"ഒരു പരസ്യത്തിന്റെ പുനർജന്മം" സിനിമയ്ക്ക് കാരണമായ പരസ്യത്തിന് പിന്നിലെ കഥ

Cafe Special

തിരക്കേറിയ ഒരു തിങ്കളാഴ്ച.. രാവിലെ ഷെഡ്യൂൾ ചെയ്ത മീറ്റിംഗുകൾക്കിടയിൽ വീണു കിട്ടിയ ഒരു ഇടവേളയിൽ ഹോട്ട് കൾട്ട് ബ്രാൻഡിംഗിന്റെ  പാർട്ട്ണറും ചീഫ് ക്രിയേറ്റീവ് ഓഫീസറും ആയ രൂപേഷ് കാശ്യപ് ഫോണിൽ വന്ന മെസ്സേജുകൾ നോക്കുകയായിരുന്നു. തന്റെ  പഴയൊരു സഹപ്രവർത്തകൻ അയച്ച വാട്ട്സാപ്പ് സന്ദേശത്തിൽ അദ്ദേഹത്തിന്റെ  കണ്ണുടക്കി നിന്നു. താൻ രൂപകല്പന നൽകിയ, തനിക്കേറെ പ്രിയപ്പെട്ട പരസ്യ ചിത്രത്തിന്റെ  ഇമേജും കൂടെ തെലുങ്ക് ഭാഷയിൽ ഒരു വാർത്താ ശകലവും. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് ആ വാർത്ത ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി വായിച്ച രൂപേഷിന് ഒരേ സമയം ആഹ്ലാദവും അദ്ഭുതവും അഭിമാനവും അനുഭവപ്പെട്ടു.ആ നിമിഷത്തെക്കുറിച്ച് രൂപേഷ് പറയുന്നു : "ഒരു നിമിഷത്തേക്ക് ഞാൻ സ്തബ്ധനായിപ്പോയി. മമ്മൂട്ടി അഭിനയിക്കുന്ന ഒരു മലയാള സിനിമ ഉണ്ടാവാൻ ആ പരസ്യ ചിത്രം കാരണമായി എന്ന് സിനിമയുടെ സംവിധായകൻ തന്നെ പറഞ്ഞതായിരുന്നു ആ വാർത്തയുടെ ഉള്ളടക്കം. ആ ന്യൂസ് എന്നെ പതിനെട്ട് വർഷം പിറകിലേക്ക് കൊണ്ട് പോയി"

 

വർഷം 2004. ഇന്ത്യയിലെ മുൻനിര അഡ്വർടൈസിംഗ് ഏജൻസി ആയ ലിൻ്റാസിന്റെ  (ഇപ്പോൾ Lowe Lintas) ദില്ലി ബ്രാഞ്ചിലെ ക്രിയേറ്റീവ് വിഭാഗത്തിൽ ആയിരുന്നു രൂപേഷ് കാശ്യപ് അന്ന്. അവിടെ ക്രിയേറ്റീവ് ഡയറക്ടർമാരായി പ്രവർത്തിച്ചിരുന്ന തമിഴ്നാട്ടുകാരനായ ചൊക്കലിംഗവും മലയാളിയായ ജാജു ടി കെ- യുമാണ് ഗ്രീൻപ്ലൈ എന്ന ക്ലയന്റിന്റെ  ആവശ്യങ്ങൾ അടങ്ങുന്ന ബ്രീഫുമായി രൂപേഷിന്റെ അടുത്തേക്ക് വരുന്നത്. അന്ന് ക്രിയേറ്റീവ് ഹെഡ് ആയിരുന്ന,ഇപ്പോൾ Curry Nation Brand Conversations എന്ന പരസ്യ, മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ ഡയറക്ടർ ആയ,പാതി മലയാളി കൂടിയായ പ്രീതി നായർ അത് ഓർത്തെടുക്കുന്നു : "ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പ്ലൈവുഡ് എന്നത് ഒരു ലോ ഇൻവോൾവ്മെന്റ്  ഉത്പന്നം ആണ്. തങ്ങളുടെ ഫർണിച്ചറുകളിലും പാർട്ടിഷനുകളിലും ഉപയോഗിക്കുന്ന പ്ലൈവുഡ് ഏതായാൽ എന്താ എന്ന മനോഭാവം ആണ് പൊതുവേ. കിറ്റ്പ്ലൈ മാത്രമായിരുന്നു അന്ന് അറിയപ്പെടുന്ന ഒരേ ഒരു ബ്രാൻഡ്. ആ സമയത്താണ് ഗ്രീൻപ്ലൈ അവരുടെ ലോഞ്ച് ക്യാംപെയ്ൻ ചെയ്യാനായി ഞങ്ങളെ സമീപിക്കുന്നത്. അഡ്വർടൈസിംഗ് പ്രൊഫഷണലുകൾക്ക് പൊതുവേ ഇത്തരം ലോ ഇൻവോൾവ്മെൻ്റ് ഉത്പന്നങ്ങൾ വലിയൊരു അവസരം ആണ് തുറന്നിടുന്നത്. ഉത്പന്നത്തിന്റെ ഏതെങ്കിലും ഒരു മേന്മ തിരഞ്ഞെടുത്ത് അത് രസകരമായി ബ്ലോ അപ് ചെയ്യാനും സർഗ്ഗാത്മകതയെ ഏതെങ്കിലും കളത്തിനകത്ത് ഒതുക്കാതെ തുറന്ന് വിടാനും കിട്ടുന്ന സന്ദർഭം. ഇവിടെ 'കാലങ്ങളോളം ഈട് നിൽക്കുന്നു' (Long Lasting) എന്ന ഐഡിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നാണ് തീരുമാനമായത്"

rupesh kashyap story 1.jpg

പ്രീതി നായർ
പ്രീതി നായർ

ചൊക്കയും ജാജുവും ഇത് രൂപേഷിനോട് പറഞ്ഞപ്പോൾ എങ്ങനെ ഇക്കാര്യം വ്യത്യസ്തമായി അവതരിപ്പിക്കാം എന്നായി രൂപേഷിന്റെ ചിന്ത. "സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ വായനാശീലം ഉണ്ടായിരുന്നു" രൂപേഷ് പറഞ്ഞു തുടങ്ങി. "പത്രത്തിന് പുറമേ മൂന്ന് നാല് ആനുകാലിക പ്രസിദ്ധീകരണങ്ങളും വീട്ടിൽ വരുത്തുമായിരുന്നു. അവയിൽ ഏതിലോ പണ്ട് വായിച്ച ഒരു യഥാർത്ഥ സംഭവം പെട്ടെന്ന് മനസ്സിലേക്ക് കയറി വന്നു. ഒരു ഐ എ എസ് ഓഫീസർ തന്റെ മകളോടൊപ്പം ബസ്സിൽ യാത്ര ചെയ്യുന്ന സമയത്ത് മദ്ധ്യപ്രദേശിലെ ഏതോ ഗ്രാമപ്രദേശത്ത് കൂടി കടന്ന് പോകുമ്പോൾ മകൾ ഒച്ച വച്ച് ബസ്സ് നിർത്തിക്കുകയും സ്ഥിരപരിചിതമായ സ്ഥലം എന്ന പോലെ ആ ഗ്രാമത്തിലേക്ക് ഇറങ്ങി നടക്കുകയും ചെയ്ത സംഭവം. അങ്ങനെയാണ് പുനർ ജന്മം എന്ന ആശയം ഉദ്ഭവിക്കുന്നത്. പുനർജന്മം എന്നത് ഏറെക്കുറെ പൂർണ്ണമായും ഒരു ഇന്ത്യൻ ആശയം എന്ന് പറയാം. നമ്മുടെ പുരാണേതിഹാസങ്ങളിലും കെട്ട് കഥകളിലുമൊക്കെ ആവർത്തിച്ച് കണ്ട് വരുന്ന ആ ആശയത്തോട് ആൾക്കാർക്ക് പെട്ടെന്ന് കണക്ട് ചെയ്യാൻ കഴിയും എന്ന് തോന്നി.

കൂടാതെ ജനന മരണങ്ങൾ, ആത്മാവ്, പുനർജന്മം ഇവയൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ബനാറസിൽ നിന്നാണ് ഞാൻ വരുന്നത്. വിവിധ ഭാഷകളുടെ, സംസ്കാരങ്ങളുടെ വേവു കലം എന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശം. ഇതെല്ലാം കണ്ട് വളർന്ന എനിക്ക് ഇന്ത്യയുടെ വൈവിധ്യത്തിനോട് ആരാധനയും ആകർഷണിയതയും തോന്നിയതിൽ അദ്ഭുതം ഇല്ല.ഇവയൊക്കെ മനസ്സിലിട്ടു മഥനം ചെയ്തപ്പോൾ ഒരു കഥ പതിയെ രൂപമെടുത്തു തുടങ്ങി. അങ്ങനെയാണ് .വടക്കേ ഇന്ത്യൻ സർദാർ ബാലൻ തമിഴ് സംസാരിക്കുന്ന കഥാ സന്ദർഭം ഉണ്ടായത്

ആദ്യ പ്രസൻ്റേഷനിൽ തന്നെ ക്ലയൻ്റ് ആയ ഗ്രീൻപ്ലൈയുടെ സാരഥികൾക്ക് ആ സ്റ്റോറി ഐഡിയ ഇഷ്ടമായി. അത് ഡെവലപ്പ് ചെയ്യാൻ തീരുമാനവും ആയി. പക്ഷേ പിന്നെയും ഒമ്പത് മാസത്തോളം എടുത്തു ഫൈനൽ അപ്രൂവൽ ലഭിക്കാൻ. ഈ സമയം കൊണ്ട് രൂപേഷ് കാശ്യപ് കൃത്യമായ ആദി മധ്യാന്തങ്ങൾ ഉള്ള ഒരു പക്കാ സ്ക്രിപ്റ്റ് റെഡി ആക്കിയിരുന്നു. ആ സമയത്ത് ലിൻ്റാസിൻ്റെ മുംബൈ ഓഫീസിൽ നിന്ന് ദില്ലിയിലേക്ക് വന്ന പ്രീതി നായർ ആണ് ക്ലയന്റിനോട്  "നിങ്ങളൊരു സ്വർണ്ണ ഖനിയുടെ പുറത്താണ് അടയിരിക്കുന്നത്..എന്തിന് ഇത് വൈകിക്കുന്നു?"  എന്ന് ചോദിക്കുന്നത്. അതിന് ശേഷം കാര്യങ്ങൾ വേഗത്തിൽ നീങ്ങി. പ്രീതി തുടർന്നു..."രൂപേഷ് തയാറാക്കിയ സ്ക്രിപ്റ്റിൽ പ്രസ്തുത പ്രോഡക്ട് പ്രാമുഖ്യത്തോടെ എങ്ങനെ പ്ലേസ് ചെയ്യാം എന്ന ചർച്ചകൾക്ക് ഒടുവിലാണ് പരസ്യത്തിൽ എഴുത്ത് മേശ കടന്നു വരുന്നത്. ക്ലയൻ്റ് ഫൈനൽ ഓക്കേ പറഞ്ഞ ശേഷം പരസ്യം ചിത്രീകരണ ഘട്ടത്തിലേക്ക് കടന്നു"

rupesh kashyap story 2.jpg

പ്രകാശ് വർമ്മ
പ്രകാശ് വർമ്മ

പരസ്യം ചിത്രീകരിക്കാൻ രണ്ട് പ്രൊഡക്ഷൻ ഹൗസുകളെ ഷോർട്ട് ലിസ്റ്റ് ചെയ്തു. അതിൽ നറുക്ക് വീണത് മലയാളിയായ പ്രകാശ് വർമ്മയുടെ നിർവാണ ഫിലിംസിന് ആയിരുന്നു. "സ്ക്രിപ്റ്റിൻ്റെ കാര്യത്തിൽ എനിക്ക് ഇതിനോട് ഒന്നും കൂട്ടിച്ചേർക്കാനില്ല..രൂപേഷ് എല്ലാം പെർഫെക്ട് ആയി ചെയ്ത് വച്ചിട്ടുണ്ട് എന്നാണ് പ്രകാശ് വർമ്മ അന്ന് പറഞ്ഞത്" രൂപേഷ് ഓർക്കുന്നു. "ട്രീറ്റ്മെൻ്റ് നോട്ട്, സ്റ്റോറി ബോർഡിംഗ് ഉൾപ്പടെ ഞാൻ പൂർത്തിയാക്കി വച്ചിരുന്നു. പരസ്യ രംഗത്ത് വരുന്നതിന് മുമ്പ് ദൂരദർശന് വേണ്ടി ചില പ്രോഗ്രാമുകൾ സംവിധാനം ചെയ്ത അനുഭവം അക്കാര്യത്തിൽ എനിക്ക് ഗുണകരമായി"

കേരളത്തിൽ വച്ച് ചിത്രീകരണം എന്നായിരുന്നു രൂപേഷിന്റെ ആഗ്രഹമെങ്കിലും പ്രകാശ് വർമ്മ നിർദ്ദേശിച്ചത് തമിഴ്നാട്ടിലെ കാരൈക്കുടി ആയിരുന്നു. ചിത്രീകരണ സമയത്ത് കാരൈക്കുടിയിലെത്തിയ രൂപേഷിന് പ്രകാശ് വർമ്മയുടെ ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് ബോധ്യപ്പെട്ടു. കാലം ഫ്രീസ് ചെയ്തു നിൽക്കുന്ന ചെട്ടിനാട് ബംഗ്ലാവുകൾ പരസ്യ ചിത്രത്തിന്റെ തീമിന് ഏറ്റവും അനുയോജ്യം ആയിരുന്നു. "സർദാർ ബാലനായി അഭിനയിച്ച കുട്ടിയുടെ കാര്യം എടുത്ത് പറയണം. വളരെ നൈസർഗ്ഗികമായ പ്രകടനം ആയിരുന്നു അവൻ്റെത്. മൂന്ന് ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയായി. ഞാൻ ദില്ലിയിലേക്ക് മടങ്ങി. മുംബൈ ഫേമസ് സ്റ്റുഡിയോയിൽ വച്ച് നടന്ന പോസ്റ്റ് പ്രൊഡക്ഷനും ഞാൻ കൂടെ ഉണ്ടായിരുന്നു.പരസ്യത്തിൽ ഉപയോഗിച്ച പാട്ടിന്റെ വരികൾ എഴുതിയത് സഹപ്രവർത്തകനായ ചൊക്കലിംഗവും സംഗീതം നൽകിയത് രജത് ധോലകിയയുമാണ്." രൂപേഷ് കാശ്യപ് പറഞ്ഞു.

"ടിവി ചാനലുകളിൽ പരസ്യം സംപ്രേഷണം തുടങ്ങിയപ്പോൾ അഭൂതപൂർവമായ പ്രതികരണം ആണ് ലഭിച്ചത്" പ്രീതി നായർ ഓർക്കുന്നു. "കൂടാതെ ഇന്ത്യയിലും വിദേശത്തും നിരവധി പുരസ്കാരങ്ങളും ആ പരസ്യ ചിത്രത്തിന് ലഭിക്കുകയുണ്ടായി. ഇതിനെല്ലാമുപരി പരസ്യത്തിന്റെ ആത്യന്തിക ലക്ഷ്യം എന്താണോ അത് കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് ആ പരസ്യത്തിന്റെ ഏറ്റവും വലിയ വിജയം - ഗ്രീൻപ്ലൈ എന്ന ബ്രാൻഡ് എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടു. അവരുടെ ഉത്പന്നങ്ങളുടെ വിൽപനയിൽ പതിൻമടങ്ങ് വർധനവ് ഉണ്ടായി".

GREENPLY PLYWOOD TVC (Janan Janan ka saathi.......)

 

പതിനെട്ട് വർഷങ്ങൾക്ക് ശേഷം ആ പരസ്യ ചിത്രം ഒരു സിനിമയുടെ പ്രമേയം രൂപപ്പെടാൻ കാരണമായി എന്നത് അറിഞ്ഞപ്പോൾ എന്ത് തരത്തിലുള്ള ഫീലിംഗ് ആണ് ഉണ്ടായത് എന്ന ചോദ്യത്തിന് രൂപേഷ് കാശ്യപ് ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു : "ആദ്യം ഉണ്ടായ അമ്പരപ്പ് പിന്നീട് സന്തോഷമായി മാറി. ഇത്രയും വർഷങ്ങൾക്ക് ശേഷവും ആ വർക്ക് അംഗീകരിക്കപ്പെടുന്നു എന്നത് തികച്ചും  ആത്മസംതൃപ്തി നൽകുന്ന കാര്യമാണ്. ലിജോ ജോസിനോട് എനിക്ക് പ്രത്യേക നന്ദിയുണ്ട്. പൊതുവേ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനോ തുറന്ന് പറയാനോ ശ്രമിക്കാത്തവർ ധാരാളം ഉള്ള മേഖലയാണ് സിനിമ. ആ നടപ്പ് രീതി അനുസരിച്ച് അദേഹത്തിന് വേണമെങ്കിൽ ഈ പരസ്യ ചിത്രത്തെ acknowledge ചെയ്യാതെ ഇരിക്കാമായിരുന്നു. സിനിമയുടെ തുടക്കത്തിലെ താങ്ക്സ് കാർഡിൽ ഒരു പരസ്യ ചിത്രം എന്ന് മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂവെങ്കിലും പല ഇൻ്റർവ്യൂകളിലും അദ്ദേഹം ഏത് പരസ്യം ആണെന്ന് പറഞ്ഞിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു. ചെറിയ കാര്യമല്ല അത്. ലിജോ ജോസിനോട് സംസാരിക്കണമെന്നും കഴിയുമെങ്കിൽ നേരിട്ട് കാണണമെന്നും ആഗ്രഹമുണ്ട്. നോക്കട്ടെ".

പ്രീതി നായർക്ക് ആകട്ടെ താൻ ഉൾപ്പെട്ട ടീമിന്റെ പരസ്യം തന്റെ ഇഷ്ട താരങ്ങളിൽ ഒരാളായ മമ്മൂട്ടി അഭിനയിക്കുന്ന സിനിമ സംഭവിക്കാൻ കാരണമായി എന്നതിന്റെ ഇരട്ടി സന്തോഷമാണ്. "പല പോപ്പുലർ സിനിമകളും പരസ്യ ചിത്രങ്ങൾക്ക് പ്രചോദനം ആയിട്ടുണ്ടെങ്കിലും തിരിച്ച് ഒരു സിനിമയുണ്ടാവാൻ പരസ്യം കാരണമാവുന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അതും ഒരു മലയാള സിനിമ എന്നത് പാതി മലയാളിയായ എനിക്ക് ശരിക്കും സന്തോഷം നൽകുന്നു. ഞാൻ ജനിച്ചു വളർന്നത് മുംബൈയിൽ ആണെങ്കിലും എന്റെ അഛന്റെ നാട് തിരുവനന്തപുരം ആണ്" പ്രീതി പറയുന്നു.

കവിതകളും കഥകളും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രൂപേഷ് കാശ്യപ് ഇപ്പോൾ താൻ എഴുതിയ സ്ക്രിപ്റ്റുകൾ സിനിമയാക്കാനുള്ള ശ്രമത്തിൽ ആണ്. "ശരിക്ക് പറഞാൽ പുനർജന്മം ആസ്പദമാക്കിയുള്ള ഒരു സ്ക്രിപ്റ്റ് പൂർത്തിയാക്കി വച്ചിട്ടുണ്ട്. അത് ഈ പരസ്യ ചിത്രത്തിന്റെ പ്രമേയത്തിൽ നിന്നും വ്യത്യസ്തമായ ഒന്നാണ്. മോഹൻലാലിനോട് ആ സ്ക്രിപ്റ്റ് പിച്ച് ചെയ്യണമെന്നുണ്ട്. ഡിസ്നി ഹോട്ട്സ്റ്റാറിന്റെ അസ്സോസിയേറ്റ് വൈസ് പ്രസിഡൻ്റ്, കമ്യൂണിക്കേഷൻ ഹെഡ് എന്നീ നിലകളിൽ പ്രവർത്തിച്ച സമയത്ത് ദക്ഷിണേന്ത്യയിൽ ഡിസ്നി ഹോട്ട്സ്റ്റാർ ലോഞ്ച് ചെയ്യുന്നതിന്റെ ചുമതല എനിക്കായിരുന്നു. ആ സമയത്ത് മോഹൻലാൽ ബ്രാൻഡ് അംബാസഡർ ആയ പരസ്യം സംവിധാനം ചെയ്തതും ഞാനാണ്. എത്ര ലാളിത്യം ഉള്ള മനുഷ്യൻ! താരത്തിൻ്റെതായ യാതൊരു പകിട്ടുകളും ഇല്ലാതെ പെരുമാറുന്ന വലിയ കലാകാരൻ. കഥാപരമായി നോർത്തും സൗത്തും കൈ കോർക്കുന്ന ആ പ്രമേയം സിനിമയാക്കാൻ ഞങ്ങൾ തമ്മിൽ വീണ്ടും കൈ കോർക്കാൻ സാധിക്കുമോ എന്ന് നോക്കണം" രൂപേഷ് പറഞ്ഞ് നിർത്തി.

സംസാരിക്കുന്നതിനിടയിൽ എപ്പോഴോ രൂപേഷ് കാശ്യപ് ഇങ്ങനെ പറഞ്ഞു : "മനുഷ്യരും സംഭവങ്ങളും ഒക്കെ ഏതൊക്കെയോ വിധത്തിൽ കണക്ട് ചെയ്യപ്പെട്ടു കിടക്കുകയാണ്"... രൂപേഷ് പറഞ്ഞത് ശരിയാണ്.. മധ്യപ്രദേശിൽ ബസ്സിൽ നിന്നിറങ്ങി നടന്ന പെൺകുട്ടി മുതൽ നൻപകൽ നേരത്ത് മയക്കം സിനിമയും ഈ ലേഖനവും വരെ അങ്ങനെ കാല ദേശങ്ങൾ കടന്ന അനന്തമായ കണ്ണി ചേരലിന്റെ ഭാഗമാണെന്ന് തോന്നിപ്പോകുന്നു...

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

Comment