"അരികെ...അകലെ" - ഷീബ ശ്യാമപ്രസാദിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Memoirs

''നമ്മുടെ  പാഷൻ  ഒരിക്കലും ഉള്ളിൽ  ഒതുക്കി ഒതുക്കി വച്ചോണ്ടിരിക്കരുത്.'' ഒരു അഭിമുഖത്തിനിടെ ഉള്ളിലെ നിറവ് മുഴുവൻ മുഖത്ത് തെളിയിക്കുന്ന ചെറുചിരിയോടെ ഷീബാ ശ്യാമപ്രസാദ് പറഞ്ഞു. പ്രിയപ്പെട്ട  ഇഷ്‌ടം  വർഷങ്ങൾക്ക് ശേഷം തിരിച്ചുപിടിച്ചതിന്റെ  സന്തോഷമോ, സംതൃപ്‌തിയോ അവരുടെ വാക്കുകളിൽ തിളങ്ങി കൊണ്ടിരുന്നു. ''എങ്ങനെയെങ്കിലും നമ്മുടെ  പാഷനിലേക്ക് എത്താൻ ശ്രമിക്കണം. നമുക്ക് പറ്റാത്തതായി ഒന്നും തന്നെ ഇല്ല. ഏറ്റവും ഇഷ്ടമുള്ള കാര്യത്തിനായി എന്തു മാറ്റിവച്ചാണെങ്കിലും  സമയം കണ്ടെത്തി ഫോളോ ചെയ്യണം. മനസ്  വച്ചാൽ നമ്മുടെ സകലശ്രമവും അതിലോട്ട്  എത്താൻ കഴിയും.  എന്നാലേ നമുക്കും സന്തോഷം വരികയുള്ളൂ. നമുക്ക് സന്തോഷം വരുമ്പോൾ നമ്മുടെ കുടുംബത്തിലും അത്  പ്രതിഫലിക്കും. അങ്ങനെ എല്ലായിടത്തും സന്തോഷമായിരിക്കും.  എല്ലാവരും തങ്ങളുടെ സ്വപ്‌നത്തിലേക്ക് എത്തുക. ശ്രമിച്ചാൽ നടക്കാത്തതായി എന്താണുള്ളത്? വൈ നോട്ട് എന്ന് നമ്മളോടു തന്നെ ചോദിച്ചു കൊണ്ടിരിക്കണം.'' സ്വന്തം ജീവിതം തന്നെ ജീവിതത്തിരക്കിൽ മറന്നു പോകുന്നവരെ വളരെ ലളിതമായി ഷീബ ഓർമ്മിപ്പിച്ചു.

വളരെ പതിഞ്ഞ താളത്തിലുള്ള, ഇടയ്‌ക്കിടെ ചിരി തൂകി രസകരമായുള്ള  ആ സംസാരം കേൾക്കുമ്പോൾ അവരെ കുറിച്ച്  ഇതുവരെ അറിയാത്ത ആൾക്കു പോലും ആ വ്യക്തി  തൊട്ടടുത്തുണ്ടെന്ന് തോന്നിപ്പോകും. അത്രയേറെ സത്യസന്ധമായി, ഒട്ടും ചമയമില്ലാതെയാണ് ഷീബ തന്റെ കാഴ്‌ചകളും കാഴ്‌ചപ്പാടുകളെല്ലാം  പങ്കുവയ്ക്കുന്നത്. ചില ചോദ്യങ്ങളോട് തനിക്കത്  പറയാനുള്ള അറിവില്ല എന്ന്  അവർ തുറന്നു പറയുമ്പോൾ കേൾക്കുന്നവർക്ക്  വല്ലാത്ത ബഹുമാനം തോന്നും. അവരുടെ ജീവിതമറിയുമ്പോൾ ആ ബഹുമാനം ഇരട്ടിയാകും.

sheeba shyamaprasad 2.jpg

നൃത്ത വേദിയിൽ
നൃത്ത വേദിയിൽ

നൃത്തം ചെറുപ്പം മുതലേ ഷീബയ്‌ക്ക്  പ്രാണനായിരുന്നു. ഭരതനാട്യമാണ്  പഠിച്ചത്. കലാമണ്ഡലം വിമലാമേനോനായിരുന്നു ആദ്യഗുരു. ഷീബയുടെ തന്നെ ഭാഷയിൽ, പത്താം ക്ലാസിലെത്തുമ്പോൾ പഠനഭാരം കൊണ്ട് സകലകലകൾക്കും സ്റ്റോപ്പ് വീഴുന്ന സമയത്ത്  നൃത്തപഠനം നിന്നു. പിന്നെ കോളേജിലെത്തിയപ്പോഴാണ് വീണ്ടുമൊരു കൈ നോക്കിയത്. അന്ന്  എവിടെയോ കണ്ടുപഠിച്ച നൃത്തം ചെയ്‌തു കാണിച്ചാണ് റിഗാറ്റ ഗിരിജ ടീച്ചറുടെ യൂത്ത് ഫെസ്റ്റിവൽ ഗ്രൂപ്പിൽ കയറിപ്പറ്റിയത്. ' പിന്നീട് വീണ്ടും നൃത്തത്തിലേക്കെത്താൻ വർഷങ്ങളുടെ ഇടവേള.

വിവാഹവും കുടുംബവും ജോലിയുമൊക്കെയായപ്പോൾ നൃത്തം ഷീബയിൽ നിന്നും ഒരുപാട്  ദൂരെയായി. ''ഞാൻ നൃത്തം പഠിച്ചിട്ടുണ്ടെന്ന് ശ്യാമിന് പോലും അറിയില്ലായിരുന്നു, ഞാൻ പറഞ്ഞിട്ടുമില്ലായിരുന്നു. പക്ഷേ, എന്തോ ഒന്ന് എന്റെ ഉള്ളിൽ മിസ്സ് ചെയ്‌തിരുന്നു. നൃത്തം ചെയ്യുന്നവരെ കാണുമ്പോൾ അത് ഞാനാണെന്ന് സങ്കൽപ്പിച്ചായിരുന്നു ഞാൻ ആസ്വദിച്ചത്.  അത്ര കൊതിയായിരുന്നു. ഒരു പക്ഷേ, എന്റെ ഉള്ളിൽ അത്രയും ഉള്ളിലുള്ളത് കൊണ്ടാവാം. ഇടയ്‌ക്ക് ബാങ്കിൽ ഒന്നുരണ്ടു പ്രോഗാമുകൾക്കൊക്കെ നൃത്തം ചെയ്‌തു.  അപ്പോഴാണ് ഉള്ളിൽ സന്തോഷം ഒഴുകിപ്പരക്കുന്നത് ഞാൻ അറിഞ്ഞത്. ശ്യാമും പിന്തുണച്ചു. ഇടയ്‌ക്ക് ദൂരദർശനിലെ സതി വന്ന് ഒരു ഐറ്റം പഠിപ്പിച്ചു. ഇതല്ല ഇതല്ല വേണ്ടെതെന്ന് അപ്പോഴും മനസ്  പറഞ്ഞു. ആയിടയ്ക്ക് റിഗാറ്റ ഡാൻസ് സ്‌കൂളിലെ ഗിരിജ ചേച്ചി ശ്യാമിനെ എന്തോ ആവശ്യത്തിന് വിളിച്ചു. ആ വിളിയാണ് വീണ്ടും നൃത്തത്തിലേക്ക് എന്നെ എത്തിച്ചത്. അപ്പോഴേക്കും മക്കൾ വിഷ്‌ണുവും ശിവകാമിയും സ്വന്തം കാര്യങ്ങൾ നോക്കി തുട‌ങ്ങി. എനിക്ക് വീടിനടുത്തുള്ള ബ്രാഞ്ചിലേക്ക് മാറ്റം കിട്ടി. അങ്ങനെ 2011 ൽ പഠനം തുടങ്ങി.''

sheeba shyamaprasad 3.jpg

ചിത്രം 1 : ഭർത്താവ് ശ്യാമപ്രസാദും,കുട്ടികളും ചിത്രം 2 : വിവാഹ ദിനത്തിൽ

ആ കാലത്തിലേക്ക് വളരെ രസകരമായാണ് ഷീബ തിരിച്ചു നടന്നത്. ബാങ്കിലെ കണക്കുകളും തിരക്കുകളും കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ സാധാരണയായി ക്ഷീണിച്ച് അവശയായി മാറുന്ന ആൾ നൃത്തപഠനം തുടങ്ങിയപ്പോഴേക്കും തളർച്ച  എന്താണെന്ന് മറന്നു. റിഹേഴ്സൽ നടക്കുന്ന ദിവസമൊക്കെ കൂളായി ബാങ്കും നൃത്തവും കഴിഞ്ഞ് വീട്ടിലെത്തി.  ഉള്ളിൽ സന്തോഷം തുളുമ്പി. കുഞ്ഞുകാര്യങ്ങൾക്ക് ദേഷ്യം വരുന്ന സ്വഭാവം മാറി, ആ സന്തോഷം വീട്ടിലേക്കും തിരിച്ച് ഒഴുകി.എറണാകുളം പറവൂർ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയായ ഷീബ ജനിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്തായിരുന്നു. അച്ഛൻ റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.

