സമരക്കാർക്കെതിരെ ആഞ്ഞടിച്ച് അടൂർ.. പുറത്താക്കിയത് ഇന്ത്യയിലെ സിനിമാ പ്രഗത്ഭനെ..

News

കെ.ആർ. നാരായണൻ  ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കെതിരെ ആഞ്ഞടിച്ചും രാജിവച്ച ഡയറക്ടർ ശങ്കർ മോഹനെ പുകഴ്‌ത്തിയും അടൂർ ഗോപാലകൃഷ്‌ണൻ. ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ സ്ഥാനത്തു നിന്നും രാജിവച്ചുള്ള പത്രക്കുറിപ്പിലാണ് അടൂർ തന്റെ നിലപാട് ഒന്നു കൂടെ വ്യക്തമാക്കിയത്.  ശങ്കർമോഹനെ പോലെ പ്രഗത്ഭനായ, ചലച്ചിത്ര സംബന്ധമായ അറിവോ, പ്രവൃത്തി പരിചയമോ ഉള്ള മറ്റൊരു വ്യക്തി ഇന്ന് ഇന്ത്യയിലില്ല. അത്തരത്തിലുള്ളൊരു മലയാളി പ്രൊഫഷണലിനെ ക്ഷണിച്ചു വരുത്തി അടിസ്ഥാനരഹിതമായ ദുരാരോപണങ്ങളും വൃത്തികെട്ട അധിക്ഷോപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും ചാർത്തി അപമാനിച്ചു പടി കടത്തി വിടുകയായിരുന്നെന്നും അ‌‌‌‌ടൂർ തന്റെ രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. സത്യസന്ധരായ ഉന്നത പൊലീസ് ശ്രേണിയിൽപ്പെട്ടപൊലീസ് ഉദ്യോഗസ്ഥരെ കൊണ്ടു അന്വേഷിച്ചപ്പാൽ മാത്രമേ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമരമുറകളുടെ ഉറവിടവും പിന്തുണയും പുറത്തു വരൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

നേരത്തെ  ഇൻസ്റ്റിറ്റ്യൂട്ടിലെ  വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഡയറക്ടർ ശങ്കർ മോഹൻ രാജി വച്ചിരുന്നു. ഏറെക്കാലമായി വിവാദത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ഈ ഇൻസ്റ്റിറ്റ്യൂട്ട്. ശങ്കർ മോഹൻ ജാതിവിവേചനം കാട്ടി എന്നതടക്കമുള്ള ആക്ഷേപങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചിരുന്നു.എന്നാൽ ഡയറക്ടർക്കനുകൂലമായ നിലപാടാണ് ചെയർമാനായ  അടൂർ സ്വീകരിച്ചത്. ഇത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികൾ നടിമാരെ പോലെ വേഷം കെട്ടി വന്നു എന്ന അടൂരിന്റെ പരാമർശവും വിവാദത്തിനിടയാക്കി. ശങ്കർ മോഹനോട്   ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ഇൻസ്റ്റിറ്റ്യൂട്ടിലെ  അദ്ധ്യാപകരും രാജിവച്ചു. ഈ സംഭവങ്ങൾക്കൊടുവിലാണ് അടൂരിന്റെ രാജി.അതേസമയം, രാജിയിൽ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാർ നടത്തുന്നുണ്ട്. ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ തന്നെ അടൂർ ഗോപാലകൃഷ്ണനും രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നത്രെ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment