“ഈ മ യൗ’— എഴുത്തുകാരൻ്റെ അനുഭവം

Cafe Special

രണ്ടു മഴകള്‍ക്കിടയില്‍, രണ്ടു നോവലുകള്‍ക്കിടയില്‍ നടക്കാതെ പോയ ഒരു സിനിമയ്ക്കിടയില്‍ ഒരു ചലച്ചിത്രാനുഭവം. അതാണെനിക്ക് 'ഈ മ യൗ.'

തോരാതെ പെയ്യുന്ന ഹൈറേഞ്ച് മഴയ്ക്കിടയിലാണ് നടക്കാതെ പോയ സിനിമ 'അന്തിക്രിസ്തു' എഴുതിയത്. അതിനിടയിലാണ് ലിജോ പെല്ലിശ്ശേരി 'ചാവുനിലം' എന്ന നോവല്‍ വായിച്ചതും ചലച്ചിത്ര സാധ്യതകളേക്കുറിച്ചു സംസാരിച്ചതും. എന്നാല്‍ 'ഈ മ യൗ' ഉണ്ടായത് 'ചാവുനില'ത്തില്‍ നിന്നല്ല. അതിന്‍റെ പശ്ചാത്തലങ്ങളില്‍ നിന്നാണ്. 'ചാവുനിലം' പൂർണ്ണമായും ഒരു സാഹിത്യ സൃഷ്ടി മാത്രമായാണ് ഞാൻ കാണുന്നത്. 'അന്തിക്രിസ്തു' സിനിമയാകാതെ പോയതുകൊണ്ടു മാത്രമാണ് എനിക്ക് 'ഇരുട്ടില്‍ ഒരു പുണ്യാളൻ' എന്ന നോവല്‍ എഴുതാന്‍ കഴിഞ്ഞത്. അതുകൊണ്ടു തന്നെ ആ സിനിമ നടക്കാതിരുന്നതിൽ ഞാനേറെ ആഹ്ളാദവാനുമാണ്. അതെല്ലാം മറന്നു തുടങ്ങിയപ്പോഴാണ് ലിജോ പുതിയൊരു ആശയവുമായി വന്നത്.

ചാവുനിലത്തിന്‍റെ മണ്ണില്‍ നിന്നൊരു സിനിമ. പിതാവിനു കൊടുത്ത വാക്കനുസരിച്ച് ന്യായമായ ശവമടക്കു നടത്താന്‍ കഴിയാതെ, നിസ്സഹായനും അപമാനിതനുമായിത്തീര്‍ന്ന ഒരു മകന്‍റെ കഥ. അതു കേട്ട നിമിഷം മുതല്‍ എന്‍റെ മനസ്സിലതു വളരാന്‍ തുടങ്ങി. അതിന്‍റെ തുടര്‍ച്ചയും സാധ്യതകളും വളരെ പെട്ടെന്നു തുറന്നു കിട്ടി. 'ചാവുനില'ത്തിലെ പേപിടിച്ച മഴയത്ത് പേറു എന്ന കഥാപാത്രത്തിന്‍റെ ശവമടക്ക് അലങ്കോലമായത്. 'കണ്ണോക്ക്' എന്ന എന്റെ കഥയിലെ ചില മുഹൂര്‍ത്തങ്ങള്‍. അങ്ങനെ സംസാരിച്ചിരിക്കെ പുതിയ സിനിമയിലേക്കുള്ള വാതില്‍ ഞങ്ങള്‍ക്ക് തുറന്നു കിട്ടുന്നതായി തോന്നി. ആ നിമിഷം മുതല്‍ സിനിമയെ 'ഈ മ യൌ' എന്നാണ് ലിജോ വിശേഷിപ്പിച്ചിരുന്നത്. ഇങ്ങനെയൊരു സിനിമയും പേരും മലയാളത്തിലെ മുഖ്യധാരാ സിനിമ സ്വീകരിക്കുമോ എന്ന ആശങ്ക ഒരു ഘട്ടത്തിലും ഉണ്ടായില്ലെന്നുള്ളതാണ് വസ്തുത.

ക്രിസ്ത്യാനികളുടെ മരണ അറിയിപ്പിലും ശവക്കുഴിയിലും കുരിശിലും പണ്ടു തൊട്ടേ എഴുതിയിരുന്ന പദച്ചുരുക്കമായിരുന്നു ഈ മ യൌ. ഈശോ മറിയം യൌസേപ്പേ ഈയാത്മാവിനു കൂട്ടായിരിക്കണമേ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയുടെ ചെറു പതിപ്പ്. ലത്തീന്‍ കത്തോലിക്കര്‍ക്കിടയില്‍ ഏറെ പ്രാധാന്യമുണ്ടതിന്. മരണ നേരത്ത് കാതില്‍ ഉരുവിട്ട് ചൊല്ലിക്കൊടുക്കുന്ന പ്രാര്‍ത്ഥനയായതിനാല്‍ വൈകാരിക മൂല്യം ഏറെയാണ്. കൊച്ചിയുടെ തീര പ്രദേശങ്ങളില്‍ ചെവിട്ടോര്‍മ്മ എന്നാണീ ചൊല്ലിനെ വിശേഷിപ്പിക്കുന്നത്. മരണം സംഭവിച്ചു കഴിഞ്ഞാല്‍ പരേതന്‍റെ രക്തബന്ധുക്കള്‍ ചുറ്റും കൂടിയിരുന്ന് നെഞ്ചത്തടിച്ചു കരഞ്ഞ് പരേതനേക്കുറിച്ചു പറഞ്ഞും പാടിയും രാപ്പകലുകള്‍ ചെലവഴിക്കും.  പയ്യാരം നിറഞ്ഞ ആ നിലവിളികളെ കണ്ണോക്ക് എന്നാണ് പറഞ്ഞിരുന്നത്. ആ കണ്ണോക്ക് ഒന്നു കാതോര്‍ത്താല്‍ മതി പരേതന്‍റെ മായം ചേരാത്ത  ജീവചരിത്രം മുഴുവന്‍  കേള്‍ക്കാനാകും.


കുട്ടിക്കാലം മുതല്‍ കണ്ടു ശീലിച്ച ഈ മരണ വീടുകളുടെ ഈണവും താളവും എന്നേ സംബന്ധിച്ചിടത്തോളം ഹൃദിസ്ഥമാണ്. കടലോര ദേശങ്ങളിലെ മരണ വീടുകള്‍ ജീവിതം ത്രസിക്കുന്ന ഇടങ്ങളാണ്. അവിടെ പലപ്പോഴും ഒളിവും മറയുമില്ലാതെ ജീവിതം അഴിഞ്ഞാടുക തന്നെയാണ്. ഈ സംസ്ക്കാരവുമായി കാര്യമായ ബന്ധമില്ലാത്ത, ചാലക്കുടി സുറിയാനി ക്രിസ്ത്യാനി പാരമ്പര്യത്തില്‍ ജീവിച്ച ലിജോ പെല്ലിശ്ശേരി അതു വളരെ കൃത്യമായി ആവിഷ്ക്കരിച്ചപ്പോള്‍ എന്നേ സംബന്ധിച്ചിടത്തോളം വളരെ വിസ്മയകരമായ ഒരനുഭവമായിത്തീര്‍ന്നു. ഒരാള്‍ അടഞ്ഞ മുറിയിലിരുന്ന് എഴുതുമ്പോള്‍ കാണുന്ന കാഴ്ചയല്ല ചലച്ചിത്ര സംവിധായകന്‍ തന്‍റെ കണ്‍മുന്നില്‍ കാണുന്ന ലോകത്തേയും ജീവിതത്തേയും അഭിമുഖീകരിച്ചുകൊണ്ട് ആവിഷ്ക്കരിക്കുന്നത്. രണ്ടു പേര്‍ ഒരു സിനിമാ ശാലയിലിരുന്നു കാണുന്ന സിനിമ പോലും രണ്ടാണ്. സ്വാഭാവികമായും തിരക്കഥയ്ക്കും സിനിമയുടെ അവസാന രൂപത്തിനും പ്രകാശവര്‍ഷങ്ങളുടെ അകലമുണ്ടാകും. കഥ പറയാനുള്ള ഒരു മാധ്യമമാണ് സിനിമ എന്ന വിശ്വാസം എനിക്കില്ലതാനും. അതുകൊണ്ടു തന്നെയാണ് 'മിഖായേലിന്‍റെ സന്തതികള്‍', 'പുത്രന്‍', തുടങ്ങിയ തിരക്കഥകളൊന്നും പുസ്തകമാക്കാതിരുന്നത്. എന്നാല്‍ 'ഈ മ യൌ'വിനോട് എനിക്കിത്തിരി സ്നേഹക്കൂടുതലുണ്ട്. ഈ സിനിമ കടലാസിനെ അതേപടി ആവര്‍ത്തിച്ചു എന്നല്ല പറഞ്ഞു വരുന്നത്. പ്രതിഭയുള്ള ഒരു സംവിധായകനും അതു ചെയ്യുകയില്ല. ഈ സിനിമയിലും സാധാരണ ഗതിയില്‍ സംഭവിക്കാറുള്ളതുപോലെ തിരക്കഥയുടെ ക്രമം മാറിയിട്ടുണ്ട്. ലൊക്കേഷനില്‍ വച്ച് സംഭാഷണങ്ങളുണ്ടായിട്ടുണ്ട്.

ധാരാളം കട്ട് ഷോര്‍ട്ട്സുള്ള സിനിമയായിട്ടാണ് എഴുതുമ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ടത്. സംവിധായകന്‍റെ മനസ്സില്‍ സീനുകള്‍ രൂപപ്പെട്ടത് മിസെന്‍സീന്‍ പോലെ മുറിക്കാത്ത നീളന്‍ ഷോട്ടുകളായാണ്. മരിച്ച വീട്ടിൽ ചെന്നുപെട്ട ഒരനുഭവം കാണിക്കുണ്ടാകാന്‍ വേണ്ടിയാണ് ലിജോ അതു ചെയ്തതെന്ന് ആദ്യ ദിവസം തന്നെ വ്യക്തമായിരുന്നു. ചിത്രീകരണത്തിനിടെ ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതം ആവശ്യമില്ലെന്നും പ്രകൃതിയിലെ കാറ്റും മഴയും മരിച്ച വീട്ടിലെ നിലവിളിയും ബാന്‍റുമേളവുമൊക്കെയാണ് അതിന്‍റെ സംഗീതമെന്ന് മുന്‍കൂട്ടി കാണാനുള്ള തിരിച്ചറിവ് ഈ ചിത്രത്തിന് ആന്തരികമായ ബലം നല്‍കിയിട്ടുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷൈജു ഖാലിദ് സിനിമയ്ക്കു വേണ്ടുന്ന അധിക ലൈറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന തോന്നലുളവാക്കാത്ത മട്ടിലാണ് ചിത്രീകരണം നിര്‍വ്വഹിച്ചത്. ഇതു ജീവിതം തന്നെയാണെന്ന തെറ്റിദ്ധാരണ വളരെ ഭംഗിയായി സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ശബ്ദലേഖനം നിര്‍വ്വഹിച്ച രംഗനാഥ് രവിയും തീര ദേശാനുഭവം ശക്തമായിത്തന്നെ ആവിഷ്ക്കരിച്ചു. കഥ പറയൽ എന്നതിനപ്പുറം ഒരു ചലച്ചിത്രാനുഭവം ആ സിനിമ പകരുന്നുണ്ടെന്നു ഞാൻ കരുതുന്നു.

എന്‍റെ ചില ജീവിതാനുഭവങ്ങളുമായി ലയിച്ചു കിടക്കുന്നതിനാല്‍ തീര്‍ച്ചയായും എനിക്കിതു വളരെ പ്രിയപ്പെട്ടതാണ്. അതിലുപരി എഴുത്തുകാരൻ അയാളുടെ മനസ്സിൽ കണ്ട ചലച്ചിത്രാനുഭവത്തോട് ഏറെ അടുത്തു നിൽക്കുന്നതായിരുന്നു സിനിമാശാലയിൽ ഞാൻ കണ്ട സിനിമ.

 m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment