ഗുരു ചോദിച്ചു - സൗജന്യമായി പാടി ശിഷ്യന്‍

Info

ഗോൾഡൺ ഗ്ലോബിനു പിറകെ ഓസ്കാർ കൂടി നേടിയ പാട്ടിൻ്റെ സംഗീത സംവിധായകൻ കീരവാണി വാർത്തകളിൽ നിറയുമ്പോൾ അദ്ദേഹം രണ്ട് വർഷം മുന്നേ ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം കണ്ട് അഭിമാനം കൊള്ളുകയാണ് മലയാളികൾ. ഗുരുവിൻ്റെ വീട് സന്ദർശിച്ചു എന്ന തലക്കെട്ടോടെ മൺമറഞ്ഞ സംഗീത സംവിധായകൻ രാജാമണിയുടെ വീട്ടിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിന് മുൻപിൽ നിൽക്കുന്ന ചിത്രം. ഇത് കണ്ടപ്പോഴാണ് ഗാനരചയിതാവ് ഷിബു ചക്രർത്തി കുറച്ചു നാൾ മുന്നേ ഒരു അഭിമുഖത്തിൽ കീരവാണിയെ കൊണ്ട് ഒരു പാട്ട് പാടിച്ച കഥ പറഞ്ഞത് ഓർമ്മവരുന്നത്. അക്കഥ ഇങ്ങനെ

1995ൽ തുളസീദാസ് സംവിധാനം ചെയ്ത മാണിക്യ ചെമ്പഴുക്ക എന്ന ചിത്രത്തിന് വേണ്ടി രാജാമണിയും കീരവാണിയും പാട്ടുകൾ ഒരുക്കാൻ ഇരിക്കവെ, മാണിക്യ ചെമ്പഴുക്ക എന്ന വാക്കിനെ പറ്റിയുള്ള ചർച്ചകൾ ചെന്നെത്തിയത് ചില നാടോടി ഗാനങ്ങളിൽ ആയിരുന്നു. ഇരുവരും അവ പാടി പാടി ഒരു പുതിയ രൂപപ്പെട്ടു വന്നു. പാട്ട് ചേർക്കാൻ ആവട്ടെ സിനിമയിൽ സന്ദർഭം ഒന്നും ഇല്ലാത്ത വിഷമഘട്ടത്തിൽ അത് ശീർഷകഗാനമാക്കി മാറ്റിയാലോ എന്ന ആലോചനയിൽ എത്തിയപ്പോഴാണ് ഒരു പാട്ട് കൂടി റെക്കോർഡ് ചെയ്യാൻ ഉള്ള സാമ്പത്തികം ഇല്ല എന്ന പ്രതിസന്ധി ഉടലെടുത്തത്. ഏറെ ഇഷ്ടപ്പെട്ടു ചെയ്ത ഗാനം ഉപേക്ഷിക്കാൻ ഉള്ള വിഷമം കാരണം പാട്ടിൻ്റെ റെക്കോർഡിംഗിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഷിബു ചക്രവർത്തിയും രാജാമണിയും തീരുമാനിക്കുന്നു. തങ്ങൾക്ക് പരിചയമുള്ള വാദ്യകലാകാരൻമാരെ വിളിച്ച് പരിമിതമായ ചിലവിൽ ഗാനപശ്ചാത്തലം ഒരുക്കാൻ ആണ് പദ്ധയിട്ടത്. ഇനി ആര് പാടും എന്ന ചിന്ത കൊണ്ടെത്തിച്ചത് രാജാമണിയെ ഗുരുവായി കാണുന്ന കീരവാണിയില് ആണ്.

keeravanii.JPG

കീരവാണിയുടെ ട്വീറ്റ്

1995 എന്ന് പറയുമ്പോൾ കീരവാണി വളരെ തിരക്കേറിയ സംഗീത സംവിധായകനാണ്. രാജാമണിയെ സംബന്ധിച്ച് സൗജന്യമായി ഒരു പാട്ട് പാടിക്കാൻ ഒരു അവസരം തേടി നടക്കുന്ന ധാരാളം പാട്ടുകാരെ കിട്ടുകയും ചെയ്യും. എന്നിട്ടും വളരെ തിരക്ക് പിടിച്ച ഒരു സംഗീത സംവിധായകനായ കീരവാണിയെ തന്നെ വിളിക്കണമെങ്കിൽ, വിളിച്ചാൽ വന്നു പാടിയിട്ട് പോകും എന്ന് ഉറപ്പിക്കണമെങ്കിൽ അവർ തമ്മിൽ സവിശേഷമായ ഒരു ബന്ധം വേണം.

Maanathengaandumengaandumunde - Manikya Chempazhukka

 

രാജാമണി അർഹിച്ച അത്ര ആഘോഷിക്കപ്പെട്ടതോ അംഗീകരിക്കപ്പെട്ടതോ ആയ ഒരു സംഗീത സംവിധായകനല്ല. എന്നിട്ടും തെലുങ്കിലെ ഏറ്റവും വലിയ പ്രോജക്ടുകൾ ചെയ്ത് പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കുന്ന സമയത്തും ഗുരുവായി രാജാമണിയുടെ പേര് കീരവാണി ഉറക്കെ പറയുന്നു. ഒന്ന് നിലയുറപ്പിച്ചു കഴിഞ്ഞാൽ തങ്ങൾ അസിസ്റ്റ് ചെയ്തിരുന്ന സീനിയർ സംഗീത സംവിധായകരുടെ പേര് പോലും പറയാൻ മടിയുള്ള പലരും ഇൻഡസ്ട്രിയിൽ ഉള്ളപ്പോൾ ആണിത്.

1987ൽ രാജാമണിയുടെ അസിസ്റ്റൻ്റ് ആയാണ് കീരവാണി ചലച്ചിത്രസംഗീത രംഗത്ത് പ്രവേശിക്കുന്നതും ഒരു മേൽവിലാസം ഉണ്ടാക്കുന്നതും. നമ്മുടെ ജീവിതത്തിൽ വളരെ വിലപ്പെട്ട വഴിതിരിവുകൾക്ക് നിമിത്തമാകുന്ന ആളോട് ഒരു വൈകാരിക ബന്ധം രൂപപ്പെടാരുണ്ട്. അങ്ങനെ ഒന്ന് രാജാമണിയുടെ കീഴിൽ കീരവാണിയ്ക്ക് ഉണ്ടായിട്ടുണ്ട്. സ്വതന്ത്ര സംഗീത സംവിധായകൻ ആയുള്ള വളർച്ച. പ്രശസ്തിയിലേക്ക് ഉള്ള യാത്ര. എല്ലാം അവിടെനിന്നാണ്. രാജാമണി വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടാവണം. (രാജാമണി നൽകിയ കത്തുമായിട്ടാണ് ലാൽ ജോസ് കമലിനെ ചെന്ന് കാണുന്നതും അസിറ്റൻ്റ് ആകുന്നതും. കമലിനോട് ഒരു സിനിമയ്ക്ക് പാട്ട് ചെയ്യട്ടെ എന്ന് ചോദിച്ച് ചെയ്തിട്ടില്ല രാജാമണി. ലാൽ ജോസിനോടും. സിനിമയിൽ വന്നു ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് ലാൽ ജോസ് കടപ്പാട് ആയി രാജാമണിയെ വിളിച്ച് പാട്ട് ചെയ്യിക്കുന്നത്. സ്വന്തം കാര്യത്തിൽ അവസരം ചോദിക്കാതെ മറ്റുള്ളവർക്ക് വേണ്ടി പക്ഷേ ഇടപെടുന്ന ആളാണ് രാജാമണി എന്നതിന് ഒരു ഉദ്ദാഹരണം ആണിത്.) രാജാമണി ആവട്ടെ പിന്നീട് തന്നെ ഗുരുവായി കാണുന്ന ശിഷ്യ പ്രതിഭയ്ക്ക് ഒപ്പം അസിസ്റ്റൻ്റ് ആയും കണ്ടക്ടർ ആയും ഒരു മിഥ്യാഭിമാന പ്രശ്നങ്ങളും ഇല്ലാതെ സഹകരിച്ച് പോന്നു. പരസ്പരം ബഹുമാനിച്ചു പോന്ന രണ്ട് സർഗ്ഗ പ്രതിഭകൾ.

ആലഞ്ചേരി തമ്പ്രാക്കൾ എന്ന ചിത്രത്തിലും ഒരു ഗാനം രാജാമണിയുടെ സംഗീതത്തിൽ കീരവാണി മലയാളത്തിൽ പാടിയിട്ടുണ്ട്.