ആലുമ്മൂടനെ കുറിച്ച് മോഹൻലാൽ

Memoirs

1992-ൽ 'അദ്വൈതം' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം.   മോഹൻലാൽ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രം കാലങ്ങൾക്കു ശേഷം ഒരു സ്വാമിയായി നാട്ടിലേക്ക് തിരികെ വരുന്ന സാഹചര്യമാണ് ഷെഡ്യുൾ ചെയ്തിട്ടുള്ളത്. മോഹൻലാലും ആലുമ്മൂടനും ചേർന്നുള്ള ഒരു കോമ്പിനേഷൻ രംഗമാണ് ആദ്യം ചിത്രീകരിക്കുന്നത്. ചിത്രത്തിൽ ഒരു മന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആലുമ്മൂടൻ, സ്വാമിയായ മോഹൻലാലിന്‍റെ കാൽക്കൽ വീണ് "സ്വാമീ... എന്നോട് പൊറുക്കണം" എന്ന് പറയണം. മോഹൻലാലിനും, ആലുമ്മൂടനും സംവിധായകൻ പ്രിയദർശൻ രംഗം വിവരിച്ചു കൊടുത്തു. രണ്ടു പേരും പൊസിഷനിലായി. ആക്ഷൻ പറഞ്ഞു.

സ്വാമിയുടെ മുന്നിൽ വന്ന മന്ത്രി, "സ്വാമീ... എന്നോട് പൊറുക്കണം" എന്നു പറഞ്ഞ് അദ്ദേഹത്തിന്‍റെ കാൽക്കൽ വീഴുകയാണ്. തമാശ കലർന്ന ആ രംഗം, വളരെ മനോഹരമായ രീതിയിൽ അവസാനിച്ചു. പക്ഷെ സംവിധായകൻ കട്ട് പറഞ്ഞിട്ടും, മോഹൻലാലിന്റെ കാൽക്കൽ നിന്നും ആലുമ്മൂടൻ എഴുന്നേൽക്കുന്നില്ല! പിടിച്ച് എഴുന്നേൽപ്പിക്കാനായി മോഹൻലാൽ കുനിഞ്ഞപ്പോൾ, ആലുമ്മൂടൻ മറിഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ബോധരഹിതനായി. എല്ലാവരും ചേർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടു പോയി. 

ഡോക്ടർ പറഞ്ഞത്, ഹൃദയസ്തംഭനം മൂലം ഷൂട്ടിംഗ് സ്ഥലത്തു തന്നെ മരണം സംഭവിച്ചു എന്നാണ്. ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന മോഹൻലാൽ അതു കേട്ട് പൊട്ടിക്കരഞ്ഞു പോയി! ദിവസങ്ങൾ കഴിഞ്ഞിട്ടും, ആ ഒരു ഷോക്കിൽ നിന്നും അദ്ദേഹത്തിന് മുക്തനാകാൻ കഴിഞ്ഞില്ല.

നൂറിൽപരം സിനിമകളിൽ അഭിനയിച്ച പ്രതിഭാശാലിയായ അഭിനേതാവായിരുന്നു ആലുമ്മൂടൻ. അറിയപ്പെടുന്ന ഒരു സ്റ്റേജ് ആർട്ടിസ്റ്റ് കൂടിയായിരുന്ന അദ്ദേഹം, തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും 'ചങ്ങനാശേരി അനശ്വര' എന്ന പേരിൽ സ്വന്തം നാടക ട്രൂപ്പ് നടത്തിയിരുന്നു. കാലടി ഗോപി രചിച്ച് ഗീഥാ ചാച്ചപ്പൻ സംവിധാനം ചെയ്ത 'ചങ്ങനാശേരി ഗീഥ'യുടെ പ്രസിദ്ധമായ 'എഴു രാത്രികൾ' എന്ന നാടകമാണ് ആലുമ്മൂടന്റെ ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന്. 'എട്ടുകാലി മമ്മൂഞ്ഞ്' എന്ന ഒരു ദുഷ്ട കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പ്രശസ്ത സിനിമാ-ടിവി സീരിയൽ അഭിനേതാവ് ബോബൻ ആലുമ്മൂടൻ ഉൾപ്പെടെ ആറ് മക്കളാണ് ആലുമ്മൂടനുള്ളത്.

Comment