു കോളേജ് പഠനം. പിന്നെ പിജിയ്‌ക്ക് മുംബൈ നിർമ്മല നികേതനിൽ ചേർന്നു. ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ പബ്ളിക്ക് ഹെൽത്ത് റിസർച്ചറായി രണ്ടുവർഷം ജോലി ചെയ്‌തു. അതിനുശേഷമാണ് അഭിനയമെന്ന ആഗ്രഹം വീണ്ടും മനസിലേക്ക് വന്നത്. ഇടയ്‌ക്ക് എന്തൊക്കെയോ മിസ്സ് ചെയ്യുന്നെന്ന് നമുക്ക് തോന്നുമല്ലോ... അങ്ങനെ ഒരു ഫീലിംഗായിരുന്നു. സുഹൃത്തിന്റെ കൂടെ വീഡിയോ സോംഗ് റെക്കാർഡിംഗിനായി ഒരു സ്റ്റുഡിയോയിൽ പോയപ്പോൾ കിട്ടിയ സന്തോഷമോ, സമാധാനമോ... അങ്ങനെ വേർതിരിച്ചെടുക്കാൻ കഴിയാത്ത എന്തോ ഒന്നാണ് എന്നെ വീണ്ടും ചിന്തിപ്പിച്ചത്. അങ്ങനെ ജോലി വിട്ടു.
അനിശ്ചിതത്വമുള്ള സിനിമാ കരിയറിലേക്ക് ജോലി വിട്ട് ശ്രമിക്കുന്നത് എളുപ്പമായിരുന്നോ?
വേണ്ട എന്ന് വീട്ടിൽ നിന്നും ഒരിക്കലും പറഞ്ഞിരുന്നില്ല. എന്നാൽ ഇനി എന്താണ് എന്ന സ്വാഭാവികമായ ഒരു ആകാംക്ഷ അവർക്കുണ്ടായിരുന്നു താനും. ശ്രമിച്ചു നോക്കൂ എന്ന പറഞ്ഞുള്ളൂ. ആദ്യം ഓഡിഷന് കൊടുത്തു. പിന്നെ ആക്‌ട് ലാബിൽ വന്നു. അവിടെ വന്നപ്പോൾ കുറച്ചൂടെ ഒരു ആത്മവിശ്വാസമായി. അങ്ങനയിരിക്കുമ്പോഴാണ് ക്രൈം ഫയൽസിന്റെ ഓഡിഷൻ കാൾ കണ്ടത്. ഓപ്പൺ ഓഡിഷനായിരുന്നു, അത് ആക്‌ട് ലാബിൽ തന്നെയായിരുന്നു. ഒരു നാൽപ്പത്, നാൽപ്പത്തഞ്ച് സെക്കന്റ് മാത്രമാണ് ഓഡിഷൻ ചെയ്‌തത്. അതു കഴിഞ്ഞ് ഇറങ്ങി വന്നു. ജസ്റ്റ് നമ്മുടെ പേരെഴുതിയെടുത്തു. ഞാൻ നടന്നു പോരുന്നതിനിടെയാണ് ഒരാൾ വന്ന് ചിലപ്പോൾ ഒരു റോളിന് വിളിക്കുമായിരിക്കും എന്ന് പറഞ്ഞ് ഫോട്ടോയെടുത്തത്. പിന്നെ രണ്ടാഴ്‌ച കഴിഞ്ഞ് കോൾ വന്നു. യഥാർത്ഥ ഓഡിഷൻ പിന്നെയായിരുന്നു.അപ്പോഴാണ് റോളിനെക്കുറിച്ച് വിശദമായി പറഞ്ഞത്. ഇതാണ് കാരക്‌ടർ, ഇങ്ങനെയുള്ള സീനുകൾ ഉണ്ട്, കോസ്റ്റ്യൂം... ഒക്കെ വിശദമായി പറഞ്ഞു തന്നു. അത് കംഫർട്ടബിൾ ആണെങ്കിൽ മാത്രം ഓഡിഷന് വന്നാൽ മതിയെന്നും പറഞ്ഞു. അങ്ങനെ ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു, ഞാൻ ഓകെയാണെങ്കിൽ ചെയ്യൂ എന്ന് വീട്ടിൽ നിന്നും പറഞ്ഞു. ഓഡിഷന് ക്ളൈമാക്‌സ് സീൻ തന്നെയാണ് തന്നത്. രണ്ടുരീതിയിലാണ് ആ സീൻ അന്ന് ചെയ്‌തത്. ഒന്ന് നോർമലായും മറ്റൊന്ന് ഇറിറ്റേറ്റ് ചെയ്യുന്നതായും കാണിക്കാൻ പറഞ്ഞു.
സ്വപ്‌നയുടെ റോൾ തന്നെയായിരുന്നോ?
അല്ല. ലതികയുടെ റോളായിരുന്നു ആദ്യ ഓഡിഷനിൽ ചെയ്യിപ്പിച്ചത്. രണ്ടു പൊലീസുകാർ വന്ന് ചോദ്യം ചെയ്യുന്ന സീനായിരുന്നു തന്നത്.
ഇങ്ങനെ ചെയ്യാമെന്ന് മനസിൽ വിചാരിച്ചിരുന്നോ, അല്ലെങ്കിൽ സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ഒരു സ്‌പേസ് ഉണ്ടായിരുന്നോ?
സ്‌പേസ് തീർച്ചയായും ഉണ്ടായിരുന്നു. നമ്മൾ സാധാരണ സിനിമയിൽ കാണുന്ന തരത്തിൽ കൊമേഴ്‌സ്യൽ ആയിട്ടുള്ളതോ, അല്ലെങ്കിൽ ഗ്ളാമറസോ ആയിട്ടുള്ള അപ്പിറയൻസോ അല്ലെന്ന് പറഞ്ഞിരുന്നു. ഒരു സാധാരണക്കാരിയായ സെക്‌സ് വർക്കർ എങ്ങനെയായിരിക്കുമോ അങ്ങനെ. അവരുടെ പെരുമാറ്റം, ഡ്രസിംഗ് ആയിരിക്കണം. വെള്ളം കുടിച്ച ശേഷം സിഗരറ്റ് ചോദിക്കുന്ന രംഗമാണ് ഞാൻ ആദ്യം ചെയ്‌തത്. ആ ഷോട്ട് കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോഴേക്കും ഇതാണ് ഉദ്ദേശിക്കുന്നതെന്നും ആ രീതി പിടിച്ചാൽ മതിയെന്നും ആറ്റിറ്റ്യൂഡ് ഇതു തന്നെ, മാറ്റമില്ലെന്നും അഹമ്മദിക്ക പറഞ്ഞു. അപ്പോഴേക്കും സ്വപ്‌നയെ പിടികിട്ടി. അങ്ങനെ മുന്നോട്ട് പോയി. ചില സമയത്ത് ഇക്ക പറയും, അത് വേണ്ട, ഇങ്ങനെ മതിയെന്ന്. അതല്ലാതെ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. വളരെ രസമായിട്ടാണ് ഞാൻ ചെയ്‌തു പോയത്. ഒമ്പതുദിവസം ഷൂട്ടുണ്ടായിരുന്നു. നനഞ്ഞു കിടക്കുന്ന സീനൊക്കെ കട്ട് പറഞ്ഞശേഷം വീണും സാരി ഉണക്കി കൊണ്ടു വന്നു വേണം വീണ്ടും നനഞ്ഞു കിടക്കേണ്ടത്. എനിക്കീ ഷൂട്ടിംഗ് പ്രോസസൊക്കെ അത്ഭും പോലെയായിരുന്നു. കാമറ, ഷൂട്ടിംഗ് മെത്തേഡ് ഇതൊക്കെ ആകാംക്ഷയോടെ നോക്കിക്കണ്ടു.
കട്ടിലിൽ നിന്നും ഒറിജിനൽ വീഴ്‌ചയായിരുന്നു അല്ലേ?
അതേ. നല്ലൊരു വീഴ്‌ചയായിരുന്നു. കട്ടിലിൽ നിന്ന് ശരിക്കും ഇടിച്ചു തന്നെ വീണതാണ്. ആ രംഗത്ത് ദേഹം കുറച്ചു വേദനിച്ചു. പക്ഷേ, പിന്നെ കണ്ടപ്പോൾ സീൻ നന്നായെന്ന് തോന്നി. കഴുത്തിൽ പിടിച്ചപ്പോൾ ശ്വാസമൊക്കെ ശരിക്കും മുട്ടി. ആ ശബ്‌ദമൊക്ക യഥാർത്ഥത്തിൽ ശ്വാസം മുട്ടിയപ്പോൾ തന്നെ വന്നതാണ്. കുറച്ച് ടൈറ്റായി പിടിച്ചെങ്കിൽ മാത്രമേ അങ്ങനെ വരുള്ളൂ.
ഷിജുവിനെ ദേഷ്യം പിടിപ്പിച്ച ചിരി?
ഷൂട്ട് ചെയ്‌തപ്പോൾ എന്റെ ചിരി കേട്ടപ്പോൾ അഹമ്മദിക്ക പറഞ്ഞത്, കേട്ടാൽ തന്നെ കൊന്നുകളയമല്ലോ എന്നാണ്. ആദ്യത്തെ ചിരി അവർക്കിഷ്‌ടപ്പെട്ടപ്പോൾ പിന്നെ കുറച്ചൂടെ ചിരിപ്പിച്ചു. അതേ പോലെ ഡബ് ചെയ്‌തതും പുതിയ അനുഭവമായിരുന്നു.
അജു, ലാൽ... അവരുടെയൊക്കെ പിന്തുണ?
ഞാൻ മരിച്ചു കിടക്കുന്ന രംഗമായിരുന്നെങ്കിലും അജു ചേട്ടനുമായി കോംബിനേഷൻ സീനുണ്ടായിരുന്നു. കണ്ണടച്ചു കിടക്കുന്നതിനാൽ പെർഫോമൻസ് നേരിട്ട് കാണാൻ കഴിഞ്ഞില്ല. ആ സീൻ കാണാൻ പറ്റത്തില്ലല്ലോ എന്ന വിഷമമേ ഉണ്ടായിരുന്നുള്ളൂ. നന്നായി കംഫർട്ട് ആക്കിയാണ് ഈ സീനുകളൊക്കെ എടുത്തത്. ലാൽ സാറും അജു ചേട്ടനുമൊക്കെ നല്ല സപ്പോർട്ടായിരുന്നു. ലാൽ സാർ നേരത്തെ സ്‌പോട്ട് എഡിറ്റിംഗ് കണ്ടപ്പോൾ നല്ല അഭിപ്രായം പറഞ്ഞിരുന്നു. അജു ചേട്ടൻ കയറി വന്നിട്ട് കട്ടിലിലിരിക്കുമ്പോൾ ഞങ്ങൾ തമ്മിലുള്ള ഫൈറ്റ് കണ്ണടച്ചിരുന്ന് കാണുന്നതുപോലെയുള്ള ഒരു സീൻ കൂടി എടുത്തിരുന്നു. പക്ഷേ, അത് വെബ് സീരിസിൽ വന്നിട്ടില്ല.
സെക്‌സ് വർക്കേഴ്സിന്റെ ജീവിതാനുഭവങ്ങളുടെ പുസ്‌തകങ്ങളൊക്കെ വായിച്ചിരുന്നോ?
വായിച്ചിട്ടില്ല. പക്ഷേ, സിനിമയിലെ ഇതേ ജീവിതമുള്ള കഥാപാത്രങ്ങളെ ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ ബാക്ക്ഗ്രൗണ്ട് സോഷ്യൽ സർവീസാണ്. മുംബയിൽ പി.ജി ചെയ്‌തത് എം.എസ്. ഡബ്‌ള്യുവിലാണ് . ആ സമയത്ത് സെക്‌സ് വർക്കേഴ്സിന്റെ ജീവിതം അടുത്തു നിന്ന് കണ്ടിട്ടുണ്ട്. അവരോട് സംസാരിക്കാനും റിയൽ ലൈഫിലെ ജീവിതം മനസിലാക്കാനും സാധിച്ചിരുന്നു. അതും സ്വപ്‌നയിലേക്കുള്ള എന്റെ ദൂരം കുറച്ചു.
വെബ് സീരിസ് ഷൂട്ട് കഴിഞ്ഞ് റിലീസാകാൻ കുറച്ചു മാസങ്ങളെടുത്തു. ആ ഒരു കാലത്ത് പ്രതീക്ഷ എത്രയുണ്ടായിരുന്നു?
ഇത് എന്തായാലും ഒരു മോശം വർക്കാവില്ലെന്ന ഉറപ്പുണ്ടായിരുന്നു. കാരണം ഹോട്ട്‌സ്റ്റാർ പ്രൊഡക്ഷനാണ്, മികച്ച ടീമാണ്. പ്രൊഡക്ഷൻ ക്വാളിറ്റിയിലും നൂറുശതമാനം വിശ്വാസമുണ്ടായിരുന്നു. ഹോട്ട്‌സ്റ്റാറിന്റെ വെബ് സീരിസാകുമ്പോൾ റീച്ച് വളരെ കൂടുതലാണ്. അതോടൊപ്പം തന്നെ വിമർശിക്കപ്പെടാനുള്ള സാദ്ധ്യതയുമുണ്ടെന്ന് മനസിൽ തോന്നിയിരുന്നു. കാരണം അത്രയും വലിയൊരു ഓഡിയൻസിന്റെ മുമ്പിലാണ് സീരിസ് വരുന്നത്. സ്വാഭാവികമായും പേടിയുണ്ടായിരുന്നു, അതിനേക്കാൾ കൂടുതൽ എക്‌സൈറ്റ്‌മെന്റായിരുന്നു. എന്റെ ആദ്യത്തെ വർക്ക്, ഇത്രയും വലിയൊരു പ്ളാറ്റ്ഫോമിൽ ഇറങ്ങുന്നതിന്റെ സന്തോഷവും അഭിമാനവുമായിരുന്നു കൂടുതൽ. ഡബിംഗിനൊക്കെ പോകുമ്പോൾ ഞാൻ ആകാംക്ഷയോടെ സീനുകൾ നോക്കുമായിരുന്നു. എങ്ങനെയാണ് എടുത്തേക്കുന്നത് എന്നറിയാൻ.
പുതിയ പ്രൊജക്ടുകൾ ചെയ്‌തോ?
ഇതു കഴിഞ്ഞ് 'ജെറി' എന്ന സിനിമ ചെയ്‌തു. സെപ്‌തംബറിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നു രണ്ടു ഡബിംഗ് പരിപാടികളൊക്കെ ചെയ്‌തിരുന്നു.
ഇപ്പോൾ ആത്മവിശ്വാസം കൂടിയോ?
ആത്മവിശ്വാസം ഉണ്ട്, പ്രതീക്ഷ ഉണ്ട്. ആദ്യത്തെ വർക്ക് കിട്ടാൻ എളുപ്പമാണ്, എന്നാൽ അതിൽ നിലനിൽക്കാനാണ് പ്രയാസമെന്നല്ലേ പൊതുവേ പറയാറുള്ളത്. ഇനിയും റോളുകൾ വരണം, അത് വ്യത്യസ്‌തമായി ചെയ്യണം. അതൊരു ചലഞ്ചാണ്. കൂടുതൽ ഉത്തരവാദിത്തം ഇനിയാണുള്ളത്. പക്ഷേ, ഇതൊരു ഇന്ററസ്റ്റിംഗ; യാത്രയാണ്. ഞാനത് നന്നായി ആസ്വദിച്ചു.
പുതിയ ഒരുപാട് പ്ളാറ്റ്ഫോമുകൾ പ്രതീക്ഷയല്ലേ?
അതേ. കൊവിഡ് കഴിഞ്ഞപ്പോൾ പാൻ ഇന്ത്യ എന്നൊരു രീതി തന്നെ വന്നിട്ടുണ്ടല്ലോ.. മലയാളം സിനിമകളോടും ആർട്ടിസ്റ്റുകളോടും കണ്ടന്റുകളോടും മറ്റു ഭാഷയിലുള്ളവർക്ക് പ്രത്യേക മതിപ്പും ബഹുമാനവുമുണ്ട്. അതൊക്കെ നമ്മുടെ വർക്കിന് കൂടുതൽ റീച്ച് കിട്ടുന്ന രീതിയിലാണുള്ളത്.
സ്വപ്‌നയെ കണ്ടപ്പോൾ എല്ലാവരും എന്തുപറഞ്ഞു?
സന്തോഷമാണ്. പിന്നെ അത്രയും അടുപ്പമുള്ളവർ കുറച്ചുകൂടെ ചെയ്യാനുണ്ടായിരുന്നെങ്കിൽ എന്നു പറഞ്ഞു. എങ്കിലും കാണുന്നില്ലെങ്കിൽ പോലും സ്വപ്‌നയുടെ സാന്നിദ്ധ്യം സീരിസിൽ എപ്പോഴും വരുന്നുണ്ടല്ലോ.
മറ്റു ഇഷ്ടങ്ങൾ എന്തൊക്കെയാണ്?
യാത്രകൾ ഇഷ്‌ടമാണ്, കുക്ക് ചെയ്യാൻ ഇഷ്ടമാണ്. സിനിമകൾ കാണും, പാട്ടു കേൾക്കും.
ക്രൈം സീരിസുകൾ കാണാറുണ്ടോ?
എല്ലാം കാണും. വെബ് സീരിസുകളൊക്കെ കുത്തിയിരുന്ന് കാണുന്ന ആളാണ്. ഈയടുത്ത് ഇറങ്ങിയവയെല്ലാം തന്നെ കണ്ടുകഴിഞ്ഞു. നമ്മൾ ഇതിൽ തന്നെ നിൽക്കുന്നതുകൊണ്ട് എപ്പോഴും അപ്ഡേറ്റ് ചെയ്‌തു കൊണ്ടിരിക്കണം. മാറ്റങ്ങൾ അത്ര വേഗമാണ് വന്നു കൊണ്ടിരിക്കുന്നത്.