ഓപറേഷന്‍ മദനോത്സവം

Cafe Special

തിയ്യറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത 'മദനോത്സവം' എന്ന സിനിമ എന്റെ തങ്കച്ചന്‍ മഞ്ഞക്കാരന്‍ എന്ന ലഘുനോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം, ന്നാ താന്‍ പോയി കേസ് കൊട് എന്നീ ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായകനായും തന്റെ പ്രതിഭ തെളിയിച്ച രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ഈ സിനിമയുടെ തിരക്കഥാരചന നിര്‍വ്വഹിച്ചിരിക്കുന്നത്.

'തങ്കച്ചന്‍ മഞ്ഞക്കാരന്‍' ഞാന്‍ 2009ല്‍ എഴുതിയതാണ്. നമ്മുടെ രാഷ്ട്രീയത്തിലെ അന്നത്തെ ചില സംഭവവികാസങ്ങള്‍ ഈ രചനയ്ക്കു പ്രേരണയായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം അതിനെ ആധാരമാക്കി ഒരു സിനിമ വരുമ്പോള്‍, നോവലില്‍ വിവരിക്കുന്ന രാഷ്ട്രീയം കൂടുതല്‍ കലുഷമായിത്തീര്‍ന്നിട്ടുണ്ടെന്നു തോന്നുന്നു. ഒരു കഥയില്‍മാത്രം ഒതുക്കാവുന്നതല്ല ഇപ്പോള്‍ അതു സൃഷ്ടിക്കുന്ന ആഘാതങ്ങള്‍.

രണ്ടു കാര്യങ്ങള്‍ കൊണ്ട് ഈ കൃതി വ്യത്യസ്തമാണെന്നു ഞാന്‍ വിചാരിക്കുന്നു. ഒന്നാമതായി, പ്രകടമായ രാഷ്ട്രീയം - കക്ഷിരാഷ്ട്രീയം എന്നുതന്നെ പറയണം - പ്രമേയമാകുന്ന ഒരു രചനയാണ് ഇത്. സാഹിത്യത്തില്‍ രാഷ്ട്രീയം സൂക്ഷ്മമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതാണ് നല്ലത് എന്നൊരു ധാരണ പുലര്‍ത്തുന്ന ഒരാളെന്ന നിലയില്‍ ഇങ്ങനെ പ്രത്യക്ഷരാഷ്ട്രീയം പറയുന്ന ഒരു കൃതി എഴുതുക എന്നതില്‍ വൈരുദ്ധ്യമുണ്ട്. മറ്റൊന്ന്, ഈ കഥയില്‍ വരുന്ന ആക്ഷേപഹാസ്യമാണ്. പൊതുവില്‍ ഞാന്‍ സ്വീകരിക്കാറുള്ള എഴുത്തുരീതിയല്ല അത്. കാരണം ദുരന്തപര്യവസായിയായ പ്രമേയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു മനസ്സാണ് എന്റേത്. അതു വായനയിലായാലും എഴുത്തിലായാലും അങ്ങനെയാണ്. ഹാസ്യത്തിനു പോലും ഇരുണ്ട ഒരര്‍ത്ഥതലമുണ്ടെന്നും ജീവിതത്തിലെ ദു:ഖാനുഭവങ്ങളെ ചിത്രീകരിക്കുന്നതിലൂടെയാണ് ഒരെഴുത്തുകാരന്‍ പരീക്ഷിക്കപ്പെടുന്നത് എന്നും ഞാന്‍ വിശ്വസിക്കുന്നു. മഞ്ഞക്കാരന്‍ എന്ന നോവലും ഒരര്‍ത്ഥത്തില്‍ ദു:ഖപര്യവസായിയാണ്. അതിലെ ഹാസ്യം കളത്തിനു പുറത്തുനില്ക്കുന്നവര്‍ ഒരു സാധുമനുഷ്യനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. അയാള്‍ അതിന്റെ ഇരയായിത്തീരുന്നു എന്നതുകൊണ്ട് ഈ കറുത്ത ഫലിതം പോലും പ്രയോഗത്തില്‍ ദു:ഖാനുഭവമായിത്തീരുന്നു. ഈ പ്രമേയത്തിലേക്ക് എന്നെ ആകര്‍ഷിച്ച ഒരു ഘടകം അതാവാം. എന്നാല്‍ പൊതുവേ നര്‍മ്മപ്രധാനമായ ഒരു ചലച്ചിത്രം നിര്‍മ്മിക്കുമ്പോള്‍ അത്തരമൊരു അവസാനം അഭികാമ്യമായിരിക്കുകയില്ലെന്നുണ്ടല്ലോ. ആ ഒരു മാറ്റമാണ് സിനിമയില്‍ പ്രധാനമായും സുധീഷ് വരുത്തിയിട്ടുള്ളത്.

തങ്കച്ചന്‍ മഞ്ഞക്കാരനില്‍ വരുന്ന ജനാധിപത്യം ഒരു വലിയ ഫലിതമായി നമുക്ക് അനുഭവപ്പെടുന്നുണ്ട്. ഒരു പക്ഷേ, ഇതെഴുതപ്പെട്ടതിനു ശേഷമുള്ള ഒന്നര ദശകത്തോളം വരുന്ന കാലം ആ ചിന്തയെ ദൃഢീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും സാര്‍ത്ഥകമായൊരു ഭരണക്രമം എന്ന നിലയില്‍ ജനാധിപത്യം നിലനില്‍ക്കുമ്പോഴും അതിന്റെ പ്രയോഗങ്ങളെ വക്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുക എന്നത് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു രീതിയായി മാറിയിട്ടുണ്ട്. ഇടയ്ക്കിടെ ആവര്‍ത്തിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകളെ എങ്ങനെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാം എന്നതിനുവേണ്ടി അവര്‍ ആവിഷ്‌ക്കരിക്കുന്ന അടവുനയങ്ങളുടേയും പ്രയോഗിക്കുന്ന അടവുനടപടികളുടേയും മൊത്തത്തിലുള്ള ഒരു സമാഹാരമായി നമ്മുടെ ജനാധിപത്യം മാറിക്കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം അധികാരം, ധനം, മതം, വര്‍ഗീയത, ജാതി, പ്രാദേശികത എന്നുവേണ്ട പണ്ടോരയുടെ പെട്ടകം തുറന്നാല്‍ കിട്ടുന്ന സര്‍വ്വവും ഈയൊരു ലേബലില്‍ നമ്മുടെ മുന്നിലേക്കു വലിച്ചെറിയപ്പെടുന്നു. ഇതെഴുതമ്പോള്‍ തൊട്ടയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പുഘോഷം നടക്കുകയാണ്. ദിവസംപ്രതി രാഷ്ട്രീയക്കാര്‍ കൂറുമാറുന്നു, അഴിമതിയിലൂടെ സമ്പാദിച്ച, അല്ലെങ്കില്‍ സമ്പാദിക്കാവുന്ന പണം ഏവരും വ്യാപകമായി എടുത്തു പെരുമാറുന്നു. തെരഞ്ഞെടുപ്പുവിജയം എന്ന അന്തിമലക്ഷ്യത്തിനായി ഏതു വൃത്തികേടും ഏതറ്റം വരേയും ചെയ്യാന്‍ ആര്‍ക്കും ലജ്ജയില്ലാതായി മാറിയിരിക്കുന്നു. ഇതെല്ലാം കാണുമ്പോള്‍, ശരിയായ അര്‍ത്ഥത്തിലുള്ള ഒരു ജനാധിപത്യരീതിയെ സ്വീകരിക്കാന്‍ പോന്ന പക്വതയും ശേഷിയും നാം ആര്‍ജ്ജിക്കാനിരിക്കുന്നതേയുള്ളൂ എന്നു സംശയം തോന്നും. മാത്രവുമല്ല, പോയദശകത്തില്‍, ഈ കൃതിയുടെ പരിധിയില്‍ വരാതെ പോയ ചില പ്രവണതകള്‍ ബീഭത്സമായ രീതിയില്‍ നമ്മുടെ രാഷ്ട്രീയമേഖലയില്‍ ശക്തിയാര്‍ജ്ജിക്കുന്നതു നാം കണ്ടു. പ്രകടമായ മതസ്പര്‍ദ്ധയും വര്‍ഗീയതയും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ആയുധങ്ങളായി മാറുകയായിരുന്നു. പോയ നൂറ്റാണ്ടില്‍ മാനവരാശി നിരാകരിച്ച മത-തീവ്രദേശീയവാദങ്ങള്‍ അരങ്ങുകീഴടക്കുകയും പലപ്പോഴും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പകല്‍വെളിച്ചത്തില്‍ നടന്ന സംഘടിതമായ കുറ്റകൃത്യമായിരുന്നു ഇത്. ചെറിയചെറിയ നീക്കുപോക്കുകള്‍ എന്ന നിലയില്‍ ഏവരും ഇതില്‍ പങ്കാളികളായി. അതുകൊണ്ടുതന്നെ ഈയൊരു പിന്നോട്ടുനടത്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മിക്കവാറും ആര്‍ക്കും തന്നെ കൈകഴുകുക സാധ്യമല്ല. മതദേശീയതാ കുത്സിതവാദങ്ങളും ഭൂതകാലത്തെ വിമലീകരിക്കാനുള്ള (sanitize) അശ്ലീലപ്രവര്‍ത്തനങ്ങളും നയമായിട്ടെടുത്ത വലതുപക്ഷത്തെ ചിത്രത്തില്‍ കക്ഷി ചേര്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് കഥയില്‍ നിന്നും സിനിമയില്ക്കു വരുമ്പോള്‍ ഉണ്ടാകുന്ന വലിയൊരു വ്യത്യാസം. കഥയിലെ തങ്കച്ചന്‍ മഞ്ഞക്കാരന്‍, അക്കാലത്ത് നമ്മുടെ കേരളരാഷ്ട്രീയത്തിലേക്ക് ദില്ലിയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട, മലയാളം തന്നെ കലര്‍പ്പുരൂപത്തില്‍ സംസാരിക്കുന്ന ഒരാളുടെ പ്രതിരൂപമായിരുന്നു. കുറച്ചുകാലം മുമ്പ് അയാള്‍തന്നെ പാര്‍ട്ടി മാറി തന്റെ ജന്മദൗത്യം സാധൂകരിച്ചു എന്നു തോന്നുന്നു.

പൊതുവേ രാഷ്ട്രീയക്കാരെ വിമര്‍ശിച്ചാല്‍ ഉയരുന്ന വിമര്‍ശനം 'അരാഷ്ട്രീയവാദം' എന്ന ശകാരമാണ്. പക്ഷേ, സാഹിത്യ-ചലച്ചിത്ര സൃഷ്ടികളില്‍ പരാമര്‍ശിക്കപ്പെടുന്ന, പരിഹസിക്കപ്പെടുന്ന മിക്കവാറും കാര്യങ്ങളെല്ലാം തന്നെ ഈ കക്ഷിരാഷ്ട്രീയക്കാരുടെ സംഭാവനയായിരുന്നു എന്ന കാര്യം പലരും ഓര്‍ക്കാറില്ല. ഒരു പക്ഷേ, കാര്‍ട്ടൂണുകളിലും കാരിക്കേച്ചറുകളിലും ഉപയോഗിക്കുന്ന ഒരല്പം വിപുലീകരണം (exaggeration) മാത്രമേ കഥയിലും തിരക്കഥയിലും സ്വീകരിക്കാറുള്ളൂ. അതല്ലായിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ അതു വിശ്വസിക്കുമായിരുന്നില്ല. കക്ഷിരാഷ്ട്രീയത്തിലെ ഇത്തരം ദുഷിച്ച മാതൃകകളെ വിമര്‍ശിക്കുമ്പോള്‍ കിട്ടുന്ന അരാഷ്ട്രീയവാദപ്പട്ടം, അതുകൊണ്ടുതന്നെ സാമൂഹികവിമര്‍ശനം എന്ന കലാരീതിക്കുള്ള അംഗീകാരമായിട്ടു വേണം എടുക്കാന്‍. Don't spare me എന്നു കാര്‍ട്ടൂണിസ്റ്റു ശങ്കറോടു പറയാന്‍ മാത്രമുള്ള മനോവിസ്തൃതി നെഹ്‌റുവിനു ശേഷം വന്ന രാഷ്ട്രീയക്കാരുടെ ജനാധിപത്യസങ്കല്പങ്ങളില്‍ ഇല്ലാതെ പോയി.

ജനാധിപത്യത്തില്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയകക്ഷി എതിരാളികളുടെ പേരിനോടു സാമ്യമുള്ള പേരുകളില്‍, അവരുടെ ചിഹ്നത്തോടു സാദൃശ്യമുള്ള ചിഹ്നങ്ങളില്‍ ഡമ്മി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും എന്നു തോന്നുന്നുണ്ടോ? രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ളതു മാത്രമാണെന്ന വിശ്വാസവും, അതിലൂടെ നേടിയെടുക്കാവുന്ന ധന, അധികാരമോഹങ്ങളും മാത്രമാണ് പാര്‍ട്ടികളെ നയിക്കുന്നത് എന്നുള്ളത് വ്യക്തമാണ്. ഈയൊരു പ്രവൃത്തിയില്‍ എവിടെയാണ് ജനാധിപത്യം? എവിടെയാണ് രാഷ്ട്രീയം? ഏതു കക്ഷിയാണ് ഈ അശ്ലീലപ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്ക്കാന്‍ തയ്യാറായിട്ടുള്ളത്? നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല തെരഞ്ഞെടുപ്പുകളിലും - വിശേഷിച്ചും പ്രാദേശികതെരഞ്ഞെടുപ്പുകളില്‍ - ഭരണകക്ഷിക്ക് എതിരു നില്ക്കാന്‍ പേരിനൊരു സ്ഥാനാര്‍ത്ഥിയെപ്പോലും കിട്ടാത്ത അവസ്ഥയുണ്ട്. അക്രമവും ഭീഷണിയും നടപ്പുദീനം പോലെ നമ്മുടെ രാഷ്ട്രീയജീവിതത്തെ ബാധിച്ചിരിക്കുകയാണ്. അതിനാല്‍ ഈ കഥയോ സിനിമയോ എഴുത്തുകാരനോ സംവിധായകനോ സ്വന്തമായി സൃഷ്ടിക്കുന്നതല്ല. സമീകരിച്ചു പറയുന്നതല്ല, എങ്കിലും ഗ്വേര്‍ണിക്കയുടെ കാര്യത്തില്‍ പിക്കാസോ പറഞ്ഞ ഉത്തരമാണ് ഇവിടെ ഉചിതം: You did this.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നതിനുശേഷം ചലച്ചിത്രാവിഷ്‌ക്കരണത്തിനായി എന്നെ ഏറ്റവുമധികം ഏറ്റവുമധികം ആളുകള്‍ സമീപിച്ചിട്ടുള്ളത് മഞ്ഞക്കാരനു വേണ്ടിയാണ്. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട പലപല കാരണങ്ങള്‍ കൊണ്ട് അതു നീണ്ടുപോയി. ഇപ്പോള്‍ വന്ന ചലച്ചിത്രം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ളത് മൂന്നു തരത്തിലാണ്. ഒന്നാമതായി കാലം; പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കക്ഷിരാഷ്ട്രീയ ബന്ധങ്ങളും നിലപാടുകളും മാറിയിരിക്കുന്നു. ആത്യന്തികമായി അധികാരത്തിനുവേണ്ടിയുള്ള അടവുനയങ്ങള്‍ ആണെങ്കിലും അതിലേക്കുള്ള മാര്‍ഗങ്ങള്‍ കുറേക്കൂടി വികസിച്ചിട്ടുണ്ട്. രണ്ടാമതായി സ്ഥലമാണ്. എന്റെ രചനയുടെ പരിസരം തൃശ്ശൂരാണ്. സിനിമ, ന്യായമായ കാരണങ്ങള്‍ കൊണ്ടുതന്നെ വടക്കന്‍ കേരളത്തിലേക്കു മാറ്റി പ്രതിഷ്ഠിച്ചിരിക്കുന്നു. സ്വാഭാവികമായും അതിന് അനുസൃതമായ മാറ്റങ്ങള്‍ ചിത്രീകരണത്തില്‍ സ്വീകരിച്ചിട്ടുണ്ട്. മൂന്നാമതായി കഥയുടെ പരിണാമഗുപ്തിയാണ്. എഴുത്തില്‍ നമുക്ക് ഒരു തുറന്ന അവസാനം (Open-ended story) സ്വീകരിക്കാം. അതേ സമയം സിനിമ, വിശേഷിച്ചും ഫലിതസ്വഭാവമുള്ള ഒന്ന്, അങ്ങനെ 'അവസാനിപ്പിക്കാതെ' നിര്‍ത്തുക അസാധ്യമാണല്ലോ.

മഹാഭാരതകഥയില്‍ അശ്വത്ഥാമാവ് മരിച്ചു എന്നു ധര്‍മ്മപുത്രരായ യുധിഷ്ഠിരന്‍ കള്ളം പറയുമ്പോള്‍ അതിന്റെ തീവ്രതയെ നേര്‍പ്പിക്കാന്‍ 'അശ്വത്ഥാമാവ് എന്ന ആന' എന്നു കൂട്ടിച്ചേര്‍ക്കുന്നുണ്ടല്ലോ. (നോവലില്‍ അത് ഉപയോഗിക്കുന്നുണ്ട്.) ജനാധിപത്യം എന്ന ആശയത്തെ ഒരു വന്‍നുണയായി അവതരിപ്പിക്കുന്നതിന്റെ ഖേദം പ്രകടിപ്പിക്കാനാവണം, ഇടയ്ക്കിടെ നമുക്കു തെരഞ്ഞെടുപ്പുകളുണ്ടാവുന്നു. അഴിമതിയും പണവും അധികാരവും അവയുടെ അക്ഷൗഹിണികളുമായി കുറേ സമര്‍ത്ഥന്മാര്‍ ഭൂമിയിലെ ഒരു വലിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിന്നുകൊണ്ടു യുദ്ധം ചെയ്യുന്നു. പക്ഷേ, നുണയുടെ ഭാരം കൊണ്ടാവണം, അവരുടെ രഥങ്ങളെല്ലാം ചെളിയിലാണ്ടു പോയിരിക്കുകയാണ്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക