തിരുമുറിവ് മുതൽ തല്ലുമാല വരെ - വേഷപ്പകർച്ചയുടെ മുപ്പത്തി അഞ്ച് വർഷങ്ങൾ

Cafe Special

കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ പഠിക്കുന്ന സമയത്ത് അടുത്തുള്ള മറ്റൊരു കോളേജിൽ മോഹൻലാൽ അഭിനയിക്കുന്ന "ഗാന്ധിനഗർ സെക്കൻ്റ് സ്ട്രീറ്റ്" സിനിമയുടെ ചിത്രീകരണം നടക്കുന്നതറിഞ്ഞ് കൂട്ടുകാരികളോടോപ്പം ഷൂട്ടിംഗ് കാണാൻ പോയതാണ് നീന കുറുപ്പ്. ഷൂട്ടിംഗ് സ്പോട്ടിൽ കമൻ്റുകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ആ വിദ്യാർഥിനി സംഘത്തെ ശ്രദ്ധിച്ച സംവിധായകൻ സത്യൻ അന്തിക്കാട് ഒരു ഗാനരംഗത്തിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്തു. അതിൽ ഏറ്റവും സ്മാർട്ട് ആണെന്ന് തോന്നിയ വിദ്യാർഥിനിയുടെ നമ്പർ വാങ്ങി വയ്ക്കാൻ അസോസിയേറ്റ് സംവിധായകൻ ആയ രാജൻ ബാലകൃഷ്ണനോട് സത്യൻ അന്തിക്കാട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് സത്യൻ അന്തിക്കാടിന്റെ  അടുത്ത സിനിമയായ "ശ്രീധരന്റെ  ഒന്നാം തിരുമുറിവ്" സിനിമയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ ഉള്ള അവസരം നീന കുറുപ്പ് എന്ന ആ "സ്മാർട്ട്" പെൺകുട്ടിയെ തേടിയെത്തുന്നത്.

ശ്രീധരന്റെ  ഒന്നാം തിരുമുറിവ് റിലീസ് ആവുന്നതിന് മുമ്പ് തന്നെ ജോഷിയുടെ "ന്യൂഡെൽഹി" സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം ലഭിച്ചുവെങ്കിലും ആ സമയത്ത് സിനിമ ഒരു കരിയർ ആയി കാണാതിരുന്ന നീന ആ അവസരം വേണ്ടെന്ന് വച്ച് പഠനം തുടരുകയാണ് ചെയ്തത്. ഉർവശിയാണ് പിന്നീട് ആ വേഷം ചെയ്തത്. ശ്രീധരന്റെ  ഒന്നാം തിരുമുറിവ് വാണിജ്യ വിജയം നേടാതെ പോയതു കൊണ്ടും സിനിമ പിന്നീട് നീനയെ തേടിയെത്താതെ പോയി. പഠന ശേഷം മോഡലിംഗ്, പരസ്യ ചിത്രങ്ങൾ എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നീനയ്ക്ക് അവിചാരിതമായാണ് സീരിയലിൽ അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നത്. പരസ്യ ചിത്രങ്ങളുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട ക്യാമറാമാൻ അശോക് കോഴിക്കോട് ഒരു സീരിയൽ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നും അതിൽ അഭിനയിക്കാമോ എന്നും ചോദിച്ചപ്പോൾ പെട്ടെന്ന് എടുത്ത തീരുമാനമാണ് മധുമോഹന്റെ  "ലേഡീസ് ഹോസ്റ്റൽ" എന്ന സീരിയലിലേക്ക് നീനയെ എത്തിക്കുന്നത്.

 

സാറ്റലൈറ്റ് ചാനലുകൾ വേരുറപ്പിക്കുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. സീരിയലുകൾ ആയിരുന്നു ചാനലുകളുടെ പ്രധാന ഇനം. സീരിയലുകളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ നീന കുറുപ്പിന് തുടർച്ചയായി ലഭിക്കുകയും ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആയി മാറുകയും ചെയ്തു. വിവിധ ചാനലുകളിലായി നാല്പതോളം സീരിയലുകളിൽ നീന കുറുപ്പ് അഭിനയിച്ചു. അതു കൊണ്ട് തന്നെ സിനിമയിൽ ഇടയ്ക്കിടെ നീണ്ട ഇടവേളകൾ ഉണ്ടായി.

പിന്നീട് സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം നീനയ്ക്ക് ലഭിക്കുന്നത് "പഞ്ചാബി ഹൗസി"ൽ ആണ്. സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കരിഷ്മ എന്ന ആ കഥാപാത്രം നീന കുറുപ്പിന് ഏറെ പ്രശംസ നേടിക്കൊടുത്തു. പക്ഷേ നീനയെ അതിന് ശേഷം സിനിമയിൽ കാണുന്നത് ആറ് വർഷങ്ങൾക്ക് ശേഷം ലാൽജോസിന്റെ  ദിലീപ് ചിത്രമായ "രസികനി"ൽ ആണ്.

2013-ൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആയ "മലയാളി ഹൗസ്" നീനയ്ക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. അതിന് ശേഷമാണ് നീന കുറുപ്പിന് തുടർച്ചയായി സിനിമാ അവസരങ്ങൾ ലഭിക്കുന്നതും ഇടവേളകൾ ഇല്ലാതെ സജീവമായി അഭിനയിച്ച് തുടങ്ങുന്നതും. വാൽക്കണ്ണാടി, പാട്ടുപെട്ടി, വെഡ്ഡിംഗ് ബെൽസ് തുടങ്ങി നിരവധി ടെലിവിഷൻ ഷോകളുടെ ഹോസ്റ്റ് ആയും നീന കുറുപ്പ് പ്രവർത്തിച്ചിട്ടുണ്ട്. പെട്ടെന്ന് വേർതിരിച്ച് അറിയാൻ കഴിയുന്ന, unique എന്ന് വിശേഷിപ്പിക്കാവുന്ന ശബ്ദം അഭിനേത്രി എന്ന നിലയിൽ നീന കുറുപ്പിൻ്റെ ഒരു പ്ലസ് പോയിൻ്റ് ആണ്.

നീന കുറുപ്പിനെ പലരും മമ്മൂട്ടിയോട് സാമ്യപ്പെടുത്തി പറയാറുണ്ട് - "പ്രായം റിവേഴ്സ് ഗിയറിൽ" ആണെന്ന്. അഭിനയ ജീവിതത്തിൽ മൂന്നര പതിറ്റാണ്ട് പൂർത്തിയാക്കുന്ന നീന കുറുപ്പ് ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള ക്യാരക്ടർ ആർട്ടിസ്റ്റുകളിൽ ഒരാളാണ്. ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിൽ കോളജിലെ അരമതിൽ ചാടി വീണ് കിടക്കുന്ന മോഹൻലാലിനെ അമ്പരപ്പോടെ നോക്കുന്ന പെൺകുട്ടിയിൽ നിന്നും "തല്ലുമാല"യിൽ ടോവിനോ അവതരിപ്പിച്ച വസീമിൻ്റെ ഉമ്മച്ചിയിൽ എത്തി നിൽക്കുമ്പോൾ നീന കുറുപ്പ് പിന്നിടുന്നത് മങ്ങിയും തെളിഞ്ഞും കടന്നു പോയ മുപ്പത്തി അഞ്ച് വർഷങ്ങൾ ആണ്. ഇനിയും നല്ല നല്ല വേഷങ്ങൾ ഈ അഭിനേത്രിയെ തേടിയെത്തട്ടെ...