അവിയൽ ബാന്റിന്റെ തുടക്കക്കാരൻ - ജോൺ പി വർക്കിയേക്കുറിച്ച് ഒരു ഹൃദ്യമായ കുറിപ്പ്..

Memoirs

"മൃദുല്‍, ജോണ്‍ പി വര്‍ക്കി പോയി. ഓര്‍മ്മയില്ലേ, നമ്മള്‍ സ്കൂളില്‍ ഓണാഘോഷത്തിന് ആള്‍ടെ പാട്ടുകള്‍ അവതരിപ്പിച്ചത്...."

ഇന്നലെ രാത്രി വൈകിയാണു റോസ് ടീച്ചറിന്റെ മെസേജ് വന്നത്, ഒപ്പം അന്നു ഞങ്ങള്‍ക്ക് പാട്ടു പഠിക്കാന്‍ റോസ് ടീച്ചര്‍ തന്ന "മൈ സോംഗ്സ്, ജോണ്‍ പി വര്‍ക്കി" എന്നു മാര്‍ക്കര്‍ കൊണ്ടെഴുതിയ ഒരു സി.ഡിയുടെ ഇമേജും. പിന്നീടെതോ നിമിഷത്തില്‍ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നത് വരെ ഓര്‍ത്തു കൊണ്ടിരുന്നത് അയാളെ കുറിച്ചാണു,അയാളൊരുക്കിയ പാട്ടുകളെക്കുറിച്ചും.

"തീക്കനല്‍ വാരിയെറിഞ്ഞൂ സൂര്യന്‍

തീക്കുണ്ഡമായിയെരിയുന്നു ഭൂമി..."

എം.ടി.വിയില്‍ ഫീച്ചര്‍ ചെയ്ത ആദ്യ മലയാളം ആല്‍ബത്തിലെ വരികളാണ്. ജോണ്‍ പി വര്‍ക്കിയുടെ ജിഗ്സോ പസില്‍ എന്ന ബാന്‍ഡായിരുന്നു ഈ പാട്ടിന്റെ പുറകില്‍. ആ ബാന്‍ഡാണു പിന്നീട് അവിയലായി മാറിയതും, അതിപ്രശസ്തിയിലേയ്ക്കുയര്‍ന്നതും. പക്ഷേ അതിനു മുന്‍പേ ജോണ്‍ വേറൊരു വഴിയിലേയ്ക്ക് നടന്നു നീങ്ങിയിരുന്നു. മുകളില്‍ സൂചിപിച്ച ആ സി.ഡിയിലെ പാട്ടുകളിലൂടെയാണു ആദ്യം ജോണിനെ അറിയുന്നത്.

തന്റെ ഫ്രണ്ട് ചെയ്ത പാട്ടുകളാണെന്നും, വീട്ടിന്റെ മുകളിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ റിക്കോര്‍ഡ് ചെയ്ത് അയച്ച് തന്നതാണെന്നും പറഞ്ഞ് റോസ് ടീച്ചര്‍ അന്നാ സി.ഡി തരുമ്പോള്‍ ഓര്‍ത്തിരുന്നില്ല വര്‍ഷങ്ങള്‍ക്കിപ്പുറം ജോണ്‍ കടന്നു പോകുമ്പോള്‍ ഈ ഓര്‍മ്മക്കുറിപ്പ് എഴുതിക്കാന്‍ പാകത്തിനു ആ പാട്ടുകള്‍ ഹൃദയത്തെ തൊടുമന്ന്. പിന്നീട് അവിയല്‍ എന്ന ബ്രാന്‍ഡില്‍ ലോകമറിഞ്ഞ പല പാട്ടുകളുടെയും ആദിമരൂപമുണ്ടായിരുന്നു ആ സിഡിയില്‍ അന്ന്. കോപ്പി ചെയ്ത് സൂക്ഷിച്ച് ഏറെക്കാലം റിക്കോര്‍ഡുകളുടെയും, അസൈന്മെന്റുകളുടെയുമൊക്കെ പശ്ചാത്തലത്തില്‍ അതിങ്ങനെ മുറിയില്‍ മുഴങ്ങിയിരുന്നു.

"ആറാപ്പോ...ആറാപ്പോ...

ഒന്നാനാം കുന്നിന്മേല്‍

വെട്ടമുണ്ടേ, നാട്ടു വെട്ടമുണ്ടേ..."

