ആഗ്രഹസാഫല്യത്തിലേക്ക് നടന്ന് കയറുമ്പോൾ....

Interviews

പെണ്ണും പൊറാട്ടും - സംവിധാനം രാജേഷ് മാധവൻ. പല സിനിമാഗ്രൂപ്പ് ചർച്ചകളിലും രാജേഷിനെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടാവുമ്പോൾ പലരും പറയാറുണ്ടായിരുന്ന ഒരു കാര്യമാണ് ഇപ്പോൾ സംഭവിക്കുന്നത്... രാജേഷ് മാധവനിൽ ഒരു സിനിമാസംവിധായകനെ കാണുന്നു എന്നത്. ഒരുപിടി നല്ല സിനിമകളുടെ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയാണ് രാജേഷ് മാധവൻ്റെ ആദ്യസിനിമ ‘പെണ്ണും പൊറാട്ടും‘ നിർമ്മിക്കുന്നത്. ‘പെണ്ണും പൊറാട്ടും‘ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയതിൻ്റെ പശ്ചാത്തലത്തിൽ, ആദ്യമായി സംവിധായകകുപ്പായമണിയുന്ന സന്തോഷത്തോടെ രാജേഷ് മാധവൻ എക്സ്ക്ലൂസീവായി m3db യോട് സംസാരിക്കുന്നു....!

ഹലോ രാജേഷ് മാധവൻ...

ആദ്യമായിത്തന്നെ, m3db ടീമിൻ്റെയും ഗ്രൂപ്പിൻ്റെയും പേരിൽ ഒരുപാട് സ്നേഹത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ഞങ്ങളൊക്കെ ആഗ്രഹിച്ചിരുന്നതും പ്രതീക്ഷിച്ചിരുന്നതുമായ ഒരു വിളംബരമാണ് 'സംവിധാനം രാജേഷ് മാധവൻ' എന്നത്. അതിപ്പോൾ സംഭവിക്കുകയാണ്. എന്ത് തോന്നുന്നു?

രാജേഷ്: അതിയായ സന്തോഷം തോന്നുന്നുണ്ട്. കൂടാതെ ടെൻഷനും ഉണ്ട്. സിനിമയിലേക്ക് വന്നപ്പോൾ തന്നെ സിനിമ സംവിധാനം എന്നതാണ് മനസിൽ ഉണ്ടായിരുന്ന ആഗ്രഹം, സ്വപ്നമൊക്കെ. ബാക്കി ചെയ്തതൊക്കെ അതിലേക്കുള്ള വഴിയുടെ ഭാഗമായി സംഭവിച്ച നല്ല കാര്യങ്ങളായിട്ടാണ് കാണുന്നത്.

ചോദ്യം: അപ്പോൾ 2015 ൽ ‘അസ്തമയം വരെ‘ എന്ന സിനിമയുടെ പ്രൊഡക്ഷൻ കണ്ട്രോളർ ആയി മലയാളസിനിമയിലേക്ക് കയറിയപ്പോൾ തന്നെ സംവിധായകൻ ആവുക എന്നതായിരുന്നു അൾട്ടിമേറ്റ് പ്ലാൻ... ആഗ്രഹം...?

രാജേഷ്: അതെ. സിനിമയുടെ പിന്നിലെ പ്രധാനി, അല്ലെങ്കിൽ ഒരു സിനിമ തന്നിലൂടെ ഉണ്ടാവുക എന്നതൊക്കെയായിരുന്നു തുടക്കം മുതലെയുള്ള ആഗ്രഹം. ‘അസ്തമയം മുതൽ‘ സിനിമയിൽ ജസ്റ്റ് കൂടെ ചേർന്നു നിന്നു... പ്രൊഡക്ഷൻ കണ്ട്രോളർ എന്നൊക്കെ പറയാമെന്നെ ഉള്ളു. അങ്ങനെ പലതും ചെയ്തു നോക്കി... ആദ്യകാലത്ത് സ്ക്രിപ്റ്റ് എഴുതാൻ ശ്രമിച്ചിരുന്നു. അതൊന്നും വർക്കൗട്ട് ആയില്ലാ. പിന്നെ അഭിനയത്തിലൂടെയൊക്കെയാണ്...

ചോദ്യം: അഭിനയത്തിലൂടെ എന്ന് പറയുമ്പോൾ, ഞാൻ പലപ്പോഴും ചോദിക്കണമെന്ന് ആഗ്രഹിച്ച ഒരു സംശയം ചോദിക്കാൻ ആഗ്രഹിക്കുന്നു. m3dbയുടെ ഡേറ്റാബേസ് പ്രകാരം രാജേഷ് അഭിനയിച്ച ആദ്യസിനിമ 2015ൽ ഇറങ്ങിയ ‘റാണി പത്മിനി‘ ആണ്. അതിൽ താങ്കളുടെ വേഷം എന്തായിരുന്നു? തിരിച്ചറിഞ്ഞില്ലാ എന്നതിൽ ക്ഷമിക്കുക...

രാജേഷ്: ഹേയ്... അങ്ങനെയല്ലാ...! എന്നെ ആ സിനിമയിൽ കാണില്ലാ. അതിൽ ഞാൻ അഭിനയിച്ച ഭാഗം കാണണമെങ്കിൽ യൂട്യൂബിൽ റാണി പത്മിനിയുടെ ഡിലിറ്റഡ് സീൻസ് കാണണം. (ചിരിക്കുന്നു...) ജസ്റ്റ് നടക്കുന്ന ഒരു ചെറിയ റോൾ ആയിരുന്നു. അത് ഫൈനൽ എഡിറ്റിംഗിൽ കട്ടായിപ്പോയി. ആ സമയത്ത് “മഹേഷിൻ്റെ പ്രതികാരം“ത്തിൽ ഞാൻ അഭിനയിക്കുകയായിരുന്നു. തരക്കേടില്ലാതെ അഭിനയിക്കുന്നുണ്ട് എന്ന് കണ്ട് ആ റാണി പത്മിനിയിൽ ഒരു ചെറിയ റോൾ തന്നതാണ്. ചോദിച്ചതിൽ തെറ്റില്ല... അതിൽ കാണില്ല എന്നെ...!!!

ചോദ്യം: ആദ്യസിനിമയായി ‘പെണ്ണും പൊറാട്ടും‘ വരികയായി. എന്താണ് പറയാനാവുന്നത്?

രാജേഷ്: കൂടുതൽ ഒന്നും പറയാറായിട്ടില്ല. എന്നാലും പറയാം... സിനിമയുടെ എഴുത്ത് നടക്കുന്നതേ ഉള്ളൂ. റാണി പദ്‌മിനിയുടെയും ഭീഷ്മപർവ്വത്തിൻ്റെയുമൊക്കെ കോ-റൈറ്റർ ആയ രവിശങ്കർ ആണ് ഇതിൻ്റെ കഥയും തിരകഥയും. വളരെ നാളുകൾക്ക് മുൻപാണ് രവി ഇങ്ങനെ ഒരു കോൺസപ്റ്റ് പങ്ക് വയ്ക്കുന്നത്. പിന്നീട് അതിനെ കഥയായിട്ടൊക്കെ മാറ്റി പല ചർച്ചകളും ഉണ്ടായെങ്കിലും പറ്റില്ലാന്നൊക്കെയുള്ള ചിന്തയിൽ വിട്ടതാണ്. സാധാരണ സിനിമാചർച്ചകൾക്കിടയിൽ വന്ന ഒരു കഥയാണിത്. സത്യത്തിൽ ഞാൻ ആദ്യം ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത് മറ്റൊരു കഥയായിരുന്നു. പിന്നീടാണ് ഇത് ഡവലപ്പായി വരുന്നത്. അങ്ങനെ ഇത് ഫൈനലാക്കുകയായിരുന്നു. കുറെ നാൾ മുൻപ് ചിന്തിച്ച കഥയാണെങ്കിലും ഏത് കാലഘട്ടത്തിലും ആപ്റ്റാവുന്ന, സമയത്തിൻ്റെ പ്രശ്നമില്ലാത്ത ഒരു കഥയാണ്.

ചോദ്യം: മുന്നോട്ടുള്ള നാൾവഴി പ്ലാനുകൾ കുറച്ചെങ്കിലും പറയാനാവുമോ?

രാജേഷ്: അടുത്ത കൊല്ലം മെയ് മാസത്തോടെ ഷൂട്ട് ആരംഭിക്കാം എന്നാണ് ചിന്തിക്കുന്നത്. ഇപ്പോൾ എഴുത്തിൻ്റെ ഘട്ടത്തിലാണ്. ജനുവരിയോടുകൂടി പ്രീ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങാനാണ് പ്ലാൻ. ഷൂട്ടൊക്കെ തുടങ്ങിവരുമ്പോഴെ എനിക്കും അറിയൂ ഇതിൻ്റെ രീതികളും കാര്യങ്ങളും ഒക്കെ. അതൊക്കെ അനുഭവിച്ചിട്ടെ ബാക്കി... അതുകൊണ്ട് റിലീസ് സമയത്തെക്കുറിച്ചൊന്നും പ്ലാൻ ചെയ്തിട്ടില്ല.

ചോദ്യം: എഴുത്ത് നടക്കുന്നു എന്ന് പറയുമ്പോൾ, കഥാപാത്രങ്ങൾ ഒക്കെ ഫിക്സ് ആയതാണോ? കുറഞ്ഞപക്ഷം പ്രധാനതാരങ്ങൾ?

രാജേഷ്: ഇല്ലില്ലാ... അങ്ങനെ ആരേം തീരുമാനിച്ചിട്ടില്ലാ. അതിനെക്കുറിച്ചൊക്കെ ചില ധാരണകൾ ഉണ്ട്. എന്തായാലും കൂടുതലും പുതുമുഖങ്ങളാവാനാണ് സാധ്യത...!! അല്ലാ... ഫുൾ പുതുമുഖങ്ങളാവാനും ചാൻസുണ്ട്. അല്ലെങ്കിൽ പിന്നെ അത്ര ആപ്റ്റായിട്ട് മറ്റാരെങ്കിലും മുന്നിൽ വന്നാലേ ഉള്ളു.

ചോദ്യം: രാജേഷിൻ്റെ കൂടി നാടായ കാസർഗോഡ് തന്നെ ആവുമോ പെണ്ണും പൊറാട്ടിൻ്റെയും ലൊകേഷൻ?

രാജേഷ്: ഞാൻ ഈയിടെ വർക്ക് ചെയ്ത മിക്ക സിനിമകളും കാസർഗോഡ് സിനിമകളായിരുന്നു. ഇപ്പോൾ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നതും അതെ. ഇനിയൊന്ന് വരാനുമുണ്ട്. പക്ഷെ ഈ കഥക്ക് അങ്ങനെ ഒരു പ്രത്യേക നാട് എന്നൊന്നില്ല , എവിടെയും പ്ലെയിസ് ചെയ്യാവുന്ന ഒരു കഥയാണ്. എന്നാലും ഈ കഥയെ പ്ലെയിസ് ചെയ്യാൻ ചിന്തിക്കുമ്പോൾ എനിക്കേറ്റവും കംഫർട്ടബിളായിട്ടുള്ള സ്ഥലം പാലക്കാടാണ്. അവിടെയുള്ള ആളുകളുമായിട്ട് കുറച്ചൂടെ കണക്റ്റ് ചെയ്യാൻ പറ്റുന്നുണ്ട്... അപ്പോ... അവിടെയുള്ള ഗ്രാമപ്രദേശങ്ങളിലെ ആൾക്കാരെ ഇതിലേക്ക് ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നു. അതുകൊണ്ട് പാലക്കാട് ലോകേഷൻ ആവാനാണ് സാധ്യത.

