ജോഷി ചതിച്ചില്ലശാനേ! ത്രില്ലടിപ്പിച്ച് പാപ്പൻ

Reviews

ഇൻവെസ്റ്റിഗേഷൻ-ത്രില്ലർ - ഫാമിലി ഡ്രാമ ഗണത്തിൽപ്പെടുത്താവുന്ന "പാപ്പൻ" ഒരുവട്ടം തീർച്ചയായും കാണാവുന്ന സിനിമയാണ്.

ഫയർബ്രാൻഡ് സൂപ്പര്‍സ്റ്റാർ സുരേഷ് ഗോപിയുടെ തിരിച്ചുവരവിലെ മൂന്നാമത്തെ ചിത്രം എന്നതിലുപരി പാപ്പൻ മുഴുവനായും ഒരു ഡയറക്ട്ടോറിയൽ സിനിമയാണ്. ഒരു സമ്പൂർണ്ണ ജോഷി ചിത്രം. സംഭാഷണങ്ങൾ കൊണ്ടും ശരീര ചലനങ്ങൾ കൊണ്ടും അതിവാചാലമാകുന്ന സുരേഷ്‌ ഗോപി എന്ന നടനെ പരിപൂർണ്ണ നിയന്ത്രണത്തിൽ നിർത്തി, പ്രായത്തിനും രൂപത്തിനും ചേർന്ന വേഷത്തിലേക്ക് ഒരുക്കിയെടുത്തു എന്നതാണ് എടുത്തു പറയേണ്ടത്. പഴയ കഥാപാത്രങ്ങളുടെ നിഴൽ വീഴാതെ, അതിഭാവുകത്വമില്ലാതെ സുരേഷ് ഗോപി തന്റെ ടൈറ്റിൽ വേഷം വളരേ നന്നായി ചെയ്തിട്ടുണ്ട് എന്നതാണ് ഏറെ സന്തോഷം. മകൻ ഗോകുൽ സുരേഷ് ഗോപിയ്ക്ക് പക്ഷെ, അച്ഛന്റെ നിഴലായി നിൽക്കാനേ സാധിച്ചിട്ടുള്ളു. യഥാർത്ഥ അച്ഛനും മകനും സ്‌ക്രീനിൽ കോമ്പിനേഷൻ വരുമ്പോൾ ഉള്ള കൗതുകം 'വിറ്റു കാശാക്കുക' എന്നതിൽക്കവിഞ്ഞു മറ്റൊരു സംഗതിയും സിനിമയിലില്ല.

സുരേഷ് ഗോപിയുടെ ടൈറ്റിൽ വേഷവും സാന്നിധ്യവും ഉണ്ടെങ്കിലും സിനിമ പൂർണ്ണമായും നീത പിള്ള എന്ന അഭിനേത്രിയുടെ സിനിമയാണ് എന്നതാണ് സത്യം. അതിഗംഭീരമായിത്തന്നെ നീത പിള്ള എന്നാ നായിക സിനിമയെ പൂർണ്ണമായും തന്റെ തോളിലേറ്റി മുന്നോട്ട് നയിക്കുന്നത് കാണാം. സുരേഷ് ഗോപിയേക്കാളും സ്ക്രീൻ സ്പെയ്സും പെർഫോം ചെയ്യാനുള്ള സീനുകളും നീതുപിള്ളയ്ക്കാണ് ഉള്ളത്. അവരത് ഭംഗിയായി ചെയ്തിട്ടുണ്ട്.

പാപ്പൻ പറയുന്ന കഥ, വർഷങ്ങളായി പറയുന്ന പഴയ പ്രതികാര കഥ തന്നെയാണ്. വർഷങ്ങൾക്ക് മുൻപ് തന്റെ ജീവിതം തകർത്ത സംഭവത്തിനും അതിലെ അനീതിക്കും എതിരെ കാലങ്ങൾക്കിപ്പുറം ചെയ്തു തീർക്കുന്ന പ്രതികാരം.

