മമ്മൂട്ടിയുടെ കെട്ടും മുകേഷിന്റെ ബലൂണും - ചില ചിത്രങ്ങൾ

Albums

അഭിനേതാവ് മുകേഷിന്റെ മുകേഷ് സ്പീക്കിംഗെന്ന യൂട്യൂബ് ചാനലിലൂടെ പല കഥകളും രസകരമായി മുകേഷ് അവതരിപ്പിക്കാറുണ്ട്. മമ്മൂട്ടിയേയും ‌മോഹൻലാലിനേയുമൊക്കെ വച്ച് രസകരമായി കഥകൾ ഉണ്ടാക്കാൻ മുകേഷും ശ്രീനിവാസനും ഒരു പോലെ മിടുക്കന്മാരുമാണ്. മുകേഷ് ആദ്യമായി നായകനായി അരങ്ങേറുന്ന ചിത്രമായ ബലൂണിലൊരു രസകരമായ സംഭവമുണ്ടായ കഥ ഇപ്രകാരമാണ്.

മുകേഷ് നായകനും ശോഭാ മോഹൻ നായികയായും എത്തുന്ന സിനിമ. മമ്മൂട്ടിയാണ് സെക്കന്റ് ഹീറോ.​​ ​ചിത്രീകരണം കൊട്ടാരക്കരക്കടുത്ത് പുത്തൂരെന്ന സ്ഥലം. കൊല്ലത്ത് ഹോട്ടലിൽ താമസിച്ച് എല്ലാ ദിവസവും പുത്തൂരേക്ക് യാത്ര നടത്തുകയാണ് മമ്മൂട്ടി.​ ഷൂട്ടിംഗിന്റെ ഇടവേളകളിൽ മുകേഷിന്റെ സുഹൃത്തിന്റെ എൻഫീൽഡ് ബൈക്കുമായി മമ്മൂട്ടിയും മുകേഷും പല ദിവസങ്ങളും ചുറ്റാനിറങ്ങുന്നു. രണ്ട് മൂന്ന് ദിവസം ആസ്വദിച്ച് പുത്തൂരിന്റെയും കൊട്ടാരക്കരയുടേം പ്രാന്തപ്രദേശങ്ങളിലൂടെ ചുറ്റിയടിച്ച മമ്മൂട്ടിയും മുകേഷിനും ഒരു ദിവസം ഒരു ആക്സിഡന്റ് സംഭവിക്കുന്നു. ഒരിടവഴി തിരിയുമ്പോൾ ഒരു പയ്യൻസ് ബൈക്കിനു കുറുകെ ചാടുകയും ബൈക്ക് മറിഞ്ഞ് രണ്ടാളും താഴെ വീണ്ആക്സിഡന്റുമാവുന്നു.

മമ്മൂട്ടിയുടെ തലയിലെ മുറിവിൽ നിന്ന് നല്ല പോലെ രക്തം വരുന്നുണ്ട് ​ഇത് കണ്ടതും മമ്മൂട്ടിയുടെ സകല നിയന്ത്രണവും നഷ്ടമായി.

എന്റെ സിനിമാ ജീവിതം അവസാനിച്ചെടാ, എന്റെ മുഖമിനി ഒന്നിനും കൊള്ളില്ലെടാ എന്നൊക്കെപ്പറഞ്ഞ് ആൽഫാ മെയിൽ മാസ്കുലിൻ കഠിനകഠോരനെന്ന് ആൾക്കാർ വിചാരിച്ച മമ്മൂട്ടി കൊച്ച് കുട്ടികളേപ്പോലെ പൊട്ടിക്കരയു​കയാണ്. ഒന്നും സംഭവിക്കില്ലഎന്ന് പറഞ്ഞ് മുകേ​ഷ് തോളിൽ ചായ്ച്​ മമ്മൂട്ടിയെ സമാധാനിപ്പിക്കുന്നു. ശേഷമൊരു ക്ലിനിക്കിലെത്തി തലയിലെ ആ മുറിവ് ബാൻഡേജൊക്കെ ഒട്ടിച്ച് ശരിപ്പെടുത്തുന്നു. തുടർന്നുള്ള രംഗങ്ങളിൽ തലയിൽ തൂവാല കെട്ടിയ ബാലചന്ദ്രമേനോനേപ്പോലെ മുറിവൊക്കെ മറച്ച് മമ്മൂട്ടി അഭിനയിക്കുകയും ചെയ്തു.​ ​അതാണീ ചിത്രങ്ങളിൽകാണുന്നത്​.

മുകേഷിന്റെ നായകനായുള്ള ആദ്യ സിനിമയിൽ മുകേഷും മമ്മൂട്ടിയും ജഗതിയുമൊക്കെ ഒന്ന് ചേർന്ന രംഗത്തിന്റെ നാന ഇമേജാണിത്. മമ്മൂട്ടിയുടെ അന്നുമിന്നും ഉള്ള ലുക്കിൽ നിന്ന് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല എന്ന് കാണാം.

സായികുമാറിന്റെ സഹോദരിയായ ശോഭാ മോഹനും മുകേഷും ആദ്യമായി നായികാനായകന്മാരാവുന്ന ചിത്രമെന്ന സവിശേഷതയും ബലൂണിനുണ്ടായിരുന്നു.  ടിവി കൊച്ചുബാവയാണ് രവിഗുപ്തൻ സംവിധാനം ചെയ്ത ബലൂണിനു വേണ്ടി തിരക്കഥയെഴുതിയത്. സിനിമാ മാഗസിനുകളിലെ ഒന്നാം നിരതാരമായിരുന്ന നാന നടത്തിയ കഥാമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കഥയായിരുന്നു അത്. മുകേഷിന്റെ കുട്ടിക്കാലം ഡബ്ബ് ചെയ്തിരിക്കുന്നത് നടൻ ബൈജുവാണ്. അതിനു ശേഷമാണ് ബൈജു അഭിനയരംഗത്തേക്ക് വരുന്നതും.

Relates to: 
ബലൂൺ