ഈ വർഷത്തെ അക്കാഡമി അവാർഡുകൾ മാർച്ച് 12 ഞായറാഴ്ച വൈകുന്നേരം (ഇന്ത്യയിൽ തിങ്കളാഴ്ച രാവിലെ) ലോസ് ഏഞ്ചലസിലെ ഡോൾബി തീയറ്ററിൽ വെച്ച് സമ്മാനിക്കും. ജനുവരി 24നാണ് തൊണ്ണൂറ്റിയഞ്ചാം അക്കാഡമി അവാർഡുകൾക്കുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചത്. ഒന്നര മാസത്തിലധികം നീണ്ട കാത്തിരിപ്പിനു അതോടെ സമാപനമാകും. പ്രശസ്ത ടോക്ക്‌ഷോ ഹോസ്റ്റായ ജിമ്മി കിമ്മലാണ് ഈ വർഷത്തെ പ്രോഗ്രാമിന്റെ അവതാരകൻ.
1929ലാണ് ഓസ്ക്കാർസ് എന്ന പേരിൽ പ്രശസ്തമായ അക്കാഡമി അവാർഡുകൾ നൽകാൻ ആരംഭിച്ചത്. വിനോദരംഗത്തെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും പ്രശസ്തവുമായ അവാർഡുകളാണിവ. കഴിഞ്ഞ വർഷം കാലിഫോർണിയയിലെ ലോസ് ഏഞ്ചലസ് കൗണ്ടിയിലെ തീയറ്ററുകളിൽ പ്രദർശിപ്പിച്ച എല്ലാ സിനിമകളൂം അക്കാഡമി അവാർഡുകൾക്കായി അപേക്ഷിക്കാൻ അർഹമായവയാണ്. വിദേശ ഭാഷാ ചിത്രത്തിനുള്ള അവാർഡിന് എല്ലാ രാജ്യങ്ങളിൽ നിന്നും ഓരോ സിനിമകൾ അയക്കാൻ സാധിക്കും. അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആൻഡ് സയൻസിലെ ഏഴായിരത്തിലധികം മെമ്പേഴ്സിന്റെ വോട്ട് അനുസരിച്ചാണ് എല്ലാ അവാർഡുകളും തീരുമാനിക്കപ്പെടുന്നത്.
ഇന്ത്യ ഈ വർഷത്തെ ഓസ്ക്കാറിൽ
ഇന്ത്യയിൽ നിന്നും മൂന്നു നോമിനേഷനുകൾ ഈ വർഷമുണ്ട്. അതിൽ ഏറ്റവും പ്രധാനം മികച്ച ഒറിജിനൽ സോങ് കാറ്റഗറിയിൽ നോമിനേഷൻ ലഭിച്ച തെലുങ്ക് ചിത്രമായ ആർആർആറിലെ "നാട്ടു നാട്ടു" എന്ന പാട്ടിന്റേതാണു. ഇതേ കാറ്റഗറിയിൽ ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രമായ ആർആർആറിനു ഓസ്ക്കാറിലും അതാവർത്തിക്കാൻ കഴിയുമോയെന്നാണു ഇന്ത്യക്കാർ ഉറ്റുനോക്കുന്നത്. സംഗീതം നൽകിയ കീരവാണിക്കും വരികൾ രചിച്ച ചന്ദ്രബോസിനും ആണു നോമിനേഷനുകൾ ലഭിച്ചിരിക്കുന്നത്. മറ്റു രണ്ടു നോമിനേഷനുകളും ഡോക്യുമെന്ററി വിഭാഗങ്ങളിലാണ്. ഷൗനക് സെൻ സംവിധാനം ചെയ്ത "ഓൾ ദാറ്റ് ബ്രീത്‌സ്" എന്ന ഡോക്യുമെന്ററിക്കു മികച്ച ഡോക്യുമെന്ററി ഫീച്ചർ എന്ന വിഭാഗത്തിലാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. ന്യൂ ഡെൽഹിയിലെ പ്രതികൂല സാഹചര്യങ്ങളിൽ പരുന്തുകളെ സംരക്ഷിക്കുന്ന രണ്ടു സഹോദരന്മാരെ പറ്റിയുള്ള ഡോക്യുമെന്ററിയാണ് ഓൾ ദാറ്റ് ബ്രീത്‌സ്. HBO മാക്സിൽ ഈ ഡോക്യുമെന്ററി ലഭ്യമാണ്. കാർത്തികി ഗോൺസാൽവസിന്റെ ആദ്യ ഡോക്യുമെന്ററിയായ "എലിഫന്റ് വിസ്പേഴ്സ്" മികച്ച ഷോർട്ട് സബ്ജക്റ്റ് ഡോക്യുമെന്ററി കാറ്റഗറിയിൽ നോമിനേഷൻ ലഭിച്ചിട്ടുള്ളത്. നെറ്റ്ഫ്ലിക്സിൽ ലഭ്യമായ ഈ ഡോക്യുമെന്ററി മുതുമല നാഷണൽ പാർക്കിലെ ആദിവാസികളായ ബൊമ്മനും ബെല്ലിയും ചേർന്നു പരിപാലിക്കുന്ന കുട്ടിയാനകളെ പറ്റിയാണ്. ഇന്ത്യൻ പ്രാതിനിധ്യം ഈ നോമിനേഷനുകളിൽ ഒതുങ്ങുന്നില്ല. ഇപ്രാവശ്യത്തെ അവാർഡ് നൽകാനുള്ളവരുടെ ലിസ്റ്റിൽ ഇന്ത്യൻ താരം ദീപിക പദുക്കോണിന്റെ പേരുമുണ്ട്. അതു പോലെ തമിഴ് നടൻ സൂര്യ ഇപ്രാവശ്യം ഓസ്ക്കാർ അവാർഡിനായി വോട്ട് ചെയ്തവരിൽ ഒരാളാണ്.
പതിവ് പോലെ 10 സിനിമകൾക്കാണു മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ചിട്ടുള്ളത്. ഏറ്റവും അധികം നോമിനേഷൻ ലഭിച്ച ചിത്രങ്ങളുടെ ലിസ്റ്റിലും മുൻപിൽ ഇവ തന്നെയാണുള്ളത്. ഈ പത്ത് സിനിമകൾ ഏതൊക്കെയാണെന്നു കാണാം.
1. Everything Everywhere All At Once
ഡാനിയേൽ ക്വാനും ഡാനിയേൽ ഷെയിനേർട്ടും എന്ന ഡാനിയേൽസ് സംവിധാനം ചെയ്ത ഒരു കോമഡി ഡ്രാമ മൂവിയാണ് എവ്‌രിതിങ് എവ്‌രിവെർ ആൾ അറ്റ് വൺസ്. കുടിയേറ്റക്കാരുടെ കഥ പറയുന്ന ഒരു സാധാരണ മൂവി പോലെ തുടങ്ങി പെട്ടെന്നാണു സിനിമ പാരലൽ യൂണിവേഴ്സും മൾട്ടിവേഴ്സും ഒക്കെയായി വേറൊരു ലെവലിലേക്കു പോകുന്നത്. പതിനൊന്നു നോമിനേഷനുകൾ നേടിയ ഈ ചിത്രമാണ് ഈ വർഷം മുൻപിട്ടു നിൽക്കുന്നത്. മികച്ച ചിത്രം, സംവിധാനം, നടി (മിഷേൽ യ്യു), തിരക്കഥ തുടങ്ങിയ കാറ്റഗറികളിലെല്ലാം നോമിനേഷനുണ്ട്.
2. All Quiet on the Western Front
ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനഘട്ടത്തെ പറ്റി ഇതേ തലക്കെട്ടിലുള്ള ഒരു പുസ്തകത്തിനെ ആസ്പദമാക്കിയുള്ള ഒരു ആന്റി വാർ ജർമ്മൻ മൂവിയാണ് ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്. 1929ൽ ഇതേ പുസ്തകം ആസ്പദമാക്കിയിറങ്ങിയ ഹോളിവുഡ് ചിത്രം മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉള്ള ഓസ്ക്കാർ അവാർഡുകൾ നേടിയിരുന്നു. രാജ്യസ്നേഹത്തിനു പുറത്തു ജർമ്മനിക്കു വേണ്ടി യുദ്ധത്തിൽ ചേർന്നു യുദ്ധത്തിന്റെ തീവ്രത കണ്ടു പകച്ചു പോകുന്ന കൗമാരപ്രായം കഴിയാത്ത കുട്ടികളാണു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. മികച്ച വിദേശഭാഷ ചിത്രത്തിനുൾപ്പെടെ 9 നോമിനേഷനുകൾ സിനിമക്കു ലഭിച്ചു.
3. The Banshees of Inisherin
ഐറിഷ് സിവിൽ വാറിന്റെ സമയത്ത് ഐയർലാൻഡിലെ ഒരു സാങ്കല്പിക ദ്വീപിലെ രണ്ടൂ സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു ഡാർക്ക് കോമഡി മൂവിയാണ് ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ. പരസ്പരം സുഹൃത്തുക്കളായിരുന്നവരിൽ ഒരാൾ പെട്ടെന്നു മറ്റെയാളെ അവഗണിക്കുകയും സൗഹൃദം അവസാനിപ്പിക്കുകയും ചെയ്യുന്നു. അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ കഥ. മികച്ച ചിത്രം, സംവിധാനം, നടൻ തുടങ്ങി 9 നോമിനേഷനുകൾ സിനിമക്കു ലഭിച്ചു.
4. Elvis
റോക്ക് ആൻഡ് റോൾ സംഗീതത്തിന്റെ രാജാവായി കണക്കാക്കപ്പെടുന്ന എൽവിസ് പ്രെസ്ലിയുടെ ജീവിത കഥയാണു ബാസ് ലൂമാൻ സംവിധാനം ചെയ്ത എൽവിസ്. ആസ്റ്റിൻ ബട്‌ലറാണൂ എൽവിസായി അഭിനയിച്ചിരിക്കുന്നത്. മികച്ച നടനുള്ള നോമിനേഷനും അതിലൂടെ നേടി. എൽവിസിന്റെ മാനേജറായിരുന്ന കേണൽ ടോം പാർക്കറിന്റെ ഓർമ്മകളിലും കാഴ്ചപ്പാടിലുമാണ് സിനിമ പോകുന്നത്. ടോമിന്റെ വേഷത്തിൽ വന്ന ടോം ഹാങ്ക്സിനു മോശം അഭിനയത്തിനുള്ള ഗോൾഡൻ റാസ്പ്ബെറി നോമിനേഷൻ ലഭിച്ചിട്ടുണ്ട് എന്നത് കൗതുകമാണ്. എൽവിസിനു മൊത്തം എട്ട് നോമിനേഷനുകളുണ്ട്.
5. The Fablemans
പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗിന്റെ ആത്മകഥാംശമുള്ള സിനിമയാണ് ദി ഫേബ്‌ൽമാൻസ്. ചെറുപ്പത്തിലെ സിനിമയോടുള്ള ഇഷ്ടം കൊണ്ടു സ്വന്തമായി ചെറുസിനിമകൾ നിർമ്മിക്കുന്ന സാമ്മി ഫേബ്‌ൽമാന്റെ ബാല്യവും കൗമാരവും ആണ് സിനിമയിലെ കഥാതന്തു. സ്വന്തം ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയിൽ പ്രധാനമായും സ്പിൽബെർഗ് ഉൾകൊള്ളിച്ചിട്ടുള്ളത്. സാമ്മിയുടെ അമ്മയായി അഭിനയിച്ച മിഷേൽ വില്ല്യംസിനു മികച്ച നടിക്കുള്ള നോമിനേഷനുണ്ട്. മികച്ച ചിത്രത്തിനും സ്പിൽബെർഗിനു സംവിധാനത്തിനും അടക്കം മൊത്തം ഏഴ് നോമിനേഷനുകൾ സിനിമ നേടി.
6. TAR
ലിഡിയ ടാർ എന്ന ഒരു വനിത മ്യൂസിക് കണ്ടക്ടറിന്റെ കഥ പറയുന്ന സൈക്കോളജിക്കൽ ഡ്രാമ മൂവിയാണ് ടാർ. ടാറിന്റെ ട്രൂപ്പിലെ അംഗങ്ങളുമായുള്ള ബന്ധങ്ങളും അസ്വാരസ്യങ്ങളും അവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് കഥ. ലിഡിയയായി അഭിനയിച്ചിരിക്കുന്നതു കേറ്റ് ബ്ലാൻചെറ്റാണ്. ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച കേറ്റിനു മികച്ച നടിക്കുള്ള നോമിനേഷനുണ്ട്. മികച്ച ചിത്രം, സംവിധാനം, തിരക്കഥ തുടങ്ങി 6 നോമിനേഷനുകൾ സിനിമക്കു ലഭിച്ചു.
7. TopGun : Maverick
ടോം ക്രൂസിന്റെ പ്രശസ്ത ചിത്രമായ ടോപ് ഗണ്ണിന്റെ 36 വർഷത്തിനു ശേഷം ഇറങ്ങിയ രണ്ടാം ഭാഗം പോയ വർഷത്തെ ഏറ്റവും കൂടുതൽ കാശ് വാരിയ രണ്ടാമത്തെ ചിത്രമാണ്. ക്യാപ്റ്റൻ പീറ്റ് മിച്ചലായി വീണ്ടും വന്ന ടോം ക്രൂസിന്റെ ആക്ഷൻ സീനുകൾക്കുപരി സിനിമക്കു നിരൂപക പ്രശംസയും നേടാൻ കഴിഞ്ഞു. സിനിമക്കു മൊത്തം ആറ് നോമിനേഷനുകൾ ലഭിച്ചു.
8. Avatar: The Way of Water
ജെയിംസ് കാമറൂണിന്റെ 2009-ൽ ഇറങ്ങിയ അവതാർ, സിനിമാചരിത്രത്തിലെ തന്നെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. 13 വർഷത്തിനു ശേഷം കാമറൂൺ രണ്ടാം ഭാഗവുമായി വന്നപ്പോൾ ആദ്യ ഭാഗത്തിന്റെ അത്രയും വിജയം കരസ്ഥമാക്കാൻ പറ്റിയില്ലെങ്കിലും പോയ വർഷത്തെ ശ്രദ്ധേയമായ ഒരു സിനിമയായിരുന്നു. ഏറ്റവും പണം വാരിയ ചിത്രങ്ങളിൽ അവതാർ ഒന്നാം ഭാഗത്തിനും പിന്നിൽ മൂന്നാം സ്ഥാനത്താണു രണ്ടാം ഭാഗം. പണ്ടോരയിലേക്കുള്ള തിരിച്ചു വരവ് ലോകം മുഴുവനും ആഘോഷിച്ചിരുന്നു. സിനിമക്കു നാലു നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്.
9. Triangle of Sadness
സ്വീഡിഷ് സംവിധായകനായ റൂബൻ ഓലൻഡിന്റെ ആദ്യം ഇംഗ്ലീഷ് ചിത്രമാണ് ട്രയാംഗിൾ ഓഫ് സാഡ്‌നെസ്സ്. മോഡലായ കാളിന്റേയും ഇൻഫ്ലുവൻസറായ യായയുടേയും കഥ പറയുന്ന ഒരു ബ്ലാക്ക് കോമഡിയാണു സിനിമ. സോഷ്യൽ മീഡിയ പ്രമോഷനായി അവർക്കു ലഭിക്കുന്ന ഒരു ലക്ഷ്വറി ക്രൂസിലെ യാത്രയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മൂന്നു നോമിനേഷനുകൾ ഈ സിനിമക്കു ലഭിച്ചു.
10. Women Talking
ഈ വർഷം മികച്ച സിനിമക്കു നോമിനേഷൻ ലഭിച്ച ചിത്രങ്ങളിൽ, ഒരു വനിതാ സംവിധായികയുടേതായിട്ടുള്ള ഒരേ ഒരു ചിത്രമാണ് വിമെൻ ടോക്കിങ്. കനേഡിയൻ സംവിധായികയായ സാറാ പോലിയുടേതാണ് സിനിമ. ബൊളീവിയയിലെ ഒരു വിദൂര ഗ്രാമത്തിലെ കുറച്ചു സ്ത്രീകൾ അവരുടെ ഭാവി തീരുമാനങ്ങളെ പറ്റി നടത്തുന്ന ചർച്ചയാണ് സിനിമയുടെ കഥ. രണ്ടു നോമിനേഷനുകളാണ് സിനിമക്കുള്ളത്.