എന്റേത് ഒരു പരമബോറൻ ജീവിതമായേ നിങ്ങൾക്കൊക്കെ തോന്നൂ -  വാണീ ജയറാം

Memoirs

ഏത് ഉരുക്കു മൈക്കിനെയും മെരുക്കുന്നതിലെ  സ്റ്റൈൽ ആണ്, വാണി ജയറാമിന്റെ ഏറ്റവും അനിതരസാധാരണമായ വൈഭവം എന്ന് തോന്നുന്നു.സ്റ്റേഷണറി മൈക്ക് ആണെങ്കിൽ,  അതിൽ നിന്ന് ഒരു പുല്ലാങ്കുഴൽദൂരം അകലെ നിന്നാവും ആ തൊണ്ടയിലെ വയലിൻനാദം ഉയരുക.  പോട്ടെ,  ഹാൻഡ് മൈക്ക് ആണെന്നിരിക്കട്ടെ, സംസാരിക്കുമ്പോൾ മാത്രമേ മൈക്ക് ആ ചുണ്ടുകൾക്ക് സമീപമെത്തൂ.

പാടുമ്പോൾ, തെല്ല്  അകലെത്തന്നെയാവും മൈക്ക്. ഗാനത്തിന്റെ  ഭാവസംക്രമണമനുസരിച്ച്, ഗായിക, മൈക്കിനടുത്തേയ്ക്ക്  മുന്നോട്ടും പിന്നോട്ടും നീങ്ങുകയാണ് വാണിയുടെ രീതി. ചലനശേഷിയുള്ള ഏറ്റവും ആധുനിക സെൻസർ സംവിധാനം ആണെങ്കിലും, ആ ഹാൻഡ് മൈക്ക്, അനങ്ങാപ്പാറ പോലെ നിന്ന്,  പാട്ട് കേട്ടു, പ്രസരിപ്പിച്ചുനിന്നുകൊള്ളണം എന്നതാണ്, ഈ ഗായികയുടെ നിഷ്‌ക്കർഷ.

മൈക്ക് സ്റ്റൈൽ മന്നി ആയത് കൊണ്ടാണ് രാഷ്ട്രം ആദരിക്കുന്നത് എന്നല്ല.അത്തരം ചെറിയ നിഷ്ഠകളിലൂടെ കാത്തുസൂക്ഷിയ്ക്കുന്ന  ആലാപനവൈഭവം കൂടിയാണ്, അവരെ ഇന്ത്യയുടെ നാലുകോണുകളിലും തിരിച്ചറിയപ്പെടുന്ന നാദമാക്കിമാറ്റിയത് എന്ന് തീർച്ച.

"ഹിന്ദുസ്ഥാനിസംഗീതത്തിൽ  ഗുരുവായ ഉസ്താദ് അബ്ദുൾ റഹ്‌മാൻ ഖാൻ പഠിപ്പിച്ചതാണ് ആ ജാഗ്രത," ഫിനാൻഷ്യൽ എക്സ്പ്രസ്സിന്റെ ഒരു മുംബൈ പ്രോഗ്രാമിനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ സപ്ലിമന്റിൽ, വാണി ജയറാമിനെപ്പറ്റി ലേഖനമെഴുതാൻ വേണ്ടി , നേരിൽ ചോദിച്ചപ്പോൾ, വാണിയമ്മ പറഞ്ഞതാണ്.

" പെർഫോം ചെയ്യുന്ന ഒരു കലാകാരിയും പെർഫോമിങ് സഹായിയായ ഉപകരണത്തിന്റെ അടിമയാവരുത്.  നേരെ മറിച്ച്, സ്വന്തം ശബ്ദത്തിന്റെ വലയത്തിൽ മെരുങ്ങി നിൽക്കാൻ അതിന്റെ വഴക്കം പഠിച്ചു പരിശീലിക്കണം എന്ന് അദ്ദേഹം പറയുമായിരുന്നു. ". അവർ പറഞ്ഞു.

ചെറുപ്പത്തിൽ ദിവസവും എട്ടുമണിക്കൂറൊക്കെ ഇങ്ങിനെ പ്രാക്ടീസ് ചെയ്യിക്കുമായിരുന്നത്രെ.സംഗീതത്തെക്കുറിച്ച്, എനിക്ക് കേട്ടറിവും വായിച്ചറിവുമേയുള്ളൂ. പണ്ട് റേഡിയോ സിലോണിൽ നിന്നുള്ള  ബിനാക്ക ഗീത് മാലയിൽ " ബൊൽ രേ പപീ ഹരാ . " കേൾക്കുമ്പോൾ, ചാടിയെഴുനേറ്റ് ആ സ്വരത്തിനൊപ്പം മൂളാൻ ശ്രമിയ്ക്കും എന്നല്ലാതെ,  വാണിയുടെ സംഗീതത്തിന്റെ വിശകലനമൊന്നും എനിക്ക് വശമില്ല. എന്നാൽ ഉടനടി, പത്രത്തിന് വേണ്ടി ആ അഭിമുഖം ചെയ്യേണ്ടിയിരുന്നു. അതുകൊണ്ട്, പെട്ടെന്നുള്ള ഗൃഹപാഠത്തിനായി, പല സംസ്ഥാനക്കാരായ സഹപ്രവർത്തകരുടെ വാണിജയറാം വിശേഷങ്ങൾ ശേഖരിച്ചു.

അന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി, ആ അനുഭവത്തിൽ നിന്ന് . വാണിയുടെ പ്രധാനദൗർബ്ബല്യം സംഗീതസംബന്ധമായ ഒരു  ചലഞ്ചും ഏറ്റെടുക്കാതെ വിടാൻ കഴിയില്ല എന്നതാണ്. എന്തും പഠിച്ചെടുക്കാൻ തയ്യാർ. ഏത് ഭാഷയായാലും, ഒരു കൈ  നോക്കും.

വാണിയെക്കൊണ്ട്, ഏതാണ്ട് അസാദ്ധ്യം എന്ന് തന്നെ പറയാവുന്ന  സംഗീതകീറാമുട്ടികൾ കൈകാര്യം ചെയ്യിക്കുന്നതു കമ്പോസർമാർക്ക് ഹരമായിരുന്നു.  ഇത്തരമൊരു  ഹെർക്കൂലിസ് ദൗത്യം വാണി  കൈകാര്യം ചെയ്യുന്നതു സ്റ്റുഡിയോയിൽ കണ്ടുകൊണ്ടിരുന്ന ഉഷാ ഖന്ന  ( നമ്മുടെ " നീ  മധു  പകരും... " എന്ന ഗാനത്തിന്റെ സംഗീതസംവിധായിക ) സന്തോഷം കൊണ്ട് വിതുമ്പിപ്പോയത്രെ.

" ശരിയാണ്,  അന്ന് ഇന്നത്തെപ്പോലെയുള്ള സാങ്കേതിക സൗകര്യങ്ങളില്ല. ഒരു തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ്ങ് ആയിരുന്നു അത്‌. പി ലീല തെലുങ്കിൽ പാടിയ  ഗാനത്തിന്റെ  വൈറ്റ് 5 സ്കെയിലിൽ, ഹെഡ് ഫോണിലൂടെ  എന്റെ ഒരു കാതിലെത്തും. ഹെഡ് ഫോണിൽ മറ്റേ കാതിൽ അതിന്റെ ഹിന്ദി വേർഷന്റെ ലൈവ് ഓർക്കസ്ട്ര  C ഷാർപ് സ്കെയിലിൽ കേൾക്കാം. രണ്ടും പെർഫെക്റ്റ് സിങ്ക് ആവും വിധം  സൂക്ഷ്മചടുലമായി പാടേണ്ടിയിരുന്നു. റിക്കാർഡിങ്ങ് കഴിഞ്ഞപ്പോൾ, ഉഷാ ജി യുടെ കണ്ണ് നിറഞ്ഞിരുന്നു," വാണിയമ്മ ഓർമ്മിച്ചു.

ഏത് ഭാഷയിലും, വാണിയുടെ ആദ്യ ഗാനം തട്ടുപൊളിപ്പൻ ഹിറ്റാവും എന്നൊരു സിനിമാരംഗവിശ്വാസമുണ്ട് എന്നും കേട്ടു. ശരിയാണ് മലയാളത്തിൽത്തന്നെ, ആദ്യഗാനമായ, "നാടൻ പാട്ടിലെ മൈന." എത്ര ചുണ്ടുകളാണ് മൂളി നടന്നത്! "സൗരയുഥത്തിൽ വിരിഞ്ഞോരു കല്യാണസൗഗന്ധികമാണീ ഭൂമി " എന്ന ഗാനവുമതെ , അല്പം ഉച്ചാരണപ്പിഴവുകളുണ്ടെങ്കിലും, വൻഹിറ്റായിരുന്നല്ലോ. ദിലീപ് എന്ന പയ്യനെ  എ ആർ  റഹ്‌മാൻ എന്ന ലിവിങ് ലെജന്റ് ആക്കി പ്രകാശിപ്പിക്കുന്നതിലും  ഈ  ഗായികയുടെ ഭാഗ്യമുള്ള കൈസ്പർശമുണ്ട്. കുട്ടിത്തം വിടാത്ത പ്രായത്തിൽ റഹ്‌മാൻ തുടങ്ങിയ ബോയ് ബാൻഡ് വിളക്ക് കൊളുത്തി ഉൽഘാടനം  ചെയ്ത് ആദ്യമായി പ്രോത്‌സാഹിപ്പിച്ചത് വാണി ജയറാം ആയിരുന്നു.

മൂന്ന് ദേശീയ അവാർഡുകൾ, ഇപ്പോഴിതാ പത്മഭൂഷണും.

ഉർദുവും തുളുവും ഉൾപ്പടെ 12 ഭാഷകളിൽ  പാടി. 10,000 ത്തിലേറെ സിനിമാ ഗാനങ്ങളിൽ വ്യതിരിക്തമായ ആ കണ്ഠമുദ്ര പതിപ്പിച്ചു. എൺപതിനോട്‌ അടുത്ത പ്രായത്തിലും, ഏത് ഉയർന്ന സ്വരസ്ഥായിയേയും പൊൻനാഗത്തെപ്പോലെ വളഞ്ഞും പുളഞ്ഞും ആശ്ലേഷിയ്ക്കുന്ന  നാദചടുലത!

പൊന്നുപോലെ സൂക്ഷിക്കാറുണ്ട് അവർ ആ അമൂല്യനാദത്തെ എന്നും ഓർക്കണം.  അറുപതിലേറെ വർഷങ്ങളായി, മഞ്ഞത്തും, മഴയത്തും  വെയിലത്തും പോവാനിടയുണ്ടാക്കിയിട്ടില്ല. സാധകം മുടക്കാറില്ല . വൈകിയുള്ള അത്താഴവിരുന്നുകൾക്ക് പോവാറില്ല.

വീട്ടിൽത്തന്നെയാണ് അധികസമയവും.കഴിയുമെങ്കിൽ, സ്വയം പാകം  ചെയ്ത ഭക്ഷണമേ കഴിക്കാറുള്ളു.

"എന്റേത് ഒരു പരമബോറൻ  ജീവിതമായേ നിങ്ങൾക്കൊക്കെ തോന്നൂ." അവർ  അഭിമുഖക്കാരോടൊക്കെ  പറയാറുള്ളതാണ്. സലീൽ  ചൗധുരിയും  ഓ എൻവിയും , ചേർന്ന് നൽകിയ മനോഹരഗാനത്തിന്റെ പല്ലവിയിൽ, ആ  ശ്രേഷ്ഠകലാകാരന്മാർ അച്ചട്ടായി പതിച്ചു  വച്ചിട്ടുണ്ട്, ബോറൻ ജീവിതമെന്ന വാണിയമ്മയുടെ  സ്വയം -ട്രോളിനുള്ള മുൻകാലമറുപടി:  "നിന്നെ ഞാൻ  എന്തു വിളിയ്ക്കും,........."

(വാണിജയറാമിന് പദ്മഭൂഷൺ കിട്ടിയപ്പോൾ എഴുതിയത് )

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക