അടുത്തിടെ പുറത്തിറങ്ങിയ കാന്താര എന്ന കന്നട ചിത്രത്തിലെ ' വരാഹ രൂപം ' എന്ന ഗാനം തങ്ങളുടെ ' നവരസം ' എന്ന ഗാനത്തെ ഏതാണ്ട് അതേപടി പകര്‍ത്തിയതാണെന്ന് കേരളത്തിലെ ഏറ്റവും പ്രമുഖ സംഗീത ബാന്ഡ് ആയ തൈകൂടം ബ്രിഡ്ജ് ആരോപണം ഉന്നയിച്ചു രംഗത്തെത്തി. തൈക്കൂടം ബ്രിഡ്ജ് കാന്താര എന്ന ചിത്രവുമായി സഹകരിച്ചിട്ടില്ലെന്നും തങ്ങളുടെ സൃഷ്ടിയായ ' നവരസം ' എന്ന ഗാനത്തിന്‍റെ ഈണത്തെ പകര്‍ത്തുക വഴി ബൗദ്ധികസ്വത്തവകാശ നിയമത്തിന്‍റെ ലംഘനമാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നതെന്നും തൈക്കൂടം ബ്രിഡ്ജ് സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. ഇത് പ്രചോദനം ഉള്‍ക്കൊള്ളല്‍ അല്ലെന്നും മോഷണം തന്നെയാണെന്നും അവര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ സംഗീതജ്ഞരുടെയും ആസ്വദകാരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് തൈക്കൂടം ബ്രിഡ്ജ്.
തൈക്കൂടം ബ്രിഡ്ജിന്റെ ഇന്സ്ടാഗ്രാം പോസ്റ്റ് വായിക്കാം https://www.instagram.com/p/CkGXZpzyvqo/
ഋഷബ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ചു നായകനായി അഭിനയിക്കുന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴാണ് വിവാദത്തില്‍ അകപ്പെടുന്നത്. ശശിരാജ് കാവൂര്‍ രചിച്ച പ്രസ്തുത ഗാനം ബി അജനീഷ് ലോക് നാഥിന്റെ പേരില്‍ ആണ് പുറത്തുവന്നിരിക്കുന്നത്. സായി വിഘ്നേശ് പാടിയ ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപെട്ടിട്ടുണ്ട്.
തൈക്കൂടം ബ്രിഡ്ജ് നിര്‍മ്മിച്ച ' നവരസം ' എന്ന ഗാനം അഞ്ച് വര്ഷം മുന്നേയാണ് പുറത്തുവന്നത്. ധന്യ സുരേഷ് രചിച്ച ഗാനം വിപിന്‍ ലാല്‍ ആണ് പാടിയിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും തിരക്കേറിയ സംഗീത സംഘമാണ് തൈക്കൂടം ബ്രിഡ്ജ്. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഗോവിന്ദ് വസന്ത, ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ 2013 സ്ഥാപിതമായ ബാന്ഡ് കാപ്പാ ടിവിയിലെ മ്യൂസിക്ക് മോജോ എന്ന പരിപാടിയിലൂടെയാണ് പ്രസിദ്ധി നേടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇന്ത്യയിലും വിദേശത്തുമായി വലിയ ആരാധകവൃന്ദത്തെ നേടി സ്വപ്നസമാനമായ യാത്രയാണ് തൈക്കൂടം ബ്രിഡ്ജ് നടത്തിയത്.
ഈ വിഷയത്തില്‍ ഇതുനോടകം തൈക്കൂടത്തെ പിന്തുണച്ച് പ്രമുഖ സംഗീതജ്ഞരും ആരാധകരും രംഗത്തെത്തിക്കഴിഞ്ഞു. 90% മോഷണം എന്ന മുഖവുരയോടെയാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ തൈക്കൂടം ഇട്ട പോസ്റ്റ് പങ്കുവെച്ചത്. ഓര്‍ക്കസ്ട്രേഷന്‍ അടക്കം മോഷണം എന്ന് വയലിനിസ്റ്റ് ബാലപ്രസാദ് അഭിപ്രായപ്പെടുന്നു. സംവിധായകന്‍ ജിയോ ബേബിയും തൈക്കൂടത്തിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.