''പച്ചമണ്ണിൽ നടക്കുന്ന, പാവങ്ങളെ പറ്റി എപ്പോഴും സംസാരിക്കുന്ന, ഓട്ടോ ഓടിക്കാൻ ഇഷ്‌ടമുള്ളയാൾ. ഇതാണോ മണി?''
''ഇതു തന്നെയാണ് സാറേ... മണി..പഴയ കാലം ഞാൻ മറക്കില്ല. അതു മറന്നാൽ ഞാനില്ല. അതോടെ ഞാൻ തീർന്നില്ലേ സാർ...''
കലാഭവൻ മണി അക്ഷരാർത്ഥത്തിൽ ഇപ്പറഞ്ഞതായിരുന്നു. ഇന്നലെകളുടെ വേദനത്തിൽ ഇന്നിന്റെ മധുരം കണ്ടെത്തിയയാൾ. ആ മധുരം തന്നേക്കാൾ താഴെയായി പോയവർക്ക് പങ്കിട്ടു നൽകിയയാൾ. പൂവിരിച്ചിട്ട പാതയിലൂടെയല്ല മണി കലാഭവൻ മണിയായത്. ഓരോ ദിവസവും ജീവിതം പോരാട്ടം തന്നെയായിരുന്നു. ചങ്കു തുളയ്‌ക്കുന്ന വേദനകളെ അയാൾ ചിരിയെന്ന പരിച കൊണ്ടു നേരിട്ടു. അയാളും ചുറ്റിലുമുള്ളവരും ചിരിച്ചു. ആത്മാവിന്റെ ആഴങ്ങളിലെത്തുന്നതുപോലെ പാട്ട് പാടി.
നിത്യതയിലേക്ക് മാഞ്ഞുപോയിട്ട് ഏഴുവർഷമാകുമ്പോഴും മണി മലയാളികളുടെ മനസിൽ ജീവിക്കുന്നതിന്റെയും വേദനയുള്ള ഓർമ്മകളായി നൊമ്പരപ്പെടുത്തുന്നതിനും ഒരൊറ്റ കാരണമേയുള്ളൂ. അയാൾ അസ്സലൊരു മനുഷ്യനായിരുന്നു. തേടിയെത്തിയ സൗഭാഗ്യങ്ങളിലും നാടിനെയും നാട്ടുകാരെയും ഓർമ്മകളെയും ചേർത്തു നിറുത്തിയ ആൾ. അഹങ്കാരത്തിന്റെ ഉടുപ്പിടാത്തയാൾ. നടനായിരിക്കുമ്പോഴും സമയം കിട്ടുമ്പോൾ ചാലക്കുടിയിലൂടെ ഓട്ടോ ഓടിക്കുമ്പോൾ സന്തോഷം കിട്ടിയവൻ. കണ്ണു നിറഞ്ഞു മാത്രം ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നയാൾ...
ചാലക്കുടിപ്പുഴയോരത്ത് മണി 'ഈശ്വരനൊരിക്കൽ' പാട്ടൊക്കെ പാടുമ്പോൾ അലക്കാനെത്തുന്ന സ്ത്രീകൾ പറയും. ''ദാ.. കറുത്ത യേശുദാസ് പാടി തുടങ്ങി'' എന്ന്. അപ്പോഴും മണി ചിരിക്കും. പാട്ടിലെ അക്ഷരങ്ങൾ ഒന്നും കൃത്യമല്ലെങ്കിലും ഹൃദയം ചെന്നു തൊടുന്നതായിരുന്നു ആ പാട്ട്. അതേ മണിയുടെ പാട്ട് കേൾക്കാൻ ഒരു വേദിയിൽ യേശുദാസും എസ്.പി. ബാലസുബ്രഹ്‌മണ്യവും ഒന്നിച്ചിരുന്നു. കാലത്തിന്റെ കുസൃതികൾ എന്ന് ചിലപ്പോൾ മണി ഓർത്തു കാണും. മണി പാടിയ കണ്ണിമാങ്ങ പ്രായത്തിൽ, ആ പരലീപ്പരലീ, മിന്നാമിനുങ്ങേ തുടങ്ങിയ എത്രയോ പാട്ടുകൾ.
samudhayam.jpg
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അച്‌ഛൻ രാമനും അമ്മ അമ്മിണിയും ഓടുന്നതിനിടയിൽ മണിയും അവർക്കൊപ്പം നിന്നു. മണി ചെയ്യാത്ത പണി ഒന്നുമില്ലായിരുന്നു. മണൽ വാരാൻ പോയിട്ടുണ്ട്, വിറക് കീറാനും തുണി വിൽക്കാനും വഞ്ചികുത്താനും പോയിട്ടുണ്ട്. വഞ്ചി തുഴഞ്ഞാൽ പതിനഞ്ചു പൈസ അങ്ങോട്ടും ഇങ്ങോട്ടും കിട്ടും. ഏതു പണി ചെയ്യുമ്പോഴും കൂടെ ഒരു പാട്ടുണ്ടാകും. അതായിരുന്നു മണിയുടെ ആശ്വാസം. ഈ പണികൾക്കെല്ലാമിടയിൽ മറ്റുള്ളവരുടെ തല്ലുമുണ്ടാകും.ഒരിക്കൽ വേലുപിള്ളി അമ്പലത്തിൽ ചുക്കുകാപ്പി വിൽക്കാൻ പോയി. കാപ്പി ഒഴിച്ചു വച്ച പാത്രത്തിന്റെ കുഞ്ഞുപൈപ്പ് ആരോ തുറന്നുവച്ചു, ചൂടി കാപ്പി വെടിക്കെട്ട് കാണാൻ കാത്തിരുന്നവരുടെ മേലേക്ക് വീണു. അന്നു പൊതിരെ അടി കിട്ടി. താനല്ലെന്ന് നിലവിളിച്ചിട്ടും ആരും കേട്ടില്ല. എല്ലാവരും ദേഷ്യം മണിയുടെ മേലെ തീർത്തു. അതുകഴിഞ്ഞപ്പോൾ പൊള്ളുന്ന വിശപ്പ്. കാപ്പി കാപ്പിയുടെ വഴിക്ക് പോയി. അങ്ങനെ ചുറ്റി നടന്നപ്പോഴാണ് ആനക്കാർക്ക് ഭക്ഷണം വിളമ്പുന്ന സ്ഥലം കണ്ടത്. ആ കൂട്ടത്തിൽ ഒരാളായി. വാരിവലിച്ച് വിശപ്പ് മാറെ തിന്നു. ഇങ്ങനെ എത്രയോ അനുഭവങ്ങൾ. അതുകൊണ്ട് വിശക്കുന്നവന്റെയും കരയുന്നവന്റെയും സങ്കടം അവർ പറയുന്നതിന് മുമ്പ് മണി മനസിലാക്കിയതും ഈ അനുഭവങ്ങളിൽ നിന്നാണ്. കുട്ടിക്കാലത്ത് അച്‌ഛനും അമ്മയും പണി ചെയ്യുന്ന പറമ്പിൽ മണി ഒരിക്കൽ പോയി. സ്കൂളിൽ കൊണ്ടു പോകാൻ അഞ്ചു രൂപ വേണം. അതു ചോദിക്കാനാണ്. കാര്യം കേട്ടപ്പോൾ വീട്ടുകാർ ഒറ്റ മറുപടി. കൂലി വൈകിട്ട് തരും, അതിന് മുമ്പ് തരാൻ പറ്റില്ല. പറമ്പിൽ നിന്നും മാറി നിൽക്ക്... അപമാനഭാരത്താൽ തലയും കുമ്പിട്ട് കണ്ണും തുടച്ച് മണി മടങ്ങി. ആ കാഴ്‌ച വിങ്ങലോടെ അച്‌ഛനും അമ്മയും കണ്ടു നിന്നു. കാലങ്ങൾക്കിപ്പുറം ആ കൃഷിയിടങ്ങളൊക്കെ മണി വാങ്ങി. മധുരമുള്ള പ്രതികാരം. അപ്പോഴും മറുപടി പറഞ്ഞത്, അവിടെ പണി ചെയ്യുന്ന കുടുംബങ്ങളില്ലേ. അവർക്ക് ഒരു സമാധാനമകട്ടെ എന്നാണ്. അതായിരുന്നു മരിക്കുന്നതു വരെ മണി.
sallapam .jpg
കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് മണി സജീവമായത്. കോമഡി വേഷങ്ങളിലൂടെയായിരുന്നു സിനിമയിൽ എത്തിയതെങ്കിലും പിന്നീട് നായകനായി. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി കേട്ടുകൊണ്ടിരുന്ന നാടൻ പാട്ടുകൾ മണി പാടിയപ്പോൾ ഒന്നു കൂടെ ജനകീയമാക്കിയതും മണിയാണ്. അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചു.