'കാതൽ ദി കോർ' മനുഷ്യാവസ്ഥകളുടെ സംഘർഷങ്ങളിലൂടെ കടന്നു പോയി ഒടുവിൽ ഒരു പുഞ്ചിരി തെളിയിക്കുന്ന ഉൾക്കാമ്പുള്ള ചിത്രം. ആദ്യഷോ മുതൽ അഭിനന്ദനങ്ങൾ പ്രവഹിക്കുമ്പോൾ അതെല്ലാം തന്റെ സിനിമാ ടീമിനുള്ളതാണെന്ന് സംവിധായകൻ ജിയോ ബേബി അടിവരയിടുന്നു. ഇത്രയും ഗൗരവമേറിയ സിനിമ ഷൂട്ട് ചെയ്ത ലൊക്കഷൻ പക്ഷേ, ഒന്നാന്തരമൊരു പിക്‌നിക്ക് മൂഡിലായിരുന്നു. പുറമേ കേട്ടിട്ടുള്ള പേടിപ്പിക്കുന്ന മമ്മൂക്ക അവിടെ പിള്ളേരുടെ കൂടെ കളിക്കുന്നു, വഴക്കിടുന്നു, തമാശ പറയുന്നു. എല്ലാവരും ഒന്നിനൊന്നോട് ചേർന്നു നിന്നതിന്റെ രസം ആ സിനിമയിൽ കാണാം. കഥയിലേക്ക് വന്നവഴി, അത് സിനിമയായി മാറിയ ദിശകൾ, ആദ്യം മുതലേ കൂടെ നിന്ന മമ്മൂക്ക... ഇങ്ങനെ സിനിമയ്‌ക്കൊപ്പം സഞ്ചരിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ജിയോ ബേബി.
ഈ സിനിമ വലിയൊരു ഉത്തരവാദിത്തം തന്നെയായിരുന്നു. അതിനൊപ്പം ആദ്യമായാണ് മറ്റൊരു തിരക്കഥയിൽ സിനിമ ചെയ്യുന്നത് ?
തിരക്കഥാകൃത്തുക്കളായ ആദർശിനെയും പോൾസണെയും എനിക്ക് നേരത്തെ പരിചയമില്ല. ഒരു കഥ കേൾക്കാമോ എന്ന് അവർ തിരക്കുകയായിരുന്നു. എന്റെയടുത്ത് വരുന്ന കഥകളൊക്കെ തന്നെ ഞാൻ കേൾക്കാറുണ്ട്. നമ്മളെ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥകളുണ്ടെങ്കിൽ കേൾക്കണം, വിട്ടുകളയരുത് നമ്മൾക്ക് വർക്ക് ആവുന്ന കഥകൾ ചെയ്യണം എന്നു തന്നെയാണ് ആഗ്രഹം. പക്ഷേ, ഒരുപാട് കഥകൾ ഇത്രയും കാലം കേട്ടിട്ടും എനിക്ക് ചെയ്യണമെന്ന് തോന്നിയിരുന്നില്ല. പക്ഷേ, ഈ കഥ കേട്ടപ്പോൾ തന്നെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. എനിക്കത് ഓകെയായപ്പോൾ എന്റെ പങ്കാളി ബീനയുടെ അടുത്ത് എന്റേതായ രീതിയിൽ ഈ കഥ പറഞ്ഞു. അവൾക്കത് നന്നായി ഇഷ്ടപ്പെട്ടു. അങ്ങനെ ഇതു നമുക്ക് ചെയ്താലോ എന്ന് രണ്ടുപേരുടെയടുത്തും പറയുകയായിരുന്നു. ഇതിപ്പോൾ നിങ്ങളുടെ സിനിമയാണ്, പക്ഷേ, ഇതിൽ കുറയേധികം വർക്ക് ചെയ്യാനുണ്ടെന്ന് തോന്നുന്നു, എന്റെ ഒരു സിനിമയാക്കി മാറ്റാനായി കൂടെ നിൽക്കാമോ എന്ന് അവരോട് ചോദിച്ചു. സന്തോഷത്തോടെ അവരത് സമ്മതിച്ചു. അങ്ങനെ ഞങ്ങൾ മൂന്നുപേരും ചേർന്ന് തുടങ്ങിയതതാണ്. വലിയ പ്രോസസാണ്. അതെനിക്ക് സത്യത്തിൽ പറയാൻ അറിയത്തില്ല. ആദർശിന്റെയും പോൾസന്റെയും കഥ ഞാനും കൂടി ചേരുന്നു. പിന്നെയത് ഞങ്ങൾ മൂന്നുപേരുടെയും സിനിമയായി മാറുന്ന ഒരു നീണ്ട യാത്രയുണ്ടതിൽ. മാസങ്ങളെടുത്ത്, ഒരുപാട് ക്രിയേറ്റീവായി വർക്ക് ചെയ്ത് അങ്ങനെയായിരുന്നു മുന്നോട്ട് പോയത്.
വിയോജിപ്പുകൾ സ്വാഭാവികമായും ഉണ്ടാകുമല്ലോ. എങ്ങനെ പരിഹരിച്ചു?
തീർച്ചയായും ഉണ്ട്. വഴക്കുകൾക്ക് ശേഷം ഇവൻമാർ വന്ന് എന്നാൽ പിന്നെ ചേട്ടൻ തീരുമാനിക്കുന്നതു പോലെ ചെയ്യാം എന്നു പറയും. അതങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഉണ്ടായിട്ടുണ്ട്. ഒരു സമയത്ത് ഞാൻ നോ പറഞ്ഞാലും കുറച്ചു സമയം കഴിഞ്ഞാൽ ആദർശും പോൾസണും പറഞ്ഞതാണ് ശരി എന്ന് തിരുത്തിയിട്ടുണ്ട്. ഒരു ഗിവ് ആന്റ് ടേക്ക് ആണ് ഇതെല്ലാം. ഞങ്ങൾ മൂന്നുപേരും ഒരേ പോലെ ഈ സിനിമയെ കാണുന്ന അവസ്ഥയിലേക്ക് എത്താൻ കുറേയധികം സമയമെടുത്തു. അങ്ങനെ സമയമെടുത്തും ഇരുന്നും തന്നെയാണ് സിനിമയിലേക്ക് പോയത്. കുറേ ഇൻപുട്ട്‌സുകൾ തന്ന മമ്മൂക്കയും അതിന്റെ ഭാഗമാണ്. ആ പ്രോസസ് എനിക്ക് ഓർത്തെടുക്കാൻ പോലും കഴിയാത്ത അത്രയും നീണ്ടതാണ്. ഈ കഥ നടക്കുന്ന സ്ഥലം മാറ്റണം, അത് മാറ്റണം, ഇത് മാറ്റണം, ആ കാരക്ടർ വേണ്ട, ഈ കാരക്ടർ വേണ്ട എന്നൊക്കെയായിരുന്നു എന്റെ വാദങ്ങൾ. ഇതെല്ലാം പറഞ്ഞു പറഞ്ഞ് അവസാനം എന്റെ കാഴ്ചപ്പാടിലേക്ക് അവരും അവരുടെ കാഴ്ചപ്പാടിലേക്ക് ഞാനും എത്തി. ജോൺ പോൾ സാറിന്റെ ഡയറക്ടർ, സ്‌ക്രിപ്റ്റ് റൈറ്റർ റിലേഷൻഷിപ്പ് അനുഭവങ്ങളൊക്കെ ഞാൻ വായിച്ചിരുന്നു. എനിക്കത് അറിയാമായിരുന്നെങ്കിലും മറ്റൊരു തിരക്കഥയിൽ എന്റെ സിനിമ എന്നത് എനിക്ക് പുതിയ അനുഭവമാണ്. പക്ഷേ, അതിലേക്ക് ഇറങ്ങി തിരിച്ച്, ക്രിയേറ്റീവായ എല്ലാ യുദ്ധങ്ങളും കഴിഞ്ഞ് ഒരു സ്‌ക്രീൻപ്ലേയിലേക്ക് പോകുമ്പോൾ ഞങ്ങൾക്കിടയിൽ തർക്കങ്ങൾ അവസാനിക്കും. അവിടെ ഞങ്ങൾ കണ്ട സ്വപ്‌നം ഒന്നായി എന്ന് തന്നെ പറയാം. കഥാപാത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവരുടെ സാഹചര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവുകളും കൂടി ശരിയാകുമ്പോൾ എല്ലാവരും ഒരേ കാഴ്ച കാണാൻ തുടങ്ങും. ആ അവസ്ഥയിലേക്ക് എത്തുമ്പോൾ പിന്നെ അത് എളുപ്പമായി.
സെൻസിറ്റിവിറ്റിയുള്ള വിഷയമാണ് സിനിമയുടെ പ്രമേയം. അതേ സമയം കഥാപാത്രങ്ങൾക്ക് പോറലുകളൊന്നും വരുന്നുമില്ല. ആ രീതിയിൽ തന്നെ ശ്രദ്ധിച്ചിരുന്നോ?
അതേ. ഈ വിഷയം പറയുമ്പോൾ എല്ലാവരുടെയും മനസിൽ വരുന്നത്. അങ്ങനെ കാണാൻ പറ്റാത്ത സിനിമ എന്നാവും. എന്നാൽ ഈ വിഷയത്തിൽ എല്ലാവർക്കും കാണാൻ പറ്റുന്ന രീതിയിൽ ഒരു തിരക്കഥ വന്നതാണ് എന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ചത്. ഈ സിനിമ ഏറ്റവും കൂടുതൽ കാണേണ്ടത് കുട്ടികളാണെന്നാണ് എന്റെ തോന്നൽ. അഞ്ചാം ക്ലാസിനുശേഷമുള്ള കുട്ടികൾക്ക് ഈ സിനിമ കാണാം. ഞാൻ ഈ സിനിമയുടെ വർക്ക് ചെയ്യുന്ന പല ഘട്ടങ്ങളിലും എന്റെ മോൻ കൂടെയുണ്ടായിരുന്നു. എന്റെ വീട്ടിലിരുന്നും സിനിമയുടെ ചർച്ചകൾ നടത്തിയിട്ടുണ്ട്. ഭാര്യാ, ഭർതൃബന്ധത്തിലെന്ന പോലെ ആണുങ്ങളും ആണുങ്ങളും, സ്ത്രീകളും സ്ത്രീകളും ഒന്നിച്ച് ജീവിക്കുമെന്ന് അവനറിയാം. അങ്ങനെ ഒരു ബോദ്ധ്യമുണ്ടായത് ഞങ്ങൾ മനപ്പൂർവം അവന് പറഞ്ഞുകൊടുത്തത് കൊണ്ടാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി സ്വാഭാവികമായി അത് അറിഞ്ഞു പോയതാണ്. രക്ഷിതാക്കൾ ഈ സിനിമ കുട്ടികളെ കൊണ്ടുപോയി കാണിക്കണം. എത്രത്തോളം കുട്ടികളെ കാണിക്കാമോ അത് ചെയ്യണം. സ്‌കൂളിൽ നിന്നൊക്കെ കുട്ടികളെ കൊണ്ടു വന്ന് കാണിക്കാൻ എന്തു ചെയ്യണമെന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസിയുടെ അടുത്ത് പ്രേക്ഷകന് വലിയൊരു എംപതി തോന്നുന്നുണ്ട്. അത് മാനുഷികമായി തന്നെ ജീവിതത്തെ സമീപിക്കുന്നത് കൊണ്ടാണോ?
ആ കഥ എന്റയടുത്ത് വരുമ്പോൾ തന്നെ മാത്യു എന്ന കഥാപാത്രം നിസ്സഹായനായിരുന്നു. പല സാഹചര്യങ്ങളുണ്ടതിൽ. അയാൾക്കത് തുറന്ന് പറയാൻ പറ്റുന്നില്ല. അയാൾ അത്രയധികം എക്‌സ്പ്രസീവല്ല, ഉള്ളിലോട്ടു വലിഞ്ഞു ജീവിക്കുന്ന മനുഷ്യനാണ് അയാൾ. എനിക്ക് ക്വിയർ കമ്മ്യൂണിറ്റിയിലുള്ള പല മനുഷ്യരെയും അറിയാം, അവർ കടന്നുപോകുന്ന സാഹചര്യങ്ങളറിയാം, നേരിട്ടും അല്ലാതെയും പറഞ്ഞു കേട്ടിട്ടുള്ള അറിവുകളുമുണ്ട്. ഇങ്ങനെ നമുക്ക് ഇവരെ കുറച്ചു കൂടെ അറിയാവുന്നത് കൊണ്ട് ആ രീതിയിലൊക്കെ തന്നെയാണ് മാത്യു രൂപപ്പെട്ടു വന്നിരിക്കുന്നതും. ആദർശും പോൾസണും എഴുതുമ്പോൾ തന്നെ അതങ്ങനെ തന്നെയായിരുന്നു. പിന്നെ മമ്മൂക്ക ആ രീതിയിൽ തന്നെ അത് ഉൾക്കൊണ്ടു. കഥാപാത്രങ്ങൾക്കൊന്നും വലിയ മാറ്റം പിന്നീട് വരുത്തേണ്ടി വന്നിട്ടില്ല. അവർ ചെന്ന് ഇടപെടുന്ന സാഹചര്യങ്ങൾ ഒക്കെയാണ് വർക്ക് ചെയ്ത് പിന്നെ മാറ്റിയത്. ഓമന, ഓമനയായി തന്നെയാണ് ഉണ്ടായിരുന്നത്,ആദ്യം മുതലേ.
കഥാപാത്രങ്ങൾക്കിടയിലെ നിശബ്ദത ഈ സിനിമയെ വലിയ രീതിയിൽ അടയാളപ്പെടുത്തുന്നുണ്ട്?
ഒരേ സിനിമ മനസിൽ കാണാൻ തുടങ്ങുമ്പോൾ മുതൽ നിശബ്ദത എന്നൊരു എലമെന്റിൽ വർക്ക് ചെയ്യണം എന്ന് ഞങ്ങൾ മൂന്നുപേർക്കുമുണ്ടായിരുന്നു. മമ്മൂക്കയ്ക്കും ഇതേ സജഷൻ ഉണ്ടായിരുന്നു. എനിക്കെപ്പോഴും ഇഷ്ടമുള്ള ഒരു കാര്യമാണത്. സിനിമയുടെ ഭാഷ തന്നെ കുറേയൊക്കെ അങ്ങനെയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇവർ കൂടുതൽ സംസാരിക്കേണ്ട എന്ന് ഞങ്ങൾ തന്നെ തീരുമാനിച്ചിരുന്നു. പുള്ളി അധികം സംസാരിക്കേണ്ട എന്ന മമ്മൂക്കയുടെ ഇൻപുട്ട്‌സും അതിലുണ്ട്. ആ സാഹചര്യത്തിനായി നമ്മൾ കുറേക്കൂടി വർക്ക് ചെയ്യുകയാണല്ലോ
പള്ളിയിലെ ഘോഷയാത്ര നോക്കിയിരിക്കുന്ന മാത്യുവിനെ പിന്നിൽ നിന്നും കാണുമ്പോൾ തന്നെ ആ സംഘർഷം ബോദ്ധ്യമാകുന്നുണ്ട്?
മമ്മൂക്കയുടെ അഭിനയത്തിൽ നമുക്ക് ഒന്നും പറഞ്ഞുകൊടുക്കേണ്ട. കാരണം തുടക്കം മുതൽ അദ്ദേഹം ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്. എഴുത്തിന്റെ സമയം മുതൽ അതങ്ങനെ തന്നെയാണ്. ഓരോ സീനിലും എങ്ങനെ പെരുമാറണമെന്നത് അത്ര കൃത്യമായി അറിയാം എന്ന് പറയേണ്ടതില്ലല്ലോ. ഇങ്ങനെ ഒരു വിഷയം വരുമ്പോൾ മതം എന്നൊരു കാര്യമാണ് ഇതിനെല്ലാം വലിയ പ്രശ്‌നമുണ്ടാക്കുന്നത്. അങ്ങനെ ഒരു സംഭവത്തിലൂടെ കടന്നു പോകുമ്പോഴാണ് അയാൾ നിസ്സഹായനായി പോകുന്നത്. അയാൾ മാത്രമല്ല, ആ കുടുംബം മുഴുവനും നിസ്സഹായരായി മാറുകയാണ്.
മൂളൽ, തൊണ്ടയിൽ നിന്നുള്ള ചെറിയ ശബ്ദം ഇതെല്ലാം സിനിമയെ വല്ലാത്ത രീതിയിൽ അനുഭവിക്കുന്നുണ്ട്?
അതൊക്കെ മമ്മൂക്ക അഭിനയിക്കുമ്പോൾ അന്നേരം ചെയ്യുന്നതാണ്. അതൊക്കെ കണ്ട് നമ്മളും ഞെട്ടുക എന്നേയുള്ളൂ.
മാത്യുവും ഓമനയും അത്ര ദൂരെയാണെങ്കിൽ പോലും അവർക്കിടയിൽ മനോഹരമായ ഒരു ബന്ധമുണ്ട് സൂക്ഷിച്ചു നോക്കുമ്പോൾ?
തീർച്ചയായും. ഇത്രയും വർഷം അവർ ഒരുമിച്ചാണ് ജീവിച്ചത്. അവരധികം സംസാരിക്കുന്നുപോലുമില്ല. അതെല്ലാമാണെങ്കിൽ പോലും അവർക്കിടയിൽ ഉണ്ടായി വന്നിട്ടുള്ള സ്‌നേഹമുണ്ട്. ഞാൻ എനിക്ക് വേണ്ടി മാത്രമല്ല ഇത് ചെയ്യുന്നതെന്ന് ഓമന പറയുമ്പോൾ, ആ വാചകങ്ങളിൽ എല്ലാമുണ്ട്, അവരുടെ ജീവിതവും അത്ര തെളിഞ്ഞു കാണാത്ത അടുപ്പവുമെല്ലാം.
ചില കഥാപാത്രങ്ങൾ അവർ ശീലിച്ച വഴി തിരുത്തുന്ന ഒരു രീതിയും വരുന്നുണ്ട്?
മനുഷ്യർ അങ്ങനെയാണല്ലോ... അത് അങ്ങനെ തന്നെ പറയണമെന്ന് തോന്നി.
നമ്മൾ കണ്ടിട്ടുള്ള കോടതികൾ ബഹളമയവും നാടകീയത നിറഞ്ഞ അന്തരീക്ഷവുമുള്ളതാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി അനുഭവപ്പെടുന്നുണ്ട് ഈ സിനിമയിലെ കോടതി?
കോടതി രംഗങ്ങൾ പ്ലാൻ ചെയ്തപ്പോൾ തന്നെ പരമാവധി യാഥാർത്ഥ്യവുമായി നീതി പുലർത്തണമെന്ന് ചിന്തിച്ചിരുന്നു. പോൾസൺ ഇതിനായി ഒരു പാട് വർക്ക് ചെയ്തു. ഒരുപാട് കോടതികളിൽ പോകുകയും അതിനായി കുറേ സമയം ചെലവിടുകയും ചെയ്തു. ജഡ്ജിമാരെയും വക്കീലുമാരെയും ഒക്കെ കണ്ട് സംസാരിച്ചിട്ടുണ്ട്. ആ രംഗങ്ങൾ നന്നായിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് പോൾസണാണ്. കോടതി പുള്ളിയെ ഏൽപ്പിക്കുകയായിരുന്നു, അതിൽ വലിയ ക്രേസുമായിരുന്നു പോൾസണ്. ക്രിയേറ്റീവായും ലീഗൽ സൈഡിലും സഹായിക്കാൻ അഡ്വ. ഷാനിബ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഷൂട്ടിന്റെ സമയത്ത് മുഴുവൻ ഷാനിബയുണ്ടായിരുന്നു. കോടതിയുടെ കൊറിയോഗ്രാഫിയൊക്കെ നോക്കാനും തെറ്റുണ്ടെങ്കിൽ തിരുത്താനുമൊക്കെ സഹായിച്ചു. കോടതി ഷൂട്ട് ദിവസങ്ങളിലൊക്കെ അവിടെ തന്നെയുണ്ടായിരുന്നു. ഓരോ ഷോട്ടും എടുക്കുമ്പോൾ കണ്ടിരിക്കുകയാണ് ഷാനിബ. മാറ്റം വേണ്ടതാണെങ്കിൽ അത് പറയും. അങ്ങനെ ഒരുപാട് ശ്രദ്ധിച്ചിരുന്നു.
സിനിമയ്‌ക്കൊപ്പം, ചിലപ്പോൾ അതിനുമേലെ സഞ്ചരിക്കുന്ന സംഗീതം, പശ്ചാത്തലത്തിലും പാട്ടുകളിലും പിടിച്ചിരുത്തി?
സംഗീതം ഒരുക്കിയ മാത്യുസ് പുളിക്കൻ ഞങ്ങളുടെ സ്ഥിരം ടീം തന്നെയാണ്. എന്റെ സിനിമകളിലെല്ലാം മാത്യൂസ് ഉണ്ട്. നിരന്തരം സിനിമകൾ ചെയ്യണമെന്ന് ആഗ്രമില്ലാത്ത അതേ സമയം കംഫർട്ടായിട്ടുള്ള ഒരു ടീമിൽ ഏറ്റവും നന്നായി ചെയ്യുന്ന ഒരാളാണ്. എന്റെ പകുതി പ്രായമേയുള്ളൂ. കുഞ്ഞുപ്രായം മുതലേ എനിക്കറിയാം. എന്റെ മകനെ പോലെയും സുഹൃത്തിനെയും പോലെയുള്ള ആളാണ്. അവനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ എനിക്ക് വളരെ എളുപ്പമാണ്. എന്താണ് എനിക്ക് വേണ്ടതെന്ന് കൃത്യമായി അറിയാം. ഒരു സംഭവം മാറ്റാൻ പറഞ്ഞാൽ അത് വേണ്ടവിധത്തിൽ പറയാതെ തന്നെ ചെയ്യാൻ അറിയാം. ഡി.ഒ.പി ആണെങ്കിലും എഡിറ്ററാണെങ്കിലും ഡയറക്ഷൻ ഡിപ്പാർട്ട്‌മെന്റാണെങ്കിലും ഹൃദയബന്ധമുള്ള മനുഷ്യരാണ്.
മമ്മൂട്ടിയുമായുള്ള അനുഭവത്തെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്?
വളരെ സന്തോഷകരമായ ദിവസങ്ങളായിരുന്നു. മമ്മൂക്കയെ കുറിച്ച് ഭയങ്കര പേടിപ്പിക്കലാണ് പൊതുവേ നമ്മളെല്ലാം കേട്ടിട്ടുള്ളത്. ഒരിക്കലുമല്ല എന്ന് പറഞ്ഞാൽ ഒരിക്കലുമല്ല. മമ്മൂക്ക എന്ത് രസമായിരുന്നു എന്നാണ് ഞാൻ ഓർമ്മിക്കുന്നത്. നമ്മുടെ പിള്ളേരൊക്കെ സെറ്റിലുണ്ടാകും. അവരുടെ കൂടെ കളിക്കും, അവരുമായി തമാശ പറയും, വഴക്കുണ്ടാക്കും. നമ്മളൊരു പിക്‌നിക്ക് മൂഡിലായിരുന്നു. ജിയോ ബേബിയുടെ ഒരു കഴിവേ അല്ല. ആ ലൊക്കേഷനിലുള്ള എല്ലാ മനുഷ്യരുടെയും കൂടെ ഒരു ഭാഗ്യമാണ്. എല്ലാവരും കൂടി അതങ്ങനെയാക്കി. നമ്മൾ പത്തോ, നൂറോ മനുഷ്യർ കൂടി ഒരു സ്ഥലത്ത് ജോലിയിലായിരിക്കുമ്പോൾ ആരെങ്കിലും ഒരാൾ മതി ഒരു പ്രശ്‌നമുണ്ടാവാൻ. പക്ഷേ, അങ്ങനെ ഒന്നുമുണ്ടാകാതെ വളരെ സന്തോഷകരമായി ഒരു പത്തുമുപ്പത് ദിവസം വീട്ടിൽ നിന്നും മാറി എല്ലാവരും കൂടെ എങ്ങോട്ടോ ടൂറിന് പോയതു പോലെ. ആ കാര്യമാണ് എല്ലാവരും പറഞ്ഞു കൊണ്ടിരുന്നത്. ഈ സിനിമയിൽ അത്ര നൈറ്റ് സീനുകളില്ല, വീട്, കോടതി അങ്ങനെ കുറച്ച് സ്ഥലങ്ങൾ മാത്രമേ ഉള്ളൂ. ഒരുപാട് തിടുക്കത്തിൽ ചെയ്യേണ്ടതില്ല. മമ്മൂക്ക ഒമ്പതര പത്തുമണിക്ക് വരും. അന്നേരം ഷൂട്ട് തുടങ്ങും. വൈകിട്ട് അഞ്ചുമണിയാകുമ്പോൾ പോകും. അപ്പോൾ ഷൂട്ട് തീരും. രാവിലെ സ്‌കൂളിൽ പോയി വൈകിട്ട് മടങ്ങി വരുന്നതു പോലെ. സിനിമ ചെയ്യുന്നതിന്റെ ഒടു ടെൻഷനുമില്ല. നല്ല ടീമാണ് എല്ലാവരും. പ്രൊഡക്ഷൻ സൈഡ്, മമ്മൂക്ക കമ്പനിയുടെ ടീം, പ്രൊഡക്ഷൻ കൺട്രോളർ, ലൈൻ പ്രൊഡ്യൂസർ എന്നിങ്ങനെ എല്ലാവർക്കും സിനിമ എന്താണെന്ന് അറിയാം. എന്നിട്ടാണ് വർക്ക് ചെയ്യുന്നത്.
മാത്യുവിന്റെ കരച്ചിൽ ഉൾക്കിടിലമായാണ് അനുഭവപ്പെടുന്നത്. ആ സീൻ ഷൂട്ട് ചെയ്തപ്പോഴുള്ള ഓർമ്മ?
മമ്മൂക്ക എങ്ങനെ ചെയ്യുന്നു എന്ന് ആ സീൻ കഴിഞ്ഞാലേ നമുക്ക് മനസിലാകുള്ളൂ. മമ്മൂക്കയും അപ്പനായി അഭിനയിച്ച ആർ.എസ്. പണിക്കർ ചേട്ടനും മാറിയിരുന്ന് റിഹേഴ്‌സലായല്ലാതെ ചെയ്തു നോക്കുന്നുണ്ടായിരുന്നു. അവർ ഉള്ളിലത് പറഞ്ഞു, അതിനുശേഷം ചെയ്തു നോക്കാമെന്ന് പറഞ്ഞ് ചെയ്തതാണ്. ഒറ്റ ടേക്കായിരുന്നു ആ സീൻ.
എന്തുകൊണ്ട് ജ്യോതിക എന്ന ചോദ്യത്തിനുത്തരം സിനിമ തന്നെ പറയുന്നുണ്ട്?
ജ്യോതികയ്ക്കും ഈ സിനിമ എന്തെന്നറിയാം. എല്ലാ ഡയലോഗുകളും കാണാതെ പഠിച്ചാണ് വന്നത്. ആദ്യം കഥ പറഞ്ഞു, ഇഷ്ടപ്പെട്ടു. അതിലോട്ട് ആഴത്തിൽ തന്നെ ഇൻ ആയി. ആദ്യം ജ്യോതികയുടെ ഡയലോഗുകൾ അസിസ്റ്റന്റ് ഡയറക്ടറായ അമൃതയുടെ ശബ്ദത്തിൽ വായിച്ച് അയച്ചുകൊടുത്തു. ഫീലിംഗ്‌സ് ഒന്നുമില്ലാതെ പ്ലെയിൻ ആയാണ് അത് നൽകിയത്. പിന്നെ മംഗ്‌ളീഷിൽ ഡയലോഗുകളെല്ലാം എഴുതി ഫീലിംഗ്‌സും എഴുതി കൊടുത്തു. ഒട്ടും എളുപ്പമല്ല അത്. മലയാളം അറിയാത്ത ഒരാളെ സംബന്ധിച്ചിടത്തോളം. പിന്നീടത് ഡബ് ചെയ്യുകയാണുണ്ടായത്. നടി ജോമോളാണ് ജ്യോതികയ്ക്ക് ശബ്ദം നൽകിയത്.
ആദ്യദിവസം തന്നെ ഇത്രയും പ്രതികരണങ്ങൾ?
നമ്മൾ പറയുന്ന എന്തു വിഷയവും ആളുകൾക്ക് ഇഷ്ടമായെന്നറിയുമ്പോൾ ഒരു സന്തോഷമുണ്ടാകും. സിനിമ ചെയ്യുമ്പോൾ അത് നമ്മൾ ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ, വ്യക്തിപരമായി പറയുകയാണെങ്കിൽ വലിയ എക്‌സൈറ്റ്‌മെന്റോ, വലിയ സന്തോഷമോ അങ്ങനെ വരാറില്ല. എന്റെ ഒരു ശീലമാണ്. ഇതിന് മുമ്പ് ചെയ്ത ശ്രീധന്യാ കാറ്ററിംഗ് എന്ന സിനിമ വൻപരാജയമായിരുന്നു. അപ്പോഴും നമ്മൾ വലിയ സങ്കടത്തിലേക്ക് പോകുന്നില്ല. സിനിമ എപ്പോഴും അങ്ങനെയാണ്. സിനിമ ആരും കാണുന്നില്ല എന്നുവരികയാണെങ്കിൽ സ്വാഭാവികമായും നമ്മൾക്ക് നിരാശ വരും. പക്ഷേ, ഒരുപാട് നിരാശപ്പെടുകയോ, സന്തോഷിക്കുകയോ ചെയ്യാറില്ല. ഇതൊക്കെ നമ്മുടെ പ്രൊഫഷന്റെ ഭാഗമാണല്ലോ എന്നാണ് ഞാൻ വിചാരിക്കാറുള്ളത്.