ചോദ്യം: ടൈറ്റിൽ പോസ്റ്ററിൻ്റെ ബാക്ഗ്രൗണ്ടിൽ അടിപിടി, ചിരവ, ചട്ടുകം, കുട, ചീത്തവിളി, എല്ലാം കാണുന്നു.... അങ്ങനെയൊക്കെയാണോ...??

രാജേഷ്: (ചിരിക്കുന്നു...) അങ്ങനെയൊക്കെയാണ് കാണുന്നത് എങ്കിൽ ഇനിയെന്താ ചെയ്കാ...!! അങ്ങനെയൊക്കെയുണ്ടാവാം...!!! (ചിരി തുടരുന്നു).

ചോദ്യം: ആദ്യസിനിമ നിർമ്മിക്കുന്നത് സന്തോഷ് ടി കുരുവിള... അദ്ദേഹവുമായിട്ട് എങ്ങനെ...?

രാജേഷ്: കഴിഞ്ഞ കുറെ കാലമായിട്ട് അദ്ദേഹവുമായിട്ട് കാണുന്നതാണ്. അപ്പോൾ അദ്ദേഹത്തിന് എന്നെ നല്ല രീതിയിൽ അറിയാം. ഞങ്ങൾ തമ്മിലൊരു നല്ല ബന്ധമുണ്ട്. എന്നിലുള്ള ആ ഒരു വിശ്വാസമാണ് അദ്ദേഹം ഇപ്പോൾ ഈ സിനിമ നിർമ്മിക്കുന്നതിലൂടെ എന്നോട് കാണിക്കുന്നത് എന്ന് ഞാൻ മനസിലാക്കുന്നു. ആ ഒരു വിശ്വാസം കാത്തുകൊണ്ടുപോകാൻ എനിക്കാവട്ടെ എന്ന ശ്രമമാണ്.

ചോദ്യം: ഇപ്പോൾ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ടുകൾ?

രാജേഷ്: രതീഷ് ബാലകൃഷ്ണൻ എഴുതി, സുദീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മഥനോത്സവം‘ ആണ് ഇപ്പോൾ ഷൂട്ട് നടന്നോണ്ടിരിക്കുന്നത്. പിന്നെ ‘നീലവെളിച്ചം‘ ഇറങ്ങാനുണ്ട്. അതിൽ ഒരു ക്യാരക്ടർ റോൾ ചെയ്തിട്ടുണ്ട്. പിന്നെ മുന്നോട്ട് അഭിനയിക്കുന്നത് ഒന്ന് പോസ് ചെയ്തിരിക്കുകയാണ്. പ്രീവർക്കുകൾ ജനുവരി തൊട്ട് സ്റ്റാർട്ട് ചെയ്യാനാണ്.

ചോദ്യം: ദിലീഷ് പോത്തൻ മുതൽ സെന്ന ഹെഗ്ഡെ വരെയുള്ളവർക്കൊപ്പം വർക്ക് ചെയ്തതിൻ്റെ ബാക്കിയായിട്ട് സ്വയം സിനിമ ചെയ്യുമ്പോൾ, അവരുടെയൊക്കെ സിനിമ പോലെ വെരി ഒറിജിനൽ - റോ ഫീൽ സിനിമയാവുമോ ഈ ആദ്യസിനിമ?

രാജേഷ്: തീർച്ചയായും... ദിലീഷ് പോത്തൻ്റെ കൂടെ, ആഷിക് അബുൻ്റെ കൂടെ, മധു സി നാരായണൻ്റെ കൂടെ അങ്ങനെ പലരുടെയും കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ ശ്യാം പുഷ്കരൻ, സെന്ന, ഇങ്ങനെ.... അവരിൽ നിന്നൊക്കെ പഠിക്കാൻ കഴിഞ്ഞത് ഒരുപാടാണ്. പിന്നെ എനിക്ക് പറയാൻ കഴിയുന്ന, എനിക്ക് കൺവിൻസിംഗ് ആയിട്ടുള്ള ഒരു കഥയാണ് ഞാൻ പറയാൻ പോകുന്നത്. ഈ സിനിമയുണ്ടാക്കൽ ഒരു ക്രാഫ്റ്റിംഗ് കൂടീയാണല്ലോ... അപ്പോൾ അവരിൽ നിന്നൊക്കെ ലഭിച്ചതും എല്ലാം കൂടി കൃത്യമായി ബ്ലണ്ടായി വന്നാൽ അതീ പറയുന്ന രീതിയിൽ ഒന്നായി വരും. അവരൊക്കെ അത്ര കൃത്യമായി കാച്ചിക്കുറുക്കാൻ അറിയാവുന്നവരാണ്... ഞാനതൊക്കെ കണ്ടിട്ടുണ്ട്... അതൊക്കെ ഒരുപാട് സ്വാധീനിച്ചിട്ടുമുണ്ട്. അതൊക്കെ വച്ച് ചെയ്തെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ കുറച്ചതൊരു അമിതഭാരമായിട്ടും മുന്നിലുണ്ട്. പിന്നെ നിങ്ങളൊക്കെ കൂടെയുണ്ട് എന്ന ധൈര്യം ചെറുതല്ല.

യെസ്... ഉറപ്പായും ഞങ്ങൾ.... - രാജേഷ് മാധവനെന്ന നടനേയും കാസ്റ്റിംഗ് ഡയറക്ടറേയും സ്നേഹിക്കുന്ന ഞങ്ങൾ - കൂടെത്തന്നെയുണ്ട്. താങ്കളുടെ പുതിയ തൊപ്പിയിൽ ചാർത്തപ്പെടുന്ന പൊൻതൂവൽ ആവട്ടെ “പെണ്ണും പൊറാട്ടും“ എന്ന് ഹൃദയത്തിൻ്റെ ഭാഷയിൽ ആശംസിക്കുന്നു.

ഇത്രയും നേരം... ഷൂട്ടിംഗിനിടയിലെ ഈ ക്രൂഷ്യൽ നേരത്ത് ഇത്രയും സമയം തന്നതിൽ m3db യുടെ ഒരായിരം നന്ദി.

രാജേഷ്: അത് m3db ആയതുകൊണ്ട് മാത്രമാണ് ഞാനിപ്പോൾ സംസാരിക്കാൻ നിന്നത്. കാരണം ഞാൻ m3db അറിയുന്ന കാലം തൊട്ട് m3db യോട് ആരാധന മാത്രമേ ഉള്ളു. m3db ചെയ്യുന്നത് ഒരു ചില്ലറക്കാര്യമല്ല അതുകൊണ്ട്. നമ്മടെ ഒരു ഡേറ്റാബേസ് ഉണ്ടാക്കുക, അതും മലയാളസിനിമയുടെ ഒരു ഡേറ്റാബേസ് എന്ന് പറയുമ്പോൾ അത് ചില്ലറക്കാര്യമല്ലാ. ആ ബഹുമാനം എപ്പോഴും ഉണ്ട്. അതിലുള്ള എല്ലാവരോടും... എല്ലാവരോടും സ്നേഹവും...!!

ഓഹ്.... താങ്ക്യു സോ മച്ച്...!!! ഇൻ്റർവ്യുവിനൊപ്പം m3db ക്ക് രാജേഷ് മാധവൻ തരുന്ന ഈ വാക്കുകൾ വലിയ ഒരു പ്രചോദനം കൂടിയാണ്...!!!

നന്ദി...!

© m3dbcafe.com