നാഗവല്ലിയുടെ ചിത്രം-മണിച്ചിത്രത്താഴിലെ കാലഭ്രംശം

Cafe Special

ഒരു നിശ്ചിത കാലത്ത് നടക്കുന്ന സംഭവങ്ങളിൽ ആ കാലവുമായ് യോജിക്കാത്തത് നിബന്ധിക്കുന്നതിനെയാണ് കാലഭ്രംശം (Anachronism) എന്ന് വിളിക്കുന്നത്. മലയാള സിനിമയിൽ ഇതിനു യാതൊരു പഞ്ഞവുമില്ല. കാലഭ്രംശം മാത്രമല്ല  ദേശഭ്രംശവും ധാരാളം നടപ്പുരീതി ആയി മാറിയതുകൊണ്ട് ഇതൊക്കെ അവഗണിക്കാമെന്നാണ് മലയാളി പൊതുബോധം നിഷ്ക്കർഷിക്കുന്നത്. 

മരക്കാർ സിനിമയിൽ മദ്ധ്യകാല യൂറോപ്യൻ വേഷഭൂഷകളും ആയുധങ്ങളും ഒക്കെയായി സാദാ മലയാളികൾ വിലസുന്നതു കണ്ട് ആരും ചിരിക്കുന്നില്ല എന്നതാണ് ബഹുവിശേഷം. കായംകുളം കൊച്ചുണ്ണിയിലും നമ്മൾ ഇത് കണ്ടതാണ്. ലോർഡ് ഒഫ് ദി റിങ്ങ്സ്, ഗെയിം ഓഫ് ത്രോൺസ് ഒക്കെപ്പോലത്തെ സിനിമകൾ നമുക്കും വേണ്ടേ എന്നൊരു ചോദ്യത്തിന്റെ മറുപടിയെന്നോണം ആണ് അവയുടെ അനുകരണങ്ങൾ ഒരു മുണ്ടും തോർത്തും കോണകവുമായി നടന്ന മലയാളി ചരിത്രപുരുഷന്മാരെ കെട്ടിയെഴുന്നെള്ളിക്കുന്നത്. നേരത്തെ തന്നെ വടക്കൻ പാട്ട് സിനിമകളിൽ ലോഭമില്ലാതെ മലയാളിക്ക് തമിഴ് നാടകങ്ങൾ, രവി വർമ്മ ചിത്രങ്ങൾ, കൽ പ്രതിമകൾ ഇവയിൽ നിന്നൊക്കെ സ്വാംശീകരിച്ച വേഷങ്ങളും ആഭരണങ്ങളും കൊടുത്തിരുന്നു. നമുക്ക് കെട്ടു കാഴ്ച്ചകളാണു വേണ്ടത്, യഥാതഥമായ ചരിത്രക്കാഴ്ച്ചകളല്ല. കോസ്റ്റ്യൂം ഡിസൈനിലും ആഭരണ രൂപകൽപ്പനകളിലും അദ്വിതീയ ചാതുര്യമുള്ളവരാണ് നമുക്കുള്ളത്, സംശയമില്ല. അവർക്ക് കഴിവ് തെളിയിക്കാൻ അവസരവും നമ്മൾ നൽകുകയാണ്. സത്യം എന്നുള്ളത് മഹാ വിരസമാണ്, ചമൽക്കാരങ്ങൾ ഹൃദയരഞ്ജകമാണ്.

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ചിത്രം ഇതു പോലെ ചരിത്രവുമായി യോജിക്കുന്ന തരത്തിൽ രൂപകൽപ്പന നൽകിയതല്ല. (ചിത്രം1). സിനിമയിൽ പ്രസ്താവിക്കുന്നത് ‘പത്തുനൂറ്റമ്പതു കൊല്ലം മുൻപ്” നടന്ന സംഭവമാണ് നാഗവല്ലിയുടെത് എന്നാണ്. അതായത് 1800 കളിൽ. കൃത്യമായി സ്വാതി തിരുനാളിന്റെ  കാലമാണത്. (1813-1846). സുഗന്ധവല്ലി എന്ന ഒരു തമിഴ്‌നാട്ടുകാരി നർത്തകി തിരുവനന്തപുരത്ത് വന്ന് താമസിക്കുകയും സ്വാതി തിരുനാൾ അവരിൽ അനുരക്തനായിത്തീരുകയും ചെയ്തു എന്നത് ചരിത്രമെന്നും കെട്ടുകഥയെന്നും വിവക്ഷകളുണ്ട്. സ്വാതി തിരുനാൾ സിനിമ (ലെനിൻ രാജേന്ദ്രൻ) യിൽ രഞ്ജിനിയാണ് ഈ വേഷം ചെയ്തത്.  ഭരതനാട്യം എന്ന പേരുപോലും അക്കാലത്ത് ഉരുത്തിരിഞ്ഞു വന്നിട്ടില്ല, ദാസിയാട്ടം ആയിരുന്നു അന്ന്. 1930 കളുടെ അവസാനമാണ് ഇ കൃഷ്ണയ്യർ ഭരതനാട്യം എന്ന പേര് ദാസിയാട്ടത്തിനു ഉറപ്പിച്ചത്. രുഗ്മിണി ദേവി അരുൺഡെയ്‌ലും കൃഷ്ണയ്യരും ഒക്കെ ഉൽസാഹിച്ച് ‘ഭരതനാട്യം’ മദ്രാസിൽ വേരുറപ്പിച്ചു.  

manichitrathzhu-coustume 1.jpg

ചിത്രം 1 നാഗവല്ലി-ചരിത്രം, പക്ഷേ ആധുനികം

ദാസിയാട്ടത്തിൽ ഒരു ചേല (സാരിയുടെ തമിഴ് സ്വരൂപം, ചിലപ്പോൾ സാരിയേക്കാൾ നീളം കൂടുതൽ കാണും) ചുറ്റിയെടുക്കുകയാണ് പതിവ്. കാലിനിടയിൽക്കൂടി ഒരു തുമ്പ് എടുത്ത് പുറകിൽ കുത്തി വെയ്ക്കുന്ന രീതി. 1930കളിലും 40കളിലും 1950കളിലും സാരി/ചേല കാലിനിടയിൽക്കൂടെ എടുത്ത് രണ്ടായിപ്പകുത്ത് പൈജാമ പോലെ ആകൃതി വരുത്തുകയായിരുന്നു.

1933ലേയും (ചിത്രം 2) 1940ലേയും (ചിത്രം 3) നർത്തകികളുടെ ചിത്രങ്ങൾ ചേർത്തിരിക്കുന്നത് കാണുക. 1960നു ശേഷമാണ്  സാരി വെട്ടി തയ്ച്ചെടുത്തത്  ഇന്നത്തെ ഭരതനാട്യം കോസ്റ്റ്യൂമിനു പ്രാഗ് രൂപം കൈവരിച്ചത്. രുഗ്മിണീദേവിക്ക് ഒരു ഗ്രീക് തയ്യൽക്കാരി ആണ് ഉണ്ടായിരുന്ന്. ലളിത-പദ്മിനി-രാഗിണിമാർക്കു കലാബോധമുള്ള ഒരു തയ്യൽക്കാരൻ സഹായി ആയുണ്ടായിരുന്നു. സാരിയുടെ പല്ലു/മുന്താണി വെട്ടി വിശറി പോലാക്കി തയ്ച്ച് മുൻപിൽ സെയ്ഫ്റ്റിപിൻ കുത്തി സജ്ജമാക്കുന്ന രീതി സർവ്വസാധാരണമായി.

സ്വാതി തിരുനാൾ സിനിമയിലെ “ഗീതധുനിക്കു തക ധിം’ നൃത്ത രംഗത്തും  നർത്തകികൾക്ക് തയ്ച്ചെടുത്ത വേഷമാണുള്ളത്. സ്വാതി തിരുനാളിന്റെ കാലശേഷം നൂറു കൊല്ലം കഴിഞ്ഞിട്ടു പോലും ഈ വേഷം പ്രാബല്യത്തിൽ വന്നിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.  

manichitrathzhu-coustume 2.jpg

ചിത്രം 2. 1933 ഇലെ ദാസിയാട്ടം വേഷം. (Courtesy: Unfinished Gestures. Davesh Soneji. Univ. of Chicago Press)

1800 കളിലെ നാഗവല്ലിക്ക് ഇങ്ങനെ 1960-70 കാലഘട്ടങ്ങൾ കഴിഞ്ഞിട്ടുള്ള വേഷമാണ് ആ ചിത്രം വരച്ചയാൾ സംഭാവന ചെയ്തിരിക്കുന്നത്. മാറത്ത് ‘വി’ ആകൃതിയിൽ മടക്കി ഇട്ടിരിക്കുന്ന മേലാക്ക്  അന്ന് നിലവിൽ ഇല്ലാത്തതായിരുന്നു. ഗംഗ നാഗവല്ലി സ്വരൂപം പൂണ്ട് നൃത്തം ചെയ്യുമ്പോൾ ഈ മേലാക്ക് ഇതേ പടി മടക്കിയത് ഉപയോഗിക്കുന്നുണ്ട്. ‘ഒരു മുറൈ വന്ത് പാർത്തായാ “ രംഗത്ത് രണ്ട് വ്യത്യസ്ത കോസ്റ്റ്യൂമുകൾ ഗംഗ ഭാവിച്ചെടുക്കുന്ന നാഗവല്ലി ധരിയ്ക്കുന്നുണ്ട്. ചുവപ്പ്/മഞ്ഞ കോസ്റ്റൂമിനു മഞ്ഞ മേലാക്കും മുഴുവൻ നീല കോസ്റ്റ്യൂമിനു സ്വർണ്ണ നിറമുള്ളതും. ഈ ‘വി’ ആകൃതി മേലാക്ക്  കോസ്റ്റ്യൂം ഡിസൈനറുടെ സംഭാവനയാണ്, സിനിമ ഇറങ്ങിയ 1993 യിൽ ഇല്ലാത്തതാണ്. ( പിന്നീട് ഭരതനാട്യംകാർ, പ്രത്യേകിച്ചും കേരളത്തിൽ ഇത് ഏറ്റുടുത്തു, യൂത്ത് ഫെസ്റ്റിവൽ മൽസരങ്ങളിൽ 2000ത്തിനു ശേഷം ഇത് പ്രത്യക്ഷപ്പെട്ടു).  നാഗവല്ലിയുടെ പോർട്രെയിറ്റിലും മഞ്ഞ മേലാക്ക് (പച്ച ബോർഡർ ഉണ്ട്) ആണ് ഉപയോഗിച്ചിരിക്കുന്നത്. 

manichitrathzhu-coustume 3.jpg

ചിത്രം 3. 1940 ഇലെ ദാസിയാട്ടം വേഷം. (Courtesy: Unfinished Gestures. Davesh Soneji. Univ. of Chicago Press)

ഇൻഡ്യൻ ‘period cinema’ യിൽ വേഷഭൂഷകളുടെ ചരിത്ര നിഷ്ക്കർഷ നോക്കേണ്ടതില്ല. ഗംഭീരമായ കാഴ്ച്ചക്കുവേണ്ടി മാത്രമാണ് അവ നിർമ്മിച്ചെടുക്കപ്പെടുന്നത്. എം ജി ആറും എൻ.റ്റി.രാമ റാവുവും പ്രേംനസീറുമൊക്കെ ഗ്രീക് പടച്ചട്ടയുമായി നമ്മുടെ മുന്നിൽ വിലസിയിട്ടുണ്ട്, ചരിത്രസാംഗത്യം നോക്കാതെ നമ്മൾ ആനന്ദതുന്ദിലരായിട്ടുണ്ടു താനും. 

ബാഹുബലിയിലെ വേഷങ്ങളിൽ നമ്മൾ അനുരക്തരായിട്ടുണ്ട്. കേരളത്തിന്റെ ചരിത്ര സന്ദർഭം ഇതാ എന്ന് കൊട്ടി ഘോഷിയ്ക്കുന്ന, ഈയിടെ ഇറങ്ങിയ  ‘പത്തൊൻപതാം നൂറ്റാണ്ട്’’ ലെ നൃത്തരംഗത്ത് സാദാ മലയാളിപ്പെൺ കുട്ടികൾ എന്തു വേഷമാണ് കെട്ടിയിരിക്കുന്നത് എന്ന് നമ്മൾ ചോദിക്കുന്നതേ ഇല്ല. സിനിമ alternate history നിർമ്മിച്ചെടുത്തിരിക്കുന്നു, അത് നയനാന്ദകരമാകുന്നു, ഇനിയൊരു തിരിച്ചു പോക്കില്ലാത്തവണ്ണം അത് രൂഢമൂലമായിരിക്കുന്നു. വരാൻ പോകുന്ന ‘പൊന്നിയിൻ ശെൽവനി’ൽ ഇത് ഒരു പടികൂടെ മുന്നോട്ട് പോയിരിക്കുന്നു എന്ന് ട്രെയ്‌ലറുകൾ സൂചിപ്പിക്കുന്നു.

അല്ലെങ്കിലും വെള്ളിത്തിരയിൽ തെളിയുന്നത് മായക്കാഴ്ച്ചകൾ മാത്രമാണല്ലൊ. ചരിത്രം എന്ന സത്യം അവിടെക്കിടക്കട്ടെ !

ലേഖകനേപ്പറ്റി - "ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ എന്നിവിടങ്ങളിൽ സയ്ൻ്റിസ്റ്റ്, അദ്ധ്യാപകൻ. നിരവധി ശാസ്ത്ര, സാമൂഹ്യശാസ്ത്ര, കല/സിനിമ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്. മലയാളിയുടെ ജനിതകം, പാട്ടും നൃത്തവും, എതിരൻ ചിന്തകൾ, സിനിമയുടെ സാമൂഹ്യ വെളിപാടുകൾ തുടങ്ങി പല പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്."

Relates to: 
മണിച്ചിത്രത്താഴ്
ബാഹുബലി - The Beginning - ഡബ്ബിംഗ്
പത്തൊൻപതാം നൂറ്റാണ്ട്
സ്വാതി തിരുനാൾ
Comment