‘പുരുഷപ്രേതം‘ത്തിൻ്റെ ട്രയിലർ കണ്ടപ്പോൾ അതിലെ പല ഫ്രെയിമുകളും കമ്പോസ് ചെയ്തിരിക്കുന്ന വ്യത്യസ്തമായ രീതി ചിന്താക്കുഴപ്പത്തിലാക്കി. വലിയ ഫ്രെയിമിൻ്റെ ഒരു മൂലക്കോ കോർണറിലോ ആയി മാത്രം കഥാപാത്രത്തെ കാണിക്കുകയും ബാക്കി 90% ഏരിയ ഒരാവശ്യവുമില്ലാതെ ഒഴിച്ചിടുകയും ചെയ്യുന്ന കമ്പോസിംഗ്. കൃഷാന്ദിൻ്റെ ‘വൃത്താകൃതിയിലുള്ള ചതുരം‘ത്തിലും ഇങ്ങനെ ഒരു വിഷ്വൽ ട്രീറ്റ് മെൻ്റ് ഉണ്ടായിരുന്നു. ഇതെന്തുകൊണ്ട് എന്ന് ഗൂഗിളിൽ ഒന്നും കൃത്യമായ ഒരു ഉത്തരം കിട്ടാതെ വന്നപ്പോൾ ഈ ചിത്രത്തിൻ്റെ നിർമ്മാതാവ് ജിയോ ബേബിയോട് തന്നെ ചോദിച്ചു...!
“അത് കൃഷാന്ദിൻ്റെ ആശയമാണ്. പുള്ളി ചില സിനിമ പഠനങ്ങളിൽ നിന്ന് കണ്ടാണ് അങ്ങനെ ചെയ്തിരിക്കുന്നത്.... ക്രെഡിറ്റ്സിൽ അത് കൊടുത്തിട്ടുണ്ട് എന്നാണ് കൃഷാന്ദ് പറഞ്ഞത്...!“ ജിയോ ബേബിയുടെ ഈ ഉത്തരത്തിൽ നിന്ന് കൃത്യമായ അറിവിലേക്ക് എത്താൻ സിനിമ എത്തും വരെ കാത്തിരിക്കേണ്ടി വന്നു.
‘പുരുഷപ്രേതം‘ത്തിൻ്റെ എൻഡ് ക്രെഡിറ്റിൻ്റെ അവസാനം BIBLIOGRAPHY (അനുബന്ധസൂചിക) കൊടുത്തിട്ടുണ്ട്. ആ ലിസ്റ്റ് കണ്ട് ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. ‘ഹിലാരി ശൂറ്റെ‘യുടെ "WHY COMICS? FROM UNDERGROUND TO EVERYWHERE" എന്ന ബുക് മുതൽ, ഹിന്ദി ചിത്രം ‘UGLY' വരെയുണ്ട് ആ ലിസ്റ്റിൽ. ഒരു ഡിസൈനർ എന്ന നിലയിൽ ഏറ്റവും ആകർഷിച്ചത് ബ്രിട്ടീഷ് ഗ്രാഫിക് ഡിസൈനർ ആയ ‘അലൻ ഫെചർ‘ൻ്റെ “THE ART OF LOOKING SIDEWAYS“ എന്ന ബുക്കിനെ പരാമർശിച്ചിരിക്കുന്നു എന്നതാണ്. അലൻ ഫെച്ചർ തൻ്റെ 74 മത്തെ വയസിൽ 2006 ൽ മരിച്ചു എങ്കിലും, മരണമില്ലാത്ത ചില വിഷ്വൽ തിയറികളെയും ഡിസൈനുകളേയും വരച്ചുകാണിച്ചിരിക്കുകയാണ് ഈ ബുക്കിൽ. മുംബൈ IIT യിൽ നിന്നും ഡിസൈനിംഗിൽ മാസ്റ്റേഴ്സ് എടുത്തിട്ടുള്ള, അവിടെ തന്നെ കുറച്ച് കാലം പ്രൊഫസറായിരുന്ന കൃഷാന്ദ് എന്ന ജീനിയസ് ഈ പുസ്തകമൊക്കെ റെഫറൻസാക്കുന്നു എന്നതിൽ തെല്ലും അത്ഭുതമില്ലാ താനും.
ഈ പറയുന്ന അനുബന്ധസൂചികയിൽ തന്നെ കൊടുത്തിട്ടുണ്ട്, ആദ്യം പറഞ്ഞ കമ്പോസിംഗ് ശൈലിയിൽ തന്നെ എടുത്തിരിക്കുന്ന സിനിമയുടേയും / സീരീസിൻ്റെയും പേരും. 2014 ൽ ഇറങ്ങിയ റൊമാൻ്റിക് കോമഡി “COMET“ എന്ന സിനിമയും, 2015ൽ ആദ്യഭാഗം ഇറങ്ങിയ “Mr ROBOT" എന്ന സീരീസും. Mr ROBOT നോട് സംവിധായകൻ കൃഷാന്ദിനുള്ള ഇഷ്ടം കൊണ്ട് തന്നെയാവാണം Mr ROBOT ൻ്റെ ടൈറ്റിലിൻ്റെ അതേ ഡിസൈനിൽ സ്വന്തം കമ്പനിയുടെ പേരായ Krishand Films ഉം ഡിസൈൻ ചെയ്തിരിക്കുന്നത്.
ഇനി, എന്തുകൊണ്ട് ഈ ശൈലിയിൽ സൈഡിലും മൂലയിലും ഒക്കെ മാത്രം കഥാപാത്രങ്ങളെ കാണിക്കുന്ന കമ്പോസിംഗ് എന്നതിൻ്റെ ഉത്തരം. ആധികാരികമായിട്ടും ഡീറ്റയിലായിട്ടും ഇക്കാര്യം വിശദീകരിക്കാൻ വളരെ വലിയ എഴുത്ത് ആവശ്യമായി വരുമെന്നതിനാൽ വളരെ ചുരുങ്ങിയ വാക്കുകളിൽ പറയാൻ ശ്രമിക്കാം.
ഒരു കഥാപാത്രത്തിന്റെ മാനസികവും വൈകാരികവുമായ അവസ്ഥ കാണിച്ചുതരുന്നതിന് പ്രത്യേക രീതികളിൽ ഷോട്ടുകൾ ഫ്രെയിം ചെയ്യുന്നത് വളരെ ഫലപ്രദമാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചുറ്റുമുള്ള ലോകത്തെ പോലും വിശ്വസിക്കാതെ താൻ ഒറ്റപ്പെട്ടവനാണെന്ന അവസ്ഥയിലുള്ളവരെ കാണിക്കുമ്പോൾ ഇത്തരത്തിലുള്ള ക്വാഡ്രൻ്റ് ഫ്രെയിമിംഗ് വളരെ അർത്ഥവത്താണെന്ന് പറയുന്നു. ഇതിനുള്ള കാരണം "നെഗറ്റീവ് സ്പേസ്", "പോസിറ്റീവ് സ്പേസ്" എന്നിവ തമ്മിലുള്ള ബന്ധത്തിൽ നിന്നാണ്. നെഗറ്റീവ് സ്പേസ് എന്നത് ഒരു വിഷയത്തെ ചുറ്റിപ്പറ്റിയുള്ള സ്ഥലമാണ്, അതേസമയം പോസിറ്റീവ് സ്പേസ് വിഷയം തന്നെയാണ്. ഒരു ഫ്രെയിമിലെ കേന്ദ്രബിന്ദുവായ വിഷയം ഫ്രെയിമിന്റെ ഒരു ചെറിയ ഭാഗം മാത്രമേ എടുക്കുന്നുള്ളൂവെങ്കിൽ, നെഗറ്റീവ് സ്പേസ് വളരെ കൂടുതലായിരിക്കുമല്ലോ. ഏകാന്തത, ഒറ്റപ്പെടൽ, അവിശ്വാസം, സംശയം, ശക്തിയില്ലായ്മ തുടങ്ങിയ വികാരങ്ങൾ കാണിച്ചുതരാനുതകുന്ന വളരെ ശ്രദ്ധേയവും അതിശക്തവുമായ ഫ്രെയിമിംഗ് ശൈലി ആണിത്. Mr. Robot എന്ന സീരീസിൽ ഈ ഒരു ക്വാഡ്രൻ്റ് ഫ്രെയിമിംഗ് ശൈലി വളരെ ഫലപ്രഥമായ രീതിയിൽ ഉപയോഗിച്ചിട്ടുള്ളതും, അതിൻ്റെ പേരിൽ തന്നെ ചർച്ചകളിൽ നിറഞ്ഞിട്ടുള്ളതുമാണ്. ‘കോമറ്റ്‘ സിനിമയിലും ഈ ശൈലി നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ, വളരെ വിരളമായി കണ്ടുവരുന്ന ഇത്തരം ക്വാഡ്രൻ്റ് ഫ്രെയിമിംഗ് ശൈലി മലയാളത്തിൽ അവതരിപ്പിച്ചുകൊണ്ട് കൃഷാന്ദ് ഒരു യുണീക് ക്രിയേറ്റിവിറ്റി സമ്മാനിച്ചിരിക്കുകയാണ് ‘പുരുഷപ്രേതം‘ എന്ന പേരിൽ. ഗഹനമായ പഠനങ്ങളും കണ്ടെത്തലുകളും പരീക്ഷണങ്ങളുമാണ് കൃഷാന്ദിൻ്റെ സിനിമകളെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം എന്ന് നിസംശയം പറയാം. ഒന്നുറപ്പാണ്... ഇത് കൃഷാന്ദിൻ്റെ തുടക്കം മാത്രം.
‘പുരുഷപ്രേതം‘ത്തിനു പ്രചോദനമേകിയ പുസ്തകങ്ങളും സിനിമകളും:
Why Comics? From Underground To Everywhere, Sin City - Frank Miller, The Nasty Woman And The Neo Femme Fatale In Contemporary Cinema - Agnizeika Piotrowska, Watchmen Comics, Daytripper Comics, Transmetropolitan Comics.
The Art Of Looking Sideways, Social Dominance - An Intergroup Theory Of Social Hirearch And Opression, Social Critique On The Judgement Of Taste, The Outsider, The Plague, Framed Ink, Archer Series.
Black Coal Thin Ice, A pigeon Sat On A Branch Reflecting On Existence, The Unknown Saint, Mr Robot, Hotshot, Comet, Soni, Ugly, Chinatown, Brick.