18 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസ് പാടിയ തരംഗിണിയുടെ ഓണപ്പാട്ടിന്റെ സംഗീത സംവിധായകന്‍ നന്ദു കര്‍ത്ത സംസാരിക്കുന്നു

Interviews

മലയാളിയുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിന് മാറ്റുകൂട്ടുന്ന ഒട്ടേറെ കാര്യങ്ങളിൽ ഒന്നാണ് ഓണപ്പാട്ടുകൾ. അതും ലോകത്തിന് മുൻപിൽ മലയാളിയുടെ അഭിമാനമായ ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തിൽ, അദ്ദേഹത്തിന്റെ തന്നെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്ന തരംഗിണി ഓഡിയോ ഇറക്കിയ ഓണപ്പാട്ടുകൾ. 80 കളുടെ തുടക്കം മുതൽ മിക്ക വർഷങ്ങളിലും തരംഗിണി ഓണക്കാലത്ത് ഇറക്കിയിരുന്ന ഉത്സവഗാന സമാഹാരങ്ങൾക്ക് വേണ്ടി അക്ഷമരായി കാത്തുനിന്നിരുന്ന കാര്യം ഗാനാസ്വാദകരുടെ ഓണ സ്മൃതികളുടെ ഭാഗമാണ്. പക്ഷേ 2004ൽ രവീന്ദ്രൻ - കൈതപ്രം കൂട്ടുകെട്ടിൽ പിറന്ന 'ഋതുഗീതങ്ങൾ' ഇറങ്ങിയത് ശേഷം വർഷാവർഷം ഓണത്തിന് ഓണപാട്ടിനായി കാത്തുനിന്ന ആസ്വാദകരെ എല്ലാ കൊല്ലവും തരംഗിണി നിരാശരാക്കി. എന്നാൽ 18 വർഷങ്ങൾക്ക് ശേഷം തരംഗിണി യേശുദാസിന്റെ ശബ്ദത്തിൽ ഒരു ഓണപാട്ടുമായി ഇക്കുറി വന്നിരിക്കുന്നു. 82ആമത്തെ വയസ്സിൽ ഗന്ധർവനാദത്തിൽ പാടിയ ഈണം ഒരുക്കാൻ നിയോഗം ലഭിച്ചത് അനുഗ്രഹീത സംഗീതജ്ഞൻ നന്ദു കർത്തയ്ക്കാണ്. ഹരിഹരൻ പുതുവാത്തുണ്ടിൽ എഴുതിയ "പൊൻ ചിങ്ങത്തേര്.. " ആസ്വാദക മനസ്സ് നിറച്ച് മുന്നേറുന്ന വേളയിൽ അതിന്റെ പിറവിയെപറ്റി സംഗീത സംവിധായകൻ നന്ദു കർത്ത നമ്മോട് സംസാരിക്കുന്നു.

തരംഗിണി എന്ന ലെഗസി ലേബലിനൊപ്പം പേര് ചേർക്കപ്പെടുക എന്ന യുവ സംഗീത സംവിധായകരെ സംബന്ധിച്ച് അപൂർവമായ ഒരു അവസരം കൈവന്നിരിക്കുന്നു. എന്താണ് തോന്നുന്നത്?

ഇതുവരെയുള്ള എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ ഒരു സംഭവമാണിത്. ഒരു ഇരുപത്-ഇരുപത്തിരണ്ട് കൊല്ലങ്ങൾക്ക് മുൻപ് എന്റെ തുടക്കക്കാലത്ത് ഒരു പിടി ഓണപ്പാട്ടുകൾ കമ്പോസ് ചെയ്ത് ഒരു ക്യാസറ്റിൽ റെക്കോർഡ് ചെയ്ത്, യേശുദാസിന്റെ ശബ്ദത്തിൽ പുറത്തിറക്കാൻ അവസരം അഭ്യർത്ഥിച്ചു തരംഗിണിയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട് ഞാൻ. അവയ്ക്ക് ഒക്കെ തരംഗിണി സ്റ്റുഡിയോയുടെ മണ്ണിൻ്റെ അടിയിൽ അന്ത്യവിശ്രമം കൊള്ളാനാണ് വിധി ഉണ്ടായത്. പക്ഷേ വർഷങ്ങൾക്കിപ്പുറം ഓണപ്പാട്ട് ചെയ്യാൻ ഉള്ള വിളി വന്നത് നിനച്ചിരിക്കാതെയായിരുന്നു.

എങ്ങനെയാണ് ഈ പ്രോജക്ടിലേക്ക് എത്തിച്ചേർന്നത്?

എന്നെ ആദ്യം വിളിക്കുന്നത് തരംഗിണിയിലെ ലിയോ ആണ്. ഞാൻ മുൻപ് തരംഗിണിയുടെ ചില പ്രോജക്ടുകൾക്ക് ഓർക്കാസ്ട്രേഷൻ നിർവഹിക്കാൻ ഒക്കെ പോയിട്ടുള്ള കാലത്ത് അവിടുത്തെ അസിസ്റ്റന്റെ സൗണ്ട് എഞ്ചിനീയർ ആയിരുന്ന കൊച്ചു പയ്യൻ എന്ന നിലയിൽ ലിയോയെ പരിചയം ഉണ്ട്. ലിയോ ഇന്ന് തരംഗിണിയുടേയും യേശുദാസ് അക്കാദമിയുടെയും എല്ലാ കാര്യങ്ങളും നിർവഹിക്കുന്ന പ്രധാനപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. ലിയോയും മറ്റൊരു മാനേജർ ആയ അനിലും ചേർന്ന് ദാസ് സാറിനെയും വിനോദ് യേശുദാസിനെയും ഒരു ഓണപ്പാട്ട് ഇറക്കാൻ സമ്മതിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നും, പച്ചക്കൊടി കിട്ടിയാൽ പെട്ടെന്ന് ചെയ്‌തിറക്കാൻ കഴിയുമോ എന്നുമാണ് ലിയോ ചോദിച്ചത്. 4 -5 ദിവസങ്ങൾക്ക് ഉള്ളിൽ ദാസ് സർ നിലവിൽ ഫ്‌ലോറിഡയിൽ ഉണ്ടെന്നും അവിടെ അടുത്തുള്ള എവർമോർ സ്റ്റുഡിയോയിൽ ആണ് ഇപ്പൊൾ സ്ഥിരമായി പാടുന്നത് എന്നും, പെട്ടെന്ന് പാട്ട് റെഡി ആക്കിയാൽ ദാസ് സാർ പാടിത്തരും എന്നും പറഞ്ഞ ലിയോ, പിറ്റേ ദിവസം തന്നെ ഹരിഹരൻ പൊതുവതുണ്ടിൽ എഴുതിയ വരികൾ അയച്ചുതരികയായിരുന്നു.

with-leo.jpg

ലിയോയുടെ കൂടെ

ഓണപ്പാട്ടുകൾ എന്നത് മലയാളി മനസ്സുമായി അത്രമേൽ ആഴത്തിൽ ബന്ധപ്പെട്ട ഒന്നാണല്ലോ. രവീന്ദ്രൻ മാഷ്, ആലപ്പി രംഗനാഥ്, എം. എസ്. വിശ്വനാഥൻ, വിദ്യാസാഗർ തുടങ്ങി വലിയ സംഗീത സംവിധായകർ ചെയ്തുവെച്ച അതിമനോഹര ഗാനങ്ങളുടെ ശൈലിയോ, ഒരു ഉയർന്ന തലമോ ആസ്വാദകർ പ്രതീക്ഷിക്കും എന്ന ഒരു സമ്മർദം കാണുമല്ലോ ഇത് ചെയ്യുമ്പോൾ. എങ്ങനെയാണ് പാട്ടിനെ അപ്രോച്ച് ചെയ്തത് തുടക്കത്തിൽ?

കൗമാരകാലത്ത് തന്നെ പാട്ട് കമ്പോസിംഗിലേക്ക് ഒക്കെ തിരിയാൻ എനിക്ക് പ്രചോദനം ആയതും ഈ തരംഗിണി ഗാനങ്ങൾ ഒക്കെ തന്നെ ആയിരുന്നു. വ്യക്തിപരമായി പറഞ്ഞാൽ സന്തോഷം കൊണ്ട് മനസ്സങ്ങനെ തുള്ളിച്ചാടുകയായിരുന്നു. പക്ഷേ അതിനുമപ്പുറം ഒരു പ്രൊഫെഷണൽ അസ്സൈന്മെന്റ് ആയി കണ്ട്  ഇതൊരു വലിയ ഉത്തരവാദിത്വം ആയി ഏറ്റെടുത്ത് പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചത്. തീർച്ചയായും പോയകാലത്തെ ആ മനോഹര ഗാനങ്ങളുമായി ഒരു താരതമ്യം വരും എന്ന് ഉറപ്പായിരുന്നു. മഹാരഥന്മാർ ചെയ്ത ആ ഗാനങ്ങളുടെ ശൈലി പിന്തുടരാതെ തീർത്തും സ്വതന്ത്രമായി ചെയ്യാൻ ആണ് ശ്രമിച്ചത്. അങ്ങനെ ചെയ്യാൻ കഴിയുകയുമില്ലായിരുന്നു. ആശയം ഉൾപ്പടെ നേരത്തെ തീരുമാനിക്കപ്പെട്ട ഒരേയൊരു പാട്ട് എനിക്ക് അയച്ചു തരികയുമായിരുന്നല്ലോ. നിശ്ചിത സമയം, നിശ്ചിത ബഡ്ജറ്റ് അങ്ങനെ മറ്റു കാര്യങ്ങളും ഉണ്ടല്ലോ. അതിനുള്ളിൽ നിന്നു കൊണ്ട് തികച്ചും തൃപ്തികരമായി തീർക്കാൻ സാധിച്ചു എന്നതാണ് സന്തോഷം. പാട്ട് കേട്ട ഭൂരിപക്ഷം ആളുകളും അത് സ്വീകരിച്ചു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഒരു ശൈലിയിലുള്ള ഒരേയൊരു പാട്ടല്ലേ, ഇഷ്ടപ്പെടാത്തവരും ധാരാളം ഉണ്ടാകും. സ്വാഭാവികമാണല്ലോ. 

ശരിയാണ്. മുൻപ് നാം കേട്ട ഓണപ്പാട്ടുകളിൽ നിന്നും വിഭിന്നമാണ് ഈ ഗാനം സമ്മാനിക്കുന്ന അനുഭൂതി. എങ്ങനെയായിരുന്നു ഈ ഗാനത്തിന്റെ ഒരു പിറവി?

ഹരിഹരൻ വരികൾ ആദ്യം എഴുതിയ ശേഷം അതിന് ഈണം നൽകുകയായിരുന്നു. ദ്രാവിഡ രാജാവായിരുന്ന മഹാബലി ഒരു തേരിലേറി കേരളത്തിലേക്കെത്തുമ്പോൾ കാണുന്ന കാഴ്ചകൾ കണ്ട് സന്തോഷമായി ഓണമുണ്ണുന്ന പ്രജകളെ കണ്ട് മടങ്ങുന്ന തരത്തിൽ ആണ് വരികളുടെ പൊതുവായ ഒരു ആശയം. വസന്ത രാഗം അടിസ്ഥാനമായുള്ളൊരു ഈണമാണ് വരികളിൽ നിന്നും ആദ്യം രൂപപ്പെട്ടു വന്നത്. വസന്ത വളരെ പ്ലീസിങ് ആയ രാഗം ആയതുകൊണ്ട് തന്നെ പെട്ടെന്ന് ആസ്വാദക മനസ്സിൽ ഒരു ആമ്പിയൻസ് ഉണ്ടാക്കിയെടുക്കാൻ സഹായിക്കും എന്നത് ഈ രാഗത്തെ തെരഞ്ഞെടുക്കാൻ കാരണമായി. എന്നാല് വസന്തയുടെ വഴിയിൽ തന്നെ തുടരാതെ ചില കുസൃതികൾ കാണിക്കാനും അവസരം കിട്ടി. അന്യസ്വരമായി പ്രതിമധ്യമത്തിന്റെ പ്രയോഗവും ചില ശ്രുതിഭേദ പ്രയോഗങ്ങളും വഴി അമൃതവർഷിണി, പന്തുവരാളി തുടങ്ങിയ രാഗങ്ങളുടെ ഭാവം ഹൃസ്വ സഞ്ചാരങ്ങളിലൂടെ ഒന്ന് മിന്നിമായുന്ന തരത്തിൽ ഈണം പുരോഗമിച്ചു വന്നു. വളരെ ക്ലിപ്തമായ കോർഡുകൾ മാത്രമേ വസന്തയ്ക്ക് കൊടുക്കാൻ കഴിയൂ എന്ന പരിമിതി മറികടക്കാനും ഈ മാറിനടത്തം സഹായിച്ചു. ഇത് കൂട്ടാതെ സാമന്തമലഹരി, നാട്ട തുടങ്ങിയ രാഗങ്ങളുടെ മിശ്രണത്തിൽ മറ്റൊരു ഈണം കൂടി തയ്യാറാക്കി രണ്ടും കൂടിയാണ് അയച്ചു നൽകിയത്. അതിൽ നിന്നും ഇപ്പൊൾ കേൾക്കുന്ന ഈണമാണ് ദാസ് സാർ തെരഞ്ഞെടുത്തത്.

with-hariharan.jpg

ഗാനരചയിതാവ് ഹരിഹരൻ പുതുവാത്തുണ്ടിലിന്റെ കൂടെ

പുതുമയേറിയ വാദ്യവിന്യാസം ആണല്ലോ ഗാനത്തിന് ഒരുക്കിയിട്ടുള്ളത്. അവയിലേക്ക് എത്തിയത് ഒന്ന് വിശദീകരിക്കാമോ? ഗാനത്തിന് കോറസ് വേറിട്ടൊരു തലം സമ്മാനിക്കുന്നു. അതിനെ പറ്റിയും.

മഹാബലി ഒരു ദ്രാവിഡ രാജാവാണ് എന്ന പൊളിറ്റിക്സ് മനസ്സിൽ ഉള്ളതിനാൽ ദ്രാവിഡ വാദ്യത്തിൽ തന്നെ ഗാനം തുടങ്ങണം എന്ന ചിന്തയിൽ നിന്നാണ് ഒരു സൗത്ത് ഇന്ത്യൻ പെർക്കഷൻ ഓൺസംബിൾ ഒരുക്കിയത്. ഗാനത്തിൽ ഓരോ മ്യൂസിക്കൽ പീസും തുടങ്ങുന്നത് ദക്ഷിണേന്ത്യൻ വാദ്യങ്ങളിലാണ്. വീണ, പുല്ലാങ്കുഴൽ, നാഗസ്വരം, ചെണ്ട, മറ്റു പല തമിഴ് വാദ്യങ്ങൾ അടക്കമുള്ള താളവാദ്യങ്ങള്‍ എല്ലാം തന്നെ ദക്ഷിണേന്ത്യന്‍ ഫ്ലേവറില്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഓണത്തിന്‍റെ കൂട്ടായ്മയുടേയും വള്ളംകളിയുടെയും ഒരു അന്തരീക്ഷം കൊണ്ടുവരാന്‍ എട്ട് ഗായകരുടെ ഒരു ഫോര്‍ പാര്‍ട് വോക്കല്‍ ഹാര്‍മണി വളരെയധികം സഹായിച്ചിട്ടുണ്ട്.

വളരെ കുറഞ്ഞ സമയത്തില്‍ പാട്ട് പൂര്‍ത്തിയാക്കണം എന്ന വെല്ലുവിളിയെ എങ്ങനെയാണ് മറികടന്നത്?

കുറഞ്ഞ ദിവസം എന്ന് മാത്രമല്ല മറ്റൊരു സിനിമയുടെ പണികള്‍ക്കിടയിലാണ് ഇത് ചെയ്തെടുക്കേണ്ടി വന്നത് എന്നത് ഇരട്ടി വെല്ലുവിളിയായിരുന്നു. ശിവകുമാര്‍ കാങ്കോല്‍ സംവിധാനം ചെയ്യുന്ന അന്ത്രൂ ദി മാന്‍ എന്ന കൊച്ചു സിനിമയുടെ പശ്ചാത്തലസംഗീതം ചെയ്യുന്നതിന്‍റെ ഇടയിലാണ് ഈ പ്രോജക്റ്റ് എല്ക്കുന്നത്. സൂക്ഷ്മതയോടെ സമീപിക്കേണ്ട നല്ലൊരു പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ ആയതിനാൽ അതിൽ നിന്ന് മാറി നിൽക്കാൻ കഴിയുമായിരുന്നില്ല. എന്നാല്‍ തരംഗിണിയിൽ നിന്ന് എന്നെ ഇങ്ങോട്ടു തേടി വന്നതും ദാസ് സാറിനെ കൊണ്ട് പാടിക്കാന്‍ കിട്ടുന്നതുമായ ഒരു അവസരത്തെ കളയാനും കഴിയില്ല എന്ന പ്രതിസന്ധി മറികടക്കാന്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ നില്‍ക്കാതെ നല്ലൊരു ടീമിനെ സെറ്റ് ചെയ്തു തരംഗിണി പ്രോജക്റ്റ് നീക്കാം എന്ന് തീരുമാനിച്ചു. ഗാനത്തിന് ഈണം പകര്‍ന്ന് പശ്ചാത്തല സംഗീതത്തിന്‍റെ ഒരു ഏകദേശ രൂപം ആദ്യം ചെയ്തു. ലൈവ് പെര്‍ക്കഷന്‍ ഓണ്‍സംബിൾ എന്ന ആശയം വന്നപ്പോള്‍ തന്നെ സ്ഥിരമായി എനിക്ക് വേണ്ടി പെര്‍ക്കഷന്‍ കൈകാര്യം ചെയ്തുവരുന്ന സുരേഷ് കൃഷ്ണനെ തന്നെ ഏല്‍പ്പിക്കാം എന്ന് തീരുമാനിച്ചിരുന്നു. സുരേഷുമായി ആശയം പങ്കുവെച്ചുവന്നപ്പോള്‍ പെര്‍ക്കഷന്‍ അറെഞ്ച്മെന്റ് കൂടാതെ മ്യൂസിക്ക് പ്രൊഡക്ഷനും റെക്കോര്‍ഡിംഗും പൂര്‍ണ്ണമായും സുരേഷിനെ തന്നെ ഏല്‍പ്പിച്ചു. പ്രോഗ്രാമര്‍ ആയ അദ്ദേഹത്തിന്‍റെ മകന്‍ ശ്രീരാഗ് കൂടി ചേര്‍ന്ന് പ്രോഡക്ഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ശ്രീരാഗിന്റെ തിരുവനന്തപുരത്തെ സ്റ്റുഡിയോയില്‍ വെച്ചാണ് ഉപകരണങ്ങളും കോറസും ഒക്കെ റെക്കോര്‍ഡ്‌ ചെയ്തത്. വീണയില്‍ സൗന്ദരരാജന്‍, ഫ്ലൂട്ടില്‍ രാജേഷ് കാര്‍ത്തിക്ക്, നാഗസ്വരത്തില്‍ അഖില്‍ അനില്‍ എന്നീ കലാകാരന്മാര്‍ ആണ് വായിച്ചത്. പോസ്റ്റ്‌ - കോവിട് കാലത്ത് എവിടെ ഇരുന്നുവേണമെങ്കിലും റെകോര്‍ഡിംഗ് നടത്താം എന്ന സാഹചര്യം ഉപയോഗപ്പെടുത്തി. ഓരോ ഉപകരണവും റെക്കോര്‍ഡ്‌ ചെയ്ത് ആര്‍ട്ടിസ്റ്റ് പോകുന്നതിനു മുന്നേ തന്നെ ശ്രീരാഗ് എനിക്ക് അയച്ചു തരികയും തിരുത്തല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ വീണ്ടും വായിപ്പിക്കുവാനും കഴിഞ്ഞു. ഈ ടീമിലെ ഓരോര്‍ത്തരും അകമഴിഞ്ഞ് പിന്തുണച്ചത്‌ കൊണ്ടാണ് ഇത് ഇറക്കാന്‍ കഴിഞ്ഞത്. ജൂലൈ 28നാണ് എന്റെ കൈയ്യില്‍ വരികള്‍ കിട്ടുന്നത്. സ്റ്റുഡിയോ ഉള്ള സ്ഥലത്തുള്ളതിനാൽ ഓഗസ്റ്റ് 6ആം തീയതി ദാസ് സാര്‍ പാടി വച്ചു. എന്നിട്ടും പ്രൊജക്റ്റ് ചെയ്യാനുള്ള പച്ചക്കൊടി ലഭിച്ചത് ഓഗസ്റ്റ് 15ആം തിയതിയാണ്. തുടര്‍ന്നു ഓര്‍ക്കസ്ട്രേഷന്റെ പ്രധാന ഭാഗങ്ങളും ഒക്കെ സ്വരമാക്കി പാടി സുരേഷേട്ടന് കൈമാറുകയും ബാക്കി അദ്ദേഹം ഭംഗിയായി കൃത്യ സമയത്ത് തന്നെ പൂര്‍ത്തിയാക്കി നല്‍കുകയായിരുന്നു. രഞ്ജിത്ത് വിശ്വനാഥന്‍ എന്ന സൗണ്ട് എഞ്ചിനീയര്‍ ആണ് ഈ ഗാനം മനോഹരമായി മിക്സ് ചെയ്തു തന്നത്. ഒരു തവണ മിക്സിംഗ് പൂര്‍ത്തിയാക്കി ലോകപ്രശസ്തനായ ഒരു മാസ്റ്ററിങ് എഞ്ചിനീയറെക്കൊണ്ട് മാസ്റ്ററിങ് ചെയ്യിക്കുക വരെ ചെയ്തെങ്കിലും സംതൃപ്തി തോന്നാത്തതിനാല്‍ ഒരു പാതിരാത്രി വീണ്ടും ഇരുന്ന് മിക്സ് ചെയ്തു പൂര്‍ണ്ണതയില്‍ എത്തിയ്ക്കാന്‍ രഞ്ജിത്ത് സഹകരിച്ചു.

Ponn Chinga Theru | Onam Song | K J Yesudas | Tharangni | CIAL

 

ഇതിന്‍റെ വീഡിയോ ഇന്ന രീതിയില്‍ വരുമെന്നും സിയാല്‍ (Cochin International Airport Ltd.) ആണ് ചെയ്യുക എന്നുമൊക്കെ ആദ്യമേ പറഞ്ഞിരുന്നോ? അതിനനുസരിച്ചാണോ സംഗീതം നിര്‍മ്മിച്ചത്?

അല്ല. ആദ്യ റൗണ്ട് മിക്സിംഗ് ലിയോയ്ക്ക് അയച്ചുകൊടുത്തതിന് ശേഷമാണ് സിയാല്‍ ഇതിന്‍റെ വീഡിയോ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞത്. സത്യത്തില്‍ അതിന് ശേഷം ഈ പ്രോജക്റ്റ് സിയാലിന്റെ ഓണം സ്ലോഗന്‍ 'ആഘോഷിക്കൂ വാനോളം' എന്നത് പോലെ വാനോളം വളരുന്ന കാഴ്ചയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടത്. മഹാനടന്‍ ശ്രീ മോഹന്‍ലാല്‍, ഗായിക സുജാത ചേച്ചി തുടങ്ങിയവര്‍ ഇതിന്‍റെ ഓഡിയോ ലോഞ്ചിനു വേണ്ടി മാത്രം കൊച്ചിയില്‍ വന്നു, ഒട്ടേറെ പ്രമുഖ താരങ്ങളും സംഗീതഞ്ജരും ഒക്കെ അതില്‍ പങ്കെടുത്തു എന്നതൊക്കെ ആ ദിവസങ്ങളില്‍ അമ്പരപ്പും സന്തോഷവും ഉണ്ടാക്കി.

release.jpeg

പൊന്‍ ചിങ്ങത്തേര് റിലീസ് വേദി

യേശുദാസുമായി മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടോ?

അദ്ദേഹം ആദ്യമായിട്ടാണ് എന്റെ സംഗീതത്തില്‍ പാടുന്നത്. വിജയ്‌ യേശുദാസ് പാടിയിട്ടുണ്ട്. 2005ല്‍ ഒരു അയ്യപ്പഭക്തിഗാന സമാഹാരത്തിലെ ആദ്യ ഗാനം വിജയ്‌ പാടാന്‍ വന്നപ്പോള്‍ ദാസ് സാറും സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നു, ആ ഗാനത്തില്‍ ഒരു വിരുത്തം പോലെ വരുന്ന ഭാഗം ആഹരി രാഗത്തില്‍ ആണ് ചെയ്തത്. ആഹരി പാടിയാല്‍ അന്നം കിട്ടില്ല എന്നൊക്കെ തമാശയ്ക്ക് പറഞ്ഞിട്ട്, തുടങ്ങാന്‍ അതത്ര നല്ലതല്ല എന്ന് പറഞ്ഞു അദ്ദേഹം തന്നെ ഹംസധ്വനിയില്‍ വേറൊരു ശ്ലോകം പാടിയിട്ടതാണ് ഒരു അനുഭാവം. ഞാന്‍ പ്രോഗ്രാമിംഗ് ചെയ്ത കുറച്ചു പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്, ബിജിബാലിന്റെ 'തിരികെ ഞാൻ' ഉൾപ്പടെ.

കഴിഞ്ഞ വര്‍ഷത്തെ ഓണപാട്ടും ഒരു ഗംഭീര വര്‍ക്ക് ആയിരുന്നല്ലോ. പൂവട്ടം - എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു പരീക്ഷണം. അതിനെ പറ്റി ഒന്ന് പറയാമോ?

യാതൊരു മുൻപരിചയവും ഇല്ലാതെ ഒരു സുഹൃത്ത് വഴി എന്നെ ബന്ധപ്പെട്ട പ്രവാസിയായ ഒരു എഴുത്തുകാരനാണ് പൂവട്ടം എഴുതിയ മുജീബ് കൈപ്പുറം. ആദ്യം മറ്റൊരു ഗാനം എഴുതി അയച്ചിരുന്നെങ്കിലും അതൊരു പ്രൊജക്റ്റ് ആയി മാറിയില്ല. പിന്നീട് ഒരു ദിവസം ഒരു ഓണപ്പാട്ട് എഴുതി അയക്കുകയായിരുന്നു. ദുബൈയിൽ ഉള്ള അദ്ദേഹം ആദ്യഘട്ടത്തിൽ അതിനൊരു സ്പോസറെയൊക്കെ കണ്ടെത്തിയിരുന്നു. അങ്ങനെ വലിയ ഒരു പ്രൊജക്റ്റ് ആയി ഹരീഷ് ശിവരാമകൃഷ്ണനെക്കൊണ്ട് പാടിക്കാം, അല്പം റിച്ച് ആയ അറേഞ്ച്മെന്റ്സ് ഒക്കെ ചെയ്യാം എന്നോക്കെ മനസ്സിൽ വിചാരിച്ചു ചെയ്ത പാട്ടാണത്. ആ സമയത്താണ് കോവിഡ് മൂന്നാം തരംഗം വരുന്നത്. സ്പോൺസർ ആ വഴി പോയി. മുജീബിന്റെ ജോലിയും പോയി. ഒരുപാട് ശ്രമിച്ചെങ്കിലും ഹരീഷിനെ വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും കിട്ടിയതുമില്ല. കോവിഡ് കാലമായത് കൊണ്ട് ഞങ്ങളുടെ രണ്ടു പേരുടെയും കയ്യിൽ കാശുമുണ്ടായിരുന്നില്ല. പിന്നെങ്ങനെ അതിനൊരു പ്രത്യേകത കൊണ്ടു വരാം എന്ന് കുറെ ആലോചിച്ചപ്പോൾ തോന്നിയതാണ് ഒരു ഉപകരണം മാത്രം വച്ച് ഒരു പാട്ടു ചെയ്യാം എന്ന്. ഗിറ്റാർ ഒക്കെ വച്ച് വരാറുണ്ടെങ്കിലും ബേസ് ഗിറ്റാറിൽ നിന്നുള്ള വിവിധ ശബ്ദങ്ങൾ മാത്രം ഉപയോഗിച്ച ഒരു മലയാളം പാട്ടു വന്നിട്ടില്ലായിരുന്നു. അതിനുള്ള ധൈര്യം വന്നത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ബേസ് ഗിറ്റാറിസ്റ്റുകളിൽ ഒരാളായ ജോസി ജോൺ കേരളത്തിൽ നിന്നുള്ള ആളാണ് എന്നത് കൊണ്ട് മാത്രമാണ്.സ്റ്റീഫൻ ദേവസ്സിയുടെ ഷോയിലൊക്കെ അദ്ദേഹം തബലയും ധോലക്കും പോലെ തോന്നിക്കുന്ന ശൈലിയിലൊക്കെ അനായാസമായി ബേസ് ഗിറ്റാർ വായിക്കുന്നത് കേട്ട് അദ്‌ഭുതപ്പെട്ടു നിന്നിട്ടുണ്ട്. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോൾ സന്തോഷത്തോടെ സഹകരിക്കുകയായിരുന്നു. പൂക്കളവും ഊഞ്ഞാലും കൈകൊട്ടിക്കളിയും  ഒക്കെ വച്ച് ഒരു വീഡിയോ വന്നാൽ ഈ ആശയത്തോട് നീതി പുലർത്താനാകില്ല എന്നത് കൊണ്ട് അത്തരം ഒരു വീഡിയോ ഒഴിവാക്കി മേക്കിങ് വിഡിയോയിലേക്കു ചുരുക്കി. പകരം ഡോൾബി അറ്റ്മോസിലും ഇപ്പോൾ ബൈനോറൽ ഓഡിയോ ആയും പുറത്തിറക്കി.  ഡോൾബി അറ്റ്മോസ്, ഹൈ റെസ് ലോസ്സ്‌ലെസ്സ്, ആപ്പിൾ ഡിജിറ്റൽ മാസ്റ്റർ എന്നീ മൂന്ന് ബാഡ്ജുകളും ഉള്ള ആദ്യത്തെ മലയാളം പാട്ടായിരിക്കാം അത്. 

രവീന്ദ്രന്‍ മാസ്റ്ററുടെ അസിസ്റ്റന്റ്‌ ആയി പ്രൊഫഷണല്‍ സംഗീതത്തില്‍ തുടക്കം കുറിച്ച നന്ദു കര്‍ത്തയുടെ സംഗീത ജീവിതത്തെ പറ്റിയൊന്നു വിശദീകരിക്കാമോ?

1997-ൽ ബിജിബാലിന്റെ സംഗീതത്തിൽ ഇറങ്ങിയ 'എന്റെ കേരളം' എന്ന ആൽബത്തിൽ ഓർക്കസ്ട്ര അസിസ്റ്റന്റ് ആയിട്ടായിരുന്നു ആദ്യത്തെ റിക്കോർഡിങ്. തൊട്ടു പിന്നാലെ 'അയ്യപ്പതൃപ്പാദം' എന്ന ഭക്തിഗാന ആൽബത്തിലെ രണ്ടു ഗാനങ്ങൾ ആണ് ആദ്യമായി സംഗീതസംവിധാനം ചെയ്തു പുറത്തിറങ്ങിയ പ്രൊജക്റ്റ്. അതിനു ശേഷമാണ് സംഗീതം ഐച്ഛിക വിഷയമായി പഠിക്കാൻ ചേർന്നത്. കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി തൃപ്പൂണിത്തുറ ആർ. എൽ. വി കോളേജിൽ നിന്ന് എംഎയും പൂർത്തിയാക്കി. എംഎ പരീക്ഷയുടെ അന്ന് റെക്കോർഡിങ് ഉണ്ടായിരുന്നത് കൊണ്ട് എക്സാം എഴുതിയില്ല. എന്ന് മാത്രമല്ല പിന്നങ്ങോട്ട് എഴുതാൻ സമയം കിട്ടിയതേയില്ല. ഒരു കീബോർഡും കമ്പ്യൂട്ടറും ഒക്കെയായി ഡിജിറ്റൽ മ്യൂസിക് പ്രൊഡക്ഷന്റെ വഴിയിലേക്ക് തിരിഞ്ഞ ആ വർഷമാണ് രവീന്ദ്രൻ മാസ്റ്ററുടെ അസിസ്റ്റന്റായി പ്രവർത്തിക്കാനായി ഗായകൻ ഗണേഷ് സുന്ദരത്തിന്റെ വിളി വരുന്നത്. മാഷിന്റെ മരണശേഷം വൈകാതെ അൽഫോൻസ് ജോസഫ് അസിസ്റ്റന്റ് ആകാൻ വിളിച്ചു. അദ്ദേഹത്തിന്റെയൊപ്പവും കുറച്ചുനാൾ പ്രവർത്തിച്ചു. തുടർന്ന് അലക്സ് പോളിന്റെയും ബിജിബാലിന്റേയും സിനിമകളിൽ പാട്ടുകളും പശ്ചാത്തലസംഗീതവും പ്രോഗ്രാമിങ് ചെയ്യാൻ തുടർച്ചയായി അവസരങ്ങൾ വന്നു. പതുക്കെ അതൊരു പ്രൊഫെഷൻ ആയി മാറി. ഇപ്പോഴും അത് തുടരുന്നു. ഇതിനിടയിൽ ഉമ്മർ കരിക്കാടിന്റെ ബോംബെ മിട്ടായി, കെ. എസ്‌. ബാവയുടെ ഇഡിയറ്റ്സ്, ജോഷി മാത്യുവിന്റെ ബ്ലാക്ക് ഫോറെസ്റ്റ്, ഗിന്നസ്സ് പക്രുവിന്റെ കുട്ടീം കോലും, സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ചന്ദ്രയാൻ, രാജേഷ് കൃഷ്ണന്റെ ഉത്തരം പറയാതെ, ജോൺ ജോസഫിന്റെ ഓവർടെയ്ക്ക് എന്നീ സിനിമകളും, 'ടോർപിഡോ', 'കണ്ടിട്ടുണ്ട്' എന്നീ ആനിമേഷൻ സിനിമകൾക്കും, 'ത്രയ' ഉൾപ്പടെ നിരവധി ആൽബങ്ങൾക്കും സംഗീതം നൽകി. ധാരാളം ടിവി പ്രോഗ്രാമുകളുടേയും അമച്വർ നാടകങ്ങളുടെയും സംഗീതം നിർവ്വഹിച്ചു. സഫാരി ടിവിയുടെ തീം സോങ്, തട്ടീം മുട്ടീം എന്ന പ്രോഗ്രാമിന്റെ ടൈറ്റിൽ സോങ്, സമാഗമം, കഥയിതു വരെ, ഫ്‌ളവേഴ്‌സ് ടിവിയിലെ ആദ്യകാല ഫില്ലറുകൾ, തീം മ്യൂസിക്, തുടങ്ങി ടെലിവിഷന് വേണ്ടി ചെയ്തവ എല്ലാം തന്നെ വളരെ ശ്രദ്ധിക്കപ്പെട്ടു.

പുതിയ പ്രോജക്ടുകള്‍ ഏതൊക്കെയാണ്?

കഴിഞ്ഞ ഒന്നര വര്‍ഷമായി സിനിമാസംഗീതത്തിന് പ്രോഗ്രാമിംഗ് ചെയ്യുന്നതില്‍ നിന്നും അവധിയെടുത്ത് സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിചു വരികയായിരുന്നു. വല്ലാതെ മാറിയ പുതിയ കാലത്തെ സിനിമയ്ക്ക് അനുസരിച്ചു ഞാൻ ശൈലി മാറ്റിയിട്ടില്ല എന്ന തോന്നാല് വന്നിരുന്നു. അപ്പോൾ, അങ്ങനെ ഒരു ബ്രെയ്ക്ക് വേണം എന്ന ചിന്ത വന്നു. കോവിഡ് കാലവും ലോക്ഡൗണും ഒരു അവസരമായി എടുത്തു. നോണ്‍-ഫിലിം പ്രോജക്ടുകള്‍ തരുന്ന അളവില്ലാത്ത സ്വാതന്ത്ര്യം കൂടുതല്‍ പരീക്ഷങ്ങള്‍ നടത്തുവാനും മനസ്സിന് ഇണങ്ങുന്ന സംഗീതം ഒരുക്കുവാനും സഹായിക്കുന്നു എന്നതാണ് മറ്റൊരു കാരണം. അങ്ങനെ വന്നതാണ് 'പൂവട്ടം' ഒക്കെ. ഇനി വരാനിരിക്കുന്നവയില്‍ രാഖി. ആര്‍. നാഥ് എന്ന ഗായികയ്ക്ക് വേണ്ടി, ബി. കെ. ഹരിനാരായണന്‍ രചിച്ച, സൂര്യനെയും പ്രകൃതിയെയും പ്രകീർത്തിക്കുന്ന ഒരു ഗാനം വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ്. മറ്റൊന്ന് ആര്യദത്ത-പ്രിയദത്ത സഹോദരിമാര്‍ക്ക് വേണ്ടി ഒരു കർണാടിക് കൃതിയ്ക്ക് വെസ്റ്റേൺ സ്ട്രിംഗ് അറെഞ്ച്മെന്റ് ചെയ്യുന്നതാണ്. റഫീക്ക് അഹമ്മദിന്റെ കവിതകളും ഗാനങ്ങളും ഉള്‍ക്കൊള്ളിക്കുന്ന സറ്റൊരി യൂറ്റൂബ് ചാനലിനു വേണ്ടിയും ഒരു നല്ല ഗാനം ചെയ്തു കൊടുക്കാനുണ്ട്. കവയിത്രി വിജയലക്ഷ്മി എഴുതിയ മനോഹരങ്ങളായ അഞ്ചു പ്രണയഗീതങ്ങൾ പുറത്തിറക്കാനുണ്ട്. സിനിമയിലെ അവധി ഏതാണ്ട് കഴിഞ്ഞു. നേരത്തെ സൂചിപ്പിച്ച അന്ത്രൂ ദി മാന്‍ എന്ന സിനിമയുടെ പശ്ചാത്തലസംഗീതവും. മറ്റൊരു സിനിമയിലെ ഒരു പാട്ടും പശ്ചാത്തലസംഗീതവും പിന്നാലെ വരുന്നുണ്ട്.

Comment