ജോണ്‍സൺ മാസ്റ്ററിന്റെ സംഗീത ജീവിതത്തെ ആഴത്തില്‍ പ്രതിപാദിക്കുന്ന, പി എ റഫീഖ് സക്കറിയ എഴുതിയ 'ജോണ്‍സണ്‍: ഈണങ്ങള്‍ പൂത്തകാലം' എന്ന പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പ്രശസ്ത സംഗീതസംവിധായകന്‍ ശ്രീ ഔസേപ്പച്ചന്‍, ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി ജോണ്‍സന് പുസ്തകം നല്‍കി പ്രകാശനം നിവഹിച്ചു. തൃശൂര്‍ കറന്റ് ബുക്‌സാണ് പ്രസാധകര്‍.
ജോണ്‍സന്റെ സംഗീത ജീവിതത്തിലൂടെയുള്ള യാത്ര എന്നു വിശേഷിപ്പിക്കാവുന്ന 266 പേജുള്ള ഈ പുസ്തകം അദ്ദേഹത്തിന്റെ സംഗീതത്തെ സ്‌നേഹിക്കുന്നവക്ക് ഒഴിച്ചുകൂടാനാവാത്ത കൃതിയാണ്. ജോണ്‍സന്റെ കുട്ടിക്കാലത്തെക്കുറിച്ച് വിവരിച്ചു കൊണ്ടാരംഭിക്കുന്ന പുസ്തകം വോയ്‌സ് ഓഫ് തൃശൂരിലെ ദിനങ്ങള്‍, ദേവരാജന്‍ മാസ്റ്ററോടൊപ്പമുള്ള കാലം, തുടങ്ങിയവയിലൂടെ സഞ്ചരിച്ച് അദ്ദേഹം വളര്‍ച്ചയുടെ ഓരോ പടവുകളും കയറി മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനായിത്തീര്‍ന്ന കഥ വിവരിക്കുന്നു.
അദ്ദേഹത്തിന്റെ സഹപാഠികള്‍, വോയ്‌സ് ഓഫ് തൃശൂരിലെ സഹപ്രവര്‍ത്തകര്‍, ചിത്രങ്ങള്‍ നല്‍കിയ സംവിധായകര്‍, കൂടെ പ്രവര്‍ത്തിച്ച ഗാനരചയിതാക്കള്‍, സമകാലികരായ സംഗീതസംവിധായകര്‍, പുതുതലമുറയിലെ സംഗീതസംവിധായകര്‍- അങ്ങിനെ എല്ലാവരുടെയും അനുഭവങ്ങളും വിലയിരുത്തലുകളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ജോണ്‍സന്റെ പശ്ചാത്തലസംഗീതത്തെക്കുറിച്ച് വിവരിക്കാനും, ഭരതന്‍, പദ്മരാജന്‍, സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സംഗീതം വിശകലനം ചെയ്യാനും ഓരോ അധ്യായങ്ങള്‍ തന്നെ നീക്കിവെച്ചിട്ടുണ്ട്. 18 പേജുകളിലായി അപൂര്‍വങ്ങളായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകത്തില്‍ അനുബന്ധമായി അദ്ദേഹത്തിന്റെ ജീവിതരേഖ, സംഗീതം ചെയ്ത ചിത്രങ്ങള്‍, പശ്ചാത്തല സംഗീതം മാത്രം ചെയ്ത ചിത്രങ്ങള്‍, മൂന്നൂറോളം പാട്ടുകളുടെ പട്ടിക എന്നിവ ചേര്‍ത്തിട്ടുണ്ട്. നടന്‍ മനോജ് കെ.ജയനാണ് പുസ്തകത്തിന്റെ കവര്‍ പുറത്തുവിട്ടത്.
''ജോണ്‍സനേയും ജോണ്‍സന്റെ ജീവിതത്തേയും നമ്മുടെ ആത്മാവിനോട് ചേര്‍ത്തുനിര്‍ത്തുന്ന പുസ്തകമാണ് 'ജോണ്‍സണ്‍: ഈണങ്ങള്‍ പൂത്തകാലം.' ജോണ്‍സനെ ദൂരെ നിന്നു മാത്രം കാണുകയും അടുത്തറിയാതെ പോവുകയും ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു വെളിച്ചമാണ്. ആരായിരുന്നു ജോണ്‍സണ്‍ എന്ന് സൗമ്യമായി റഫീഖ് സക്കറിയ നമ്മോട് പറയുന്നു. ''ഇതൊക്കെ എന്തിനാ മാഷേ'' എന്ന് ചോദിച്ച് കണ്ണിറുക്കി ചിരിക്കുന്ന ജോണ്‍സന്റെ മുഖമെനിക്ക് മനസ്സില്‍ കാണാം. പ്രശസ്തിയിലും പ്രശംസകളിലും അഭിരമിക്കാത്ത ആളായിരുന്നല്ലോ ജോണ്‍സണ്‍. ഇതൊരു സ്‌നേഹോപഹാരമാണ്. അങ്ങനെ മാത്രമേ ഞാനും നിങ്ങളും കരുതേണ്ടതുള്ളൂ.'' (സത്യന്‍ അന്തിക്കാട് എഴുതിയ അവതാരികയില്‍ നിന്ന്)
പുസ്തകത്തില്‍ നിന്ന്..
''ജോണ്‍സന്റെ സംഗീതശൈലിയില്‍ തീര്‍ച്ചയായും ദേവരാജന്റെ സ്വാധീനമുണ്ടായിരുന്നു. വാക്കുകളെ ഈണങ്ങളിലേക്ക് മെരുക്കിയെടുക്കാനുള്ള കഴിവ്, ഈണങ്ങളിലെ ലാളിത്യവും ഒതുക്കവും, ഭാവത്തിന് നല്‍കുന്ന പ്രധാന്യം ഇവയെല്ലാം ഗുരുവിലുള്ളതുപോലെ ശിഷ്യനിലും കാണാം. എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു... എന്ന വരികള്‍ക്ക് ഈണം കൊടുക്കുമ്പോള്‍ മൗനത്തിന് അതിന് യോജിക്കുന്ന ഭാവം കൊടുക്കാനും, ദൂരെ ദൂരെ സാഗരം എന്ന പാട്ടില്‍ ഒരു സാന്ത്വനത്തിന്റെ മൗനമോ എന്ന് പാടി നിര്‍ത്തി ഒരു മൗനം കൊണ്ടുവരാനും അദ്ദേഹം ശ്രദ്ധിച്ചു.
അതുപോലെ ആകാശമാകെ..., എന്നും ശ്യാമാംബരം... എന്നും ഗാനരചയിതാവ് കുറിക്കുമ്പോള്‍ ആകാശത്തിന്റെ വിശാലത സൂചിപ്പിക്കുന്ന തരത്തിലുള്ള സംഗീതം നല്‍കാനും, ആ പാട്ടുകള്‍ ഉച്ചസ്ഥായിയില്‍ തുടങ്ങാനും അദ്ദേഹം ശ്രദ്ധകൊടുത്തു. എങ്കിലും ദേവരാജന്റെ അനുകര്‍ത്താവായില്ല എന്നതാണ് ജോണ്‍സന്റെ സവിശേഷത. പാട്ടുകളില്‍ ദേവരാജന്റെ സ്വാധീനം എത്രത്തോളമുണ്ട് എന്ന ചോദ്യത്തിന് ''ദേവരാജന്‍ മാസ്റ്ററായിരുന്നു എന്റെ എല്ലാം. പക്ഷേ അദ്ദേഹത്തിന്റെ ശൈലി അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല'' എന്നാണ് ഒരിക്കല്‍ അദ്ദേഹം നല്‍കിയ മറുപടി........ ''
''കാഴ്ചയും കവിതയും തമ്മില്‍ പൊരുത്തപ്പെടാത്തപ്പോഴാണ് പാട്ട് അനാവശ്യമായി പ്രേക്ഷകന് തോന്നുന്നത്. സിനിമയില്‍ പാട്ടിന്റെ സ്ഥാനനിര്‍ണയം വളരെ ഉചിതമാവണം'' എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കഥ കേട്ട്, കഥ നടക്കുന്ന പശ്ചാത്തലം, കഥാപാത്രങ്ങളുടെ സ്വഭാവം ഇവയെല്ലാം മനസ്സിലാക്കിയാണ് ഒരു ഗാനം രൂപപ്പെടുത്തി തുടങ്ങുന്നതെന്ന് ജോണ്‍സണ്‍ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍: ''സിനിമാ സംഗീതസംവിധായകന്‍ എന്നു പറയുമ്പോള്‍ അയാളുടെ മുഖ്യദൗത്യം ആ സിനിമയുടെ കഥ, അതിലെ കഥാപാത്രങ്ങള്‍, പശ്ചാത്തലം, അതില്‍ വരുന്ന ഒരു സന്ദര്‍ഭം- അതിനോട് നീതി പുലര്‍ത്തുക എന്നതാണ്. സംഗീതം ചെയ്യുമ്പോള്‍ ഗാനരംഗത്തെ ലൊക്കേഷന്‍ പോലും ഞാന്‍ ചോദിച്ചു മനസ്സിലാക്കിവെക്കാറുണ്ട്. അങ്ങിനെ മനസ്സില്‍ രൂപം കൊള്ളുന്ന വിഷ്വല്‍സില്‍ നിന്നാണ് ഈണത്തിനുള്ള പ്രചോദനമുള്‍ക്കൊള്ളുന്നത്.
ഗ്രാമാന്തരീക്ഷമാണെങ്കില്‍ അതിനനുസരിച്ചുള്ള ചിന്ത വരും. നഗരത്തിലാണ് കഥ നടക്കുന്നതെങ്കില്‍ അതിന്റെ നിറം മാറും. കഥയ്ക്ക് ചേരുന്ന രീതിയില്‍ സംഗീതം നല്‍കാനാണ് ശ്രമിക്കാറ്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയിലേക്ക് മാറി ഈണമിടുകയാണ് പതിവ്. ഞാന്‍ ചെയ്ത സിനിമകളിലധികവും ബഹളമില്ലാത്തവയായിരുന്നു. അതുകൊണ്ട് അവയിലെ പാട്ടുകളും അങ്ങനെയായി. കഥയുടെ പശ്ചാത്തലം നോക്കി തട്ടുപൊളിപ്പന്‍ പാട്ട് ഉണ്ടാക്കേണ്ടി വന്നേക്കാം.
നല്ല ദ്രുതഗതിയിലുള്ള പാട്ടാണെന്ന് വെച്ച് മോശമാകണമെന്നില്ല. ഫാസിലിന്റെ മാനത്തെ വെള്ളിത്തേര് ഇതിനുദാഹരണമാണ്. ഇതെല്ലാം മനസ്സില്‍ വെച്ച് പല്ലവിക്ക് മൂന്നോ നാലോ ഈണമുണ്ടാക്കി സംവിധായകനേയും തിരക്കഥാകൃത്തിനേയും കേള്‍പ്പിച്ച് അവരുടേയും അഭിപ്രായം അറിഞ്ഞ ശേഷം പരമാവധി ആ സന്ദര്‍ഭത്തിന് യോജിച്ചതായിരിക്കും തെരഞ്ഞെടുക്കുക. ശ്രദ്ധിക്കപ്പെട്ട പല ഗാനങ്ങളും പിറന്നത് ആദ്യമിട്ട ഈണത്തിലാണ്. അപൂര്‍വമായേ ഈ ഈണങ്ങള്‍ സംവിധായകന് ഇഷ്ടപ്പെടാതെ വേറൊരു ഈണം ഉണ്ടാക്കേണ്ടി വന്നിട്ടുള്ളൂ.
മുന്‍കൂട്ടി ഒരു രാഗം തീരുമാനിച്ചല്ല ഈണമിടാന്‍ ഒരുങ്ങുന്നത്. എന്നാല്‍ സെമിക്ലാസിക്കല്‍ ഗാനമാണെങ്കില്‍ സ്ഥിതി വ്യത്യസ്തമാണ്. പല്ലവി തീരുമാനമായാല്‍ അനുപല്ലവിയും ചരണവും ശരിയാക്കിയെടുക്കാന്‍ അധികം സമയം വേണ്ടിവരാറില്ല. പാട്ട് ചെയ്യുമ്പോള്‍ അത് ഹിറ്റാകുമെന്നോ, കാലാതിവര്‍ത്തിയായ ഗാനങ്ങളുടെ പട്ടികയില്‍ വരുമെന്നോ ചിന്തിക്കാറില്ല. അത്തരം ചിന്തകള്‍ എന്നെ അലട്ടാറില്ല. ആ സമയത്ത് അത് ചിന്തിക്കാനുള്ള സമയമൊന്നുമില്ല. നമുക്കെന്തോ ദൈവം തരുന്നു, അതനുസരിച്ച് കൈയിലുള്ളത് വെച്ച് ചെയ്യുന്നു. ബാക്കി കേള്‍ക്കുന്നവര്‍ക്ക് വിട്ടുകൊടുക്കുന്നു.''
പുസ്തകത്തിന്റെ Price : 380 Rs
ORDER NOW !
AMAZON - https://amzn.to/3AGUiMh
CURRENT BOOKS ONLINE - https://bit.ly/3wfdvSB
'flat20' എന്ന ഈ കോഡ് ഉപയോഗിച്ച് എല്ലാ പുസ്തകങ്ങൾക്കും 20% ഡിസ്‌കൗണ്ട് നേടൂ…
https://currentbooksonline.in/
FOR ENQUIRIES ( WHATSAPP OR CALL ) - +91 8593013939