കെ ജി ജോർജ്ജിനോടെനിക്ക് വെറുപ്പായിരുന്നു..

Memoirs

കെ ജി ജോർജ്ജിനോടെനിക്ക് വെറുപ്പായിരുന്നു..

അതെ അതിശയോക്തിയല്ല. കുട്ടിക്കാലത്ത് കണ്ട ചില സിനിമകൾ, സൗണ്ടെഫക്റ്റുള്ള സ്റ്റണ്ടില്ല, ഡാൻസില്ല, ചിരിക്കാനുമില്ല, അങ്ങനെ ആകെ ബോറൻ സിനിമകളെടുത്ത് കൊണ്ടിരുന്ന സംവിധായകന്റെ പേരു കെ ജി ജോർജ്ജെന്നാണെന്ന് തന്നെ മനസിലായത് പിന്നെയാണ്. അതിന്റെ കൂടെത്തന്നെ ഇടക്കിടെ ടിവിയിൽ കാണുന്ന ഒരു ബുൾഗാൻ താടി ബുദ്ധിജീവിയുടെ രൂപം. ഒരു മനോരോഗവിദഗ്ധന്റെ രൂപഭാവങ്ങളോടെ ഇടക്കിടെ ചലച്ചിത്ര അവാർഡുകളേപ്പറ്റി പറയാനോ മറ്റോ ഒക്കെ ടിവിയിൽ പ്രത്യക്ഷപ്പെടും. അപ്പോത്തന്നെ ചാനൽ മാറ്റുകയോ ടിവി ഓഫ് ചെയ്ത് പോവുകയോ ചെയ്തിരുന്ന ആ ഞാനിന്ന് കെ ജി ജോർജ്ജെന്ന മനുഷ്യന്റെ സംസാരമോ അദ്ദേഹം സംവിധാനം ചെയ്ത ഏതെങ്കിലുമൊരു ഫിലിമിന്റെ കഷണം കിട്ടിയാലോ ഒക്കെ അത് ആർത്തിയോടെ കണ്ട് തീർത്ത്, വീണ്ടും കണ്ട് പ്രായശ്ചിത്തം ചെയ്യുകയാണ്. കാരണം സിനിമയെന്ന മാധ്യമത്തെ അൽപ്പം കാര്യമായി വീക്ഷിക്കാൻ തുടങ്ങുമ്പോൾ അത്രമാത്രം സത്യസന്ധമായി മലയാള സിനിമയെന്ന മാധ്യമത്തെ ഉപയോഗിച്ച മറ്റ് സംവിധായകന്മാർ ഉണ്ടോ എന്ന് സംശയമുണ്ടെന്ന തിരിച്ചറിവ് നേടാൻ നിരവധി വർഷങ്ങൾ വേണ്ടി വന്നു.

സത്യസന്ധതയുടെ ഒരു ഉദാഹരണം എഴുതാം. അദ്ദേഹവും ഭാര്യ സെൽമ ജോർജ്ജും തമ്മിലുള്ള ഒരു സംഭാഷണമാണ് താഴെ..

സെൽമ ജോർജ്ജ് -  എത്രയോ സിനിമകൾ, സ്ത്രീകൾക്ക് പ്രാധാന്യം കൊടുത്തോണ്ടുള്ള പടങ്ങളാണ്. പക്ഷേ സ്വന്തം അമ്മേടെം ഭാര്യേടെം മനസ് കാണാൻ നിങ്ങളേക്കൊണ്ട് കഴിഞ്ഞിട്ടില്ല. ഇത്രേം വർഷമെങ്ങനീ പുള്ളിയുടെ കൂടെ ജീവിച്ചൂന്നെനിക്ക് അതിശയം തോന്നാറുണ്ട്. സെന്റിമന്റ്സൊന്നുമില്ല, സെക്സും വേണം നല്ല ഭക്ഷണോം കഴിക്കണം. അപ്പോ എനിക്ക് തോന്നുമെങ്ങനീ സ്ത്രീപക്ഷ സിനിമകളെടുക്കുന്നു. വേറൊരു കാര്യം കൂടി പറയണം, ഏതെങ്കിലും സിനിമ കണ്ടോണ്ടിരുന്നാൽ സെന്റിമെൻസ് സീൻസ് വന്നാൽ കണ്ണാടിയൊക്കെ മാറ്റി കണ്ണൊക്കെ തുടച്ച് കരഞ്ഞ്, മൂക്കൊക്കെ പിഴിഞ്ഞ്  ഭയങ്കര ഫീലിംഗ്സാ. പക്ഷേ ആ ഫീലിംഗ്സെന്തു കൊണ്ട് സ്വന്തം ഭാര്യയുടെ അടുത്തുണ്ടാവുന്നില്ല. നമ്മുടെ വീട്ടിലെന്തു സംഭവിച്ചാലും..ഉം..ഒരു മൈന്റുമില്ല..പെണ്ണ്, സിനിമ, ഇത് രണ്ടും മാത്രമേ പുള്ളിക്ക് താല്പര്യമുള്ളു. അങ്ങനൊരാള് കല്യാണം കഴിച്ച് ജീവിക്കരുത്, എങ്ങനെ വേണേലും നടക്കട്ടെ..

കെ ജി ജോർജ്ജ് - (ഭാര്യയിത് പറഞ്ഞോണ്ടിരിക്കുമ്പോൾ ചിരിക്കുന്നുണ്ട്, എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. അവസാനം) ഞാനങ്ങനെ ആയിപ്പോയി സെൽമേ..(ചിരിക്കുന്നു)

സെൽമജോർജ്ജ് - പക്ഷേ ഒന്നുണ്ട്, വസ്തുനിഷ്ഠമായിപറയുകയാണേൽ ഏല്ലാ സംവിധായകന്മാരേ നോക്കിയാലും എനിക്ക് കെ ജി ജോർജ്ജിനെയാണിഷ്ടം. ഭർത്താവായത് കൊണ്ടല്ല, ഓരോ സിനിമയും വ്യത്യസ്തമായി എടുത്തിരിക്കുന്ന മികച്ച സംവിധായകനെന്ന നിലയിൽ.

കെജി ജോർജ്ജ് - ചിരിച്ചോണ്ട്,  അത് മാത്രം പോരേ സെൽമേ..

KG-Selma.jpg

ലിജിൻ ജോസിന്റെ ഡോക്കുമെന്ററിയിൽ നിന്ന്..
ലിജിൻ ജോസിന്റെ ഡോക്കുമെന്ററിയിൽ നിന്ന്..

ഇതിങ്ങനെ തന്നെ ഇവിടെ എടുത്തെഴുതാൻ ഒറ്റക്കാരണമേയുള്ളു. ജീവിതത്തിൽ അദ്ദേഹം കാണിച്ചിരുന്ന ഈ സത്യസന്ധതയുടെ ചിരി തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളെന്ന സാക്ഷ്യപ്പെടുത്തലിനുള്ള തെളിവാണത്. ശ്രേഷ്ഠനായകന്മാരെയോ നായികമാരെയോ സൃഷ്ടിക്കാതെ മനുഷ്യന്റെ മനസിലേക്കും അവന്റെ ഗൂഡവും യഥാർഥ്യമേറിതുമായ സ്വഭാവ സവിശേഷതയുള്ളതുമായ കഥാപാത്രങ്ങളെ കൃത്യമായി മണ്ണിലുറപ്പിച്ച് നിർത്തിയ സിനിമാക്കാരനെന്ന നിലയിൽ എത്ര സത്യസന്ധമായാണ് ‌ഭാര്യ അദ്ദേഹത്തേപ്പറ്റി വളരെ ഓപ്പണായി പറയുകയും അത് കേട്ട് ചിരിച്ച് കൊണ്ട് മറുകമന്റും അടിക്കുന്ന കെ ജി ജോർജ്ജ് എന്ന കാഴ്ച്ച.  ഈ കലാകാരന്റെ ജീവിത പശ്ചാത്തലത്തെ സംവിധായകൻ ലിജിൻ ജോസും കൂട്ടരും ചിത്രീകരിച്ചിട്ടുണ്ട്. 8 1/2 ഇന്റർകട്ടെന്ന് പേരിട്ടിരിക്കുന്ന ആ ഡോക്കുമെന്ററി, എട്ടരക്കട്ടയുടെ സത്യസന്ധതയോടെ തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്.  കെ ജി ജോർജ്ജ് പ്രേമികളെന്നല്ല, ഒരു സാധാരണ ചലച്ചിത്ര പ്രേമി തന്നെ മിനിമം കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണിത്. എന്താണ് കെ ജി ജോർജ്ജീ ലോകത്ത് സംഭാവന ചെയ്തതെന്ന് അദ്ദേഹത്തിന്റെ സിനിമകളിലൂടെ മനസിലാക്കാൻ കഴിയുമെങ്കിലും അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചവരുമൊക്കെയായി ഒരു വിഷ്വൽ ട്രീറ്റ് ‌തന്നെയാണ് അതിൽ ലിജിനും കൂട്ടരുമൊരുക്കിയിരിക്കുന്നത് 

കെ ജി ജോർജ്ജും ഇന്റർനെറ്റും.. 

ഇന്റർനെറ്റ് സോഷ്യൽ മീഡിയ തുടങ്ങിയ ഇടങ്ങളിലെ വ്യത്യസ്ത ഏജ് ക്രൗഡിൽ ഏറിയ പങ്കുമുള്ളത്  25നും 45നുമിടക്ക് പ്രായമുള്ള സംഘമാണ്. അൽപ്പം മുതിർന്ന അംഗങ്ങളുള്ള m3dbയുടെ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഒരു കണക്ക് ഉദാഹരണമായെടുത്താൽ 18-24 വരെയുള്ളത് 11%, 25-34 വരെയുള്ളത് 40%, 35-44 വരെയുള്ളത് 30 ശതമാനം - അതായത് 81 ശതമാനമാളുകൾ ഈ ഏജ് ഗ്രൂപ്പിലുണ്ട്. ഇതിലെ ഏറ്റവും വലിയ പ്രായക്കാരന്റെ അതായത് 44 വയസുള്ള ഒരു മനുഷ്യൻ കെ ജി ജോർജ്ജിന്റെ അവസാനത്തെ നല്ല സിനിമ (1990- ഈ കണ്ണികൂടി ) കൊച്ചുന്നാളിൽ കണ്ടത് തന്നെ ഏഴോ എട്ടോ ക്ലാസുകളിൽ പഠിക്കുമ്പോളാവണം. ആ സമയത്തെ കുട്ടികൾക്ക് മനസിലാവുന്ന തരത്തിലെ സിനിമയായിരുന്നില്ല ജോർജ്ജിന്റേത്. ആക്ഷനും സ്റ്റണ്ടും ഡാൻസും പ്രേമവും ഡാൻസുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ആ കാലഘട്ടത്തിൽ അങ്ങനെയുള്ളതും താരകേന്ദ്രീകൃതമായ സിനിമകളുമൊക്കെ അന്ന് കുട്ടികളായിരുന്നവർ കണ്ടാസ്വദിച്ചു. ചുരുക്കത്തിൽ ഈ ഏജ് ഗ്രൂപ്പ് പ്രമേയപരമായി, സിനിമ നന്നായി മനസിലാവുന്ന പ്രായത്തിൽ കണ്ടത് 1998ൽ കെ ജി ജോർജ്ജിന്റേതായി പുറത്തിറങ്ങിയ ഏറ്റവും മോശം ചിത്രമായ ഇലവങ്കോട് ദേശവുമായിരിക്കണം. ചുരുക്കത്തിൽ ഇന്റർനെറ്റിലെ വലിയ ശതമാനം ക്രൗഡിന് ഒരു റീ-വിസിറ്റ് അല്ലെങ്കിൽ തിരിച്ച് പോക്ക് നടത്തിയാൽ മാത്രമേ കെ ജി ജോർജ്ജ് എന്ന് പറയുന്ന സംവിധായകനാര് എന്ന് കൃത്യമായി മനസിലാവുകയുള്ളു.

വ്യക്തിപരമായി പറഞ്ഞാൽ ഈ ക്രൗഡിൽ ഉൾപ്പെട്ടിരുന്ന എനിക്ക് കെ ജി ജോർജ്ജിന്റെ പടങ്ങൾ ഇന്റർനെറ്റിൽ ഓരോന്നായി ഒരുവിധം കണ്ട് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി. മലയാളത്തിൽ സത്യസന്ധമായി സിനിമ സംവിധാനം ചെയ്ത ക്‌ളാസ് ഡയറക്റ്റർ എന്ന സ്ഥാനം അദ്ദേഹത്തിനു കൊടുക്കണമെന്ന്. പലരും കൊമേർസ്യലെന്നും ‌പാരലലെന്നുമൊക്കെ തരം തിരിച്ച് സിനിമയെ കണ്ടു. ചിലർ ഫെസ്റ്റിവലുകളൊക്കെ മുന്നിൽക്കണ്ട് സിനിമ പിടിച്ചു. ചിലരൊക്കെ എലീറ്റിസ്റ്റുകളുടെ റഡാറിൽ നിന്ന് കളിച്ചു. ഇതിനൊന്നും ജോർജ്ജ് മെനക്കെട്ടില്ല, കിട്ടിയ കഥകളൊക്കെ വളരെ റിയലിസ്റ്റിക്കായി അദ്ദേഹം പറഞ്ഞു. ഒരു കഥാപാത്രത്തെപ്പോലും കൊമേഴ്സ്യൽ സിനിമയുടെ വാർപ്പ് മാതൃകയിൽ മസാല പുരട്ടിയില്ല. ഒരു കഥാപാത്രത്തേയും ഗുണവാനും ദോഷവാനുമാക്കിയില്ല. നായകനോ നായികയോ എന്നുള്ള രീതികളിൽ കഥാപാത്രങ്ങളെ വാർത്തെടുത്തില്ല. ആർട് ‌ഹൗസ് സിനിമാക്കാരനെന്ന് പേരുണ്ടെങ്കിലും ആ കാലഘട്ടത്തിൽ പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന മറ്റ് ആർട് ഹൗസ് സിനിമാക്കാരുടെ പേരോളം അംഗീകാരവും അപ്രീസിയേഷനുമൊന്നും പുള്ളിക്കാരണ് ലഭിച്ചോ എന്നും സംശയമുണ്ട്. നേരത്തേ പറഞ്ഞ ക്രൗഡിലെ സിനിമാ പ്രേമികളിൽ പലരും എഫേർട്ടെടുത്ത് കെ ജി ജോർജ്ജിന്റെ സിനിമകൾ ഇന്റർനെറ്റിൽ തേടിപ്പിടിച്ച് കണ്ട് ഈ യാഥാർഥ്യത്തെ മനസിലാക്കിയെങ്കിലും ഈ ക്രൗഡിലെ ഭൂരിഭാഗമാളുകളും ഇപ്പോഴും ജോർജ്ജിന്റെ സിനിമകൾ കാണാൻ കിടക്കുന്നതേയുള്ളു എന്ന് കരുതുന്നു.

കെ ജി ജോർജ്ജിന്റെ പശ്ചാത്തലം

തിരുവല്ലയിൽ അപ്പനോടൊപ്പം പെയിന്റിംഗ് പണികൾ ചെയ്ത് കുട്ടിക്കാലത്ത് തന്നെ ധാരാളമായി സിനിമ കണ്ട, തിരുവല്ലയിലെ പീസ് കോർപ്പ് ഫൗണ്ടേഷൻ വഴി ചില വിദേശികളെ പരിചയപ്പെട്ട്  ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തിയെടുത്ത് അവരുമായി ടെയിലർ എന്ന തൂലികാ നാമത്തിൽ വിദേശത്തേക്ക് എഴുത്തുകുത്ത് നടത്തിയിരുന്ന ജോർജ്ജ് അക്കാലത്തെ സംവിധായകരിൽ ഏറ്റവും മനോഹരമായി ഇംഗ്ലീഷ് കൈകാര്യം ചെയ്തിരുന്നെങ്കിലും പത്താം ക്ലാസിൽ ഇംഗ്ലീഷിന് ആദ്യ തവണ തോറ്റ് പോയിരുന്നു എന്നത് കൗതുകമാണ്.

ഇംഗ്ലീഷ് സിനിമകളും മാഗസിനുമൊക്കെ സ്ഥിരമായി വായിച്ച് മിക്ക വിഷയങ്ങളിലും പരക്കെ അറിവ് നേടിയിരുന്ന ജോർജ്ജ് കൂടുതലും വായിച്ചിരുന്നത് മനശാസ്ത്ര ലേഖനങ്ങൾ ആണെന്നതിനാൽത്തന്നെ മനുഷ്യ മനസിന്റെ വിചാരങ്ങളോട് അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാനും കഴിഞ്ഞു എന്നത് കാണാം. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾത്തന്നെ ജീവിതപരിസരങ്ങളുമായി ചേർന്ന് നിൽക്കുന്ന നാടകം (യവനിക), സിനിമ (ലേഖയുടെ മരണം : ഒരു ഫ്ലാഷ്ബാക്ക്), സറ്റയർ (പഞ്ചവടിപ്പാലം),  സ്ത്രീപക്ഷ ( ആദാമിന്റെ വാരിയെല്ല്) സിനിമകളൊക്കെ എടുക്കണമെന്ന് തീരുമാനിച്ചിരുന്നു എന്നതും പിന്നീടതൊക്കെ പ്രവചനാത്മകമായിത്തന്നെ ഭവിച്ചു എന്നതും കൗതുകകരമാണ്. 

മലയാളത്തിലെ എന്നല്ല ഇന്ത്യയിലെത്തന്നെ മികച്ച സംവിധായകനായി കണക്കാക്കുമ്പോൾപ്പോലും മികച്ച സംവിധായകനുള്ള അവാർഡ് ലഭ്യമായില്ല എന്നതും കൗതുകം.സ്ത്രീകളെ വളരെ കൃത്യമായി സിനിമയിൽ ചിത്രീകരിച്ചിരുന്ന ജോർജ്ജ് തനിക്കേറ്റവും ഇഷ്ടമുള്ള ശ്രീവിദ്യയുടെ സൗന്ദര്യം മേക്കപ്പില്ലാതെ തന്നെ പ്രേക്ഷകർ അറിയണമെന്ന് ശഠിക്കുകയും അങ്ങനെ തന്നെ ആവിഷ്കരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ശ്രീവിദ്യയുമായി ഏറെ അടുപ്പം പുലർത്തിയിരുന്നത് കാരണം പലരും ശ്രീവിദ്യയുടെ ഭർത്താവായ ജോർജ്ജ്, കെ ജി ജോർജ്ജാണെന്ന് തെറ്റിദ്ധരിച്ചവരുണ്ടെന്നുള്ളതും കൗതുകം.

ഒരു യാത്രയുടെ അന്ത്യമെന്ന കെ ജി ജോർജ്ജിന്റെ തന്നെ സിനിമയുടെ ടൈറ്റിലെടുത്ത് പരിഷ്കരിച്ചാൽ സിനിമാ പ്രേമികൾക്ക് ഒരു കാലഘട്ടത്തിന്റെ അന്ത്യമാണിത്. സത്യസന്ധതയുള്ള സിനിമകളുണ്ടായിരുന്ന ഒരു കാലഘട്ടത്തിന്റെ അന്ത്യം !

 

യൂട്യൂബിൽ ലിജിൻ ജോസിന്റെ 81/2  ഇന്റർകട്സ്..

8½ intercuts- Life and films of KG George | Documentary | Neestream

 

Relates to: 
കെ ജി ജോർജ്ജ്
Comment