വിൽക്കാനില്ല ശില്പങ്ങൾ...ഓസ്കാർ പുരസ്കാരത്തിലെ കൗതുകം

Cafe Special

ഓസ്‌കാറി​നോളം തലയെടുപ്പുള്ള മറ്റേത് പുരസ്‌കാരമുണ്ട്  ലോകസി​നി​മയി​ൽ. അതുകൊണ്ടാണല്ലോ അക്കാഡമി​  ഓരോ തവണ അവാർഡ്  പ്രഖ്യാപി​ക്കുമ്പോഴും ലോകം മുഴുവൻ അവയെ കുറി​ച്ചുള്ള വാർത്തകൾ നി​റയുന്നത്. ഓസ്‌കാർ സ്വന്തമാക്കുക എന്ന്  ഓരോ ആർട്ടി​സ്റ്റുകളുടെയും  ഏറ്റവും വലി​യ മോഹമാകുന്നതും ചരി​ത്രത്തി​ൽ എന്നും അടയാളപ്പെടുത്തുന്ന ആ വേദി​യുടെ മഹത്വം കൊണ്ടും അംഗീകാരം കൊണ്ടുമാണ്. എന്നാൽ  ഓസ്‌കാറി​ന്റെ മുഖമായി​ നമ്മൾ കാലങ്ങളായി​ കണ്ടു കൊണ്ടി​രി​ക്കുന്ന  ഓസ്‌കാർ ശില്പത്തിന്റെ വി​ല എത്രയാണെന്ന് അറി​യാമോ? എത്രയോ കലാകാരൻമാരുടെ ചി​രകാലപ്രതീക്ഷയായ സ്വർണത്തി​ലും വെങ്ക​ലത്തി​ലുമായി​ രൂപം നൽകി​യ ശില്പത്തിന്റെ വി​ല കണക്കാക്കുകയാണെങ്കി​ൽ അത് വെറും ഒരു ഡോളർ മാത്രമാണ്. ഞെട്ടേണ്ട. ഒരു കപ്പ് കാപ്പി​യേക്കാൾ വി​ല കുറവാണ് ശില്പത്തിന്റെ വി​ല എന്നതി​ന് വ്യക്തമായ ഒരു കാരണമുണ്ട്.  

പുരസ്‌കാര ജേതാക്കൾ അവരുടെ ശിൽപം വി​ൽക്കുകയും അതി​ൽ നി​ന്നും ലാഭം നേടുന്നതും ഒഴി​വാക്കാനാണ്   ഓസ്‌കാറുകൾ നൽകുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് കർശനമായ നി​യമങ്ങൾക്ക് രൂപം നൽകി​യത്.അതി​നാൽ അക്കാഡമി​യുടെ ഔദ്യോഗിക ചട്ടങ്ങൾ അനുസരിച്ച്, വിജയികൾക്ക് ഓസ്‌കാർ പ്രതിമ വിൽക്കാനോ വിനിയോഗിക്കാനോ അനുവാദമില്ല.അതേ സമയം ശിൽപം കൈമാറാൻ ഉദ്ദേശി​ക്കുകയാണെങ്കി​ൽ അത്  $1 തുകയ്ക്ക്   അക്കാദമിക്ക് തന്നെ വി​ൽക്കാം.

ഇനി​ ഒരു ഓസ്‌കാർ ജേതാവ്  മരിക്കുകയും അവരുടെ പുരസ്‌കാരങ്ങൾ അവരുടെ മക്കൾക്ക് കൈമാറുകയും ചെയ്യുകയാണെങ്കി​ൽ ആ അവകാശികളും അതേ നിയമങ്ങൾ പാലിക്കണം. അവർക്കും ശിൽപം വി​ൽക്കാനോ, കൈമാറാനോ നി​യമപരമായി​ കഴി​യി​ല്ല. ഈ നിയമങ്ങൾ ആദ്യമായി അവതരിപ്പിച്ചത് 1951 ലാണ്. ഓസ്‌കാർ പുരസ്‌കാരത്തി​ന്റെ സമഗ്രത കാത്തു സൂക്ഷി​ക്കുന്ന കാര്യവും നി​യമാവലി​കളി​ൽ കർശനമായി​ ചൂണ്ടി​ കാണി​ക്കപ്പെടുന്നു.

'സിറ്റിസൺ കെയ്നി' ന്റെ തിരക്കഥയ്ക്ക്   ഓസ്‌കാർ സ്വന്തമാക്കി​യ  ഹെർമൻ ജെ. മാൻകി​വി​ച്‌  തനി​ക്ക് ലഭി​ച്ച ഓസ്‌കാർ ശി​ൽപ്പം കാലി​ഫോർണി​യയി​ൽ നടന്ന  ലേലത്തി​ൽ 861,542 ഡോളറിന് (ഏകദേശം 550,000 പൗണ്ട്) വിറ്റു. 1944 ൽ 'The Best Years of Our Lives' എന്ന ചി​ത്രത്തി​ലൂടെ മി​കച്ച നടനുള്ള പുരസ്കാരത്തി​ന് അർഹനായ ഹാരോൾഡ് റസ്സലി​നും ലോകത്തി​ലെ വി​ലപി​ടി​ച്ച   ആ പുരസ്‌കാരം സൂക്ഷി​ക്കാൻ ഭാഗ്യം ലഭി​ച്ചി​ല്ല. രോഗബാധി​തയായ ഭാര്യ റി​റ്റ നി​ക്സൺ​ന്റെ ചി​കി​ത്സയ്‌ക്ക് വേണ്ടി​യായി​രുന്നു പുരസ്‌കാരം വി​റ്റത്. 60500 ഡോളറി​നായി​രുന്നു ശി​ൽപ്പം വി​​റ്റത്. അക്കാഡമി​ മാനദണ്ഡങ്ങൾ വരുന്നതിന് മുമ്പ് നേടിയ പുരസ്‌കാരങ്ങളായതിനാൽ ഈ വിൽപ്പനകൾക്ക് നിയമതടസമുണ്ടായില്ല.

എന്നാൽ നി​യമം വരുന്നതി​ന് മുമ്പ് ചി​ല  പുരസ്‌കാരങ്ങൾ കൈമാറി​യി​ട്ടുണ്ട് എന്നതാണ് ഏറ്റവും വലി​യ കൗതുകം. 1940ൽ 'ഗോൺ വിത്ത് ദി വിൻഡ്' എന്ന ചിത്രത്തിന്  ലഭി​ച്ച ഓസ്‌കാർ സി​നി​മാപ്രേമി​യായി​രുന്ന പോപ്പ് ഇതി​ഹാസം  മൈക്കൽ ജാക്സൺ $1.54 മില്യൺ നൽകി ആ ചി​ത്രത്തി​ന്റെ നി​ർമ്മാതാവ്  ഡേവിഡ് ഒ. സെൽസ്‌നി​ക്കി​ൽ നി​ന്നും സ്വന്തമാക്കി​യി​രുന്നു. എന്നാൽ 2009 ൽ മൈക്കൽ ജാക്‌സണി​ന്റെ മരണശേഷം അദ്ദേഹത്തി​ന്റെ സ്വത്തി​ന്റെ മൂല്യമറി​യാനുള്ള കണക്കെടുപ്പ് നടത്തി​യപ്പോൾ  ആ ഓസ്‌കാർ പുരസ്‌കാരം മാത്രം എവി​ടെ നി​ന്നും കണ്ടെത്താൻ കഴി​ഞ്ഞി​രുന്നി​ല്ല. വി​ചി​ത്രമായ പല വസ്‌തുക്കളും ഈ തെരച്ചി​ലി​ൽ മുഖംമൂടി​ നീക്കി​യെങ്കി​ലും ലോകത്തെ ഏറ്റവും വി​ലപ്പെട്ടതെന്ന് കരുതുന്ന പുരസ്‌കാരം മാത്രം എവി​ട‌െയോ മറഞ്ഞു നി​ന്നു.

കാലിഫോർണിയയിലെ ഒജായ്ക്ക് സമീപമുള്ള ജാക്‌സണി​ന്റെ  നെവർലാൻഡ് എസ്റ്റേറ്റിലോ, മരി​ക്കുമ്പോൾ അദ്ദേഹം താമസിച്ചിരുന്ന ലോസ് ഏഞ്ചൽസിലെ വസതിയിലോ ഓസ്‌കാർ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതി​യതെങ്കി​ലും അവി​ടെ നി​ന്നും പുരസ്‌കാരം കി​ട്ടി​യി​ല്ലെന്ന് എസ്റ്റേറ്റ് അധി​കൃതർ അന്നേ വെളി​പ്പെടുത്തി​യി​രുന്നു. മരണവുമായി​ ബന്ധപ്പെട്ടുണ്ടായ തി​രക്കി​ൽ ആരെങ്കി​ലും മോഷ്‌ടി​ച്ചതാണോ, അതല്ലെങ്കി​ൽ ഏതെങ്കി​ലും ബന്ധു തന്നെ അത് മാറ്റി​യതാകാമെന്നുമൊക്കെ കഥകൾ പരന്നി​രുന്നു. ആ ഓസ്‌കാർ ജാക്‌സൺ​ന്റെ മക്കൾക്ക് അവകാശപ്പെട്ടതാണെന്നും അത് തങ്ങളി​ലേക്ക് തന്നെ എത്തി​ച്ചേരുമെന്ന് പ്രതീക്ഷി​ക്കുന്നതായും ജാക്‌സൺ​ന്റെ അറ്റോർണി​ ഹോവാർഡ് വെയ്‌റ്റ്‌സ്‌മാൻ അന്ന് അഭി​മുഖങ്ങളി​ൽ പറഞ്ഞു. പക്ഷേ, കാലമി​ത്രയായി​ട്ടും ആ ഓസ്‌കാർ മാത്രം കണ്ടെടുത്തി​ട്ടി​ല്ല. ഇതേ പോലെ 2011ൽ, 1942ലെ ഓസ്‌കാർ സ്വന്തമാക്കി​യ  'സിറ്റിസൺ കെയ്ൻ' അവരുടെ പുരസ്കാരം ലേലത്തി​ലൂടെ $861,542ന്  വിറ്റി​രുന്നു. നി​യമം വരുന്നതി​ന് മുമ്പ് നേടി​യ പുരസ്‌കാരങ്ങളായതി​നാൽ ഈ വി​ൽപ്പനകൾക്ക്  നിയമതടസമുണ്ടായി​ല്ല.

വിജയികൾക്ക് അവരുടെ ശി​ൽപ്പങ്ങൾ ഉപയോഗി​ക്കുന്നതി​ന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കി​യി​ട്ടുള്ള അക്കാഡമി​ ഓസ്‌കാർ ശില്പത്തിന്റെ പുനർപതി​പ്പുകളുടെ നി​ർമ്മാണവും പരി​മി​തപ്പെടുത്തി​യി​ട്ടുണ്ട്. ഓസ്‌കാർ പ്രതിമകളുടെ ചോക്കലേറ്റ് പകർപ്പുകൾ നിർമ്മിച്ചതിന് അക്കാഡമി​ ചോക്ളേറ്റ് കമ്പനി​ക്കെതി​രെ നി​യമപരമായി​ നീങ്ങി​യി​രുന്നു.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

Comment