നെഞ്ചിൽ തൊടുന്നൊരു പാട്ടോടു കൂടി സിനിമ അവസാനിച്ചപ്പോൾ, ശേഷം അതേ പാട്ടിന്റെ തന്നെ വയലിൻ വേർഷനിൽ എൻഡ് ടൈറ്റിൽ ഓടിയപ്പോൾ, സീറ്റിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല! കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു, ആ നനവ് ഹൃദയത്തിലേക്കും ആഴ്ന്നിറങ്ങിയോന്നൊരു സംശയം. തിയേറ്ററിന്റെ മുന്നിൽ മൈക്കും ക്യാമറയും പിടിച്ചു കൊണ്ട് നിന്ന കൂട്ടരിൽ ഒരു ടീമിനോട് പറഞ്ഞു,
"എന്തു കൊണ്ട് ഫഹദ് ഫാസിൽ, എന്തു കൊണ്ട് എ ആർ റഹ്മാൻ, എന്നീ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം കിട്ടി. മനോഹരമായ സിനിമ..."
പ്രതീക്ഷകൾക്കു മുകളിൽ, അങ്ങ് ദൂരെ...
ട്രെയ്‌ലറും, എ ആർ റഹ്‌മാന്റെ രണ്ട് പാട്ടുകളും, മെയ്ക്കിങ് വീഡിയോയും, ഫഹദ് ഫാസിലിന്റെയും മഹേഷ് നാരായണന്റെയും ഇന്റർവ്യൂസും ഒക്കെ കണ്ടപ്പോൾ 'മലയൻകുഞ്ഞി'നെ കരുതി മനസ്സിലൊരു തിരക്കഥ തട്ടിക്കൂട്ടിയിരുന്നു. എത്ര ചാടിയാലും പതിവ് 'പ്രകൃതി'ഫോർമാറ്റിൽ നിന്നും പുറത്തോട്ടുള്ള ചാട്ടം അധികം പ്രതീക്ഷിക്കണ്ട എന്നതായിരുന്നു മനസ്സിൽ കെട്ടിയ ചട്ടം. പക്ഷെ, സിനിമ തുടങ്ങി കുറച്ചു സമയത്തിനകം തന്നെ മനസ്സിലെ തിരക്കഥ മായ്ച്ചു കളയേണ്ടി വന്നു! ഒന്നാം പകുതിയിൽ, ആവശ്യത്തിന് സമയമെടുത്തു കൊണ്ട്, വ്യക്തവും വടിവൊത്തതുമായ രീതിയിൽ, കഥാപാത്രങ്ങളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും പ്രേക്ഷകരുടെ മനസ്സിൽ രെജിസ്റ്റർ ചെയ്യാനുള്ള ശ്രമം തികച്ചും സത്യസന്ധമായിട്ടു തോന്നി. ശരിക്കും ഷോക്കിങ് ആയിട്ടുള്ളൊരു ബ്ലോക്കിൽ 'ഇടവേള' ബോർഡ് തൂങ്ങിയപ്പോൾ, തിയേറ്റർ വിട്ട് പുറത്തേക്ക് പോകണ്ട എന്നു തന്നെ തീരുമാനിച്ചു. അത്രയ്ക്കും ഇമ്പാക്റ്റായിരുന്നു ആ രംഗത്തിന്. അതേ തീവ്രത നിലനിർത്തിക്കൊണ്ടു തന്നെ രണ്ടാം പകുതിയും ഓടിത്തീർന്നതിനാൽ, സമ്പൂർണ്ണ സംതൃപ്തിയോടെ തിയേറ്റർ വിടാൻ കഴിഞ്ഞു.
കൂട്ടായ്മയുടെ വിജയം
മഹേഷ് നാരായണനും (എഴുത്ത്, ഛായാഗ്രഹണം), ഫഹദ് ഫാസിലും (അഭിനയം, നിർമ്മാണം), സജിമോൻ പ്രഭാകറും (സംവിധാനം), ജ്യോതിഷ് ശങ്കറും (കലാസംവിധാനം), എ ആർ റഹ്‌മാനും (സംഗീതം), അർജു ബെന്നും (എഡിറ്റിംഗ്) ഒക്കെ ചേർന്ന് ചെയ്തൊരു സിനിമയുടെ ക്വാളിറ്റിയിൽ കുറവോ, കോംപ്രമൈസോ ഉണ്ടാകില്ല എന്ന വിശ്വാസത്തിന് കോട്ടം തട്ടിയില്ല എന്നതാണ് സത്യം. അതാണ് കൂട്ടായ്മയുടെ വിജയം എന്ന് വിശ്വസിക്കുന്നു. കലാസംവിധാന മികവ് എടുത്തു പറയേണ്ടതാണ്. സെറ്റ് ചെയ്തു വച്ചിട്ടുള്ള പ്രോപ്പർട്ടികളിൽ ഒറിജിനൽ ഏതാണ് ഡ്യൂപ്ലിക്കറ്റ് ഏതാണെന്നത് സിനിമയിലുടനീളം തിരിച്ചറിയാൻ കഴിഞ്ഞില്ല! 'നീയാരോ, ഞാനാരോ, നിന്നിലെ എന്നെ, എന്നിലെ നിന്നെ, ചൊല്ലാതെ ചൊല്ലി, പറയാതെ പറഞ്ഞു, കാണാതെ കണ്ടു, രാവ് പാതി മാഞ്ഞുപോയി, നിലാവ് ദൂരെ പൊഴിഞ്ഞുപോയി, പാത വിജനമായി' എന്നൊക്കെ 'പറഞ്ഞു' കൊണ്ട് സൃഷ്ടിക്കപ്പെടുന്ന തട്ടിക്കൂട്ട് പാട്ടുകളെ തട്ടി വഴി നടക്കാൻ പറ്റാത്ത അവസ്ഥയിലായ മലയാള സിനിമയിൽ, 'വിനായക് ശശികുമാർ - എ ആർ റഹ്‌മാൻ' ടീമിന്റെ രണ്ട് മനോഹരമായ പാട്ടുകളും, രണ്ടാമത്തെ പാട്ടിന്റെ അതീവഹൃദ്യമായ മറ്റൊരു വേർഷനും ചേർന്ന് വലിയൊരു ആശ്വാസം സമ്മാനിച്ചു എന്നത് പറയാതെ വയ്യാ!
രണ്ടാം പകുതി മുഴുവനായും ഡ്രൈവ് ചെയ്യേണ്ട പ്രധാന സംഗതിയാണ് പശ്ചാത്തല സംഗീതം എന്നത് തിരിച്ചറിഞ്ഞു കൊണ്ട്, അതിനു ചേർന്ന രീതിയിലുള്ള ഗംഭീര ശകലങ്ങൾ തയ്യാറാക്കി നൽകിയ എ ആർ റഹ്‌മാൻ തന്റെ സാന്നിധ്യത്തിന്റെ വില എത്രത്തോളമാണെന്ന് പറഞ്ഞു തന്നു. 'മലയൻകുഞ്ഞ്' ആവശ്യപ്പടുന്ന മൂഡ് കൃത്യമായും നിലനിർത്താൻ സഹായകമായ മറ്റു രണ്ട് ഘടകങ്ങളായിരുന്നു മഹേഷ് നാരായണന്റെ ഛായാഗ്രഹണവും, അർജു ബെന്നിന്റെ എഡിറ്റിംഗും.
ഫഹദിന്റെ ലോകം
ആ ലോകത്ത് ഫഹദ് ഫാസിൽ ഒറ്റയ്ക്കാണ്! കൂടെ ഓടുന്നവരിൽ നിന്നെല്ലാം ഒരുപാട് ദൂരെ മുന്നേറി, കുതിച്ചു പായുകയാണ് ഫഹദിലെ അഭിനേതാവ്. സിനിമാ സെറ്റിൽ കഥാപാത്രത്തിന്റെ വിശപ്പേ തനിക്കും ഉണ്ടാകാറുള്ളൂ എന്ന് അദ്ദേഹം പറയാറുണ്ട്. അഭിനയത്തിന്റെ കാര്യത്തിലും അത് തന്നെയാണ് മാനദണ്ഡം. അനിക്കുട്ടൻ എന്ന കഥാപാത്രമായി മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അളവിൽ, തികഞ്ഞ തന്മയീ ഭാവത്തോടെ, ഒരു തരം പ്രത്യേക താളത്തോടെ നിറഞ്ഞാടുകയാണ് ആ മനുഷ്യൻ. 'മലയൻകുഞ്ഞി'ന്റെ ഏറ്റവും വലിയ പ്ലസ് പോയന്റ് എന്നത് ഫഹദ് ഫാസിൽ തന്നെയാണ്. അതു കഴിഞ്ഞേ മറ്റെന്തും പറയാൻ കഴിയുന്നുള്ളൂ.
ചുരുക്കത്തിൽ പറഞ്ഞാൽ...
എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ എന്നതൊരു കെട്ടുകഥയായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇഷ്ടവും ഇഷ്ടക്കേടും തമ്മിൽ സദാ യുദ്ധം ചെയ്യുന്ന മേഖലയെന്ന നിലയിൽ, ഒരു സിനിമ എല്ലാവർക്കും വേണ്ടി റെക്കമെന്റ് ചെയ്യുക എന്നത് അസാധ്യം എന്നു തന്നെ പറയാം. 'മലയൻകുഞ്ഞി'ന്റെ കാര്യത്തിൽ, ഈ സിനിമ കാണാൻ പോകുമ്പോൾ മനസ്സിലുള്ള പ്രതീക്ഷ സിനിമയിലുടനീളം അതേപടി നിലനിൽക്കുക തന്നെ ചെയ്യും എന്ന ഉറപ്പ് തരാൻ കഴിയും. ഒരു കൂട്ടം പ്രതിഭാശാലികളായ കലാകാരന്മാരുടെ അപാരമായ പരിശ്രമത്തിന്റെ ഫലം പ്രേക്ഷകർക്ക് കിട്ടും എന്നത് കട്ടായം.
തിയേറ്ററിൽ കേട്ടത്
"തിയേറ്ററെല്ലാം കൂടെ ഇടിഞ്ഞ് തലേല് വീഴോ?"
സുരേഷ് കുമാർ രവീന്ദ്രൻ