കൊടുങ്ങല്ലൂർ മീന ഭരണിയിൽ ചെമ്പട്ടണിഞ്ഞ് മീര

Info

മരീചിക പോലും തെളിഞ്ഞ് വരുന്നത്ര കടുത്ത വേനലിൽ കൊടുങ്ങല്ലൂർ നഗരത്തെ ഭക്തി സാന്ദ്രമാക്കുന്ന മീന ഭരണി. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ട് ഉത്സവങ്ങളാണ് ഉള്ളത്. ഒന്ന് മകര മാസത്തിലെ തണുപ്പിൽ നാട്ടുകാരായ വിശ്വാസികൾ ആതിഥേയത്വം വഹിക്കുന്ന താലപ്പൊലി മഹോത്സവം ആണെങ്കിൽ രണ്ടാമത്തേത് ചുട്ട് പഴുത്ത വേനലിൽ താലപ്പൊലി ഉത്സവത്തെക്കാൾ വിശിഷ്ടമായ വിചിത്രമായ കൗതുകകരമായ ചടങ്ങുകൾ നടക്കുന്ന കുംഭത്തിൽ കൊടിയേറുന്ന ഭരണിയാണ്.

സാധാരണ ഉത്സവങ്ങളിലെ ചടങ്ങുകളായ തിടമ്പേറ്റിയ കരി വീരന്മാരുടെ എഴുന്നള്ളിപ്പോ വെടിക്കെട്ടോ കലാപരിപാടികളോ ഇല്ലാത്ത കേരളത്തിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ നിന്നെത്തുന്ന പഴയ ദ്രാവിഡ സംസ്കാരത്തിന്റെ ഓർമ്മകളും ആവേശവും പേറി പള്ളി വാളിന്റെയും കാൽ ചിലമ്പിന്റെയും ശബ്ദങ്ങളും ശരണം വിളികളും ദേവിക്ക് സ്വയം സമർപ്പിച്ചുള്ള ചോര വീഴ്ത്തലും തുടങ്ങി രേവതി വിളക്ക് മുതൽ അശ്വതി കാവ് തീണ്ടൽ വരെ ക്ഷേത്ര പരിസരവും കൊടുങ്ങല്ലൂർ നഗരവും ഭക്തർ ചെമ്പട്ട് അണിയിക്കുന്ന ഭരണി മഹോത്സവം. കൊടുങ്ങല്ലൂർ ഭരണി പാട്ട് പ്രസിദ്ധമാണെങ്കിലും അതിന്റെ പിന്നിലും പല ചരിത്രങ്ങൾ ഉണ്ടെന്ന് പഴയ ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്.ക്ഷേത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ദുഷ്ട ശക്തികളെ ഓടിക്കാനും ദേവിയെ പ്രീതിപ്പെടുത്താനും വേണ്ടിയാണ് തെറി പാട്ടെന്നൊക്കെ ഐതീഹ്യം ഉണ്ടെങ്കിലും ഇപ്പൊ കുറച്ച് കാലമായി ചില രാഷ്ട്രീയ നീക്ക് പോക്കുകളുടെ ഭാഗമായി തെറികൾ മുഴങ്ങി കേൾക്കാറില്ല കൊടുങ്ങല്ലൂരിൽ.

meera jasmine 3.jpg

കണ്ണകിയിൽ നന്ദിത ദാസ്

സിനിമകളിലെ ഭരണിയെ പറ്റി ആലോചിക്കുമ്പോൾ രണ്ട് സിനിമകൾ ആണ് പ്രധാനമായും പെട്ടന്ന് ഓർമ്മയിൽ വരുന്നത്.അതിലൊന്ന് ജയരാജ്‌ സംവിധാനം ചെയ്ത് നന്ദിത ദാസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കണ്ണകിയാണ്. നിരപരാധിയായ തന്റെ ഭർത്താവിനെ കൊന്നതിനു പ്രതികാരമായി സംഹാര രുദ്രയായി മധുരാപുരി ചുട്ടെരിച്ച വീര നായിക കണ്ണകിയുടെ പ്രതി രൂപമായി നന്ദിത  ദാസിന്റെ ഗംഭീര പ്രകടനവും കൈതപ്രം സഹോദരങ്ങളുടെ മികച്ച പാട്ടുകളുമുള്ള സിനിമ.

meera jasmine 2.jpg

ചെമ്പട്ട് ലൊക്കേഷൻ | ലോഹിതദാസ്, മീര ജാസ്മിൻ - ഫോട്ടോസ് : ജയപ്രകാശ് പയ്യന്നൂർ ഫോട്ടോഗ്രാഫി

പതിനേഴോ പതിനെട്ടോ വർഷങ്ങൾക്ക് മുൻപ് ഇത് പോലൊരു ഭരണി നാളിൽ കയ്യിൽ പള്ളി വാളേന്തി കാലിൽ ചിലമ്പ് കെട്ടി ചെമ്പട്ടണിഞ് മീര ജാസ്മിൻ എന്ന കോമരം മലയാളത്തിന്റെ അനുഗ്രഹീത ചലച്ചിത്രകാരൻ ലോഹിതദാസിന്റെ നിർദ്ദേശം അനുസരിച്ചു ക്ഷേത്ര പരിസരത്ത് ഉറഞ്ഞു തുള്ളുന്ന ചിത്രങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ചെമ്പട്ട് എന്ന് പേരിട്ട് രണ്ട് ദിവസം ആ സിനിമ ഷൂട്ടിങ് നടന്നെങ്കിലും പിന്നീട് ചില സാമ്പത്തിക പ്രശ്നങ്ങളിൽ കുടുങ്ങി പൂർത്തിയാകാതെ പോയി.പക്ഷേ ഓരോ ഭരണി നാളിലും വാളേന്തിയ ഭക്തരെ കാണുമ്പോൾ ലോഹിതദാസ് പൂർത്തിയാക്കാഞ്ഞ ആ സിനിമ ഓർമ്മകളിൽ കോമരം തുള്ളും.ഭരണി നാളിൽ പാലക്കാട്‌ കൊല്ലംകോടോ മറ്റോ ഉള്ള കോമരം കെട്ടുന്ന മണ്ണാത്തി പെണ്ണിന്റെ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയുമൊക്കെ കഥ ആയിരിക്കും അതെന്നൊക്കെ വെറുതെ സങ്കൽപിക്കാറുണ്ട്.എന്തായാലും ആ സിനിമ സംഭവിക്കാഞ്ഞത് മലയാള സിനിമയ്ക്കും മീര ജാസ്മിൻ എന്ന കലാകാരിക്കും അതിലുപരി  കൊടുങ്ങല്ലൂർക്കാർക്കും  ഏറ്റവും നഷ്ട്ടം ആയെന്ന്  തോന്നാറുണ്ട്.

" ആഡംബരങ്ങളിൽ അന്തപുരങ്ങൾ
  അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി
  തമിഴകം തളർന്നുന്നുറങ്ങി...
  തെരുവിൽ കേട്ടൊരു പാഴ് കഥയായി
  രക്തത്തിൽ മുങ്ങിയ രാജ നീതിയായി
  ചിലപ്പതികാരത്തിൻ കരൾത്തുടികൾ " ❤❤

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

Comment