റിയർ വിൻഡോയിലൂടെ ഒളിഞ്ഞു നോക്കുന്ന ക്യാമറ

Info

ജെഫ് ഒരു ഫോട്ടോഗ്രാഫറാണ്. ഒരപകടത്തിൽ പെട്ട് കാലിന് പരിക്ക് പറ്റിയ അയാൾ വീൽ ചെയറിൽ വിശ്രമത്തിലാണ്. കിടപ്പു മുറിയിൽ നല്ല കാറ്റോട്ടം കിട്ടുന്ന ഒരു ജനലരികിലിരുന്ന് പുറത്തേയ്ക്കു നോക്കി സമയം പോക്കലാണ് അയാളുടെ വിനോദം. ആ ജനവാതിൽ തുറക്കുന്നത് കെട്ടിടത്തിന് പുറകിലുള്ള ഒരു നടുമുറ്റത്തേയ്ക്കാണ്. നടുമുറ്റത്തിനു ചുറ്റുമുള്ള എല്ലാ കെട്ടിടങ്ങളുടെയും പുറകുവശം ആ മുറ്റത്തെ അഭിമുഖീകരിച്ചാണുള്ളത്. എതിരെയുള്ള കെട്ടിടങ്ങളിലെ തുറന്നു കിടക്കുന്ന ജാലകങ്ങളിലൂടെ അയാൾക്ക് ആ അപ്പാർട്മെന്റുകൾക്കുള്ളിൽ നടക്കുന്നതെല്ലാം കാണാൻ കഴിയും. വേനൽച്ചൂടിൽ നിന്ന് രക്ഷപെടാൻ മിക്കവരും ജനലുകൾ തുറന്നാണ് വച്ചിരിക്കുന്നതും. അൻപതോളം വീടുകളുടെ ജനാലകൾ. അതിലൂടെ അകത്തെ കാഴ്ചകളിലേക്ക് സ്ഥിരമായി നോക്കിയിരുന്ന് അവിടത്തെ താമസക്കാരെയും അയാൾക്കും പരിചിതമാവുന്നു.

ഏറ്റവും താഴെയുള്ള ഫ്ലാറ്റിലെ കുടുംബത്തിലെ പ്രധാനി മദ്ധ്യ വയസ്സ് പിന്നിട്ട ഒരു സ്ത്രീയാണ് . ഒരു ശില്പിയാണവർ. ഒറ്റയ്ക്ക് താമസിക്കുന്ന വേറൊരു സ്ത്രീയാണ് അടുത്ത ഫ്ലാറ്റിലുള്ളത്. തൊട്ടു മുകളിലുള്ള ഫ്ലാറ്റിൽ സുന്ദരിയായ ഒരു ബാലെ നർത്തകിയുണ്ട്. അതിനപ്പുറത്തേതിൽ യുവാവായ ഒരു പിയാനിസ്റ്റാണ് താമസം. നടുക്കുള്ളതിൽ താമസിക്കുന്നത് ലാർസ് ഥോർവാൾഡ് എന്നൊരു സെയിൽസ്മാനാണ്. ആഭരണങ്ങൾ കൊണ്ട് നടന്നു വിൽക്കുന്ന ജോലി ചെയ്യുന്ന അയാളുടെ രോഗിയായ ഭാര്യ കിടപ്പിലാണ്. മൂന്നാമത്തെ നിലയിൽ ഒട്ടനവധി കുടുംബങ്ങളുണ്ടെങ്കിലും സ്ഥിരമായി വളർത്തു നായയയോടൊപ്പം ബാൽക്കണിയിൽ ഉറങ്ങുന്ന ഒരു വൃദ്ധ ദമ്പതികളെ മാത്രമേ കാണാൻ കഴിയൂ. ഉയരക്കൂടുതൽ കാരണം തന്റെ കസേരയിലിരുന്നു അവിടത്തെ മറ്റു കാഴ്ചകളൊന്നും ജെഫിനു കാണാൻ കഴിയില്ല. ആരെയും വ്യക്തിപരമായി അറിയില്ലെങ്കിലും വിനോദത്തിനു വേണ്ടി ജെഫ് ഇവർക്കൊക്കെ ഓരോ വിളിപ്പേര് കൊടുത്തിട്ടുണ്ട്. എല്ലാ ദിവസവും ഓരോ വീട്ടിലും എന്തൊക്കെ നടക്കുന്നുണ്ട് എന്ന് കൗതുകത്തോടെ നിരീക്ഷിച്ചുകൊണ്ടാണ് അയാൾ ദിവസം തള്ളിനീക്കുന്നത്. കാമുകിയായ ലിസയും ഇൻഷുറൻസ് കമ്പനിയിൽ നിന്നും എല്ലാ ദിവസവും ശുശ്രൂഷിക്കാൻ എത്തുന്ന സ്റ്റെല്ലയുമാണ് ജെഫിന് ആകെയുള്ള അതിഥികൾ.

ദിവസങ്ങൾ കടന്നു പോയി. ഇടിയും മിന്നലും കനത്ത മഴയുമുള്ള ഒരു രാത്രിയിൽ ജനലരികിലിരുന്നുറങ്ങുകയായിരുന്ന ജെഫ് ഒരലർച്ചയുടെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. ഒപ്പം എന്തോ ചില്ലു പൊട്ടിച്ചിതറുന്ന ഒച്ചയും കേട്ടു. ഒന്നും കാണാൻ കഴിയുന്നില്ല. ഗാഢമായ ഉറക്കത്തിൽ നിന്നുണർന്നതു കൊണ്ട് തന്നെ കണ്ണുകളെ അധിക നേരം നിയന്ത്രിച്ചു നിർത്താൻ അയാൾക്കായില്ല. അയാൾ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു. കുറച്ച് നേരം കഴിഞ്ഞു ഒരു ഇടിയൊച്ച കേട്ട് വീണ്ടും ജെഫ് ഉറക്കമുണർന്നു. ജനലിനു നേരെയുള്ള സെയിൽസ്മാൻ്റെ വീട്ടിൽ മാത്രം വെളിച്ചമുണ്ട്. എന്നാൽ അയാളുടെ ഭാര്യ വിശ്രമിക്കുന്ന മുറിയുടെ എപ്പോളും തുറന്നിരിക്കുന്ന ജനൽ അടഞ്ഞു കിടക്കുന്നു. ആ വീട്ടിനുള്ളിൽ അയാൾ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ആ രാത്രി ഇരുട്ടി വെളുക്കുന്നതിനിടെ അവിടെക്കണ്ട വിചിത്രമായ ചില കാഴ്ചകൾ അരുതാത്തതെന്തോ അവിടെ നടന്നിരിക്കാം എന്ന് ജെഫിനെ തോന്നിപ്പിച്ചു. ആ രഹസ്യം കണ്ടുപിടിക്കാൻ ലിസയുടെയും സ്റ്റെല്ലയുടെയും സഹായത്തോടെ ജെഫ് നടത്തുന്ന ശ്രമങ്ങളാണ് റിയർ വിൻഡോ എന്ന ഈ സിനിമയുടെ പ്രധാന ഉള്ളടക്കം.

മിസ്റ്ററി സിനിമകളുടെ ആചാര്യനായ ആൽഫ്രെഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത ഏറ്റവും മികച്ച ചിത്രം മാത്രമല്ല ലോകത്തിന്നേവരെ നിർമിക്കപ്പെട്ട ഏറ്റവും മികച്ച നൂറു സിനിമകളുടെ ലിസ്റ്റിലും തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒരു സിനിമയെന്ന് നിരൂപകർ വിശേഷിപ്പിച്ചിട്ടുള്ള ചിത്രമാണ് "Rear Window". പ്രശസ്ത അമേരിക്കൻ നോവലിസ്റ്റ് Cornell George Hopley Woolrich എഴുതിയ "It Had to Be Murder" എന്ന ചെറുകഥയുടെ സിനിമാഖ്യാനമാണ് 1954 -ൽ ഇറങ്ങിയ ഈ ചിത്രം. John Michael Hayes ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാല് ഓസ്കർ നോമിനേഷനും ഏറ്റവും മികച്ച മിസ്റ്ററി ചിത്രങ്ങൾക്ക് നൽകുന്ന എഡ്ഗാർ അലൻ പോ അവാർഡുകളിൽ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാർഡും ഈ സിനിമ നേടിയിട്ടുണ്ട്. വെറുമൊരു മർഡർ മിസ്റ്ററി മാത്രമല്ല ഈ സിനിമ പറയുന്നത്. മറിച്ച് മനുഷ്യൻ്റെ വിചിത്രമായ മനോവ്യാപാരങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഒരു പഠനം കൂടിയാണ് ഇതിലുള്ളത്. ഹിച്ച്കോക്കിൻ്റെ മറ്റു ചിത്രങ്ങൾ പോലെ വളച്ചുകെട്ടലുകളൊന്നുമില്ലാതെ ഒരു കഥ പറഞ്ഞു പോകുന്നതിനോടൊപ്പം പ്രേക്ഷകന് മാത്രം മനസ്സിലാവുന്ന ഒരു ലെയർ, മെയിൻ പ്ലോട്ട് പെട്ടെന്ന് തന്നെ കാണിച്ച ശേഷം അതിലേക്കു നാടകീയമായി കൊണ്ടുവരുന്ന ട്വിസ്റ്റുകൾ, കടങ്കഥകൾ പൂരിപ്പിക്കുന്നത് പോലെ അവിടവിടെ വിട്ടു പോയ ഭാഗങ്ങളിലേക്ക് വന്നു ചേർന്ന് പുതിയൊരു കഥ തന്നെ സൃഷ്ടിക്കുന്ന ഫില്ലറുകൾ തുടങ്ങി ഹിച്ച്കോക്ക് മാജിക് ആദ്യന്തം നിറഞ്ഞു നിൽക്കുന്ന സിനിമയാണ് Rear Window .

ബ്രില്യന്റ് ആയൊരു സിനിമ എന്നതിലുപരി ഒളിഞ്ഞു നോട്ടത്തിൻ്റെ ധാർമികവും ലൈംഗികവും പാപവുമായ ആംഗിളുകൾ വളരെ സൂക്ഷ്മമായി ഈ സിനിമയിൽ ആവിഷ്കരിക്കാൻ ഹിച്ച്കോക്കിനു കഴിഞ്ഞിട്ടുണ്ടെന്ന് പ്രമുഖരായ പല ചലച്ചിത്രപഠനകാരന്മാരും മനഃശാസ്ത്രഞ്ജരും നിരീക്ഷിച്ചിട്ടുണ്ട്. voyeurism അല്ലെങ്കിൽ Scopophilia എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ് ഇതിലെ ഒളിഞ്ഞു നോട്ടങ്ങൾ. ആദ്യമേ തന്നെ സംവിധായകൻ അത് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം എസ്ടാബ്ലിഷ്‌ ചെയ്യുന്നുണ്ട്. സിനിമയുടെ തുടക്കത്തിൽ ആ ബാലെ നർത്തകി വസ്ത്രം ധരിക്കുന്നതു നോക്കിയിരിക്കുന്ന ജെഫിൻ്റെ മുഖത്ത് നിന്ന് ക്യാമറ കട്ട് ചെയ്യുന്നത് തൊട്ടപ്പുറത്തുള്ള കെട്ടിടത്തിലെ ടെറസിലേക്കാണ്. സൺബാത്തിനു തയ്യാറായി സുന്ദരികളായ രണ്ടു സ്ത്രീകൾ അവിടേയ്ക്കു വരുന്നത് കാണിച്ചിട്ട് പിന്നീട് കാണിക്കുന്നത് അവരുടെ മേൽവസ്ത്രങ്ങൾ ടെറസിലെ കൈവരിയിലേക്കു വീഴുന്നതാണ്. ടെറസിനു മുകളിലേക്ക് ആകാംക്ഷയോടെ നോക്കുന്ന ജെഫിനെ കാണിച്ചതിന് ശേഷം കട്ട് ചെയ്തു പോകുന്നത് ആകാശത്തേയ്ക്കാണ്. പറന്നു വരുന്ന ഒരു ഹെലികോപ്റ്റർ താഴ്ന്നു പറന്ന് ആ ടെറസിൽ വെയിൽ കായുന്ന സുന്ദരികളെ നോക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന വണ്ണം നിശ്ചലമായി നിൽക്കുന്നു. അവിടത്തെ കാഴ്ച എന്താണെന്നറിയാത്തത്തിലുള്ള നിരാശ ഒരു നിമിഷം ജെഫിൻ്റെ മുഖത്ത് മിന്നി മറയുന്നുണ്ട്.

മറ്റൊരു അപ്പാർട്മെന്റിൽ താമസത്തിനെത്തുന്ന നവ ദമ്പതികളുടെ ഭാഗങ്ങളും ഇങ്ങനെ തന്നെ ചേർത്തിട്ടുള്ളതാണ്. റിയൽ എസ്റ്റേറ്റ് ഏജന്റിനൊപ്പം വീട്ടിൽ വന്നു കയറുന്ന അവർക്ക് അയാളെ എത്രയും പെട്ടെന്ന് ഒഴിവാക്കാൻ ധൃതിയാണെന്ന് നാണം കലർന്ന അവരുടെ ചേഷ്ടകളിൽ കൂടി സൂചിപ്പിക്കുന്നുണ്ട്. ഏജന്റ് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉടൻ തന്നെ വാതിലടച്ചു വികാരവിവശമായ ഒരു ആലിംഗനത്തിനുവേണ്ടി അടുക്കുന്ന അവർ ഒരു നിമിഷം എന്തോ മറന്നത് പോലെ പെട്ടെന്നോടി വന്നു ജനൽ കർട്ടൻ നീക്കിയിടുമ്പോൾ ജെഫ് നിരാശനാവുന്നത് വളരെ സ്പഷ്ടമാണ്. ഒരു നിമിഷം അയാളുടെ മുഖത്ത് ചെറിയൊരു നിരാശ പരക്കുന്നുണ്ടെങ്കിലും പിന്നീടത് കുസൃതി കലർന്ന ഒരു പുഞ്ചിരിയായി മാറുന്നു. തുടർന്നുള്ള രംഗങ്ങളിലും ആ ജനലിലേയ്ക്ക് നോക്കുമ്പോൾ അയാളുടെ മുഖത്ത് ഗൂഢമായ ആ ചിരി വിടരുന്നുണ്ട്. അകത്തെന്താവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നോർത്തുള്ള നാണം കലർന്ന ഒരു മന്ദഹാസം. ഒരുപക്ഷെ പ്രേക്ഷകനും ആ ഒരു കുസൃതി തോന്നിയിരുന്നിരിക്കണം.

ജെഫ് മാത്രമല്ല ഇതിൽ ഒളിഞ്ഞുനോട്ടം നടത്തുന്നത്. പ്രേക്ഷകനും അതിൽ പങ്കാളിയാണ് എന്ന് ചില രംഗങ്ങൾ കണ്ടാൽ തോന്നും. ജെഫിനു പുറകിൽ നിന്ന് കൊണ്ട് ആ വീടുകളിലേക്ക് നമ്മളും ഒളിഞ്ഞുനോക്കുന്നത് പോലെയുള്ള ക്യാമറ ആംഗിളുകളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ഒരുദാഹരണം പറയാം. ഭീകരമായ അന്നത്തെ ആ രാത്രിക്കു ശേഷം ലാർസ് ഥോർവാൾഡിൻ്റെ മുറിയിലേക്ക് തന്നെ നോക്കിയിരിക്കുകയാണ് ജെഫ്. ആ ഷോട്ടിൽ ജെഫ് ശ്രദ്ധിക്കുന്നത് ലാർസിൻ്റെ മുറിയിലേക്ക് മാത്രമാണെങ്കിലും മറ്റു മുറികളിലെ കാഴ്ചകളും പ്രേക്ഷകന് കാണാൻ കഴിയും. അതിലൊരെണ്ണം ആ ബാലെ നർത്തകിയുടെ കുളിമുറിയിലെ കിളിവാതിലാണ്. രാത്രിയും പകലുമുള്ള ഈ സീനുകളിലൊക്കെ അതിനകത്ത് കുളിച്ചു കൊണ്ട് നിൽക്കുന്ന അവളുടെ നഗ്നമായ ചുമലുകൾ കാണിക്കുന്നുണ്ട്. ഗൗരവമുള്ള ഒരു സംഗതി കാണിക്കുമ്പോൾ അതിൽ നിന്നും ഇത്തരം സീനുകൾ പ്രേക്ഷകൻ്റെ ശ്രദ്ധ തിരിച്ചേക്കാമെന്ന റിസ്ക് അറിയാത്തയാളല്ല ഹിച്ച്കോക്ക് എന്നോർത്താൽ എന്തിനാവും അത് അങ്ങനെ അദ്ദേഹം ചെയ്തത് എന്ന് മനസ്സിലാവും. ഒരു തവണ മാത്രമല്ല പല തവണ ഇത് ആവർത്തിക്കുന്നുണ്ട്. വേറൊരു രസകരമായ സംഗതി കൂടിയുണ്ട്. ഇങ്ങനെ മറ്റുള്ളവരുടെ സ്വകാര്യ നിമിഷങ്ങളിലേക്കു ഒളിഞ്ഞു നോക്കുന്ന ജെഫിനെ ഒരവസരത്തിൽ വികാരവിവശയായി ചുംബിക്കാനൊരുങ്ങുന്ന ലിസ ഓടിപ്പോയി ജനൽ കർട്ടനുകൾ നീക്കിയിടുന്നുണ്ട്. ആ ഹണിമൂൺ കപ്പിൾ ചെയ്തത് പോലെ. ഒരേ വിഷയത്തിൻ്റെ രണ്ടു വശങ്ങൾ. ഒളിഞ്ഞു നോട്ടത്തിലെ അപകടങ്ങളും സംവിധായകൻ വിട്ടുകളഞ്ഞിട്ടില്ല. വെറുതെ സമയം പോക്കാൻ വേണ്ടി അന്യരുടെ ജീവിതത്തിലേക്ക് കണ്ണുകളൂന്നുന്നത് വലിയ അപകടങ്ങളിലേക്കാണ് ജെഫിനെ കൊണ്ടെത്തിക്കുന്നത്.

സാന്ദർഭികമായി പറയട്ടെ, സ്ത്രീകളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ആൽഫ്രെഡ് ഹിച്ച്കോക്ക് വച്ചുപുലർത്തിയിരുന്ന ചിന്തകൾക്ക് സിനിമകളിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ സ്വഭാവങ്ങളുമായി ഒരു ബന്ധവുമില്ല. ഒരു രീതിയിൽ പറഞ്ഞാൽ അതൊരു വലിയ വിരോധാഭാസവുമാണ്. ജീവിതത്തിൽ ഒരേയൊരു തവണ മാത്രമേ ലൈംഗിക ബന്ധത്തിലേർപ്പെടൂ എന്ന് ഒരുകാലത്ത് തീരുമാനിക്കുകയും അത് പരസ്യമായി പറയുകയും ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം . ഒരു ബ്രഹ്മചാരിയുടെ ജീവിതം സ്വയം സ്വീകരിച്ചയാൾ സിനിമയിലെ പ്രസിദ്ധമായ പല ചൂടൻ രംഗങ്ങളും എങ്ങനെ ഇത്ര മനോഹരമായി ആവിഷ്കരിച്ചു എന്നത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷെ അദ്ദേഹം തൻ്റെ ഫാന്റസികൾ തന്നെയാവും സ്വന്തം സിനിമകളിലൂടെ തുറന്നു വിട്ടത് എന്ന് അതിനുത്തരമായി പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സിനിമകളിലെ നായികമാർ സുന്ദരിമാരാണ്, ധൈര്യശാലികളും ബുദ്ധിമതികളും വ്യക്തിത്വമുള്ളവരുമാണ്. ജന്മം കൊണ്ട് ഇംഗ്ലീഷുകാരനായ ഹിച്ച്കോക്ക് ഒരല്പം ഓർത്തഡോക്‌സായ കൊളോണിയൽ കാഴ്ചപ്പാടുകളിൽ നിന്ന് വ്യത്യസ്തമായി അവരെ സാഹസികരായി ചിത്രീകരിച്ചത് മനഃപൂർവമാവണം. എന്നാൽ ഇതൊക്കെയുള്ളപ്പോൾ തന്നെ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ബലഹീനതകൾ മറച്ചു വച്ച് പൊളിറ്റിക്കലി കറക്റ്റ് ആവാനും അദ്ദേഹം ശ്രമിച്ചിരുന്നില്ല. അപൂർവ്വമായെങ്കിലും അദ്ദേഹത്തിൻ്റെ സിനിമകളിലെ ചില നായികമാർ ( Birds -ലെ നായികാ Tippi Hedren ഉദാഹരണം ) ഹിച്കോക്കിനു നേരെ ലൈംഗിക ചൂഷണം ആരോപിച്ചിട്ടുണ്ട് എന്നതും കൗതുകകരമായ മറ്റൊരു വസ്തുതയാണ്. ഒരു പെർഫെക്ഷനിസ്റ്റ് ആയിരുന്നതുകൊണ്ടുതന്നെ അഭിനേതാക്കളെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്ന അദ്ദേഹത്തോട് പലരും മാനസികമായ ഒരു അടുപ്പമൊന്നും സൂക്ഷിച്ചിരുന്നില്ല. തൻ്റെ സിനിമാറ്റിക് ബ്രില്യൻസ് കൊണ്ട് മാത്രം തനിക്കു നേരെ വന്ന ഇത്തരം ആക്രമണങ്ങളെ നിഷ്പ്രഭമാക്കിയ കലാകാരനായിരുന്നു ഹിച്ച്കോക്ക്.

മൻഹാട്ടൻ സിറ്റിയ്ക്കടുത്തുള്ള ഗ്രീൻവിച്ച് എന്നൊരു വില്ലേജിലാണ് റിയർ വിൻഡോയിലെ കഥ നടക്കുന്നതെങ്കിലും പാരാമൗണ്ട് സ്റ്റുഡിയോയിൽ ഉണ്ടാക്കിയ ഒരു പടുകൂറ്റൻ സെറ്റിലാണ് യഥാർത്ഥത്തിൽ ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു ടെയ്‌ലർ മേഡ് സെറ്റിൽ മാത്രം ചിത്രീകരിക്കാവുന്ന കഥയായതുകൊണ്ടു തന്നെ സ്റ്റുഡിയോയിൽ ഗ്രീൻവിച്ച് അവർ പുനർസൃഷ്ടിക്കുകയായിരുന്നു. Hal Pereira , Joseph McMillan Johnson എന്നിവർ ചേർന്നാണ് ബൃഹത്തായ ഈ സെറ്റ് ഡിസൈൻ ചെയ്തത്. ഏറ്റവും മികച്ച ആർട്ട് ഡയറക്ഷനുള്ള ഓസ്കർ നോമിനേഷൻ ഇരുപത്തിമൂന്നു തവണ നേടിയ ആളാണ് Hal Pereira . ഇത്രയും പ്രഗത്ഭരായ ഈ കലാകാരന്മാർക്ക് പോലും റിയർ വിൻഡോയിലെ സെറ്റൊരു വെല്ലുവിളിയായിരുന്നു. മുപ്പതോളം അപ്പാർട്ട്മെന്റുകൾ , അനവധി ജനാലകൾ , ഗാർഡൻ തുടങ്ങി സങ്കീർണവും മനോഹരവുമായ ഈ സെറ്റ് പണിയാൻ നൂറുകണക്കിന് തൊഴിലാളികൾ ആറാഴ്ചയോളം പണിയെടുക്കേണ്ടി വന്നു . ലോങ്ങ് ഷോട്ടുകളിൽ മാത്രം വരുന്ന ചില അപ്പാർട്മെന്റുകൾ പോലും അവർ ഭാഗികമായും പൂർണമായും ഫർണിഷ് ചെയ്തു. അത്രയ്ക്കും ഡീറ്റൈലിംഗ് ഉണ്ടായിരുന്നു ആ ഡിസൈനിൽ.

ആയിരത്തോളം ആർക്ക് ലൈറ്റുകൾ ഉപയോഗിച്ച് പകൽവെളിച്ചവും മൂന്നു വ്യത്യസ്തമായ ലൈറ്റ് സെറ്റിങ്ങുകൾ ഉപയോഗിച്ച് പ്രഭാതം, പകൽ, രാത്രി എന്നിവയും അവർ കൃത്രിമമായി ഉണ്ടാക്കി. അന്നത്തെ ഭാരിച്ച ക്യാമറകൾ , വളരെ വലിയ ലൈറ്റുകൾ , കൂറ്റൻ ക്രെയിനുകൾ തുടങ്ങിയവയൊക്കെ സ്വതന്ത്രമായി ഉപയോഗിക്കാവുന്ന തരത്തിൽ സെറ്റ് പണിതുയർത്തുന്നത് ശരിക്കും ഒരു വെല്ലുവിളിയായിരുന്നുവെങ്കിലും പാരാമൗണ്ട് നൽകിയ പിന്തുണ അതിനെയൊക്കെ മറികടക്കാൻ അവരെ സഹായിച്ചു. ഈ സിനിമ ഇതൾവിരിയുന്നത് ജെഫിൻ്റെ വീക്ഷണകോണിൽ കൂടി മാത്രമല്ല, പ്രേക്ഷകനും ഇതിൽ ഒരു ആംഗിൾ ഉണ്ടെന്നു നേരത്തെ പറഞ്ഞല്ലോ. അതെല്ലാം യഥാതഥമായി അവതരിപ്പിക്കാൻ സഹായിക്കും വിധമായിരുന്നു സെറ്റിൻ്റെ നിർമിതി. സിനിമയുടെ ബജറ്റിൻ്റെ കാൽ ശതമാനത്തോളം ഈ സെറ്റ് നിർമിക്കാൻ മാത്രം ചെലവായിട്ടുണ്ട് ( നടീനടന്മാർക്കെല്ലാം കൂടി പ്രതിഫലത്തിനായി ചെലവായത് മൊത്തം ബജറ്റിന്റെ പത്തോ പന്ത്രണ്ടോ ശതമാനമാണ് എന്നുമോർക്കണം ). ഗംഭീരമായ ഈ സെറ്റ് എങ്ങനെ നിർമിച്ചു, എത്ര മികച്ച രീതിയിലാണ് ആ സെറ്റ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതിനെപ്പറ്റിയൊക്കെ ആധികാരികമായ പഠനങ്ങൾ ഇക്കാലത്തും ഒരുപാടു നടക്കുന്നു എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ ഇതിനു പുറകിലെ ചിന്തയും അധ്വാനവും എത്രത്തോളമുണ്ടായിരുന്നുവെന്ന്.

മികച്ച അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും സമ്പന്നമാണ് ഈ സിനിമ. ജെഫിനെ അവതരിപ്പിച്ച James Stewart നെ ആദ്യമായി കാണുന്നത് Vertigo -യിലാണ് . ഹിച്ച്കോക്ക് തന്നെ സംവിധാനം ചെയ്ത Rope കൂടി കണ്ടതോടെ വളരെയധികം ഇഷ്ടമായ ഒരു അഭിനേതാവാണ് അദ്ദേഹം. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ഒരു പട്ടാള ഓഫിസറായിരുന്ന ജെയിംസ് പിന്നീട് അഭിനയത്തിലേക്ക് വന്നു ഓസ്കർ വരെ നേടിയ നടനായി മാറുകയായിരുന്നു. വളരെ സ്വാഭാവികമായ അഭിനയവും നിയന്ത്രണത്തോടെയുള്ള ഭാവപ്രകടനങ്ങളുമാണ് അദ്ദേഹത്തിൻ്റെ അഭിനയത്തിൻ്റെ മേന്മ. അന്നത്തെ നടീനടന്മാരുടെ അല്പസ്വല്പം നാടകീയത കലർന്ന അഭിനയത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രകടനം. ജെയിംസ് കഴിഞ്ഞാൽ പിന്നീട് ഈ സിനിമയിൽ ഇഷ്ടമായത് രണ്ടുപേരെയാണ്. സ്റ്റെല്ലയെ അവതരിപ്പിച്ച Thelma Ritter , ലാർ ഥോർവാൾഡിനെ അവതരിപ്പിച്ച Raymond Burr ലിസയായി വന്ന Grace Kelly അന്നത്തെ നായികനടിമാരുടെ സ്ഥിരം ഭാവഹാവാദികളിൽ ഒതുങ്ങി നിന്നു എന്നല്ലാതെ പ്രത്യേകിച്ചൊന്നും പറയാനില്ല.

ഇക്കാലത്ത് ഇങ്ങനെയൊരു സിനിമയെടുക്കുക വളരെയെളുപ്പമാണ്. ഏതു കഥാപാത്രത്തിൻ്റെയും പെർസ്പെക്റ്റീവ് കാണിക്കാൻ സഹായിക്കുന്ന തരം ക്യാമറകൾ ,ലെൻസുകൾ , കമ്പ്യൂട്ടർ ഗ്രാഫിക്സ് തുടങ്ങി ടെക്നോളജി അത്രയ്ക്കും വളർന്നിരിക്കുന്നു. പക്ഷെ ഇതൊന്നുമില്ലാതിരുന്ന അക്കാലത്ത് എടുത്ത ഈ സിനിമയിലെ ചില ഷോട്ടുകൾ കണ്ടാൽ ശരിക്കും നമ്മൾ അത്ഭുതപ്പെടും. ഇതിലെ ക്യാമറ ചലനങ്ങൾ, ഒരുപാടു അഭിനേതാക്കൾ ഒരുമിച്ചു വരുന്ന സീനുകളിലെ അവരുടെ പൊസിഷനിംഗ്, ആക്ഷനുകൾ തുടങ്ങി വെല്ലുവിളികൾ ഏറെ നിറഞ്ഞ ഒരു ഭൂമികയിൽ നിന്നാണ് അദ്ദേഹം ഈ സിനിമ സൃഷ്ടിച്ചത്. ഒരു ഉദാഹരണം പറയാം. ജെഫ് ഇരിക്കുന്ന ജനാലയിൽ നിന്ന് ക്യാമറ എതിരെയുള്ള ജനവാതിലുകളിലൂടെ പാൻ ചെയ്തു പോകുമ്പോൾ അവിടെ നടക്കേണ്ട ആക്ഷനുകൾ തിരക്കഥയിൽ എഴുതി വച്ചിരിക്കുന്നത് പോലെ തന്നെ നടക്കണമല്ലോ. അഭിനേതാക്കൾക്ക് അതിനുവേണ്ട നിർദേശങ്ങൾ കൊടുക്കാൻ ഹിച്ച്കോക്ക് ഉപയോഗിച്ചത് അവരുടെ ചെവിയിൽ വിദഗ്ധമായി ഒളിച്ചു വച്ച ഇയർ ഫോണുകളാണ് ( 1988 ൽ ഇറങ്ങിയ "വൈശാലി" എന്ന സിനിമയിൽ മലമുകളിൽ നിന്ന് പാറക്കഷണങ്ങൾ ഉരുണ്ടു വരുന്ന സീനിൽ വോക്കിടോക്കിക്കു പകരം പല നിറത്തിലുള്ള കൊടികൾ വീശിയാണ് ഭരതൻ നിർദ്ദേശങ്ങൾ നൽകിയിരുന്നത് എവിടെയോ വായിച്ചിട്ടുണ്ട് ). ജെഫിനു പുറകിൽ കൂടി പ്രേക്ഷകൻ കാണുന്ന മറ്റൊരു ആംഗിൾ കൂടി ഈ ചിത്രത്തിലുണ്ടെന്നു പറഞ്ഞല്ലോ. അതും സെറ്റിൻ്റെ പരിമിതികൾ മറികടന്ന്‌ ചിത്രീകരിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട് . ഹിച്ച്കോക്ക് സിനിമകളിലെ ഏറ്റവും ബ്രില്യന്റ് ആയ സ്പെഷ്യൽ ഇഫക്ടുകൾ ഉള്ള "Birds" നൊപ്പം എത്തില്ലെങ്കിലും മനോഹരമായി ചിത്രീകരിച്ച സിനിമയാണ്. കൃത്യമായ പശ്ചാത്തല സംഗീതമില്ല. അപ്പാർട്മെന്റുകളിൽ നിന്ന് കേൾക്കുന്ന ശബ്ദങ്ങളാണ് ചിത്രത്തിന് പശ്ചാത്തലമൊരുക്കുന്നത്. ആ പിയാനിസ്റ്റ് കഥാപാത്രം പ്രാക്ടീസ് ചെയ്യുമ്പോൾ വായിക്കുന്ന സംഗീതം സിനിമയ്ക്കും പശ്ചാത്തല സംഗീതമായി വരുന്നുണ്ട് എന്ന് മാത്രം. തൻ്റെ സ്ഥിരം സിനിമാട്ടോഗ്രാഫർ ആയ Robert Burks ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആൽഫ്രെഡ് ഹിച്കോക്കിൻ്റെ ഏറ്റവും പ്രസിദ്ധ ചിത്രങ്ങളായ സൈക്കോ , വെർട്ടിഗോ അടക്കം ഒട്ടേറെ സിനിമകൾ എഡിറ്റ് ചെയ്തിട്ടുള്ള George Tomasini ആണ് ഈ സിനിമയുടെയും എഡിറ്റർ. നേരത്തെ സൂചിപ്പിച്ച ഒരു വോയറിസ്റ്റിക് ആംഗിൾ ഈ സിനിമയിൽ കൊണ്ടുവരാൻ സംവിധായകനെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് ഇവർ രണ്ടുപേരുമാണ്.

സ്വന്തം ചിത്രങ്ങളുടെ കോപ്പിറൈറ് മറ്റാർക്കും കൊടുക്കാത്ത ഒരു സംവിധായകനായിരുന്നു ആൽഫ്രെഡ് ഹിച്ച്കോക്ക്. തൻ്റെ സൃഷ്ടികൾ ആരെങ്കിലും മോശമായി റീ-മേക്ക് ചെയ്യുന്നത് തടയുക എന്നതായിരുന്നു അതിനു പുറകിലുള്ള ഉദ്ദേശമെന്ന് കേട്ടിട്ടുണ്ട്. ഒരുപാടു നിയമക്കുരുക്കുകളിൽ പെട്ട ഒരു സിനിമയാണ് Rear Window . സുപ്രീം കോടതി വരെ നീണ്ട പോരാട്ടങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് അത് തിരികെ കിട്ടിയത്. 1983 -ൽ പ്രശസ്ത ഹോളിവുഡ് കമ്പനിയായ യൂണിവേഴ്സൽ സ്റ്റുഡിയോസ് നല്ല വില നൽകി ഈ ചിത്രം സ്വന്തമാക്കി. തൊണ്ണൂറ്റഞ്ചിൽ ബൃഹത്തായ ഒരു റെസ്റ്റോറേഷൻ പ്രോജക്ടിലൂടെ അവർ ഈ സിനിമ വീണ്ടെടുത്തു. കാലപ്പഴക്കത്തിൽ നിറം മങ്ങിയതും നശിച്ചു പോയതുമായ ദൃശ്യങ്ങൾ കഠിന പ്രയത്നത്തിലൂടെ ശരിയാക്കിയെടുത്ത പ്രിന്റ് അമേരിക്കൻ നാഷണൽ ഫിലിം രെജിസ്ട്രിയുടെ ഭാഗമാണ്. ഏഴെട്ടു വർഷം മുമ്പ് യൂണിവേഴ്സൽ സ്റ്റുഡിയോ ഒരു കളക്ടേഴ്‌സ് ഐറ്റം പോലെ ഈ സിനിമയുടെ ബ്ലൂ റേ ഡിവിഡി റിലീസ് ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് പുതിയ തലമുറയിലെ ഗൗരവമുള്ള സിനിമാ പ്രേക്ഷകരുടെയിടയിൽ ഈ സിനിമ വീണ്ടും തരംഗം സൃഷ്ടിച്ചത്. വർഷങ്ങൾക്കു മുമ്പിറങ്ങിയ ഈ ചലച്ചിത്രം ഇപ്പോളും മനുഷ്യൻ്റെ ഇരുൾ വീണ അഭിരുചികളെ അതിവിദഗ്ധമായി അനാവരണം ചെയ്യുന്ന ഒരു കലാസൃഷ്ടിയായി ഉയർന്നു നിൽക്കുന്നു. പലരും വീണ്ടും വീണ്ടും ഈ സിനിമയെപ്പറ്റി ഗവേഷണം നടത്തുന്നു. അക്ഷരാർത്ഥത്തിൽ കാലത്തെ അതിജീവിച്ച ഒരു സിനിമ.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക