പ്രദർശനം തുടങ്ങിയ ദിവസം തന്നെ നല്ല അഭിപ്രായങ്ങൾ നേടി വമ്പൻ വിജയം ഉറപ്പിച്ചിരിക്കുകയാണ് ഖാലിദ് റഹ്മാന്റെ തല്ലുമാല. ചിത്രത്തിലെ തീയറ്ററിനുള്ളിൽ നടക്കുന്ന സംഘട്ടനരംഗം സാങ്കേതിക മികവ് കൊണ്ട് ഇതിനോടകം പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ട്.
ഇത്രയും മികച്ചൊരു ഫയിറ്റ് കൊറിയൊഗ്രാഫി മലയാളത്തിൽ മുൻപ് കണ്ടിട്ടില്ല എന്ന് തന്നെ പറയാം.
ഛായാഗ്രഹകര്‍ക്ക് വ്യത്യസ്തമായ ഷോട്ടുകള്‍ അനായസമായി എടുക്കുവാന്‍ സാധിക്കുന്ന എക്യുപ്‌മെന്റുകള്‍ സ്വന്തമായി ഡിസൈന്‍ ചെയ്യുന്ന സാങ്കേതിക പ്രവർത്തകൻ ചന്ദ്രകാന്ത് മാധവന്റെ സഹായത്തോടെ ആണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
തല്ലുമാലയിലെ മനോഹരമായ ആ രംഗമൊരുക്കാൻ സാങ്കേതിക സഹായം നൽകിയ ചന്ദ്രകാന്ത് മാധവൻ എം3ഡിബി കഫേയോട് സംസാരിക്കുന്നു.
chandrakanth.png
"തല്ലുമാലയിൽ തീയറ്റർ ഫൈറ്റ് സീക്വൻസിന് വേണ്ടി, ഭീഷ്മ പർവ്വം സിനിമയിലൊക്കെ ഉപയോഗിച്ച ബോൾട്ട് എന്ന കാമറ ആയിരുന്നു ആദ്യം സംവിധായകന്റെയും ഛായാഗ്രഹകന്റെയും മനസ്സിലുണ്ടായിരുന്നത്. വളരെ ചെറിയ ഡയമീറ്ററിൽ മാത്രമേ ബോൾട്ട് ഉപയോഗിച്ച് വർക്ക് ചെയ്യാൻ പറ്റൂ എന്നത് ആ ക്യാമറയുടെ ഒരു പരിമിതി ആയിരുന്നു. ഷൂട്ട് ചെയ്യേണ്ടിയിരുന്നതാവട്ടെ 12 മീറ്ററോളം വീതി വരുന്ന ഒരു തീയറ്ററിനുള്ളിലും. അവിടെ ഈ വേഗത്തിൽ ബോൾട്ട് ഉപയോഗിക്കാൻ പറ്റില്ലായിരുന്നു. തുടർന്ന് ക്യാമറമാൻ ജിംഷി ഖാലിദും, സംവിധായകൻ ഖാലിദ് റഹ്മാനും ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ഒരു എക്യുപ്മെന്റ് നമുക്ക് ഉണ്ടാക്കി നോക്കാം എന്ന് പറയുന്നത്. ഇത്ര വലിയ രീതിയിൽ ഇവിടെ ആരും ചെയ്തിട്ടില്ലാത്തതുമായ ഒരു എക്വിപ്മെന്റ് ആയിരുന്നു അത്. ഐഡിയ പറഞ്ഞപ്പോൾ അവർ എന്നെ വിശ്വസിച്ചു. ആ ചെറിയ ഒരു ഷോട്ടിന്റെ പൂർണതക്ക് വേണ്ടി മാത്രം സാമ്പത്തികമായും സാങ്കേതികമായും പ്രൊഡക്ഷൻ നമ്മുടെ കൂടെ നിന്നത് കൊണ്ടാണ് ഇത് ചെയ്യാൻ പറ്റിയത്. 5 സെക്കൻഡ് കൊണ്ട് 12 മീറ്റർ സ്പാനിൽ കറങ്ങി വരുന്ന രീതിയിലായിരുന്നു ആ റിഗിന്റെ സ്പീഡ്.
40 ഓളം ആർട്ടിസ്റ്റുകൾ ഫൈറ്റ് ചെയ്യുന്നതിനിടയിലായിരുന്നു കാമറ ഈ വേഗത്തിൽ ചലിക്കേണ്ടതും. അത് തികച്ചും ഒരു വെല്ലുവിളി ആയിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത സുപ്രീം സുന്ദർ മാസ്റ്ററുടെ ആക്ഷൻ കോറിയൊഗ്രാഫിയും ആർട്ട് ഡയരക്ടർ ഗോകുൽ ദാസും അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സിന്റെയും പിന്തുണയും തന്റെ അസിസ്റ്റന്റ്കളായ നിവിനും സത്യന്റെയും സഹായവും ചേർന്നു വന്നപ്പോഴാണ് ആ സീൻ പൂർണതയിൽ എത്തിയത്."