ഈ പാട്ടാണു അന്ന് ഓണാഘോഷത്തിനു പാടാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത്. ഓണക്കാലത്തു കേട്ടു ശീലിച്ചിട്ടില്ലാത്ത പരുക്കന്‍ ഈണത്തില്‍ ഒരുക്കിയ,സുന്ദരപദങ്ങള്‍ ചേര്‍ത്തു വയ്ക്കാത്ത, ജീവനുള്ള ഒരു പാട്ട്. കൂട്ടുകാരായ പാട്ടുകാര്‍ ആഘോഷിച്ചാസ്വദിച്ച് ആ പാട്ട് സ്റ്റേജില്‍ പാടുന്ന സമയത്ത് അണിയറയില്‍ ചില അദ്ധ്യാപകരുടെയെങ്കിലും നെറ്റി ചെറുതായി ഒന്നു ചുളിയാതിരുന്നില്ല. ജോണിന്റെ പാട്ടുകളിലെ ഒരു കോമണ്‍ എലമെന്റായിരുന്നിരിക്കണം നടപ്പുശീലങ്ങളില്‍ നിന്നുള്ള വഴിമാറി നടക്കലും, അതുണ്ടാക്കുന്ന ഒരു നെറ്റിച്ചുളിയലുമൊക്കെ - കമ്മട്ടിപ്പാടത്തിലെ പറ പറയുടെ ഈണവും വരികളുമൊക്കെ ഒന്നോര്‍ത്ത് നോക്കിയേ.

"സ്ലോ പെഡലേഴ്സ്" - ജോണ്‍ അവസാനം രൂപം നല്‍കിയ ബാന്‍ഡിന്റെ പേരതായിരുന്നു. ജീവിതവും, കരിയറുമൊക്കെ ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിക്കാതെ,ആസ്വദിച്ച് പതിയെ സഞ്ചരിക്കുന്നവരുടെ കൂട്ടം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ കഫേ പപ്പായയില്‍ സ്ലോ പെഡലേഴ്സിന്റെ ഒരു ലൈവ് സെഷനുണ്ടായിരുന്നു. 2-3 മണിക്കൂര്‍ ആസ്വാദകരുമായി സംവദിച്ച് ജോണും റോസ് ടീച്ചറുമൊക്കെ സംഗീതസാന്ദ്രമാക്കിയ ഒരു സന്ധ്യ. അവസാനിപ്പിക്കുന്നതിനു മുന്‍പ് ഇനിയൊന്നുമില്ലല്ലോ എന്നു ചോദിച്ചപ്പോള്‍ തീക്കനല്‍ പാടാമോ എന്നു ഞാന്‍ ചോദിച്ചു , ചെറിയ ചിരിയോടെ വരികളൊക്കെ മറന്നെടോ എന്നോ മറ്റോ പറഞ്ഞ് ജോണ്‍ അത് പാടി. ആദ്യ ഭാഗം പാടിയതിനു ശേഷം,ബാക്കി ഓര്‍മ്മയുണ്ടോ എന്നെനോട് ചോദിച്ചു. പെട്ടന്ന് ഓര്‍മ്മ കിട്ടാതെ ഞാന്‍ തപ്പുന്നത് കണ്ട് ഒന്നു നിര്‍ത്തി ഒന്നാലോച്ചിച്ച് ആളത് പാടി പൂര്‍ത്തിയാക്കി.ഇങ്ങനെയോ മറ്റോ ആയിരുന്നു അത് !

"വിതയ്ക്കാതെ കൊയ്യാതെ കൂട്ടി വയ്ക്കാതെ

ആകാശപ്പറവയായി ഞാനൊഴുകി.

ചെന്നു ചേരുന്നിടമെന്റെ കൂടാരം

വീണു കിട്ടുന്നതാണെന്റെ പാഥേയം..."

ഒരുപാട് നേരത്തെയാണു അയാള്‍ കടന്നു പോകുന്നത്.അര്‍ഹിച്ചിരുന്ന ഉയരങ്ങളും അംഗീകാരങ്ങളും ഇതിലുമെത്രയോ അപ്പുറമായിരുന്നു.അവയൊന്നും അയാളെ ഭ്രമിപിച്ചിരുന്നില്ല എന്നു വേണം കരുതാൻ , കാരണം അയാൾ സ്വയം വിളിച്ചിരുന്നത് തന്നെയങ്ങനെയല്ലേ - Slow Peddler !

റെസ്റ്റ് ഇന്‍ മ്യൂസിക്ക് ജോൺ...


 

മൃദുൽ ജോർജ്ജ് -  ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളിലൊരാളാണ് ലേഖകൻ 

Relates to: 
ജോൺ പി വർക്കി
മൃദുൽ ജോർജ്