ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ റോബർട്ടിനെ ഔദ്യോഗികമായി കുഞ്ഞപ്പനെന്ന് നാമകരണം ചെയ്ത ഈ രണ്ട് ക്യൂട്ടിപൈസിനെ നമ്മൾക്ക് ഇഷ്ടമാവുന്നത് പോലെ കുഞ്ഞപ്പനും ഇഷ്ടമായത് കൊണ്ടാവും, അപ്പത്തന്നെ കുഞ്ഞപ്പൻ റോബർട്ടെന്ന പേരു മാറ്റി ന്യൂ നെയിം എന്ന് പറഞ്ഞ് കുഞ്ഞപ്പന്റെ ആത്മാവിൽ ആൻഡ്രോയിഡിന്റെ അകത്തളങ്ങളിൽ സ്റ്റോർ ചെയ്യുകയാണ്.
തന്നെയുമല്ല കുഞ്ഞപ്പൻ തുണി ഉടുക്കാതെയാണ് നിൽക്കുന്നത് ഭാസ്ക്കരാ അവനൊരു തുണിയുടുപ്പിക്ക്, നാട്ടിലെ സ്ത്രീജനങ്ങളുടെ ഇടയിൽ കുഞ്ഞപ്പനിങ്ങനെ ഉടുതുണിയില്ലാതെ നടക്കുന്നത് നാണക്കേടാണെന്നും, അത് ഉൾപ്പാണ് , മോശകരമായ പ്രവർത്തിയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട് ഈ കാരണവത്തികൾ. അതിന് ഫലമായി മുണ്ടൊക്കെ ഉടുത്ത് അമ്പലത്തിലും റേഷൻ കടയിലുമൊക്കെ അഭിമാനത്തോടെ നടന്ന് പോവുന്ന കുഞ്ഞപ്പനെ നമ്മൾ കാണുന്നു.
Kunjappan-Nanam4.JPG
നാട്ടിലെ റിപ്പറായിരുന്ന ശേഷം മരിച്ച് പോയ കുഞ്ഞപ്പൻ, ചത്തിട്ടില്ലെങ്കിൽ കൊല്ലണമെന്ന് കരുതി നടക്കുന്ന മകൻ പോലുമുള്ള ആ കുഞ്ഞപ്പനോടും, "കുഞ്ഞപ്പൻ നല്ലോണം കഴിക്കലുണ്ടാർന്നു, പതിനാലു ഉരുളയൊന്നും അവനു പോര" എന്ന പരാതി ഉള്ളിലൊതുക്കി കരുണ കാണിക്കുന്നതും ഇവരാണ്.
ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ ആ ജാനകിയും ദേവകിയും അതേ പേരുകളുള്ള ജോഡികളായി തമാശയും കൊണ്ട് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്, ന്നാ താൻ കേസ് കൊടെന്ന സിനിമയിൽ. ന്നാ താൻ കേസ് കൊടെന്ന് പറഞ്ഞതിനാൽത്തന്നെ പരസ്പരമുള്ള ഒരു കേസുമായിട്ടാണ് ഇത്തവണ വരവ്. പൊതുവാൾജിയുടെ കാസർഗോഡ് കണ്ണൂര് സിനിമാറ്റിക് യൂണിവേഴ്സിൽ ഉള്ള ജോഡികൾ, കഥാപാത്രങ്ങളെന്ന ഖ്യാതി ജാനകിക്കും കമലാക്ഷിക്കുമാവും. കാസർഗോഡ് ജില്ലയിലെ തന്നെ തമ്പായി മോനാച്ചയും ചെറുവത്തൂർ സ്വദേശിനി കമലാക്ഷി ടിവിയുമാണ് ഈ രംഗത്ത് വരുന്ന കലാകാരികൾ..
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിനിയാണ് തമ്പായി മോനാച്ച. ചെറുവത്തൂരു നിന്നുമാണ് കമലാക്ഷി ടിവി. കർഷകത്തൊഴിലാളിയായിരുന്നു തമ്പായി, തൊഴിലിടങ്ങളിലും മറ്റും നിരവധി നാടൻ പാട്ടുകളും കഥകളുമൊക്കെയായി നിറഞ്ഞ് നിന്ന കലാനുഭവമാണ് തമ്പായിക്ക് സിനിമയിലേക്ക് അവസരമൊരുക്കിയത്. സംവിധായകൻ വിനു കോളിച്ചാലിന്റെ ബിലാത്തിക്കുഴൽ എന്ന സിനിമയിലൂടെ ആണ് തമ്പായി സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് എട്ടോളം സിനിമകളിലും 3 ഷോർട് ഫിലിമിലും അഭിനയിച്ചു.
തുടർന്ന് ബിനു കോളിച്ചാൽ വഴി തന്നെയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ കാസ്റ്റിംഗിലേക്ക് എത്തുന്നത്. കുഞ്ഞപ്പനിലേക്ക് പ്രായമായ അഭിനേത്രികളെ തിരക്കി സുധീഷ് ഗോപിനാഥും രതീഷ് പൊതുവാളും രാജേഷ് മാധവനും അടങ്ങിയ കാസ്റ്റിംഗിൽ തമ്പായിയെ തിരഞ്ഞെടുത്തു. ഇഷ്ടം തോന്നുന്ന ഒരു മുഖവും, കലാപ്രവർത്തനങ്ങളുടെ അനുഭവവും അതിനോടൊപ്പം പറയുന്ന കാര്യങ്ങൾ ക്യാമറയുടെ മുന്നിൽ സ്വാഭാവികതയോടെ ചെയ്യുമെന്നും ഒക്കെ ഉള്ളതായിരുന്നു തമ്പായിയുടെ കാസ്റ്റിംഗിലേക്ക് വഴി വച്ചതെന്ന് കാസ്റ്റിംഗ് ഡയറക്റ്ററായിരുന്ന രാജേഷ് മാധവൻ ഓർക്കുന്നു.
ആൻഡ്രോയിഡ് കുഞ്ഞപ്പനു ശേഷം സിദ്ധാർത്ഥ് ഭരതന്റെ ജിന്ന്, അജയ് ഗോവിന്ദിന്റെ മടപ്പള്ളി യുണൈറ്റഡ്, സെന്ന ഹെഗ്ഡയുടെ KL17 വൈറ്റ് ആൾട്ടോ, ഉടൽ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ച തമ്പായിക്ക് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ഉടലിൽ ദീർഘമായ വേഷവുമുണ്ടായിരുന്നു.
ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ ഒപ്പം കിട്ടിയ സഹോദരി കമലാക്ഷി ടി വി എന്ന അഭിനേത്രിയുമൊത്ത് അതേ കഥാപാത്രങ്ങളായി ന്നാ താൻ കേസ് കൊട് എന്ന സിനിമയിലും അവർ ഒരുമിച്ച് അഭിനയിച്ചു എന്നതാണ് കൗതുകം. ആൻഡ്രോയിഡ് കുഞ്ഞപ്പനിലേക്ക് തമ്പായിക്കൊരു ജോഡിയായിട്ടാണ് കമലാക്ഷി ടി വി എന്ന ചെറുവത്തൂർ സ്വദേശിനി കൂടി സിനിമയിലേക്കെത്തുന്നത്. തുടർന്ന് ന്നാ താൻ കേസ് കൊട് എന്ന സിനിമയിലും രണ്ട് പേരും ചേർന്ന് തമാശ രംഗമൊരുക്കി..