തന്നിൽ നിന്നും വിട്ടുപോയ മകൾ ലക്ഷ്മിയെ കയ്യിലെടുത്ത് പിടിച്ചിരിക്കുന്ന സുരേഷ് ഗോപിയുടെ ഹൃദയസ്പർശിയായ ചിത്രം. മലയാളികളെ പ്രണയിപ്പിച്ച 'തൂവാനത്തുമ്പികളി'ലെ ജയകൃഷ്ണനും ക്ളാരയും പിന്നെ 'കളിയാട്ട' ത്തിലെ കണ്ണൻ പെരുവണ്ണാനും താമരയും 'സ്ഫടിക' ത്തിൽ സാക്ഷാൽ ആടുതോമ. ടി.വിവേക് എന്ന തലശ്ശേരിക്കാരൻ മിടുക്കൻ വിരൽ തൊട്ട ചിത്രങ്ങളെല്ലാം ഒന്നിനൊന്നു ജീവൻ തുടിക്കുന്നവയാണ്. കടലാസിലല്ല ഈ ചിത്രങ്ങളെല്ലാം ഫോൺ സ്ക്രീനിലാണ് വിവേക് വരച്ചത്. സ്മാർട്ട് ഫോണിൽ വിസ്മയിപ്പിക്കുന്ന രീതിയിൽ വരയ്ക്കാമോ എന്ന ചോദ്യത്തിനുത്തരമാണ് വിവേകിന്റെ ഡിജിറ്റൽ പെയിന്റിംഗുകളെല്ലാം തന്നെ. ഓരോന്നും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു.
ഒരു കൊവിഡ് കാലത്താണ് വിവേക് സ്മാർട്ട് ഫോണിൽ ഡിജിറ്റൽ പെയിന്റിംഗ് ചെയ്തു തുടങ്ങിയത്. അത് ഒന്നൊന്നരശ്രമമായിരുന്നു. നിരന്തരം വരച്ചു കൊണ്ടിരിക്കുന്ന പരിശ്രമശാലിയുടെ ഉത്സാഹവും മാറ്റങ്ങൾക്കനുസരിച്ച് മുന്നോട്ടു പോകാനുള്ള ശ്രമവും വിവേകിനെ വ്യത്യസ്തനാമൊരു ആർട്ടിസ്റ്റാക്കി എന്ന് പറയാം. ഈ മൊബൈൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുൾപ്പെടെ കുന്നോളം പ്രശംസയാണ് സമ്മാനിച്ചത്. ഓരോ സിനിമയിലെയും പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച് കഥയോടു ചേർത്തുനിറുത്തി പോസ്റ്ററുകൾ തയ്യാറാക്കിയത് ഈ മേഖലയിലെ വിവേകിന്റെ വ്യത്യസ്തമായ ഇടപെടലാണെന്ന് ഉറപ്പിച്ച് പറയാം. ഡിജിറ്റൽ പോർട്രെയ്റ്റുകൾ, ഫിലിം പോസ്റ്റർ ഡിസൈൻ ഇവയെല്ലാം അനായാസേനെയാണ് സ്മാർട്ട് ഫോണിൽ പിറന്നു വീണത്. സ്വന്തം ഒരിടം കണ്ടെത്തിയാലേ ചിത്രകലയിൽ മുന്നോട്ടു പോകാൻ കഴിയൂ എന്ന് വിവേക് മനസിലാക്കിയിരുന്നു. പഠിച്ചിടത്ത് നിൽക്കാതെ കുറേ കാര്യങ്ങൾ പുതുതായി പഠിച്ച് മികവിലേക്ക് ഉയരുന്നു എന്നതും ഈ ചെറുപ്പക്കാരന്റെ പ്രത്യേകതയാണ്.
പത്തുവയസുമുതൽ വരകളുടെ ലോകത്തുണ്ട്. നന്നേ ചെറുപ്പം മുതലേ ചിത്രങ്ങളോട് കൂട്ടുകൂടിയ വിവേകിന് പിന്നീടങ്ങോട്ട് ചിത്രം വരയ്ക്കാതെ ജീവിതമില്ലെന്നായി. ആർട്ടിസ്റ്റ് പ്രേമൻ പൊന്ന്യമായിരുന്നു വിവേകിന് ചിത്ര ഹരിശ്രീ കുറിച്ചത്. വരച്ചു തുടങ്ങിയപ്പോഴേ ഇതാണെന്റെ ലോകം എന്ന സത്യം തിരിച്ചറിഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി, സമ്മാനങ്ങൾ വാരിക്കൂട്ടി. കലോത്സവങ്ങളിലും മികവ് പ്രകടിപ്പിച്ചു. 2014 ൽ തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ അപ്ലൈഡ് ആർട്ടിൽ ബിരുദം നേടി. ജീവിതസ്വപ്നങ്ങൾക്ക് നിറപ്പകിട്ട് വന്ന കാലമായിരുന്നു അത്. മുന്നോട്ടുള്ള വഴി ഇതു തന്നെ എന്ന് ഒന്നുകൂടെ ഉറപ്പിച്ചു. കുറച്ചു കാലത്തേക്ക് പരസ്യമേഖലയിൽ ഡിസൈനർ ആയി ജോലി ചെയ്തു. പുതിയ പാഠങ്ങളും അനുഭവങ്ങളുമുണ്ടായി. അതെല്ലാം വരജീവിതം ഒന്നുകൂടെ ഉഷാറാക്കി. ഒരു സ്കൂളിൽ ആർട്ട് എഡ്യുക്കേറ്ററായും എഡിറ്റിംഗ് മേഖലയിലും ഇടയ്ക്ക് ജോലി ചെയ്തു. ഇപ്പോൾ തൊക്കിലങ്ങാടി ഹൈസ്കൂളിൽ ചിത്രകലാദ്ധ്യാപകനാണ്. കൂത്തുപറമ്പ് പൂക്കോട് കലാലയം നടത്തിയ വെർച്വൽ ഗാലറി 'മായാജാലക' ത്തിലൂടെയാണ് വിവേകിന്റെ കഴിവുകൾ പുറം ലോകമറിഞ്ഞത്. ആസ്വാദകർക്ക് മനസിലാകുന്നതിനായി ഡിജിറ്റൽ ചിത്രംവരയുടെ മുഴുവൻഘട്ടവും സോഷ്യൽ മീഡിയയിലെ പങ്കുവയ്ക്കാൻ വിവേക് ശ്രദ്ധിക്കാറുണ്ട്. 'അണ്ടലൂർ ദൈവത്താർ ഇശ്വരന് മെയ്യാൾ' എന്ന സംഗീത ആൽബം നേരത്തെ സംവിധാനം ചെയ്തിരുന്നു.
2012 വരെ കൈ കൊണ്ടു തന്നെയുള്ള വരയിലാണ് വിവേക് ശ്രദ്ധിച്ചിരുന്നത്. പിന്നീട് കംപ്യൂട്ടർ ഉപയോഗിക്കാൻ തുടങ്ങി. ഫോട്ടോഷോപ്പും കോറൽഡ്രോയും എഡിറ്റിംഗ് അസ്സലായി ചെയ്യുമായിരുന്നു. പിന്നീട് procreate, ibis paintx, infinity painter, autodesk sketch book മുതലായ മൊബൈൽ ആപ്ലിക്കേഷനുകളും ഉപയോഗിച്ച് ചിത്രം വരയ്ക്കാൻ തുടങ്ങി. കൊവിഡ് ബാധിതനായി ക്വാറന്റൈനിലായ സമയത്താണ് സ്മാർട്ട് ഫോണിൽ വരച്ചു പരീക്ഷണം തുടങ്ങി. അത് വിജയിച്ചതോടെ ആത്മവിശ്വാസമായി. മുച്ചിലോട്ട് ഭഗവതിയുടെ സീരീസ് ആയിരുന്നു ആദ്യം ചെയ്തത്. തെയ്യം ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. ഡിജിറ്റൽ പെയിന്റിംഗിൽ അധികപേരും ഓയിൽപെയിന്റ് ബേസായി ഉപയോഗിക്കുമ്പോൾ വിവേക് വാട്ടർ കളർ ബേസാക്കിയാണ് വരയ്ക്കുന്നത്. വരജീവിതത്തിന് സകലവിധ പിന്തുണയുമായി ഭാര്യ മോനിഷയുണ്ട്. വിയാനാണ് മകൻ.
m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക