കലാലയജീവിതവും പ്രണയവുമായി രഞ്ജിത്ത് ശങ്കർ

Interviews

പ്രമേയപരമായും ആഖ്യാനത്തിലും  അവതരണരീതിയിലും വേറിട്ട വഴികളിലൂടെ  സഞ്ചരിക്കുന്നവയാണ്  രഞ്ജിത്ത് ശങ്കറിന്റെ സിനിമകൾ. 2009പാസഞ്ചർ എന്ന സിനിമയിലൂടെ തന്റെ ചലച്ചിത്രയാത്രയ്ക്ക് തുടക്കമിട്ട രഞ്ജിത്ത് ശങ്കറിന്റെ പതിന്നാലാമത്തെ സിനിമയാണ് '4 Years'. പ്രേക്ഷകരുടേയും നിരൂപകരുടേയും  പ്രശംസ നേടി വാണിജ്യ വിജയങ്ങളായ സിനിമകൾ ഒരുക്കിയ  രഞ്ജിത്ത് ശങ്കർ കലാലയജീവിതവും പ്രണയവും പ്രമേയമാക്കിയാണ് ഫോർ ഇയേഴ്സ് എത്തുന്നത്. സാർജാനോ ഖാലിദ് , പ്രിയ വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റിനും ട്രെയിലറിനും വലിയ സ്വീകാര്യത നേടാനായി. നവംബർ ഇരുപത്തഞ്ചിന് വെള്ളിത്തിരയിലെത്തുന്ന തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളുമായി രഞ്ജിത്ത് ശങ്കർ സംസാരിക്കുന്നു..

വേറിട്ട പ്രമേയങ്ങളാണ് രഞ്ജിത്ത് ശങ്കർ സിനിമകളുടേത്. ക്യാംപസ് ജീവിതവും പ്രണയവും ആദ്യമായി താങ്കളുടെ സിനിമയ്ക്ക് പ്രമേയമായതിനെക്കുറിച്ച്...

എല്ലാ ജോണറുകളിലുമുള്ള  സിനിമകൾ കാണുവാനും ആസ്വദിക്കുവാനും എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അത്തരം ചിത്രങ്ങൾ ഒരുക്കുവാനും ഇഷ്ടമാണ്. ആക്ഷൻ സിനിമകളും ഹൊറർ സിനിമകളും  ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്. ഒരു പ്രണയ ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ലവ് സ്റ്റോറികൾ ഇഷ്ടമുള്ള ഒരു വലിയ വിഭാഗം പ്രേക്ഷകർ ഉണ്ടെങ്കിലും ഇപ്പോൾ താരതമ്യേന അത്തരം ചിത്രങ്ങൾ കുറവാണ്.വലിയ താരങ്ങളെ അണിനിരത്തി ക്യാമ്പസ് ലവ് സ്റ്റോറികൾ  ചെയ്യാൻ കഴിയുകയില്ല.താരതമ്യേന പുതുമുഖങ്ങളായ അഭിനേതാക്കളെ വച്ച് സിനിമയെടുക്കുമ്പോൾ  വാണിജ്യ സാധ്യതകളെ  ബാധിക്കും.ഈ ചിത്രത്തിൽ എട്ട് പാട്ടുകളുണ്ട്.  അവയുടെ ചിത്രീകരണവും വെല്ലുവിളിയാണ് . മുപ്പതോ മുപ്പത്തിയഞ്ചോ വയസ്സുള്ള താരങ്ങളെ മീശ എടുത്ത്  ഇരുപത് വയസ്സുകാരായി അഭിനയിപ്പിക്കുക എന്ന പ്രായോഗികമല്ലാത്ത സാധ്യതയാണ് പിന്നെ  ഉള്ളത്. നമ്മുടെ പ്രേക്ഷകർ അതിൽ നിന്നൊക്കെ വളർന്നു പോയി. ഈ ചിത്രത്തിലേക്ക് വരുവാനുള്ള പ്രധാന മോട്ടിവേഷൻ  സർജാനോയുടെ 'എന്നിവർ' എന്ന സിനിമ IFFK യിൽ കണ്ടതാണ്. മുൻപ് മനസ്സിൽ ഉണ്ടായിരുന്ന ഒരു ലവ് സ്റ്റോറി സർജാനോയെ വച്ച് ചെയ്യാം എന്ന ചിന്ത ഉണ്ടായി.  ഒരാഴ്ച സർജാനോയ്ക്കൊപ്പം കുറച്ചു യാത്ര ചെയ്ത് വൈബ് ഉണ്ടോ എന്ന് മനസിലാക്കി. തിരുവന്തപുരത്തു നിന്നുള്ള മടക്ക യാത്രയിൽ തന്നെ തിരക്കഥ ഏകദേശം പൂർണ രൂപത്തിലാണ് എന്ന് പറയാം. അങ്ങനെയാണ് '4 Years' തുടങ്ങുന്നത്. ലോക് ഡൌൺ സമയത്ത് ഏഴോളം തിരക്കഥകൾ പൂർത്തിയാക്കി. പലതും താരങ്ങളുമായടക്കം ചർച്ച ചെയ്തു. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ സിനിമകളുടെ തീയേറ്ററുകളിൽ സ്വീകാര്യതയെകുറിച്ചുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയുള്ള സമയത്താണ് സർജാനോയെ കാണുന്നതും ഈ ചിത്രത്തിലേക്ക് എത്തുന്നതും. 

ഇത്തരം സിനിമകളുടെ ഓഡിയൻസ് പ്രധാനമായും കോളേജ് വിദ്യാർഥികളാണ് . അവർ തീയേറ്ററുകളിൽ എത്തും എന്ന പ്രതീക്ഷ കൂടിയാണ് ഈ സിനിമയുമായി മുന്നോട്ട് പോകാൻ കാരണമായത്.

നിരവധി ക്യാംപസ് പ്രണയ ചിത്രങ്ങൾ എല്ലാ  ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരം സിനിമകൾ ഗൃഹാതുരത്വത്തിന്റെ ഭാഗം കൂടിയാണ്. '4 Years' ഇവയിൽ നിന്ന്   എങ്ങനെ വേറിട്ട് നിൽക്കുന്നു?

നമുക്ക്  സംശയം ഉള്ളപ്പോൾ സ്വന്തം  വേരുകളിലേക്ക് തിരിച്ചു പോകും എന്ന് പറയില്ലേ?  ഞാൻ അങ്ങനെ തിരിച്ചു പോയ ഒരു സിനിമയാണ് 'പുണ്യാളൻ അഗർബത്തീസ്'. തൃശൂർ കഴിഞ്ഞാൽ ഏറ്റവും വലിയ നൊസ്റ്റാൾജിയയാണ് കോതമംഗലത്തുള്ള കോളേജ്. കോളേജിന് ഡെഡിക്കേറ്റ് ചെയ്യുന്നു  എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ടാണ്  ഈ സിനിമ ചെയ്തത്. അതിൽ കലർപ്പുകൾ ഇല്ല. ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് ആ കലാലയത്തിൽ എത്തുമ്പോൾ ഞാൻ ഒന്നും ആയിരുന്നില്ല. ഇന്ന് സിനിമ തന്ന സൗകര്യങ്ങൾ ഉണ്ട്. പ്രതീക്ഷിക്കാത്ത പലതും ജീവിതത്തിൽ സംഭവിച്ചു. ക്വാളിറ്റിയിൽ വിട്ടു വീഴ്ചകൾ ചെയ്യാത്ത ഹോണസ്റ്റയ സിനിമയാണ് '4  Years'  എന്നാണ് എന്റെ വിശ്വാസം. ഞാൻ ഒറ്റയ്ക്കാണ് ഈ സിനിമ നിർമ്മിച്ചത്. കോളേജിന് വേണ്ടിയുള്ള ഒരു സിനിമ എന്ന നിലയിൽ അത് നിലനിൽക്കട്ടെ. '4 Years' ഒരു വേറിട്ട സിനിമയാണ് എന്ന് പറയുന്നില്ല . ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ വിശാലും ഗായത്രിയുമാണ്. നമുക്ക് പരിചിതരായ കഥാപാത്രങ്ങളാണ് വിശാലും ഗായത്രിയും. നമ്മൾ തന്നെ എപ്പോഴൊക്കെയോ അവർ ആയി മാറിയിട്ടുണ്ട്. പൂർണമായ അർഥത്തിൽ ഒരു പ്രണയ ചിത്രം മലയാളത്തിൽ അടുത്ത കാലത്ത് വന്നിട്ടെല്ലെന്ന് തോന്നുന്നു.പ്രണയ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു സുഖമുള്ള ഓർമ്മ  ആകും  '4 Years' എന്നാണ് പ്രതീക്ഷ.

പ്രിയ വാര്യർ, സാർജനോ ഖാലിദ്  എന്നിവരെ  തിരഞ്ഞെടുത്തതിനെക്കുറിച്ച്.

 സാർജനോവിനെ  തെരഞ്ഞെടുത്തതിനെപ്പറ്റി നേരത്തെ പറഞ്ഞല്ലോ. മൂന്ന് നാല് മാസത്തെ തയ്യാറെടുപ്പുകൾ ആ കഥാപാത്രത്തിന് വേണ്ടി ഉണ്ടായിരുന്നു. അയാളുടെ സമർപ്പണം എടുത്തു പറയണം. നായികാ കഥാപാത്രത്തിന് വേണ്ടി കുറെ പേരെ പരിഗണിച്ചിരുന്നു. പക്ഷെ ഫ്രഷ്നസ് കിട്ടിയില്ല. അപ്പോഴാണ് പ്രിയ വാര്യരിലേക്കു എത്തിയത്. ഒറ്റ ഷോട്ട് കൊണ്ട് ഇത്ര വലിയ റീച്ച്  കിട്ടി പാൻ ഇന്ത്യൻ ലെവലിൽ എത്തിയ മറ്റൊരു അഭിനേതാവ് ഉണ്ടാകില്ല. എന്നാൽ മലയാളത്തിൽ പ്രിയ  മറ്റൊരു സിനിമയുടെ ഭാഗമായിട്ടുമില്ല.പ്രിയയോട്  സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചപ്പോൾ വളരെ ട്രാൻസ്പെരൻറ്റായ, റിയലായ ഒരു ആർട്ടിസ്റ്റാണ് എന്ന് തോന്നി.  രണ്ടു കഥാപാത്രങ്ങളേയും  അവരുടെ പേഴ്സണാലിറ്റിയോട് അടുപ്പിക്കാനാണ് ശ്രമിച്ചത്. സാർജനോവിന്റെ കഥാപാത്രം നാദാപുരത്ത് നിന്നും  പ്രിയ വാര്യരുടെ കഥാപാത്രം തൃശൂർ നിന്നും ആക്കി. ഇരുവരും സുഹൃത്തുക്കൾ ആണെന്നത് സഹായകമായി.

താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയ സിനിമകൾ ഏതൊക്കെയാണ്?

The Bridges of Madison County, കാണാമറയത്ത്, തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, റോജ തുടങ്ങി ഒരുപാട് സിനിമകൾ ഇഷ്ടമാണ്.

ചലച്ചിത്ര ജീവിതം ആരംഭിച്ചിട്ട് 13 വർഷങ്ങൾ പിന്നിടുന്നു. പ്രേക്ഷകാഭിരുചികളിലും സിനിമയുടെ അവതരണ രീതികളിലുമുണ്ടായ കാലാനുസൃത്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ എന്തുതരം ശ്രമങ്ങളാണ് നടത്താറുള്ളത്.

 13 വർഷം സിനിമയിൽ നിലനിന്നു എന്ന് പറയുന്നത് അത്ഭുതമാണ്. സ്വയം നവീകരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഓരോ സിനിമയിൽ നിന്നും  വേറിട്ട ശരിയും തെറ്റുമാണ് ലഭിക്കുന്നത്. ഒരു സിനിമ ചെയ്ത ആളാണെങ്കിലും നൂറു സിനിമ ചെയ്ത ആളാണെങ്കിലും ആ എക്സ്പീരിയൻസ് ദോഷമായി ബാധിക്കാനാണ് സാധ്യത എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറ്റുള്ള ജോലികൾ പോലെയല്ലയോ സിനിമ. കാരണം ഓരോ സിനിമയും പുതിയ കഥകളും അവതരണ  രീതികളുമൊക്കെയല്ലേ? കോവിഡ് ഒരു 'അൺ ലേണിങ്' ഫെയ്സ് ആയിരുന്നു. അങ്ങനെ ചെയ്ത 'സണ്ണി' എന്ന ചിത്രം ഹോണസ്റ്റായ ഒരു ശ്രമമായിരുന്നു. അതിനു ശേഷം  '4 Years' കുറച്ചു കൂടെ ഹോണസ്റ്റായ ഒരു സിനിമയായി ചെയ്യാൻ കഴിഞ്ഞു എന്ന് കരുതുന്നു. വാണിജ്യ ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ തികച്ചും   ഹോണസ്റ്റായ  സിനിമാ സംരംഭങ്ങൾ നടത്താം എന്ന് മനസിലാക്കിത്തന്ന സിനിമ കൂടിയാണ് '4 Years'. ഈ സിനിമ പ്രേക്ഷകർ ഏറ്റെടുത്താൽ അത് തീർച്ചയായും ഇത്തരം സിനിമാ ശ്രമങ്ങൾ തുടരാൻ എനിക്ക് വളരെ വലിയ ആത്മ വിശ്വാസം നൽകും.

സോഷ്യൽ മീഡിയ മാർക്കറ്റിങ് രീതികൾ നന്നായി ഉപയോഗിക്കാൻ താങ്കൾ ശ്രമിക്കാറുണ്ട്. ഓൺലൈൻ നിരൂപകരേയും മീഡിയകളെയും പല ചലച്ചിത്ര പ്രവർത്തകരും വിമർശിച്ചു കണ്ടിട്ടുണ്ട്. താങ്കളുടെ നിലപാട് എന്താണ്?

 സോഷ്യൽ മീഡിയ മാർക്കറ്റിങ് കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു. ഞാൻ സിനിമയിൽ വന്ന കാലത്തു നിന്ന് അത് ഒരുപാട് മാറി എന്ന് പറയാം.സിനിമ ഒരു വ്യവസായമാണെന്നുള്ളതുകൊണ്ട് മാർക്കറ്റിങ്   വളരെ പ്രധാനമാണ്. പുതിയ മാറ്റങ്ങൾ നല്ലതാണോ എന്ന് ചോദിച്ചാൽ എല്ലാ മാറ്റങ്ങളും പുതിയതിനു വേണ്ടിയാണല്ലോ.എല്ലാക്കാര്യങ്ങളിലും എല്ലാക്കാലത്തും നല്ലതും മോശവുമായത് സംഭവിക്കും

പൊളിറ്റിക്കൽ കറക്റ്റ്നസ്സ്  വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന വർത്തമാനകാലത്ത് തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ താങ്കളുടെ നിലപാട് എന്താണ്?  

സിനിമയിലും സമൂഹത്തിലും പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ചർച്ച ചെയ്യപ്പെടുന്നത് തീർച്ചയായും നല്ല കാര്യമാണ്. സമൂഹത്തിന്റെ ഗുണപരമായ മാറ്റമായാണ് അതിനെ കാണുന്നത്.

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം കൈവരിക്കുന്ന കഥാപാത്രങ്ങൾ താങ്കളുടെ ചില സിനിമകളിലുണ്ട്.  കലാ  ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും അനുഭവങ്ങൾ പാത്രസൃഷ്ടിയിൽ പ്രതിഫലിക്കാറുണ്ടോ?

എന്റെ  ഓരോ സിനിമകളും എന്റെ  അപ്പോഴത്തെ മാനസികാവസ്ഥയാണ്. എന്റെ മിക്ക സിനിമകളും ആദ്യ പകുതി റിയലിസ്റ്റിക്കും രണ്ടാം പകുതി സ്വപ്നവുമായിരിക്കും. പാസഞ്ചർ , അർജുനൻ സാക്ഷി തുടങ്ങിയ സിനിമകളൊക്കെ അങ്ങനെയാണ്. ഈ ചിത്രത്തിന്റയും പാറ്റേൺ അതാണ്. രണ്ടാം പകുതി  സംഭവിക്കാൻ ആഗ്രഹിക്കുന്നതാണ്.

ജോലി ഉപേക്ഷിച്ച് സിനിമയിൽ എത്തി വിജയം വരിച്ച താങ്കൾക്ക്  സിനിമാ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പുതു തലമുറയോട് പറയാനുള്ളത്?

പുതിയ തലമുറയോട്  പ്രത്യേകിച്ച്  ഒന്നും പറയണ്ട കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കണ്ട കാര്യവുമില്ല. കഴിവും നിശ്ചയദാർഢ്യവും ഉള്ളവർക്ക് മുന്നോട്ട് വരാനും സിനിമയിൽ കഴിവ് തെളിയിക്കാനും സാധിക്കും.

പാൻ ഇന്ത്യൻ സിനിമകളുടെ കാലത്ത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നതരം സിനിമകൾ ഒരുക്കാൻ ആഗ്രഹം തോന്നിയിട്ടുണ്ടോ?
തീർച്ചയായും അത്തരത്തിൽ ചില ആലോചനകൾ ഉണ്ട്. ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്ന മറ്റു ചില ചിത്രങ്ങൾ കഴിഞ്ഞാൽ അത്തരം ഒരു സിനിമയിലേക്ക് കടക്കും.

കലാലയ  ജീവിതം ചിത്രീകരിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ?

 ഏറ്റവും അധികം ആസ്വദിച്ച കുറേ ദിവസങ്ങൾ എന്ന് പറയാം. ഷൂട്ടിങ് അത്ര രസകരമായിരുന്നു. ക്യാമറാമാൻ സാലുവും ഇതേ കോളേജിൽ പഠിച്ചതാണ്. ഞങ്ങൾക്ക് പഴയ ഓർമകളിലേക്ക് ഒരു മടക്ക യാത്ര കൂടിയായിരുന്നു. പഠിച്ച കോളേജിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ എടുക്കുക എന്നത് ഒരു ഭാഗ്യമായി കരുതുന്നു.

'4 Years' യുവ തലമുറയെയാണോ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്? എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്?

 പതിനേഴിനും മുപ്പത്തിനുമിടയിലുള്ളവർക്കാണ് ഈ സിനിമ ഏറെ ആസ്വദിക്കാൻ കഴിയുക എന്ന് തോന്നുന്നു. അതിന് മുകളിൽ പ്രായമുള്ള കൺസേർവേറ്റിവായ ആളുകൾക്ക് ഒരുപക്ഷേ ഇഷ്ടമാകില്ലായിരിക്കാം. സുഹൃത്തുക്കൾക്കൊപ്പം ആസ്വദിക്കാവുന്ന, പ്രണയിതാക്കൾക്ക് ഇഷ്ടമാകുന്ന ഒരു ചിത്രമായിരിക്കാം '4 Years'.

പ്രവീൺ ളാക്കൂർ