പി സുശീലയ്ക്ക് ഇന്ന് ജന്മദിനം. 22 ചിത്രങ്ങൾ സംവിധാനം ചെയ്ത എനിക്ക് ഇന്നും എന്നും പ്രിയപ്പെട്ടത് സുശീലാമ്മ പാടിയ ആ ഗാനം - എം പത്മകുമാർ

Memoirs

ഒരു ചലച്ചിത്ര സംവിധായകനായി എന്നെ അടയാളപ്പെടുത്തിയ സിനിമ 'അമ്മക്കിളിക്കൂട്' 2003 നവംബറിലാണ് തിയ്യേറ്ററുകളിൽ എത്തുന്നത്. പക്ഷെ മലയാളത്തിന്റെ ഏറ്റവും മികച്ച കൊമേഴ്സ്യൽ തിരക്കഥാകൃത്തായ രഞ്ജിത്ത് സംവിധായകന്റെ കുപ്പായം ആദ്യമായി അണിഞ്ഞ രാവണപ്രഭു എന്ന സിനിമ കഴിഞ്ഞപ്പോൾ തന്നെ അമ്മക്കിളിക്കൂടിൻ്റെ പ്രാരംഭ ആലോചനകൾ തുടങ്ങിയിരുന്നു.രഞ്ജിയുടെ രചനയിൽ ഞാൻ സംവിധാനം ചെയ്യുന്ന എന്റെ ആദ്യസിനിമ,നിർമ്മാണം രഞ്ജിയുടെ സഹോദരനായ രഘു, മുഖ്യഅഭിനേതാക്കൾ പൃത്ഥ്വിരാജും നവ്യയും..ഇത്രയും തീരുമാനിക്കപ്പെട്ടപ്പോൾ സംഗീത സംവിധായകൻ ആര് എന്ന ചോദ്യം ഉയർന്നു വന്നു. രവീന്ദ്രൻ മാഷ് എന്ന രഞ്ജിയുടെ അഭിപ്രായത്തിന് മറുവാക്കുണ്ടായില്ല.പക്ഷെ അമ്മക്കിളിക്കൂടിനു മുൻപ്‌ തുടങ്ങിയത് രഞ്ജിത് തന്നെ എഴുതി സംവിധാനം ചെയ്ത 'മിഴി രണ്ടിലും' ആയിരുന്നു.അതിന്റെ ഷൂട്ടിന്റെ പ്രധാന ഷെഡ്യൂൾ കഴിഞ്ഞാണ് അമ്മക്കിളികൂടിൻ്റെ പ്രാരംഭ ജോലികൾ തുടങ്ങുന്നത്. പാട്ടുകളുടെ കമ്പോസിങ്ങാണല്ലോ ആദ്യം. എന്നെ സംബന്ധിച്ച് അതിനു മുൻപ് ഒട്ടേറെ ചിത്രങ്ങളുടെ കമ്പോസിങ്ങിൻ്റെ ഭാഗമായിട്ടുണ്ടെങ്കിലും സ്വന്തം ചിത്രമെന്ന വികാരം വേറെ തന്നെആണല്ലോ..കോഴിക്കോട് ചുള്ളിയോട് റോഡിലെ രഞ്ജിയുടെ അപ്പാർട്ട്മെൻറിലായിരുന്നു കമ്പോസിങ്. കോഴിക്കോടിന്റെ പ്രിയകവി കൈതപ്രം എഴുതുന്ന അഞ്ചു പാട്ടുകൾ. ജയേട്ടൻ പാടുന്നു (പി ജയചന്ദ്രൻ), എം.ജി.ശ്രീകുമാർ പാടുന്നു..എന്നൊക്കെ തീരുമാനമാവുന്നു.

ഒടുവിലാണ് 'ഹൃദയ ഗീതമായ് കേൾപ്പു ഞങ്ങളാ...'എന്ന പാട്ടിലേക്കെത്തുന്നത്. നെഞ്ചിൽ തൊടുന്ന രാഗമാണ്. അമ്മക്കിളികൂട് എന്ന ചിത്രത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളേണ്ട പാട്ട്. ആരു പാടണം? ചർച്ചകൾ നടക്കുന്നു.. പല പേരുകൾ വരുന്നു.ചർച്ചകളിലെ ആദ്യത്തെ പേര് ജാനകിയമ്മ തന്നെ. അതൊരു മോശം പേരല്ല. എങ്കിലും ഒരു മാറിയ ശബ്ദം..ഒടുവിൽ ഒരു പ്രത്യേക നിമിഷത്തിൽ ഓർമ്മകളുടെ അടിത്തട്ടിലെവിടെയോ നിന്ന് പെട്ടെന്നുയർന്നു വന്നതു പോലെ രഞ്ജി ഒരു പേര് പ്രഖ്യാപിക്കുന്നു: സുശീലാമ്മ...!

ഒരു പുതുമുഖ സംവിധായകൻ എന്ന നിലക്ക് എനിക്ക് ഒരു പാട് അംഗീകാരങ്ങൾ നേടിത്തന്ന സിനിമയാണ് അമ്മക്കിളികൂട്. സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകുന്ന സിനിമ എന്നതുൾപ്പെടെ എന്നെ സംബന്ധിച്ച് തികച്ചും അഭിമാനിക്കാവുന്ന സിനിമ. പക്ഷെ എന്റെ ഏറ്റവും വലിയ അഭിമാനം പി. സുശീല എന്ന എക്കാലത്തേയും മികച്ച ക്ലാസിക് ഗായിക ആലപിച്ച ഗാനം കൊണ്ട് സമ്പന്നമാണ് എൻ്റെ ചിത്രം എന്നതു തന്നെയാണ്.2003 മുതൽ 2022 വരെ 22 സിനിമകൾ സംവിധാനം ചെയ്ത എനിക്ക് ഇന്നും എന്നും പ്രിയപ്പെട്ട ഹൃദയ ഗീതം മറ്റൊന്നല്ലാത്തതിന്റെ കാരണവും അതു തന്നെ.

- പ്രശസ്ത സംവിധായകൻ എം പത്മകുമാർ എം3ഡിബി കഫെയോട് പറഞ്ഞ വാക്കുകൾ.

ഇന്ന് പി സുശീലയുടെ 87ആം ജന്മദിനം. അമ്പതുകളിൽ മുതൽ എഴുപതുകൾ വരെ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള സ്ത്രീശബ്ദം ആയിരുന്നു ആരാധകരുടെ പ്രിയപെട്ട സുശീലാമ്മ. തമിഴിലെയും തെലുങ്കിലെയും വലിയ തിരക്കുകൾക്കിടയിൽ മലയാളത്തിന് വേണ്ടിയും പാടാൻ ഓടിയെത്തിയിരുന്ന സുശീലാമ്മ. അങ്ങനെ വന്നെത്തിയിരുന്ന അവസരങ്ങളിൽ ആ ഗാനങ്ങളെ ചരിത്രത്തിൽ തെളിമയോടെ രേഖപ്പെടുത്താൻ തങ്ങളുടെ മികച്ച ഈണങ്ങൾ ഒരുക്കി കാത്തിരുന്നിരുന്നു മലയാളി സംഗീത സംവിധായകർ. ആസ്വാദകർക്ക് ഇരട്ടിമധുരമായി അവ ഓരോന്നും മാറി. തമിഴിൽ എം എസ് വിശ്വനാഥന് വേണ്ടി പാടിയ അതിഗംഭീര ഗാനങ്ങളും അതിർത്തി കടന്ന് മലയാളി മനസ്സിലും ഇടംപിടിച്ചിരുന്നത് കൊണ്ട് സുശീലാമ്മ മലയാളികൾക്കും സ്വന്തം പോലെ ആയിരുന്നു. പക്ഷേ 80 കളിൽ പുതുതലമുറ സംഗീത സംവിധായകരുടെ വരവോടെ മലയാളത്തിലും തമിഴിലും സുശീലയ്ക്ക് തിരക്കുകൾ കുറഞ്ഞു. 90 കളിൽ ആവട്ടെ വിരലിൽ എണ്ണാവുന്ന ഗാനങ്ങൾ മാത്രമാണ് അവർ മലയാളത്തിൽ പാടിയത്. അതിൽ തന്നെ ഇളയരാജയുടെ ഈണത്തിൽ പാടിയ ' ആലാപനം തേടും തായ്മനം..', ബാലചന്ദ്രമേനോൻ്റെ ഈണത്തിൽ പാടിയ ' പുലരി വന്നു പൂ വിടർത്തുന്നു.. ', ജോൺസൻ്റെ ഈണത്തിൽ പാടിയ ' കൊല്ലങ്കോട്ടു തൂക്കം നേർന്ന..', ജി ദേവരാജൻ്റെ ഈണത്തിൽ പാടിയ ' യേശുമഹേശാ..' എന്നീ ഗാനങ്ങൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. 1995 ന് ശേഷം പാടിയതും ഇല്ല. രണ്ടായിരങ്ങൾ തുടങ്ങിയതോടെ സുശീലാമ്മയുടെ ശബ്ദത്തിൽ ഇനിയൊരു പുതുഗാനം മലയാളത്തിൽ ഉണ്ടാവാൻ സാധ്യതയില്ല എന്ന് ആരാധകർ ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലെ ഗാനം വരുന്നത്. അതും രവീന്ദ്രൻ മാസ്റ്ററുടെ അതിമനോഹരമായ ഒരു ഈണത്തിൽ. കൈതപ്രം എഴുതിയ വരികളിൽ കേദാർ, വൃന്ദാവന സാരംഗ രാഗങ്ങളുടെ മിശ്രിതത്തിലുള്ള ഒരു ഈണമാണ് രവീന്ദ്രൻ മാസ്റ്റർ ' ഹൃദയഗീതമായ് കേൾപ്പൂ ഞങ്ങളാ..' എന്ന പ്രാർഥനാഗാനത്തിന് ഒരുക്കിയത്. തൻ്റെ 68ആം വയസ്സിൽ ആ അതിഗംഭീര ശബ്ദത്തിൽ ഒരിക്കൽകൂടി ഒരു മലയാളഗാനം കോഴിക്കോട് വെച്ച് റെക്കോർഡ് ചെയ്യപ്പെട്ടു. മലയാളക്കര ഇരുകൈയ്യും നീട്ടി അതിനെ സ്വീകരിച്ചു. അതിന് വഴിയൊരുക്കിയ എം പദ്മകുമാറിനോടും രഞ്ജിത്തിനോടും ആരാധകര്‍ ഏറെ കടപെട്ടിരിക്കുന്നു. ഒപ്പം അതിനെ എന്നെന്നും ഓര്‍മ്മിക്കാവുന്ന ഒരു ഗാനമായി സൃഷ്ടിച്ച രവീന്ദ്രന്‍ മാസ്റ്റരോടും കൈതപ്രത്തോടും.
 

Comment