സിനിമയുടെ പോരായ്മയായി പറയേണ്ടത്, സിനിമയുടെ ദൈർഘ്യമാണ്. വളരെ ദൈർഘ്യമുള്ള ആദ്യപകുതി പക്ഷെ പ്രേക്ഷകനെ തീർത്തും തൃപ്തിപ്പെടുത്തുന്നതാണ്. രണ്ടാം പകുതിയിൽ പക്ഷെ ഒരുപാട് ഉപകഥകളും പുതിയ കഥാപാത്രങ്ങളെയും കൊണ്ടുവന്നു ഒരുതരത്തിൽ പ്രേക്ഷകനെ കൺഫ്യൂഷ്യനിൽ ആക്കുന്നുണ്ട്. നായകനും വില്ലനും നേർക്കു നേർ വരാനുള്ള ഒരു ബന്ധം /കണക്ഷൻ  എന്ന ക്ളീഷേ ആവർത്തിക്കുമ്പോൾ, സിനിമ അതുവരെ പ്രേക്ഷകന്  നൽകിയ ആസ്വാദന അനുഭൂതിയിൽ ചെറിയ കല്ലുകടിയാകുന്നുണ്ട്.

സിനിമയിലെ ചില ഷോട്ടുകൾ, ജോഷിയുടെ മുൻകാല ഹിറ്റുകളിലെ ചില സന്ദർഭങ്ങൾ ഓർമ്മപ്പെടുത്തുന്നുണ്ട്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിനൊപ്പം കഥാപാത്രങ്ങളുടെ ഇമോഷൻസ്, കുടുംബ ജീവിതത്തിലെ വൈകാരിക നിമിഷങ്ങൾ എന്നിവയൊക്കെ വളരേ ഭംഗിയായി സംവിധായകൻ ഇണക്കിച്ചേർത്തിട്ടുണ്ട്.

ആർജെ ഷാൻ എഴുതിയ ആദ്യ തിരക്കഥ സൂചിപ്പിക്കുന്നത്, മികച്ച ആക്ഷൻ-ത്രില്ലർ -ഇൻവെസ്റ്റിഗേഷൻ സിനിമകളുടെ പുതിയ തിരക്കഥാകൃത്തിനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുന്നു എന്നതാണ്. മികച്ച സിനിമാറ്റോഗ്രാഫിയും പശ്ചാത്തല സംഗീതവും സിനിമയെ മികച്ചൊരു അനുഭവമാക്കി മാറ്റുന്നുണ്ട്. നീത പിള്ള, സുരേഷ് ഗോപി, ഷമ്മി തിലകൻ, ചന്ദ്രുനാഥ്, ആശാ ശരത്ത്, ഇൻവെസ്റ്റിഗേഷൻ ടീമിലെ സാബു എന്ന ഉദ്യോഗസ്ഥനായ അഭിലാഷ് എന്നിവരുടെ പ്രകടനങ്ങൾ ഗംഭീരമായി. ഗോകുൽ സുരേഷ് ഗോപി, കനിഹ, വിജയരാഘവൻ, ടിനി ടോം, സാധിക എന്നിവരുടെ പ്രകടനങ്ങൾ ശരാശരിയിൽ ഒതുങ്ങി.

പാളിപ്പോയെക്കാവുന്ന, നിരവധി സബ് പ്ലോട്ടുകൾ നിറഞ്ഞ തിരക്കഥയെ അനായാസമായി ജോഷി എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ എക്‌സിക്യൂട്ട് ചെയ്തതിന്റെ മികവ് സിനിമയിൽ കാണാം.

സിനിമയുടെ ദൈർഘ്യവും രണ്ടാം പകുതിയിലെ ഉപകഥകളും ഒരല്പം പ്രേക്ഷകനെ അലോസരപ്പെടുത്തുമെങ്കിലും ഒരുവട്ടം തീർച്ചയായും കാണാവുന്ന ത്രില്ലർ -ഡ്രാമാ എക്സ്പീരിയൻസ് ആണ് പാപ്പൻ.

Comment