ബെസ്റ്റ് ഡോക്യുമെന്ററിക്കുള്ള ഓസ്‌കാർ അവാർഡ് നേടിയ 'എലെഫന്റ് വിസ്‌പേഴ്സി' ന്റെ പ്രൊഡ്യൂസർ ഗുനീത് മോംഗ ഇന്ത്യയുടെ അഭിമാനമായതിന്റെ ആഘോഷത്തിലാണ് നാം. എന്നാൽ ഓസ്‌കാർ അവാർഡ് എന്നത് ഗുനീത് മോംഗക്ക് പുത്തൻ അനുഭവം ഒന്നുമല്ല.
അമേരിക്കൻ ഫിലിം മേക്കർ 'റെയ്ക സെതാപ്ച്ചി' 2018 ൽ സംവിധാനം ചെയ്ത 'പീരിയഡ് എൻഡ് ഒഫ് സെന്റൻസ്' എന്ന ഡോക്യുമെന്ററിയുടെ ഒരു പ്രൊഡ്യൂസർ ഗുനീത് മോംഗ ആയിരുന്നു. 2019 ലെ ഓസ്‌കാറിൽ ബെസ്റ്റ് ഡോക്യുമെന്ററിക്കുള്ള അക്കാഡമി അവാർഡ് നേടിയതും ഈ 'പീരിയഡ് എൻഡ് ഒഫ് സെന്റൻസ്' എന്ന ഡോക്യുമെന്ററിയായിരുന്നു. ഇന്ത്യൻ കഥ പറയുന്ന ഡോക്യുമെന്ററി ആണെങ്കിലും ഒരു അമേരിക്കൻ ചിത്രമായിട്ടാണ് ഓസ്‌കാറിൽ എത്തിയത്.
ഇനി മലയാളത്തിലേക്ക് വരാം...
2020 ൽ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയി നമ്മടെ 'ജല്ലിക്കട്ട്' ' ഓസ്‌കാറിലേക്ക് വിടുമ്പോൾ അതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്ഥാനത്ത് ഗുനീത് മോംഗയുമുണ്ടായിരുന്നു. അങ്ങനെ, ഗുനീത് മോംഗ മലയാളസിനിമയുടേയും ഭാഗമായി. ആമസോൺ പ്രൈമിൽ അവൈലബിൾ ആയിട്ടുള്ള 'ജല്ലിക്കട്ടി' ന്റെ പ്രിന്റിൽ ഗുനീതിന്റെ പേര് കാണാനാവില്ല. എന്നാൽ ഓസ്‌കാറിലേക്ക് അയച്ച ജല്ലിക്കട്ടിന്റെ കോപ്പിയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി ഗുനീത് മോംഗയുടെ പേരും ഉണ്ട്.
ഇനി തമിഴിൽ...
സുധ കൊങ്കാരയുടെ 'സൂരറൈ പോട്രെ'യുടെ സ്ക്രിപ്റ്റ് സൂര്യ വായിച്ച്, അതിൽ അഭിനയിക്കാൻ തീരുമാനിക്കുന്നു. കഥ അത്രക്കിഷ്ടപ്പെട്ടതിനാൽ, ബഡ്ജറ്റ് മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ സിനിമയുടെ ക്വാളിറ്റിയിൽ കോംപ്രമൈസ് വരാൻ പാടില്ല എന്ന ചിന്തയിൽ ചിത്രത്തിന്റെ നിർമ്മാണം കൂടി സ്വയം ചെയ്യാമെന്ന് സൂര്യ തീരുമാനിച്ചു. എന്നാൽ പിന്നീട് അദ്ദേഹത്തിനു മനസിലായി താൻ വിചാരിച്ചതിനേക്കൾ ബഡ്ജറ്റ് ഈ ചിത്രം ആവശ്യപ്പെടുന്നുണ്ട് എന്ന്. അങ്ങനെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സിഖ്യ എന്റർടെയിൻസ്'നെ സമീപിച്ചു. കഥയും കാര്യങ്ങളും കേട്ട സിഖ്യയുടെ ഉടമ 'ഗുനീത് മോംഗ' അങ്ങനെ ആദ്യമായി ഒരു തമിഴ് സിനിമയുടെ പ്രൊഡ്യൂസറായി. ഈ ചിത്രം വൻവിജയമായി എന്നത് ചരിത്രം. തുടർന്ന് 'സുരറൈ പോട്രെ', ഫോറിൻ ലാംഗ്വേജ് വിഭാഗത്തിൽ മത്സരിക്കുന്നതിനായി ഓസ്‌കാറിലേക്ക് അയക്കുകയും ചെയ്തിരുന്നു.
അവിടെയും തീരുന്നില്ല, ഗുനീത് മോംഗക്ക് ഓസ്‌കാറുമായുള്ള ബന്ധം. അതിനും വർഷങ്ങൾക്ക് മുമ്പ് 2010ലെ ഓസ്‌കാറിൽ ബെസ്റ്റ് ഷോർട്ട് ഫിലിം വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട 'കവി' എന്ന ചിത്രത്തിന്റെയും പ്രൊഡ്യൂസർ ആയിരുന്നു ഗുനീത് മോംഗ. പ്രസ്തുത ഷോർട്ട് ഫിലിമിനു വേണ്ടി പണമിറക്കിയെങ്കിലും അന്ന് തന്റെ സിനിമ നോമിനേറ്റ് ചെയ്യപ്പെട്ടു എന്നറിഞ്ഞിട്ടും പോകാൻ പണമില്ലാത്തതിനാൽ റെഡ് കാർപെറ്റിലേക്ക് നടന്ന് കയറുക എന്ന മോഹം പൂവണിയാതെ പോയി. ഒരു ഇഷ്ടിക ചൂളയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു കുട്ടിയുടെ കഥയാണ് 'കവി' കാണിച്ചുതന്നത്. മറ്റ് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ 'കവി'ക്ക് ഓസ്‌കാറിൽ ബെസ്റ്റ് 10 ലെ ആ നോമിനേഷനിൽ ഒതുങ്ങേണ്ടി വന്നു.
പണമില്ലാത്തതിനാൽ തന്റെ ആദ്യ റെഡ് കാർപ്പറ്റ് ക്ഷണം സ്വീകരിക്കാൻ കഴിയാതെ പോയ അതേ ഗുനീത് മോംഗ തന്നെയാണ് പിന്നീട് സുരറൈ പോട്രെ, ഗ്യാംഗ്സ് ഓഫ് വസയ്പൂർ, ദ ലഞ്ച് ബോക്സ്, ഷാഹിദ് തുടങ്ങി എലഫെന്റ് വിസ്‌പേഴ്സ് വരെയെത്തി നിൽക്കുന്ന ഗംഭീരചിത്രങ്ങളുടെ പ്രൊഡ്യൂസറായതും, രണ്ട് ഓസ്‌കാർ കൈകളിലേന്തി ഇന്ത്യയുടെ അഭിമാനമായി നിലകൊള്ളുന്നതും. ഇന്ന് BAFTA നോമിനി കൂടിയായ ഗുനീത് മോംഗ എന്ന ഡൽഹിക്കാരിയുടെ ആത്മസമർപ്പണത്തിന്റെ ബാക്കിപത്രമാണത്. ഇന്ത്യയിൽ നിന്നുള്ള നിർമ്മാതാക്കളിൽ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസിൽ ഉൾപ്പെടുത്തിയവരിൽ ആദ്യനിരയിലെ ഒരാളാണ് ഗുനീത് മോംഗ.