ഷീബ പഠിച്ചത് നിർമ്മലഭവനിലും ആൾസെയ്‌ന്റ്സ് കോളേജിലുമാണ്. ദൂരദർശനിൽ അവതാരകയായിരുന്നു കരിയറിന്റെ തുടക്കത്തിൽ. അവിടെ ജോലി ചെയ്യുമ്പോഴാണ് ശ്യാമപ്രസാദിനെ പരിചയപ്പെട്ടത്. പിന്നീട് എസ്.ബി.ടിയിൽ ജോലി കിട്ടി. എസ്.ബി.ടിയുടെ ഒരു പരസ്യചിത്രത്തിലും മോഡലായി. വിവാഹശേഷം   ദൂരദർശനിൽ 'മയിൽപ്പീലി' എന്ന കുട്ടികളുടെ പ്രോഗാമും ജീവൻ ടിവിയിൽ കുട്ടികളുടെ പ്രോഗാമും, "വീട്ടുകാര്യ"വും ചെയ്തിരുന്നു. ഡബ്ബിംഗ് ചെയ്തിട്ടുണ്ട്. 'അകലെ' എന്ന സിനിമയിൽ നടൻ പൃഥ്വിരാജിന്റെ ഭാര്യവേഷത്തിൽ അഭിനയിച്ച ബംഗാളിനടിക്ക്‌ വേണ്ടി ഷീബ ഡബിംഗ് ചെയ്‌തിരുന്നു.

sheeba shyamaprasad 4.jpg

1994- ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ആദ്യമായി അവരുടെ ATM സർവീസ് തുടങ്ങിയപ്പോൾ ഉദ്ഘാടനത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് ഷീബയായിരുന്നു
1994- ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ആദ്യമായി അവരുടെ ATM സർവീസ് തുടങ്ങിയപ്പോൾ ഉദ്ഘാടനത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് ഷീബയായിരുന്നു

ശ്യാമപ്രസാദ് എന്ന ലോകമറിയുന്ന സംവിധായകന്റെ  സഹയാത്രിക ആ ഭാരങ്ങളൊന്നുമില്ലാതെ ജീവിതത്തെ അത്രയധികം ആർദ്രമായാണ്  നോക്കി കണ്ടത്. ശ്യാമപ്രസാദിന്റെ സിനിമാജീവിതത്തെ അഭിമാനത്തോടെ നോക്കി കാണുമ്പോഴും ആ പ്രശസ്‌തിയിൽ സ്വയം മാറാതെ അവർ മണ്ണിൽ ചവിട്ടി തന്നെ നിന്നു. ഷൂട്ടിംഗിന്റെ സമയത്ത് മറ്റൊരാളായി മാറുന്ന, പരിചയമില്ലാത്ത ഒരാളായി മാറുന്ന ശ്യാമപ്രസാദ് എന്ന സംവിധായകന്റെ തിരക്കിനെയും മറ്റൊരാളുടെ സ്‌പേസ് എന്ന  ബഹുമാനത്തോടെയാണ് അവർ നോക്കി കണ്ടത്. വിവാഹശേഷമാണ് തനിക്ക് ഒന്നു കൂടെ സ്വാതന്ത്ര്യം കിട്ടിയതെന്ന വാക്കുകളിൽ അവർ തങ്ങളുടെ ബന്ധത്തെ കൃത്യമായി വരച്ചിടുന്നുണ്ട്.

ശ്യാമപ്രസാദിന്റെ ചിത്രങ്ങളിൽ  അകലെ, ഋതു,ആർട്ടിസ്റ്റ് തുടങ്ങിയവയോടായിരുന്നു ഷീബയ്‌ക്ക് ഒന്നുകൂടെ അടുപ്പം. ശ്യാമപ്രസാദിന് തിരക്കില്ലാത്തപ്പോൾ വൈകുന്നേരങ്ങളിൽ നഗരത്തിലൂടെ ഡ്രൈവിന് പോകുന്നത് ഏറെ ഇഷ്‌ടമാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. എത്രയോ തവണ പോയ വഴിയിലൂടെയാണെങ്കിലും കുടുംബത്തോടൊപ്പമുള്ള കുഞ്ഞുയാത്ര പോലും അവർ ചേർത്തുപിടിച്ചു. ടീനേജ് കാലത്ത് കുസൃതിക്കാരനായ മകൻ വിഷ്‌ണു ഇപ്പോൾ തന്റെ ബെസ്റ്റ് ഫ്രണ്ടായതും ഇളയ മകൾ ശിവകാമിയോടുള്ള ശ്യാമിന്റെ  വാത്സല്യവു മെല്ലാം ഹൃദയത്തോടു ചേർത്താണ് അഭിമുഖങ്ങളിലെല്ലാം ഷീബ പറയുന്നത്. എപ്പോഴും ഒരു ചിരി മുഖത്ത് സൂക്ഷിച്ചിരുന്ന, ഉള്ളിൽതൊട്ട് മാത്രം സംസാരിച്ചിരുന്ന ഷീബ യാത്രയാകുമ്പോൾ ആ അസാന്നിദ്ധ്യം പ്രിയപ്പെട്ടവർക്ക്  എങ്ങനെ മായ്‌ക്കാൻ കഴിയുമെന്ന ശൂന്യത മാത്രം ബാക്കിയാകുന്നു.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക