സിനിമയുടെ സൗന്ദര്യവും ഫ്യൂഡൽ കാഴ്ചപ്പാടുകളും മലയാളം സർവകലാശാല എം.എ. സിലബസിൽ

News

സിനിമകളുടെ സൗന്ദര്യവും തിരക്കഥയും  ആ  കാഴ്ചകളിലൂടെ സമൂഹത്തിലേക്ക് അറിഞ്ഞോ അറിയാതെയോ കൈമാറിയ   നാടുവാഴിത്തവും ആൺമേധാവിത്വവും വിദ്യാർത്ഥികൾ ഇനി സൂക്ഷ്മമായി അപഗ്രഥിക്കും. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ എം എ സിലബസ്സിലാണ്‌ ലോകം മുഴുവൻ ഇന്നും കണ്ടുകൊണ്ടിരിക്കുന്ന സിനിമകളോടൊപ്പം മലയാളത്തിലെ ഫ്യൂഡൽ കാഴ്ചപ്പാടുകളുള്ള ചിത്രങ്ങളെ കുറിച്ചും പഠിക്കാനുള്ള പരിശ്രമം. വിവിധ പഠനസന്ദർഭങ്ങളിലായി ജെല്ലിക്കട്ട്,  ധ്രുവം, നരസിംഹം, ആറാം തമ്പുരാൻ, അടക്കമുള്ള ചിത്രങ്ങൾ സിലബസിലുണ്ട്.

ഹൈന്ദവ പുനരുദ്ധാരണം,  മലയാള സിനിമയിലെ മുസ്ലിം വംശീയ വാർപ്പു മാതൃകാസൃഷ്ടികൾ ദളിത്-സ്ത്രീ പ്രാതിനിധ്യം എന്നിവയെ വിമർശനാത്മകമായി പരിശോധിച്ച്  ആ രീതിയിൽ ജനപ്രിയ സിനിമകൾ സമൂഹവുമായി നടത്തുന്ന കൊണ്ടു കൊടുക്കലുകളെ സാമൂഹിക അവബോധത്തിൽ സൃഷ്ടിക്കുന്ന നിർമ്മിതികളെക്കുറിച്ചുള്ള  പഠനമാണ് സിലബസിലൂടെ സർവകലാശാല മുന്നോട്ടുവയ്ക്കുന്ന ആശയം. സിനിമയെ കുറിച്ച് വിദ്യാർത്ഥികൾ അറിഞ്ഞും കണ്ടും സംസാരിച്ചും സംവാദിച്ചും  വളരാനുള്ളതാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് മാറ്റത്തിന്റെ ചവിട്ടുകല്ലുകളായി ഈ സിലബസ് സർവകലാശാല തയ്യാറാക്കിയത്.  ഈയൊരു ഉദ്യമം പരക്കെ പ്രശംസിക്കപ്പെടുന്നുണ്ട്.

ജനപ്രിയ സിനിമകളുടെ ചേരുവകളും സമവാക്യങ്ങളും രാഷ്ട്രീയം, ദളിത് മുസ്ലിം പ്രതിനിധാനങ്ങൾ, നായകനിർമ്മിതി, പെണ്ണും മലയാളസിനിമയും, വിപണിമൂല്യങ്ങൾ, അനുഭൂതി സഞ്ചിതവിഭവം എന്ന നിലയിൽ സമൂഹവുമായി സിനിമ നടത്തുന്ന കൈമാറലുകൾ, കാഴ്ചയുടെ സംസ്‌കാര നിർമ്മിതി എന്നിവ ഉൾപ്പെടുത്തിയ യൂണിറ്റ്  4ൽ ചെമ്മീൻ, ധ്രുവം, നരസിംഹം, ആറാംതമ്പുരാൻ, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളാണ് പഠിക്കുന്നത്. സൗന്ദര്യശാസ്ത്ര സമീപനം, സിനിമയിൽ തിരക്കഥയുടെ പ്രസക്തി,  സാഹിത്യവും നാടകവും മറ്റു കലകളുമായുള്ള സിനിമയുടെ കൊണ്ടു കൊടുക്കൽ എന്നിവ ഉൾക്കൊള്ളുന്ന യൂണിറ്റ്  5 ലെ  വിശേഷപാഠത്തിൽ ഭാർഗവീനിലയം, മഴ, ചിദംബരം, ജെല്ലികെട്ട്, തൊട്ടപ്പൻ എന്നീ ചിത്രങ്ങളും വിദ്യാർത്ഥികൾ പഠിക്കും.

ഫ്യൂഡൽബിംബങ്ങളും ചിന്തകളും ആൺതറവാടുകളും കേരളത്തിന്റെ സാംസ്‌കാരികമുഖമാണെന്ന മട്ടിൽ ധാരാളം ചിത്രങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ കാലത്ത് ഇരുകൈകളും നീട്ടി കയ്യടികളോടെ അത്തരം  സിനിമകൾ സ്വീകരിക്കപ്പെട്ടെങ്കിലും പിന്നീട് കാലം കടന്നപ്പോൾ അത്തരം ആവിഷ്‌കാരങ്ങൾ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണെന്ന നിലയിൽ വിമർശിക്കപ്പെട്ടിരുന്നു. ഓരോ സംഭാഷണങ്ങളിലുമുളള സ്ത്രീവിരുദ്ധതയുംസോഷ്യൽ മീഡിയ ഉൾപ്പെടെ നിരന്തരം ചർച്ച ചെയ്തു. അത്തരം ചിന്താഗതികളും സമൂഹത്തിന്റെ ഭാഗമായതു കൊണ്ട് എതിർക്കപ്പെടേണ്ടതില്ലെന്നും ചില വാദങ്ങൾ ഉയർന്നു വന്നിരുന്നു.  ഈ  സിനിമകളെല്ലാം വിവിധ പഠനവിഭാഗങ്ങളിലായി  ഉൾപ്പെടുത്തിയതോടെ തുടർന്നുള്ള സംവാദത്തിനുള്ള അന്തരീക്ഷമൊരുക്കാൻ മലയാളം സർവകലാശാല ധൈര്യപ്പെട്ട് ഒരു ചുവട് മുന്നോട്ട് വച്ചിരിക്കുകയാണ്. ഭാവി തലമുറയുടെ നിശിത കാഴ്ചപ്പാടുകൾക്ക് ഇവ വിധേയമാക്കപ്പെടുമെന്നാണ്  അധികൃതരുടെ പ്രതീക്ഷ.

സെമസ്റ്റർ 3 ൽ  തിരക്കഥ-സിനിമാപഠനം എന്ന വിഭാഗത്തിലാണ് ഈ സിനിമകളെല്ലാം തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ ചരിത്രം മനസിലാക്കുക, ആർട്ട് ഹൗസ് ഫിലിമിന്റെയും ഫിലിം സൗന്ദര്യശാസ്ത്രത്തിന്റെയും വിശാലമായ ശ്രേണി തിരിച്ചറിയുക, ചലച്ചിത്ര രചയിയാവിന്റെ സിദ്ധാന്തവും അവയുടെ ആശയവും വിശകലനം ചെയ്യുക.യൂണിറ്റ് ഒന്നിൽ സിനിമാപഠനം, സിനിമയുടെ ചരിത്രം, കല, സിനിമ സൗന്ദര്യശാസ്ത്രം, പ്രത്യയശാസ്ത്രം, സോവിയറ്റ് മൊണ്ടാഷ്, ജർമ്മൻ എക്‌സ്‌പ്രഷനി​സം, ഇറ്റാലി​യൻ നിയോറിയലിസം ഫ്രഞ്ച് നവതരംഗം എന്നിവയും  പഠിക്കണം.

ഇതിൽ തന്നെ വിശേഷപഠനത്തിൽ  ദി ഗ്രേറ്റ് ട്രെയിൻ റോബറി​,  ബാറ്റിൽഷിപ്പ് പൊട്ടംകിൻ, ബൈസിക്കൾ തീവ്സ്, ഗ്രേറ്റ് ഡിക്ടടേറ്റർ, അൻഷിൻ അൻഡാലു, സൈക്കോ എന്നി​വയും യൂണിറ്റ്  2 ൽ വിശേഷപഠനത്തിൽ ഉസ്‌കി റൊട്ടി,മേഘാധാക്കാ താര, എലിപ്പത്തായം, ഫാന്റ്രി, ഇരകൾ, ഷെർണി എന്നിവയുമാണ് പഠിക്കേണ്ടത്.  യൂണിറ്റ് 3 ൽ പാഥേർ പാഞ്ചലി, വൈശാലി, തൂവാനത്തുമ്പികൾ, ഭൂതക്കണ്ണാടി. സെവൻത് സീൽ എന്നിവയുടെ തിരക്കഥയും പഠിക്കാനുണ്ട്.
ഡോ. ടി. അനിതകുമാരി (പ്രൊഫസർ),ഡോ.രോഷ്നി സ്വപ്ന. പി (പഠനസമിതി ചെയർമാൻ),ഡോ. ഇ. രാധാകൃഷ്ണൻ (അസോസിയേറ്റ് പ്രൊഫസർ),ഡോ. ആർ.വി.എം ദിവാകരൻ (കാലിക്കറ്റ് സർവകലാശാല),ഡോ. എം. കൃഷ്ണൻ നമ്പൂതിരി (കാലടി സർവകലാശാല),ഡോ. എ.എം. ശ്രീധരൻ (കണ്ണൂർ സർവകലാശാല),ഡോ. എൻ. അനിൽ കുമാർ (തൃശൂർകേരളവർമ്മകോളേജ്),ഡോ. ബി. വി. ശശികുമാർ (കേരളസർവകലാശാല),ഡോ. മുഹമ്മദ് റാഫി. എൻ.വി. എന്നിവരാണ് പഠനസമിതി അംഗങ്ങൾ.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക