മജിസ്ട്രേറ്റ് - പി പി കുഞ്ഞികൃഷ്ണൻ - ഇൻ്റർവ്യൂ

Interviews

‘ന്നാ താൻ കേസ് കൊട്‘ തിയറ്ററിൽ നിറഞ്ഞോടുകയാണ്. ഒപ്പം അതിൽ അഭിനയിച്ചിരിക്കുന്ന പുതുമുഖതാരങ്ങളും സംസാരവിഷയമായിരിക്കുന്നു. അതിൽ പ്രധാനമാണ് സിനിമ ഒരു കോർട്ട് റൂം ഡ്രാമയായി പരിണമിക്കുന്ന നിമിഷം മുതൽ അവസാനം വരെ കിടിലൻ പെർഫോമൻസും അപാര ടൈമിംഗുമായി ഏവരെയും ഞെട്ടിച്ച മജിസ്‌ട്രേറ്റ് ആയി വന്ന പി പി കുഞ്ഞികൃഷ്ണൻ മാഷ്.

പി. പി. കുഞ്ഞികൃഷ്ണൻ മാഷിനെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ ആദ്ദേഹത്തിൽ നിന്ന് തന്നെ ചോദിച്ചറിയാം.

എങ്ങനെയാണ് മാഷ് ‘ന്നാ താൻ കേസ് കൊട്‘ സിനിമയിലേക്ക് എത്തിപ്പെടുന്നത്...?

കുഞ്ഞികൃഷ്ണൻ മാഷ്: ഉണ്ണിരാജ്... മറിമായം ഉണ്ണിരാജ്... അദ്ദേഹമാണ് ഒരു ദിവസം വിളിച്ചു പറയുന്നത്, ഇങ്ങനെ ഒരു സിനിമക്ക് വേണ്ടി കാസ്റ്റിംഗ് നടക്കുന്നുണ്ട്. ഒരു ഫോട്ടോ അയച്ചുകൊടുക്കണം എന്ന്. ഞാൻ ആദ്യം അയച്ചുകൊടുത്തില്ല. പിന്നെയും വിളിച്ച് പറഞ്ഞു, അദ്ദേഹം എൻ്റെ ചില നാടകങ്ങളൊക്കെ കണ്ടിട്ടുണ്ട്, എനിക്ക് സിനിമയിൽ അഭിനയിക്കാൻ പറ്റും എന്നൊക്കെ. എന്നാൽ ഈ സിനിമയിലൊക്കെ അഭിനയിക്കാൻ മാത്രം ഞാനില്ലാ, എന്ന് പറഞ്ഞുനോക്കി. എന്നാലും അദ്ദേഹത്തിൻ്റെ നിർബന്ദപ്രകാരം ഒരു ഫോട്ടോ അയച്ചു കൊടുത്തു.

പിന്നീട് ഒഡീഷനു വേണ്ടി വിളി വന്നു... പക്ഷെ ഞാൻ പോകാൻ കൂട്ടാക്കിയില്ല. എന്താന്ന് വച്ചാൽ, ഒരു താല്പര്യമില്ലായ്മ. സിനിമയിലൊന്നും അഭിനയിക്കാൻ കഴിയുന്ന ഒരാളല്ലാ എന്നൊരു തോന്നലും ഭയവും ഒക്കെ പോലെ. എന്നാലും ഉണ്ണിരാജ് വീണ്ടും വിളിച്ച് പറഞ്ഞ്... അതുകൊണ്ട് പിന്നെ പോയി.

അവിടെ ചെന്നപ്പോൾ രാജേഷ് മാധവൻ, സുനിൽ ഗുരുവായൂരിൻ്റെ മകനുണ്ടല്ലോ... അനിൽ രാജ്, പിന്നെ ഗോകുൽ, അങ്ങനെ മൂന്ന് നാലു പേർ ഉണ്ടായിരുന്നു. അവർ ഇൻ്റർവ്യു ഒക്കെ ചെയ്ത് അറിയിക്കാം എന്ന് പറഞ്ഞ് പറഞ്ഞുവിട്ടു. അല്ലെങ്കിലും ഞാൻ നാളെ സിനിമയിൽ അഭിനയിക്കാമെന്ന് കരുതി പോയതുമല്ലാ. അതുകൊണ്ട് തന്നെ വളരെ കൂളായിട്ടാണ് ഞാൻ അവിടെ പ്രതികരിച്ചത്. ഞാനെൻ്റെ മക്കളോട് സംസാരിക്കുന്ന രീതിയിൽ സംസാരിച്ച് പോന്നു.

പിന്നീട് രണ്ട് തവണ പോയി, പിന്നീട് ഫൈനൽ രാജേഷ് മാധവൻ്റെ വിളി വന്നു. സിനിമയിലേക്ക് സെലക്ടായി എന്ന് പറഞ്ഞുകൊണ്ട്. എനിക്ക് തന്നെ അത്ഭുതമായിരുന്നു.

എങ്ങനെ ആയിരുന്നു ഷൂട്ടിംഗ് ദിനങ്ങൾ?

കുഞ്ഞികൃഷ്ണൻ മാഷ്: ഒരു പ്രീ ഷൂട്ട് ഉണ്ടായിരുന്നു. അതായത് ഇതേ സിനിമതന്നെ അഭിനയകളരിയുടെ ഭാഗമായിക്കൊണ്ട് പ്രദർശനത്തിനു വേണ്ടിയല്ലാതെ അഭിനയിച്ച് ഷൂട്ട് ചെയ്ത് ഒരു സിനിമയായി ഉണ്ടാക്കി. അതൊരു നല്ല എക്സ്പീരിയൻസ് ആയിരുന്നു. രാജേഷ് മാധവനൊക്കെ ഭയങ്കരമായിട്ട് നമ്മളെ സഹായിച്ചു. എല്ലാത്തരത്തിലും ഫുൾ ഫ്രീഡം തന്ന് നമ്മളെ കൂടൂതൽ കൂളാക്കി. അതിപ്പോൾ രതീഷ് ബാലകൃഷ്ണൻ മുതൽ എല്ലാവരും ഭയങ്കര സപ്പോർട്ട് ആണ് തന്നത്.

ഈ പ്രീ ഷൂട്ട് സിനിമ കാരണമാണോ സിനിമയിൽ ഇത്ര ഗംഭീരമായി നാച്വറൽ അഭിനയം പുറത്തെടുക്കാൻ കഴിഞ്ഞത്? അഭിനയിക്കുന്നതായേ ഞങ്ങൾക്ക് തോന്നിയില്ല.

കുഞ്ഞികൃഷ്ണൻ മാഷ്: ഹാ.. ഹാ... ഞാൻ അഭിനയിക്കുന്നതായി എനിക്കും തോന്നിയില്ല. അത്... പ്രീ ഷൂട്ടിലും എനിക്ക് നന്നായി ചെയ്യാൻ കഴിഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. അത് രതീഷും മറ്റുള്ളവരും എനിക്ക് ഒരു സ്പെയിസ് ഫ്രീ ആയിട്ട് വിട്ട് തന്നു. ഡയറക്ടർക്ക് നമ്മളുടെ മേൽ ഒരു കോൺഫിഡൻ്റ് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. ആ ഫ്രീഡത്തിൽ നിന്നുകൊണ്ട് വളരെ നല്ല രീതിയിൽ അഭിനയിക്കാൻ ഞങ്ങൾക്കൊക്കെ സാധിച്ചു എന്നാണ് ഞാൻ കരുതുന്നത്. സാധാരണ ഒരു സിനിമാ ഡയറക്ടറും അത്തരത്തിൽ സ്നേഹത്തിലും സൗമ്യതയിലും എന്നെപ്പോലെ ആദ്യമായി അഭിനയിക്കുന്ന ഒരാളോട് പെരുമാറേണ്ട കാര്യമില്ല. പക്ഷെ അദ്ദേഹം ഭയങ്കര സ്നേഹവും കരുതലും നമ്മളോട് കാണിക്കുന്നുണ്ടായിരുന്നു. അതൊക്കെ അഭിനയത്തിൽ പ്രതിഫലിച്ചിട്ടുണ്ടാകാം.

എങ്ങനെ ആയിരുന്നു ചാക്കോച്ചനുമൊത്തുള്ള എക്സ്പീരയൻസ്?

കുഞ്ഞികൃഷ്ണൻ മാഷ്: അത്... ചാക്കോച്ചൻ ഒരു സിനിമനടൻ എന്നതിലുപരി ഒരു നല്ല മനസിൻ്റെ ഉടമയായ വളരെ നല്ല ഒരു മനുഷ്യനാണെന്ന് മനസിലായി. സാധാരണയായി സിനിമാനടന്മാർക്ക് ഭയങ്കര ജാഡയാണ് എന്നൊക്കെ ആണ് കേട്ടിട്ടുള്ളത്... എന്നാൽ ചാക്കോച്ചൻ അങ്ങനെ ഒന്നുമായിരുന്നില്ലാ. എനിക്ക് ചിലപ്പോൾ തെറ്റിപോകുമ്പോൾ മനസിൽ ഒരു പേടി തോന്നും... പക്ഷെ ചാക്കോച്ചൻ അപ്പോ നമ്മളെ ശരിക്കും കംഫോർട്ട് ആക്കും. അത് മാത്രമല്ല... ചെറിയ ചില ഫ്രീ ടൈമിലൊക്കെ നമ്മളോട് വന്ന് വളരെ കാര്യമായി സംസാരിക്കുകയൊക്കെ ചെയ്യും. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിയുക എന്നത് വലിയ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. സിനിമ വലിയ രീതിയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു എന്നറിയുമ്പോൾ ആ സന്തോഷം കൂടുന്നു.

നാടകങ്ങളിൽ ഒക്കെ സജീവമായിരുന്നു എന്ന് തോന്നുന്നു...?

കുഞ്ഞികൃഷ്ണൻ മാഷ്: ഞങ്ങളുടെ നാടായ തടിയൻകൊവ്വലിലെ കലാസമിതി മനീഷാ തിയറ്ററുണ്ട്.. അതിൻ്റെ ഭാഗമായിട്ട് നാടകങ്ങളും തെരുവ് നാടകങ്ങളും ഒക്കെ ചെയ്യാറുണ്ട്. കൂടാതെ, എൻ എൻ പിള്ള സ്മാരക നാടകമത്സരത്തിലും അതുപോലെ ഈ നാട്ടിലും ചുറ്റുവട്ടത്തുമുള്ള മറ്റ് പല ക്ലബ് നാടകവേദികളിലുമൊക്കെ പല നാടകങ്ങളിലായി ചില വേഷങ്ങൾ ചെയ്തിട്ടുണ്ട്. അത് കണ്ടതിൽ നിന്നാണ് ഉണ്ണിരാജ് എന്നെ വിളിച്ചതും.

സിനിമയിലേക്കുള്ള രംഗപ്രവേശത്തെ കുടുംബത്തിൽ എല്ലാവരും എങ്ങനെ കാണുന്നു...? അവരെക്കുറിച്ച് പറയാമോ..!!

കുഞ്ഞികൃഷ്ണൻ മാഷ്: എൻ്റെ ഭാര്യ സരസ്വതി ദേവി സ്കൂൾ ടീച്ചറാണ്. മൂത്ത മകൻ സാരംഗ്, മർച്ചൻ്റ് നേവിയിൽ ജോലി ചെയ്യുകയാണ്. രണ്ടാമത്തെ മകൻ ആസാദ്, ചെന്നയിൽ പഠിക്കുന്നു. എല്ലാവരും ഭയങ്കര സന്തോഷത്തിലും സപ്പോർട്ടും നൽകുന്നുണ്ട്. ഇങ്ങനെ ഒരു സിനിമാ അവസരം ഞാൻ പോലും ചിന്തിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ലാത്തതാണ്. അങ്ങനെ ഒരു അവസരം വന്ന് ചേർന്നതിൽ മക്കളും ഭാര്യയും ഭയങ്കര സന്തോഷത്തിലാണ്.

നാടകവും സിനിമയുമല്ലാതെ ബാക്കിയുള്ള മാഷിൻ്റെ ജീവിതത്തെക്കുറിച്ച് കൂടി പറയാമോ...?

കുഞ്ഞികൃഷ്ണൻ മാഷ്: ഞാൻ ഒരു ഹിന്ദി അധ്യാപകൻ ആയിരുന്നു. ഉദിനൂർ സെൻട്രൽ AUP സ്കൂളിലായിരുന്നു പഠിപ്പിച്ചിരുന്നത്. ഇപ്പോൾ റിട്ടയർഡ് ആയിട്ടിരിക്കുന്നു. കൂടാതെ കഴിഞ്ഞ കുറെ കൊല്ലങ്ങൾ ആയി ഇവിടുത്തെ പഞ്ചായത്ത് വാർഡ് മെമ്പറുമാണ്.

ഇനി മുന്നോട്ട് സിനിമകൾ..??

കുഞ്ഞികൃഷ്ണൻ മാഷ്: അതിനെക്കുറിച്ച് എന്താ പറയുക...! നല്ല അവസരങ്ങൾ തേടി വന്നാൽ ഉറപ്പായും ചെയ്യും.

ന്നാ താൻ കേസ് കൊട് സിനിമയുടെ വിജയത്തിൽ പി പി കുഞ്ഞികൃഷ്‌ണൻ മാഷിൻ്റെ പങ്ക് വളരെ വലുതാണ്. അതിൽ അങ്ങേക്ക് m3dbcafe യുടെ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടും, മുന്നോട്ട് ഇതുപോലെ ഗംഭീരവേഷങ്ങൾ അങ്ങയെ തേടി ഒരുപാട് എത്തട്ടെ എന്നാശംസിച്ചു കൊണ്ടൂം നിർത്തട്ടെ...!!!