സമൂഹം വച്ച് തരുന്ന മാനദണ്ഡങ്ങളിൽ നിന്നല്ല ഒരാൾ കവിതയോ സിനിമയോ ചെയ്യേണ്ടത് - സംവിധായകൻ ഡോൺ പാലത്തറ

Interviews

ആയിരം പേർ കേട്ടു പോകുന്ന ഒരു സിനിമയിൽ നിന്നും അത് കാണാനെത്തുന്ന നൂറുപേരും കടന്ന് ആ സിനിമയുമായി ആഴത്തിൽ സംവദിക്കുന്ന പത്തുപേരുണ്ട്. ജീവിതാവസ്ഥകളുടെ സങ്കീർണതകൾ ഓരോ സിനിമകളിലും ഉൾക്കാഴ്ചയോടെ അവതരിപ്പിച്ച്, പരീക്ഷണസിനിമകളിൽ തന്റെ ചിന്തകൾ പതിപ്പിച്ച സംവിധായകൻ ഡോൺ പാലത്തറ എപ്പോഴും കാത്തിരിക്കുന്നത് ആ പത്തുപേരെയാണ്. കാരണം ആ പ്രേക്ഷകരാണ് സിനിമയെ സംവാദത്തിലെത്തിക്കുന്നതും പല കാഴ്ചകളായി അവനവന്റെ ഉള്ളിൽ ചലിക്കുന്ന ചിത്രങ്ങളാക്കി അടയാളപ്പെടുത്തുന്നതും.
''പൊളിറ്റിക്കലിയോ മോറലിയോ മികച്ചവൻ ആണെന്ന് അഭിനയിക്കാൻ സിനിമയിൽ ശ്രമിക്കുന്നത്ര വിഡ്ഢിത്തം വേറേ ഇല്ല. സിനിമ എന്നെ സംബന്ധിച്ചിടത്തോളം വളരെ പേഴ്‌സണൽ ആയ ഒരു മീഡിയം ആണ്. അവിടെ നമ്മൾ സത്യസന്ധരായില്ലെങ്കിൽ നമ്മൾ നമ്മളോടു തന്നെ കള്ളം പറയുകയാണ്. സമൂഹം വച്ച് തരുന്ന മാനദണ്ഡങ്ങളിൽ നിന്നല്ല ഒരാൾ കവിതയോ സിനിമയോ ചെയ്യേണ്ടത്.'' തന്റെ നിലപാട് പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്. IFFSA TORONTO 2023 -തന്റെ ചിത്രമായ 'ഫാമിലി'സിനിമയുടെ പ്രദർശനത്തിനെത്തിയ ഡോൺ പാലത്തറ തന്റെ സിനിമയെക്കുറിച്ച്, കാഴ്ചകളെ കുറിച്ച്, നിലപാടുകളെ കുറിച്ച് വിശദമായി സംസാരിക്കുന്നു

മലയാളത്തിൽ സമാന്തര സിനിമകൾക്ക് ഈയൊരു കാലത്ത് എത്ര മാത്രം സ്പേസ് ഉണ്ടെന്നാണ് കരുതുന്നത്. കോടികളുടെ ബിസിനസിനെ കുറിച്ച് സിനിമ കൂടുതൽ സംസാരിക്കുമ്പോൾ ഏതുതരം പ്രേക്ഷകരായിരിക്കും ഈ ശ്രേണിയിലുള്ള സിനിമകളെ കാത്തിരിക്കുന്നത്?

സാംസ്‌കാരിക മലയാളത്തിൽ സ്‌പേസ് ഇല്ലാത്ത സിനിമകളെ ആണ് അങ്ങനെ വിളിക്കുന്നതെന്നാണ് ഞാൻ മനസിലാക്കുന്നത്. സിനിമയെക്കുറിച്ചോ കലയെക്കുറിച്ചോ ഉള്ള ഏതൊരു ചർച്ചയും അത്യന്തികമായി പണത്തെക്കുറിച്ചുള്ളതാണ്. കലയ്ക്ക് സമൂഹത്തിലുള്ള റോളിനെക്കുറിച്ച് ആരും സത്യസന്ധമായി വിശ്വസിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. മാറി ചിന്തിക്കുന്ന കുറച്ചാളുകൾ തീർച്ചയായും ഉണ്ട്. അതുകൊണ്ടാണ് പിന്നെയും സിനിമകൾ ചെയ്യാൻ മുഖ്യധാരയ്ക്ക് വെളിയിൽ ഉള്ളവർക്ക് അൽപ്പമെങ്കിലും സാധിക്കുന്നത്. എങ്കിൽ തന്നെയും ഏതെങ്കിലും ഇഷ്യുവിനെ ഉപരിപ്ലവമായി സമീപിക്കുന്ന സിനിമകൾ ആണ് കൂടുതലുള്ളത്.

സിനിമ എന്നൊരു മാദ്ധ്യമം മാത്രമാണ് തന്റെ വഴിയെന്ന തീരുമാനമെടുത്തത് എപ്പോഴാണ്?

അത് വളരെ പേഴ്‌സണൽ ആയ ഒരു തീരുമാനം ആയിരുന്നു. ഐ.ടിയിൽ ആയിരുന്നു മാസ്റ്റേഴ്‌സ് ചെയ്തത്. അതുകഴിഞ്ഞ് ഈ ഒരു കാര്യം ആവും ജീവിതകാലം മുഴുവൻ ചെയ്തുകൊണ്ട് ഇരിക്കേണ്ടി വരിക എന്നോർത്തപ്പോൾ പേടി തോന്നി. ഫിലിം സ്‌കൂളിൽ ചേരാനുള്ള തീരുമാനം അവിടെവെച്ച് എടുത്തതാണ്.

വിദേശ ഫിലിം ഫെസ്റ്റിവലുകളും ഇന്ത്യയിലെ ഫെസ്റ്റിവലുകളും തമ്മിൽ എന്തുതരം വ്യത്യാസങ്ങളാണ് അനുഭവപ്പെടുന്നത്?

അങ്ങനെ ജനറലൈസ് ചെയ്യാൻ പറ്റുമോ എന്നറിയില്ല. ഇന്ത്യയിൽ തന്നെയും ഫെസ്റ്റിവലുകൾ ഓരോന്നും ഓരോ തരം ആണ്. ഓരോ ഫെസ്റ്റിവലിന്റെയും വിഷൻ എന്താണെന്ന് അനുസരിച്ചിരിക്കും അവ. കാണികളുടെ എണ്ണത്തിനും ഗ്ലാമറിനും സെലിബ്രിറ്റികൾക്കും സർക്കാരിന്റെയോ മറ്റേതെങ്കിലും ബോഡിയുടെയോ അക്രഡിറ്റേഷനും എന്തിന് ഒരു കോമൺ അജണ്ടയ്ക്കും അപ്പുറം സിനിമയെ ഏറ്റവും പ്രധാനമായി കാണുന്ന ഫെസ്റ്റിവലുകളെ ആണ് ഞാൻ ബഹുമാനിക്കുന്നത്. അങ്ങനെ ഉള്ള ഫെസ്റ്റിവലുകൾ ഇവിടെയും പുറത്തും എല്ലാം കുറവാണ്.

പുതിയ ചിത്രമായ 'ഫാമിലി' ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടല്ലോ?

കൂടുതൽ ആളുകളിലേക്ക് ഈ സിനിമയെക്കുറിച്ചുള്ള ന്യൂസ് എത്താൻ ഇത്തരം സെലക്ഷനുകൾ സഹായിക്കും. IFFK യുടെ കാണികൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. നല്ല കാണികളുമായുള്ള നേരിട്ടുള്ള സംവാദം എന്നും താത്പര്യം ഉണ്ടാക്കിയിട്ടുണ്ട്. അതിനൊക്കെ അവസരം കിട്ടുന്നതിൽ സന്തോഷം.

ശവം, മധ്യതിരുവിതാംകൂർ തുടങ്ങിയ ചിത്രങ്ങളിൽ തീർത്തും കറുപ്പും വെളുപ്പും മിന്നി മറയുമ്പോൾ 'ഫാമിലി' കളറിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ ഒരു ശൈലി തിരഞ്ഞെടുത്തതിന്റെ പിന്നിലുള്ള കൗതുകം അറിയാൻ താത്പര്യമുണ്ട്?

ആദ്യ മൂന്ന് സിനിമകളും ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ്. ബജറ്റിന്റെ പരിമിതി ഒരു കാരണം ആണെങ്കിലും, ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന മീഡിയത്തോടുള്ള താത്പര്യം ഒരു പ്രധാന ഘടകം ആണ്. ഇനിയും ബ്ലാക്ക് ആൻഡ് വൈറ്റിൽ സിനിമകൾ ചെയ്യണമെന്നുണ്ട്.

'ഫാമിലി' ഇപ്പോൾ ടോറോന്റോയിൽ ഉൾപ്പടെ പല ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ചു കഴിഞ്ഞു. ഉടനെ കൂടുതൽ ആളുകൾ കാണാൻ പോകുന്നു?

സിനിമ എന്ന മീഡിയത്തെ തികച്ചും ആഘോഷം എന്നതിനപ്പുറം വളരെ സീരിയസായ മറ്റു പല സാധ്യതകളും ഉള്ള ഒരു മീഡിയമായി മനസിലാക്കാൻ ശ്രമിക്കണം എന്നൊരു അഭ്യർത്ഥന ഉണ്ട്.

'ഫാമിലി' സിനിമ കണ്ട ഒരാൾ എന്ന നിലയ്ക്ക്, സിനിമയിൽ ഏറ്റവും തീക്ഷ്ണവും അതേ സമയം വളരെ അനുധാവനത്തോടെയും ചിത്രീകരിച്ച ഒരു ഷോട്ട് ഉണ്ട്. വിനയ് ഫോർട്ട് ഒരു കുട്ടിയെ ട്യൂഷൻ എടുക്കുന്ന ഒരു ഫ്രെയിം ബാക്ക് പകുതിയിൽ കുട്ടിയുടെ അച്ഛൻ ടി.വി കാണുന്നതും...അച്ഛന്റെ ഷർട്ട് വെള്ളയും വിനയിന്റേത് കറുപ്പുമാണ്.... ബോധപൂർവമാണോ ഇത്തരം ബിംബങ്ങൾ കൊണ്ടുവരുന്നത്?

അത് പൂർണ്ണമായും വെള്ളയോ കറുപ്പോ അല്ലെങ്കിലും ആ സിനിമയിൽ ഓരോ നിറങ്ങളും ഫ്രെയിമുകളും വളരെ ബോധപൂർവ്വം തിരഞ്ഞെടുത്തതാണ്. ബിംബം എന്ന നിലയിൽ അല്ല, അത് കാണിയിൽ പെട്ടെന്നുണ്ടാക്കുന്ന വികാരം എന്താണ്, അതിനു ആ സീനുമായ് എങ്ങനെ ബന്ധപ്പെട്ട് നിൽക്കാൻ കഴിയുന്നു എന്നൊക്കെയുള്ള ചിന്തയിൽ നിന്നാണ് ഈ തീരുമാനങ്ങൾ.

മനുഷ്യാവസ്ഥകളാണ് ഡോണിന്റെ സിനിമകളിൽ വരുന്നത്. കടന്നു വന്ന ജീവിതാവസ്ഥ, കുട്ടിക്കാലം. അനുഭവങ്ങൾ പങ്കുവയ്ക്കുമോ?

വലിയ ഡ്രമാറ്റിക്ക് ആയ സംഭവങ്ങളേക്കാൾ നിത്യജീവിതവും അതിന്റെ സങ്കീർണ്ണതയും ആണ് എന്നെ ആകർഷിച്ചിട്ടുള്ളത്. എനിക്ക് പതിമൂന്ന് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. അന്ന് ആ സംഭവം എന്നെ ഒരുപാട് ബാധിച്ചിരുന്നു. എന്നാൽ ജീവിതം അത്തരം നഷ്ടങ്ങൾക്കെല്ലാം അതീതമായ് തുടരുന്ന ഒന്നാണെന്ന തിരിച്ചറിവും പിന്നാലെ ഉണ്ടായി.

പുതുതായി ഒന്നും ചെയ്യാനില്ലെങ്കിൽ സിനിമ ചെയ്യേണ്ടതില്ലെന്നാണ് ഡോണിന്റെ നിലപാട്. ഈ പുതുമ കണ്ടെത്തുന്നത് ബോധപൂർവമാണോ, അതല്ലെങ്കിൽ യാത്രകളിൽ നിന്നോ, അല്ലെങ്കിൽ അനുഭവങ്ങളിൽ നിന്നോ വന്നെത്തുന്നതാണോ?

പുതുമ എന്ന് പറയുന്നത്, പറയുന്ന വിഷയത്തേക്കാൾ, എങ്ങനെ പറയുന്നു എന്നതുമായാണ് ഞാൻ ബന്ധിപ്പിക്കുന്നത്. ഒരു സിനിമയെ പ്രത്യേകമാക്കുന്നതും അതിന്റെ ഉള്ളടക്കത്തേക്കാൾ അതിന്റെ ഫോം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ നിർമ്മിച്ചെടുക്കുന്നതാണ് സിനിമ എന്നൊക്കെ പറയാമെങ്കിലും പലപ്പോഴും മനസിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൃഷ്ടികൾ വളരെ യാദൃച്ഛികമായി വന്നു ചേർന്നിട്ടുള്ളവയാണ്. ഒരു പ്രോസസ് ഉണ്ടായിരിക്കുക, സത്യസന്ധമായിരിക്കുക എന്നിങ്ങനെ രണ്ട് കാര്യങ്ങളേ നമുക്ക് ചെയ്യാൻ ഉള്ളൂ.

പൊളിറ്റിക്കൽ കറക്ട്നസ്സ് ഈയടുത്ത കാലത്താണ് നമ്മൾ ശ്രദ്ധിക്കുന്നത്. ഒരു സിനിമയെടുക്കുമ്പോൾ ഇങ്ങനെ ഒരു മാനദണ്ഡം എങ്ങനെ കൊണ്ടു വരാൻ കഴിയും. ഒരുപാട് ശ്രദ്ധിക്കുമ്പോൾ അങ്ങനെയുളള കഥാപാത്രങ്ങളെ സിനിമയിൽ ഉൾക്കൊള്ളാൻ കഴിയാതെ വരില്ലേ... ?

പൊളിറ്റിക്കലിയോ മോറലിയോ മികച്ചവൻ ആണെന്ന് അഭിനയിക്കാൻ സിനിമയിൽ ശ്രമിക്കുന്നത്ര വിഡ്ഢിത്തം വേറേ ഇല്ല. സിനിമ എന്നെ സംബന്ധിച്ചിടത്തോളം വളരെ പേഴ്‌സണൽ ആയ ഒരു മീഡിയം ആണ്. അവിടെ നമ്മൾ സത്യസന്ധരായില്ലെങ്കിൽ നമ്മൾ നമ്മളോടു തന്നെ കള്ളം പറയുകയാണ്. സമൂഹം വച്ച് തരുന്ന മാനദണ്ഡങ്ങളിൽ നിന്നല്ല ഒരാൾ കവിതയോ സിനിമയോ ചെയ്യേണ്ടത്.

ക്രിസ്തീയ വിശ്വാസത്തിലൂന്നിയുള്ള ചടങ്ങുകൾ, ആചാരങ്ങൾ എന്നിവ വളരെ വിശദമായി ചിത്രീകരിച്ചു കാണാറുണ്ട്. സ്വന്തംചുറ്റുപാടിൽ നിന്ന് ജീവിതത്തിൽ നിന്ന് കിട്ടുന്ന അനുഭവങ്ങളാണോ അതോ പ്രത്യേക പഠനം തന്നെ നടത്തുന്നുണ്ടോ ഇക്കാര്യത്തിൽ?

ജനിച്ചു വളർന്ന സാഹചര്യം എന്നതുകൊണ്ട് തന്നെ ആചാരങ്ങളുടെയും ജീവിത സാഹചര്യങ്ങളുടെയും ഡീറ്റെയിലുകൾ വളരെ ഭംഗിയായി എനിക്ക് അറിയാം. അത് സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ സ്വാഭാവികമായി മനസിൽ തെളിയാറുമുണ്ട്. പിന്നെ, ഓരോ സിനിമയുടെയും സമയത്ത് നമുക്കറിയാവുന്നതോ ചിന്തിച്ചിട്ടുള്ളതിനോ അപ്പുറത്ത് ഉള്ള മാനങ്ങൾ അന്വേഷിക്കാറുണ്ട്.

പ്രേക്ഷകൻ എന്ന നിലയിൽ ഏതുതരം സിനിമകളാണ് ഡോൺ കാണുന്നത്. ഈയടുത്ത് കണ്ടവയിൽ ഇഷ്ടപ്പെട്ട സിനിമ ഏതാണ്?
സിനിമകളുടെ ലോകം ഒരു വ്യക്തിക്ക് സ്വാംശീകരിക്കാൻ സാധിക്കുന്നതിലുമൊക്കെ വളരെ വലുതാണ്. അതുകൊണ്ട് തന്നെ എല്ലാം കാണുക എന്ന ശ്രമം ഒന്നും നടത്താറില്ല വായിക്കാൻ പുസ്തകമോ, കേൾക്കാൻ പാട്ടോ ഒക്കെ തിരഞ്ഞെടുക്കുന്നതുപോലെ വ്യക്തിപരമായ കാര്യമാണ് എനിക്ക് സിനിമ കാഴ്ച. എനിക്ക് പുതിയൊരു അനുഭവം തരുന്ന സിനിമകൾ ആണ് എപ്പോഴും കാണാൻ ആഗ്രഹം. ഓരോ ആഴ്ചയും ഇഷ്ടപ്പെടുന്ന സിനിമകൾ മാറിക്കൊണ്ടിരിക്കും. ഏറ്റവും ഒടുവിൽ കണ്ട് ഇഷ്ടപ്പെട്ടത് മിക്കതും എക്‌സ്പിരിമെന്റൽ സിനിമകൾ ആണ്.

ഓരോ സെക്കന്റിലും ലോകമെങ്ങും സിനിമ മാറുന്നില്ലേ?
സ്വയം അപ്ഡേറ്റ് ആവുന്നത് എങ്ങനെയാണ്?

സിനിമ എന്ന മാധ്യമത്തെക്കുറിച്ച് ആണെങ്കിൽ, കഴിഞ്ഞ നൂറു വർഷത്തിനിടെ അത്രയ്‌ക്കൊന്നും വളർന്നിട്ടില്ല നമ്മൾ. ടെക്‌നോളജി മാറുന്നുണ്ടാകും, സമൂഹം സിനിമയെ നോക്കുന്ന രീതികൾ മാറുന്നുണ്ടാവും, പക്ഷേ, ഈ ഒരു പാത തിരഞ്ഞെടുത്ത ഒരാളെന്ന നിലയ്ക്ക് അത്തരം കാര്യങ്ങൾ ആവരുത് ഒരു ഫിലിം മേക്കറെ ബാധിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഏതൊരു മനുഷ്യനും ജീവിതാനുഭവങ്ങളിലൂടെയും വായിക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങളിലൂടെയും അനുദിവസം മാറിക്കൊണ്ടിരിക്കുന്നുണ്ട്. തന്നിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാൻ ആകാൻ ശ്രമിക്കുക, ആ ഉൾകാഴ്ചകൾ സിനിമ എന്ന മാധ്യമത്തിലേക്ക് എങ്ങനെ കൊണ്ടുവരാം... എന്നിങ്ങനെയുള്ള ചിന്തകൾ ഉണ്ടാകാറുണ്ട്.

ഇത്തരം സിനിമകൾ പ്രേക്ഷകരിലെത്തിക്കാൻ അവരെ കണ്ടെത്തേണ്ടതുണ്ടെന്ന് തോന്നുന്നു. അതും വലിയൊരു ടാസ്‌ക്കല്ലേ... പ്രത്യേകിച്ചും അങ്ങനെയുള്ള കാര്യങ്ങളിൽ സാമ്പത്തികഭാരം വരുമെന്ന് തോന്നുന്നു. കൃത്യമായ പ്ലാനിംഗിലൂടെയാണോ ഇങ്ങനെ വിവിധ ഫെസ്റ്റിവലുകളിലെത്തുന്നത്... ഇങ്ങനെയുള്ള പരിശ്രമങ്ങൾ കുറേ കൂടി സ്ട്രെസ്ഫുൾ ആണോ?

തീർച്ചയായും. അത് ആയിരക്കണക്കിന് ആളുകളുടെ നടുവിൽ ഇരുന്ന് സിനിമ കാണുന്നതോ, അല്ലെങ്കിൽ ബഹളത്തിൽ നിന്ന് ഹൈ കിട്ടുന്നതോ കൊണ്ടല്ല. ആയിരം പേർ കേട്ടാൽ ആവും നൂറുപേർ ഒരു സിനിമ കാണാൻ എത്തുന്നത്, അവരിൽ പത്തുപേർ ആവും ആ സിനിമയുമായ് ആഴത്തിൽ സംവദിക്കുന്നത്. ആ പത്തുപേർ വളരെ പ്രധാനമാണ്.

എല്ലാ സിനിമകളും സ്വീകരിക്കാൻ പാകത്തിൽ ഒ.ടി.ടി കാലത്തിൽ പ്രേക്ഷകർ വളരുന്നുണ്ട്. ആ ഒരു മാറ്റം പരീക്ഷണ ചിത്രങ്ങൾക്ക് ഗുണകരമാണോ? ഫാമിലി സിനിമ തിയേറ്ററിലോ ഒ.ടി.ടിയിലോ എപ്പോൾ കാണാം?
കാണികളുടെ കാഴ്ചാശീലങ്ങൾ കുറച്ചൊക്കെ മാറി വരുന്നുണ്ടെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ മിക്കതും കുത്തകകളായി മാറുന്നതും കാണികൾ എന്ത് കാണണം എന്ന് തീരുമാനിക്കുന്നതുയുള്ള ഒരു അവസ്ഥ ഉണ്ടായി വരുന്നുണ്ട്. വ്യത്യസ്തമോ വ്യക്തിപരമോ ആയ ശൈലിയുള്ള സിനിമകൾ അവർക്ക് അധികബാധ്യത ആണ്. പുതിയ ഒരു കാഴ്ചാശീലം ഉണ്ടാക്കുക എന്നതോ സിനിമയെന്ന മാധ്യമത്തെ ഉദ്ധരിക്കുക എന്നതോ ഒന്നും അവരുടെ അജണ്ടയിൽ ഇല്ല. പെട്ടെന്ന് പണം വാരാൻ എന്ത് കണ്ടന്റ് കൊടുക്കാം എന്ന് മാത്രം ആണ് അവരുടെ ചിന്ത. അതുകൊണ്ട് തന്നെ ഇൻഡിപ്പെൻഡന്റ് ആയി നിൽക്കാൻ ശ്രമിക്കുന്നവർക്ക് നിലനിൽപ്പില്ല. ഒന്നുകിൽ പ്ലാറ്റ്‌ഫോമുകൾ പണം കൊടുത്ത് അവരെ വാങ്ങും, അല്ലെങ്കിൽ അവരുടെ സിനിമകളെ അവഗണിക്കും. ഫാമിലി റിലീസിന് തയാറെടുക്കുകയാണ്. ഒ.ടി.ടി ആണോ, തിയേറ്റർ ആണോ എന്ന കാര്യത്തിൽ തീരുമാനമായില്ല.

Family Trailer I Don Palathara I Vinay Forrt | Newton Cinema

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment